Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടന്റെ പഴയ ഫാൽക്കൺ പ്രോഡക്ട്സിനു പുതിയ മുഖം

mohanlal-in-balagopalan-ma കുടുംബാംഗങ്ങളുമൊത്തുള്ള ചിത്രം, ഇഷ്ടതാരങ്ങളുടെ ചിത്രം, സ്വന്തം ഡിസൈനുകൾ എന്നിവ ഒരു മൗസ്ക്ലിക് അകലെ മാത്രം.

ടി. പി. ബാലഗോപാലൻ എം എ എന്ന സിനിമ ഓർമയില്ലേ ? ഫാൽക്കൺ പ്രോഡക്ട്സിന്റെ വോൾപേപ്പർ വിൽക്കാനായി വരുന്ന ലാലേട്ടന്റെ കഥാപാത്രം. വോൾപേപ്പർ വേണ്ടവിധം ഒട്ടിയില്ലെങ്കിലും മോഹൻലാൽ ആ സിനിമയോടെ മലയാളികളുടെ മനസ്സിൽ പറ്റിച്ചേർന്നു. പിന്നെയും വർഷങ്ങളൊരുപാട് കഴിഞ്ഞാണ് പാവം വോൾപേപ്പർ പുനരവതരിച്ചത്. പക്ഷേ, അതൊരൊന്നൊന്നര വരവായിരുന്നു കേട്ടോ.

ഭിത്തിയൊക്കെ പെയിന്റടിച്ചും ഫോട്ടോ പിടിപ്പിച്ചും മോടിയാക്കിയ കാലത്തിൽ നിന്നൊക്കെ മലയാളി ഫാസ്റ്റ് ഫോർവോർഡടിച്ചു. ഇന്നിപ്പോൾ ഭിത്തിയലങ്കരിക്കാൻ വഴികൾ ഇഷ്ടം പോലെ. ഇവയിൽ വളരെപ്പെട്ടെന്ന് തിരക്കേറിയ താരമാണ് വോൾപേപ്പർ. ആദ്യകാലത്ത് ഡിസൈനറിന്റെ കാര്യത്തിൽ പരിമിതി ഉണ്ടായിരുന്നെങ്കിലും ഡിജിറ്റൽ പ്രിന്റിങ്ങിന്റെ വരവോടെ ഇഷ്ടമുള്ള ഡിസൈനുകൾ വച്ച് ഭിത്തി അലങ്കരിക്കാമെന്നായി.

Digital-print

തരാതരങ്ങൾ

പല തരത്തിലുള്ള വോൾപേപ്പറുകൾ ഇന്ന് വിപണിയിലുണ്ട്. ചാർട്ട് പേപ്പറിനേക്കാൾ കട്ടിയുള്ള പേപ്പറാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. വിനൈൽ വോൾപേപ്പറുകളാണ് ഇന്ന് വിപണി ഭരിക്കുന്നത്. ഇവയ്ക്ക് പിവിസി കോട്ടിങ് ഉണ്ടായിരിക്കും. ഏതു തരം ഡിസൈനും പ്രിന്റ് ചെയ്യാം. എന്തെങ്കിലും കറ പറ്റിയാൽ തന്നെ നനഞ്ഞ തുണികൊണ്ട് തുടച്ച് കളയാം.

cartoon-wallpapper വോൾപേപ്പറിനെ അടുത്തറിഞ്ഞാൽ മനസ്സിലാകും, കേട്ടറിവിനേക്കാൾ വലുതാണ് വോൾപേപ്പർ എന്ന സത്യം !

‘നോൺ വോവൺ’ (Non-Woven) വിഭാഗത്തിലുള്ള വോൾപേപ്പറുകൾ, ചെറുതായിട്ടാണെങ്കിലും വിപണിയിൽ ശ്രദ്ധ അറിയിക്കുന്നുണ്ട്. പ്രകൃതി സൗഹാർദമായ ഈ മെറ്റീരിയലിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല. ഗ്രീൻ ബിൽഡിങ് പോലുള്ളിടത്താണ് ഇവ അധികവും ഉപയോഗിക്കപ്പെടുക. കാലാവസ്ഥയ്ക്ക് അനുസരിച്ച് ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യില്ല. ജോയിന്റ്സ് ഫ്രീ ആയിരിക്കും. ടെക്സ്ചർ ഫിനിഷുകൾ ചെയ്യാൻ പറ്റില്ല എന്നതാണ് ഇതിന്റെ പോരായ്മ.

‍‍

home-decoration-3D-wallpaper ഡിജിറ്റൽ പ്രിന്റിങ്ങാണ് വോൾപേപ്പറിനെ കൂടുതൽ ജനകീയമാക്കുന്നത്. ത്രിമാന ചിത്രങ്ങളാണ് ഈ രംഗത്തെ പുതുമ.

