വീടിന്റെ ചുറ്റുപാടിനെ വീടിന് ഇണങ്ങുന്നതും മനോഹരവുമായി സൂക്ഷിക്കാൻ ലാൻഡ്സ്കേപ് ആർക്കിടെക്റ്റുകൾ തന്നെയുണ്ട് ഇപ്പോൾ. വീടുപണിയുമ്പോൾ പ്രകൃതിയെ നമ്മൾ വല്ലാതെ ശല്യപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ വർഷങ്ങൾകൊണ്ടു വളർന്നു വലുതായ മരങ്ങളുടെ കടയ്ക്കൽ കത്തി വച്ചിട്ടായിരിക്കും അവിടെ വീടുപണിയുന്നത്. തീർച്ചയായും ആ നഷ്ടം നികത്താൻ നമുക്ക് ഉത്തരവാദിത്തം ഉണ്ട്. വീടിന്റെ ഭംഗിക്കൊപ്പം തന്നെ ഭൂമിയുടെ പച്ചപ്പു നിലനിർത്താൻ കൂടിയാണിത്.
വീടിന്റെ മുറ്റം, ചുറ്റുപാട്, ചുറ്റുമതിൽ, ഗേറ്റ്, കാർപോർച്ച്, നടുമുറ്റം, പൂന്തോട്ടം എല്ലാം ലാൻഡ്സ്കേപ്പിന്റെ ഭാഗമാണ്. അതുകൊണ്ട് വീടുപണിയാൻ തീരുമാനിക്കുമ്പോൾ തന്നെ ലാൻഡ്സ്കേപ്പ് കൂടി ആലോചിക്കേണ്ടതായിട്ടുണ്ട്. വീട്ടുകാരുടെ താൽപര്യങ്ങൾ, ഭൂമിയുടെ കിടപ്പ്, വീടിന്റെ ആർക്കിടെക്ചർ, വെള്ളത്തിന്റെയും സൂര്യപ്രകാശത്തിന്റെയും ലഭ്യത ഇവയെല്ലാം നോക്കി വേണം ലാൻഡ്സ്കേപ്പിങ് നടത്താൻ.
വീടുകൾക്കു മാത്രമല്ല ഓഫീസുകൾക്കും അപ്പാർട്മെന്റുകൾക്കും ആശുപത്രിക്കുമൊക്കെ ലാൻഡ്സ്കേപ്പിങ് ചെയ്യാറുണ്ട്. ഒരു കൊച്ചു വീടാണെങ്കിൽകൂടി ചുറ്റുപാട് മനോഹരമാക്കാം. ഇതിൽ പ്രധാനം ലാൻഡ്സ്കേപ്പിങ് ചെയ്തിട്ട് അത് വൃത്തിയായി സൂക്ഷിച്ചു കൊണ്ടുപോകുക എന്നതാണ്. പുൽത്തകിടികൾ എന്നും നനയ്ക്കേണ്ടി വരും. ചെടികൾക്ക് വളവും വെള്ളവും നൽകണം. ചില്ലകൾ വെട്ടണം. അതുകൊണ്ട് ഓരോരുത്തർക്കും സംരക്ഷിക്കാൻ കഴിവും സമയവും ഉള്ള രീതിയിൽ ഇത് ചെയ്യുക.
വീടിന് ചുറ്റും പ്രകൃത്യായുള്ള മരങ്ങളെയും പാറകളെയുമൊക്കെ അങ്ങനെ തന്നെ നിലനിർത്തിക്കൊണ്ടു ചെയ്യുന്നതാണ് ഏറ്റവും പുതിയ രീതി. പുൽത്തകിടിയാണ് ഏറ്റവും വലിയ ആകർഷണീയത. പച്ചപ്പിന്റെ ഈ പരവതാനി വളരെ സൂക്ഷ്മമായി സൂക്ഷിക്കണമെന്നുള്ളതു വേറെ. മുറ്റത്തിന് ഒരുപാട് സ്ഥലമുള്ളവർക്ക് പുല്‍ത്തകിടി പിടിപ്പിക്കാം. ചെരിവുള്ള സ്ഥലമാണെങ്കിൽ ഭൂമിയെ തട്ടുകളായി തിരിച്ചു പുൽത്തകിടി നിർമിക്കാം. പുൽത്തകിടി കൂടാതെ പൂച്ചെടികൾ, മരങ്ങളും നട്ടുപിടിപ്പിക്കാറുണ്ട്.
മാവ്, പേര തുടങ്ങിയ ഫലവൃക്ഷങ്ങൾക്കൊപ്പം മാങ്കോസ്റ്റിൻ, റമ്പൂട്ടാൻ ഒക്കെ മുറ്റത്തിന് അലങ്കാരമാകുന്നു. കൂടാതെ ഗ്രാമ്പൂ, കറുവപ്പട്ട, സർവസുഗന്ധി തുടങ്ങിയ സസ്യങ്ങളും വിവിധ ഇനം മുളകൾ, പനകൾ എന്നിവയുമെല്ലാം വീടിനെ മനോഹരമാക്കാൻ ഉപയോഗിക്കുന്നു. ഇവയുടെ പരിചരണം താരതമ്യേന എളുപ്പവുമാണ്. പഴയ രീതിയിലുള്ള പൂന്തോട്ടം ആഗ്രഹിക്കുന്നവർക്ക് തെച്ചിയും മന്ദാരവും പാരിജാതവും ചെമ്പകവുമൊക്കെയുള്ള പൂന്തോട്ടമാകാം. പൂന്തോട്ടത്തിൽ ഫൗണ്ടൻ പിടിപ്പിക്കുന്ന പഴയ രീതിയിൽ നിന്ന് വെള്ളച്ചാട്ടങ്ങൾതന്നെ നിര്‍മിക്കാൻ ആരംഭിച്ചു. ചിലരെങ്കിലും സ്വിമ്മിങ് പൂളുകൾ നിർമിക്കാറുണ്ട്. അതിൽത്തന്നെ കാസ്കേഡുകളും മറ്റും നിർമിക്കാറുണ്ട്.