വികസനത്തോട് മുഖം തിരിക്കുന്ന യാഥാസ്ഥിതിക രാജ്യമാണ് ക്യൂബ എന്ന് ലോകരാജ്യങ്ങൾക്കിടയിൽ ഒരു വിചാരമുണ്ട്. എന്നാൽ കാലത്തിനൊപ്പം ക്യൂബയും മാറുകയാണ്. വിപ്ലവനക്ഷത്രങ്ങളുടെ നാട്ടിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ അടുത്തിടെ തുറന്നു.
ക്യൂബയിലെ ആദ്യത്തെ അത്യാഡംബര ഹോട്ടലിൽ മുറിയെടുത്ത് ഹവാനച്ചുരുട്ടും വലിച്ചു വെറുതെ ഇരുന്നാലും ചരിത്രത്തിലേക്കു പുകയൂതാം. ഹവാനയുടെ ഹൃദയഭാഗത്താണ് ഗ്രാൻ ഹൊട്ടേൽ മൻസന എന്ന പഞ്ചനക്ഷത്ര ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. കെംപിൻസ്കി ഹോട്ടൽ ശൃംഖലയുടെ സംരംഭമാണിത്. ക്യൂബയിലെ ടൂർ ഓപ്പറേറ്റർമാരായ ഗാവിയോറ്റയാണ് കൂട്ടുടമസ്ഥർ.
ജാലകം തുറന്നിട്ടാൽ പൂന്തോട്ടം കാണാം. വാതിൽതുറന്നു പുറത്തിറങ്ങി നടന്നാൽ അലിസിയ അലോൻസൊ തിയറ്ററിലെ ബാലെ ആസ്വദിക്കാം. 2500 ഡോളർ (1.62 ലക്ഷം ഇന്ത്യൻ രൂപ) കൊടുത്താൽ അത്യാഡംബരമായി ഒരു രാത്രി തങ്ങാം. വിപ്ലവനക്ഷത്രങ്ങളുടെ നാട്ടിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു സ്വാഗതം!
യൂറോപ്യൻ ശൈലിയിലുള്ള പഴയ കെട്ടിടത്തിൽ 246 മുറികൾ. ഇവയിൽ 50 എണ്ണം സ്യൂട്ടുകളാണ്. നാലു ബാറുകളും രണ്ട് റസ്റ്ററന്റുകളും. കൂടാതെ, റൂഫ്ടോപ് നീന്തൽക്കുളവും. 440 ഡോളർ മുതൽ 2485 ഡോളർ വരെയാണ് രാത്രി തങ്ങുന്നതിന്റെ നിരക്ക്.
പദ്ധതി സമയത്തിനുള്ളിൽ തീർക്കാൻ ക്യൂബൻ സർക്കാർ ഇന്ത്യയിൽനിന്ന് നൂറുകണക്കിന് കെട്ടിടനിർമാണത്തൊഴിലാളികളെയും കരാറിനെടുത്തിരുന്നു.
ആഡംബരം വെടിഞ്ഞ കമ്യൂണിസ്റ്റ് ക്യൂബയിലെ അത്യാഡംബര ഹോട്ടൽ വെളിയിൽനിന്നു നോക്കിക്കാണാനേ ഭൂരിപക്ഷം ക്യൂബക്കാർക്കും കഴിയൂ.
ശരാശരി ശമ്പളം മുപ്പതു ഡോളറിൽ താഴെയുള്ള (2000 ഇന്ത്യൻ രൂപ) നാട്ടിൽ അല്ലാതെ എന്തുചെയ്യും!