‍ഡിജിറ്റൽ പ്രിന്റിങ്ങാണ് വോൾപേപ്പറിനെ കൂടുതൽ ജനകീയമാക്കുന്നത്. ഇഷ്ടമുള്ള ഏത് ഡിസൈനും പ്രിന്റ് ചെയ്തെടുക്കാം. കുടുംബാംഗങ്ങളുമൊത്തുള്ള ചിത്രം, ഇഷ്ടപ്പെട്ട ചലച്ചിത്ര താരങ്ങളുടെ ചിത്രം, നിങ്ങളുടെ സ്വന്തം ഡിസൈനുകൾ എന്നിവയെല്ലാം ഒരു മൗസ്ക്ലിക്ക് അകലെയാണ്. ത്രിമാന ചിത്രങ്ങളാണ് ഈ രംഗത്തെ പുതുമ.

3D-Wallpaper

പല ഫിനിഷിലുള്ള വോൾപേപ്പറുകളും ഇന്ന് ലഭ്യമാണ്. ടൈലുകളിലേത് പോലെ സ്മൂത്ത്, ടെക്സ്ചർ ഫിനിഷുകൾ ഇവിടെയുമുണ്ട്. മെറ്റാലിക് ഫിനിഷ് ഉള്ള വോൾപേപ്പറുകൾക്കും ഡിമാൻഡ് ഏറുന്നുണ്ട്. മണൽത്തരികളും ചെറിയ ഗ്ലാസ് കഷണങ്ങളും പതിപ്പിച്ച വോൾേപപ്പറുകളും വിപണിയിലുണ്ട്. പെയിന്റ് ചെയ്യാവുന്ന തരത്തിലുള്ള ടെക്സ്ചേർഡ് വോൾപേപ്പറുകൾക്കും ആരാധകരേറെ.

glowing-tree-wallpaper പിവിസി കോട്ടിങ് ഉള്ള വിനൈൽ വോൾപേപ്പറുകളാണ് വിപണി ഭരിക്കുന്നത്. ഏത് തരം ഡിസൈനും പ്രിന്റ് ചെയ്യാം.

42, 21 ഇഞ്ച് വീതിയുള്ള ഷീറ്റുകൾ ആയിട്ടാണ് വോൾപേപ്പർ കടയിൽ നിന്ന് ലഭിക്കുക. ഒരു റോൾ 57 ചതുരശ്രയടി ഉണ്ടാകും. ഒരു റോൾ വിനൈൽ വോൾപേപ്പറിന് 4,000 രൂപയാകും. അതായത് ചതുരശ്രയടിക്ക് 60 രൂപയോളം. നോൺ വോവൺ വിഭാഗത്തിൽപെട്ടവയ്ക്ക് വിലക്കൂടുതലാണ്. ചതുരശ്രയടിക്ക് 100 മുതൽ 250 രൂപ വരെയാകും. കൈകൊണ്ട് ചിത്രപ്പണി ചെയ്ത വോൾപേപ്പറുകളാണ് വിലയിൽ മുമ്പൻമാർ. ചതുരശ്രയടിക്ക് 450 രൂപ ! അതായത് ഒരു റോളിന് 25,000 രൂപയോളം. ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾക്കനുസരിച്ച് വില മാറും. ഒരു സമയം ഒരു നിറമാണ് പ്രിന്റ് ചെയ്യുന്നത്. കൂടുതൽ നിറങ്ങളുണ്ടെങ്കിൽ കൂടുതൽ തവണ പ്രിന്റിങ് വേണ്ടി വരും. അപ്പോൾ വിലയിലും വർധനവുണ്ടാകും. കൊറിയയിൽ നിന്നുള്ള വോൾപേപ്പറുകളാണ് വിപണിയിൽ 90 ശതമാനവും. ചൈനയിൽ നിന്നുള്ളവ ചതുരശ്രയടിക്ക് 30 രൂപ മുതൽ ലഭ്യമാണ്. റോൾ അടിസ്ഥാനത്തിലാണ് പണിക്കാർ കൂലി വാങ്ങുന്നത്. റോളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂലി കുറയും. 10 റോൾ ഉണ്ടെങ്കിൽ 500 മുതൽ 700 രൂപ വരെയാകും ചാർജ്.

