ഞങ്ങളുടെ വീടുപണി നടന്നു കൊണ്ടിരിക്കുകയാണ്. ബജറ്റ് അനുവദിക്കാത്തതു കൊണ്ട് ഒരു ഇലക്ട്രിക് ചിമ്മിനി വയ്ക്കാൻ തൽക്കാലം സാധിക്കുന്നില്ല. അതിനു പകരം എക്സ്ഹോസ്റ്റ് ഫാൻ വയ്ക്കുന്നതിൽ കുഴപ്പമുണ്ടോ? അടുക്കളയിലെ പുക കുറയ്ക്കാൻ അതിനു സാധിക്കുമോ? പിന്നീട് ഇലക്ട്രിക് ചിമ്മിനി ഘടിപ്പിക്കാൻ എന്തെല്ലാം കാര്യങ്ങൾ ഇപ്പോൾ ചെയ്തുവയ്ക്കണം?
-മാത്യു, കാക്കനാട്
തൽക്കാലം ബജറ്റ് അനുവദിക്കാത്തതുകൊണ്ട് എക്സ്ഹോസ്റ്റ് ഫാൻ പിടിപ്പിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. പാചകവാതകം, ബയോഗ്യാസ് തുടങ്ങിയവ ഉപയോഗിച്ചുള്ള പുക കുറയ്ക്കാൻ എക്സ്ഹോസ്റ്റ് ഫാൻ സഹായിക്കും. വിറകടുപ്പാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ, അടുക്കളയിലെയോ വർക്ഏരിയയിലെയോ പുക കളയാൻ പുകയില്ലാത്ത അടുപ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.
ഭാവിയിൽ എക്സ്ഹോസ്റ്റ് ഫാൻ മാറ്റി ഇലക്ട്രിക് ചിമ്മിനി അഥവാ ഹുഡ് വയ്ക്കുമ്പോൾ ഇപ്പോൾ ചുവരിൽ എക്സ്ഹോസ്റ്റ് ഫാൻ പിടിപ്പിച്ചിരിക്കുന്ന വിടവിലൂടെ ഹുഡിന്റെ കണക്ഷൻ പൈപ്പ് പിടിപ്പിക്കാവുന്നതാണ്.
അടുക്കളയുടെ ഡിസൈൻ അനുസരിച്ച് ഇലക്ട്രിക് ചിമ്മിനിക്കു വേണ്ടി വരുന്ന, അഞ്ച് ആംപിയറിന്റെ ഒരു ഇലക്ടിക് പ്ലഗ് കൂടി ഇപ്പോൾത്തന്നെ ഒരുക്കിവയ്ക്കുന്നത് നന്ന്. അല്ലെങ്കിൽ പിന്നീട് ഭിത്തി പൊട്ടിക്കേണ്ടി വന്നേക്കാം.
പ്രൊഫ. ബിനുമോൾ ടോം
ആർക്കിടെക്ട് വിഭാഗം മേധാവി
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോട്ടയം