Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈലാഞ്ചി മൊഞ്ചുള്ള മണിയറ

x-default പ്രിയതമയ്ക്കായി മുറി ഒരുക്കുമ്പോൾ അവളിൽ വിസ്മയം വിരിയാൻ, സ്നേഹത്തിന്റെ പുഞ്ചിരി വിരിയാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാം.

പ്രിയപ്പെട്ടവരെ പിരിഞ്ഞ് ഭർത്താവിനൊപ്പം പുതു ജീവിതത്തിലേക്ക് കാലെടുത്ത വയ്ക്കുന്ന പെണ്ണിന് ഭർതൃഗൃഹത്തെക്കുറിച്ചും ഉണ്ടാകും സങ്കൽപം. പ്രിയതമയ്ക്കായി മുറി ഒരുക്കുമ്പോൾ അവളിൽ വിസ്മയം വിരിയാൻ, സ്നേഹത്തിന്റെ പുഞ്ചിരി വിരിയാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാം.

∙ ഭാര്യയുടെ വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും മാത്രമായി ഒരു ഇടമൊരുക്കാം. വാഡ്രോബിനോടു ചേർന്നോ അല്ലാതെയോ ഒരു ഡ്രസ്സിങ് ടേബിളും സ്റ്റൂളും നൽകാം. അടിയിൽ സ്റ്റോറേജുള്ള കട്ടിൽ വാങ്ങിയാൽ സാധനങ്ങൾ വയ്ക്കാൻ പ്രത്യേക ഇടം കണ്ടെത്തേണ്ടതില്ല.

∙ മുറിയുടെ സ്ഥല സൗകര്യത്തിനനുസരിച്ച് വാഡ്രോബ് നിർമിക്കാം. ചെറിയ മുറിയാണെങ്കിൽ ചുമരുകളിൽ തന്നെയുള്ള വാഡ്രോബുകളാണ് നല്ലത്. ഓരോ തരത്തിലുള്ള വസ്ത്രങ്ങൾക്കും സാധനങ്ങൾക്കും പ്രത്യേകം സ്ഥലങ്ങൾ വാഡ്രോബിൽ ഉണ്ടായിരിക്കണം. തൂക്കിയിടേണ്ട വസ്ത്രങ്ങൾക്കായി നീളത്തിലുള്ള അറകളും, മടക്കി വയ്ക്കുന്നവയ്ക്ക് ചെറിയ അറകളും നൽകണം. വാഡ്രോബിന്റെ ഒരു ഭാഗം ചെരിപ്പ് ഷൂ എന്നിവയ്ക്കായും വാഡ്രോബിന്റെ ഒരു വശത്ത് ഇട്ടിട്ട് ഒരു തവണ കൂടി ഇടാൻ ഉദ്ദേശിക്കുന്ന വസ്ത്രങ്ങൾക്കായും സ്ഥലം ഒരുക്കാം.

∙ വീട്ടിലിരുന്ന് ജോലി എടുക്കുന്നവർക്ക് ലാപ്ടോപ് വയ്ക്കാനുള്ള ടേബിളും അതിന് യോജിക്കുന്ന കസേരയും റൂമിൽ വേണം.

∙ കിടപ്പുമുറിയിൽ വാം ലൈറ്റുകൾ മതി. ഒരു മെഴുകുതിരി സ്റ്റാൻഡ് മുറിയിൽ വച്ചാൽ വ്യത്യസ്ഥതയാകും. രാത്രിയിലെ ഡിം ലൈറ്റുകളിൽ നീല നിറം ഒഴിവാക്കി വേറേ ഏത് നിറവും ഉപയോഗിക്കാം. നീലവെളിച്ചം ഉറക്കം നഷ്ടപ്പെടുത്തും.

x-default

∙ മനസ്സിനെ കൂളാക്കുന്ന ഇളം നിറങ്ങൾ വേണം ചുമരുകൾക്കായി തിരഞ്ഞെടുക്കാൻ. കടും നിറങ്ങൾ ഇഷ്ടപ്പെടുന്നവർ റൂമിലെ കുഷ്യനിലോ, ബെഡ്ഷീറ്റിലോ, ബെഡ്സ്പ്രഡിലോ ഈ നിറങ്ങൾ പരീക്ഷിക്കാം.