ശ്രദ്ധിക്കാനുണ്ട് പലതും

Bonsai-tree-wall

പെയിന്റ്, ക്ലാഡിങ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണമറ്റ ഡിസൈനുകളുണ്ടെന്നതാണ് വോൾപേപ്പറിന്റെ ഏറ്റവും വലിയ ഗുണം. എളുപ്പം പണി തീർക്കാമെന്നതാണ് മറ്റൊരു കാര്യം. 10x10 അടിയുള്ള ഭിത്തിയിൽ വോൾപേപ്പർ ഒട്ടിക്കാൻ രണ്ട് പണിക്കാർക്ക് രണ്ട് മണിക്കൂർ മതിയാകും. ചെലവ് നോക്കിയാലും സംഭവം ലാഭം തന്നെ. പണിക്കുശേഷം പരിസരം വൃത്തിയാക്കുന്നതിന്റെ തലവേദനയുമില്ല.

എക്സ്റ്റീരിയറിൽ വോൾപേപ്പർ നൽകാൻ പറ്റില്ല. ഈർപ്പവും വെയിലുമാണ് മുഖ്യ ശത്രുക്കൾ. ഭിത്തിയിൽ ചോർച്ചയില്ലെന്ന് ഉറപ്പു വരുത്തിയിട്ട് വേണം ഒട്ടിക്കാൻ. നല്ല വെയിലടിക്കുന്ന സ്ഥലത്ത് നൽകിയാൽ പശയുടെ പിടുത്തം വിട്ട് കാലക്രമേണ ഇളകിപ്പോരാൻ സാധ്യതയുണ്ട്.

digital

ഒട്ടിക്കുന്നതിന് മുമ്പ് ഭിത്തിയുടെ പ്രതലം നന്നായി മിനുസപ്പെടുത്തണം. പുട്ടിയിട്ടാൽ നന്ന്. വായുകുമിളകൾ വരാത്ത രീതിയിലായിരിക്കണം ഒട്ടിക്കേണ്ടത്. ഗുണനിലവാരമുള്ള പശ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ലംബമായിട്ടാണ് വോൾപേപ്പർ ഒട്ടിക്കുന്നത്. ഡിസൈൻ തുടർച്ച ഉറപ്പു വരുത്തുന്നതിനൊപ്പം ഷീറ്റുകൾ മേൽക്കുമേൽ ഒട്ടിപ്പോകാതെയും ശ്രദ്ധിക്കണം. ഫിനിഷിങ് സ്റ്റേജിൽ വോൾപേപ്പർ ഒട്ടിക്കുന്നതാണ് അഭികാമ്യം. പലതരം പണികൾക്കിടയിൽ ഇവയ്ക്ക് കേടുപാട് പറ്റാനും അഴുക്ക് പിടിക്കാനും സാധ്യതയുണ്ട്.

മുറിയുടെ ഡിസൈനുമായി ഇണങ്ങി നിൽക്കുന്ന വോൾപേപ്പർ വേണം തിരഞ്ഞെടുക്കാൻ. എല്ലാ ഭിത്തികൾക്കും വോൾപേപ്പർ കൊടുക്കുന്ന പതിവില്ല. ഒരു ഭിത്തി ഹൈലൈറ്റ് ചെയ്യാനാണ് കൂടുതലായും ഇവ ഉപയോഗിക്കുന്നത്. കിടക്കയുടെ ഹെഡ്ബോർഡ് വരുന്ന ഭിത്തി, ടിവി വോൾ തുടങ്ങിയിടത്തൊ ക്കെ നൽകാം. പില്ലർ, സീലിങ് എന്നിവിടങ്ങളിലും ഇവ പരീക്ഷിക്കാം.

wallpaper-trends

വോൾപേപ്പറിനെ പ്രധാന ഇന്റീരിയർ അലങ്കാരമായി കാണാൻ ഇപ്പോഴും മലയാളികൾ തയാറായിട്ടില്ല. മറ്റു ഘടകങ്ങളെ പിന്താങ്ങുന്ന സഹനടന്റെ വേഷമണിയാനാണ് പലപ്പോഴും ഇവയുടെ വിധി. പക്ഷേ, പുറം രാജ്യങ്ങളിൽ കഥ വ്യത്യസ്തമാണ്. യൂറോപ്യൻ രാജ്യങ്ങളിലെ വീടുകളിലെല്ലാം വോൾപേപ്പറിനാണ് പ്രഥമ പരിഗണന. വിദേശ ആർക്കിടെക്ചർ രീതികളിലെ പലതും അനുകരിക്കാൻ ഉത്സാഹം കാട്ടുന്നവരാണ് മലയാളികൾ. അങ്ങനെ നോക്കുമ്പോൾ വോൾപേപ്പറിനും തന്റേതായ ദിവസം വരും.

വിവരങ്ങൾക്ക് കടപ്പാട് :

ജാനിസ് നഹ സജീദ്, ഇന്റീരിയർ ഡിസൈനർ, കോഴിക്കോട്

നായിഷ് ഇന്റീരിയേഴ്സ്, തമ്മനം, എറണാകുളം

എൽബാ ഫർണിഷിങ്സ്, കോട്ടയം.