∙ ക്യൂരിയോസിനു പകരം ഫോട്ടോകൾ അലങ്കാരമാക്കാം. പ്രിയ നിമിഷങ്ങളുടെ കാൻഡിഡ് ഷോട്ടുകൾ ഫ്രെയിം ചെയ്ത് ചുമരിൽ വച്ചാൽ അതൊരു സ്പെഷൽ ഫീൽ നൽകും. വിവാഹ ഫോട്ടോകൾ, കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ഇങ്ങനെ അതിനെ വിപുലീകരിക്കാം.

∙ഭാര്യയ്ക്കും ഭർത്താവിനും ഒന്നിച്ചിരുന്നു സിനിമ കാണാനും കോഫി കുടിക്കാനുമൊക്കെ ബീൻ ബാഗോ, ചെറിയ സോഫാ സെറ്റോ മുറിയിൽ ഒരുക്കാം.

∙ ടിവി വയ്ക്കാനായി പ്രത്യേകം സ്റ്റാൻഡുകൾ നൽകുന്നതിന് പകരം ചുമരിൽ തന്നെ കട്ടിലിനു മൂന്നിലായി ഇതിനുള്ള സൗകര്യം ഒരുക്കാം. പാട്ടിഷ്ടപ്പെടുന്നവർ മ്യൂസിക്ക് സിസ്റ്റവും വാങ്ങി വച്ചോളൂ. മ്യൂസിക്ക് സ്പീക്കറുകൾ പുറത്ത് കാണാത്ത രീതിയിൽ ഇന്റീരിയർ ചെയ്തെടുക്കുകയുമാകാം.

∙ നീളമുള്ളതും വീതി കൂടിയതുമായ ജനലുകൾ ബെഡ് റൂമിലേക്ക് തിരഞ്ഞെടുക്കാം. മുറിയിൽ വെളിച്ചം നിറയട്ടെ.

∙ കട്ടിലിന്റെ ഹെഡ്ബോർഡിന് ഇരുവശത്തും ചെറിയ ടീ പോയ് നൽകാം. മൊബൈൽ, പ്രാർത്ഥനാ പുസ്തകം, കുടിക്കാനുള്ള വെള്ളം എന്നിവയൊക്കെ ഇതിൽ വയ്ക്കാം.

∙ ഇന്റീരിയറിൽ പുതുമകൾ പരീക്ഷിക്കാൻ ഫ്ലോറിൽ പലതരം റഗ്സ് വാങ്ങി മാറ്റി മാറ്റിയിടാം.

∙ ബെഡ് റൂമിനും ബാത്റൂമിനും ഇടയിലെ പാസേജിൽ ഡ്രസ്സിങ് റൂം ഒരുക്കുന്നതാണ് നല്ലത്. ഡ്രസ്സിങ് റൂമിലും വാഡ്രോബ് ആവശ്യമാണ്. നീളത്തിലുള്ള കണ്ണാടികളും വേണം. വെന്റിലേഷനുകളോ മറ്റ് ജനലുകളോ ഇല്ലാത്തതിനാൽ നല്ല ബ്രൈറ്റ് ലൈറ്റും ഫാനും നൽകണം. ഡ്രയർ, സ്ട്രെയ്റ്റ്നർ എന്നിവ ഉപയോഗിക്കാനായി പ്ലഗ് പോയിന്റ് ഈ മുറിയിൽ നൽകാം.

∙ ബാത്റൂമുകളിൽ ചെറിയ ചില്ലിന്റെ തട്ടുകൾ നൽകിയാൽ ഷാംപൂ, ബോഡി ലോഷൻ തുടങ്ങിയവ ഇതിൽ സൂക്ഷിക്കാം. ബാത്റൂമിനകത്ത് ലോൻഡ്രി ബാഗ് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബാത്റൂമിന്റെ വാതിലിൽ കൊളുത്തിയിടുന്ന രീതിയിലും ഇത് സജ്ജികരിക്കാം. രണ്ട് ടൗവ്വലുകൾ ഇടാനുള്ള സ്ഥലം വേണം.