സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ഭവനരഹിതർക്കും ഭൂമിയില്ലാത്ത ഭവനരഹിതർക്കും പാർപ്പിടം ഒരുക്കിക്കൊടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ വിവിധ ഭവന പദ്ധതികൾ നിലവിലുണ്ട്. എന്നാൽ, വരുമാനമുണ്ടെങ്കിലും ഉയർന്ന പലിശയ്ക്കും മറ്റും ഭവന വായ്പ എടുത്ത് വീടു നിർമിക്കാൻ വളരെയധികം ബുദ്ധിമുട്ടുന്ന മധ്യവർഗ കുടുംബങ്ങൾക്കു മാന്യമായ ഭവനം ഉണ്ടാക്കിയെടുക്കാൻ മിക്കപ്പോഴും താങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കു ഭവനം നിർമിച്ചെടുക്കാൻ സഹായിക്കുകയാണ് ഈയിടെ കേന്ദ്രം ഭവന നിർമാണത്തിനായി പ്രഖ്യാപിച്ച ‘ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം’.
മധ്യവരുമാന കുടുംബങ്ങൾ
താഴ്ന്ന വരുമാനക്കാരെയും തുച്ഛ വരുമാനക്കാരെയും നിർവചിക്കുന്നതു മാതിരി ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെ രണ്ടായി തരം തിരിച്ചാണ് സ്‌കീമിന്റെ പ്രയോജനം ലഭിക്കുന്നതിനായി അർഹതപ്പെടുത്തിയിരിക്കുന്നത്.
പലിശ സബ്‌സിഡി
മിഡിൽ ഇൻകം ഗ്രൂപ്പ് 1 ൽപ്പെട്ട കുടുംബങ്ങൾ ബാങ്കുകൾ ഉൾപ്പെടെയുള്ള ഭവന വായ്പാ സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന 9 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് ഈടാക്കുന്ന പലിശത്തുകയിൽ നാലു ശതമാനം സബ്‌സിഡിയായി നൽകും. മിഡിൽ ഇൻകം ഗ്രൂപ്പ് 2 ൽപെട്ട കുടുംബങ്ങൾക്ക് 12 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് മൂന്നു ശതമാനമാണ് സബ്‌സിഡി.
പലിശ സബ്‌സിഡി ലഭിക്കുമ്പോൾ തുല്യമാസ തവണകളിൽ കുറവു വരുന്ന തുക, ഇന്നത്തെ നിലയിൽ, നോക്കിയാൽ മിഡിൽ ഇൻകം 1 കുടുംബങ്ങൾക്ക് 2.35 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
ഇതേ രീതിയിൽ മിഡിൽ ഇൻകം 2 കുടുംബങ്ങൾക്ക് 2.30 ലക്ഷം രൂപയുടെ മെച്ചം ഉണ്ടാകും. പലിശ സബ്‌സിഡിയുടെ പ്രയോജനം വേണ്ടവർ ഡിസംബർ 31 നു മുൻപ് വായ്പ അനുവദിച്ചെടുക്കാൻ പ്രാരംഭ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
തുല്യമാസത്തവണ കുറയും
വായ്പത്തുകയുടെ അടിസ്ഥാനത്തിൽ പലിശ സബ്‌സിഡി തുക ആദ്യമേ തന്നെ അക്കൗണ്ടിൽ കുറവു വരുത്തുന്നു. ബാക്കി തുകയ്ക്കു ഭവന വായ്പ നൽകിയ സ്ഥാപനം ചുമത്തുന്ന പലിശ നിരക്കിന്റെ അടിസ്ഥാനത്തിൽ തുല്യമാസത്തവണകൾ (ഇഎംഐ) അടച്ചാൽ മതിയാകും.
ഉദാഹരണത്തിന് 9 ലക്ഷം രൂപയുടെ ഭവന വായ്പ എടുക്കുമ്പോൾ സബ്‌സിഡി തുകയായ 2.35 ലക്ഷം രൂപ കുറവു ചെയ്യുകയും ബാക്കി നിൽക്കുന്ന 6.65 ലക്ഷ രൂപയ്ക്ക് എം.സി.എൽ.ആർ. അധിഷ്ഠിത പലിശയേ കണക്കു കൂട്ടുന്നുള്ളൂ. മിഡിൽ ഇൻകം ഗ്രൂപ്പ് ഒന്നിൽപ്പെട്ട ഒരു കുടുംബം 8.5 ശതമാനം പലിശയ്ക്ക് 20 വർഷ കാലാവധിക്ക് എടുത്തിട്ടുള്ള 9 ലക്ഷം രൂപയുടെ വായ്പയ്ക്ക് സാധാരണഗതിയിൽ തിരിച്ചടയ്‌ക്കേണ്ടി വരുന്ന തുല്യമാസത്തവണ 7,810 രൂപയാണ്. പലിശ സബ്‌സിഡി ലഭിച്ചു കഴിയുമ്പോൾ തുല്യമാസ തവണ 5,771 രൂപയായി കുറയും. തുല്യമാസ തവണയിൽ 2039 രൂപയുടെ കുറവുണ്ടാകും.
മിഡിൽ ഇൻകം ഗ്രൂപ്പ് രണ്ടിൽ ഇതേ നിരക്കിലും കാലയളവിലും എടുക്കുന്ന 12 ലക്ഷം രൂപയുടെ വായ്പയ്ക്ക് സാധാരണഗതിയിൽ 10,414 രൂപ തുല്യമാസ തവണ വരുമ്പോൾ സബ്‌സിഡി കിഴിവ് ചെയ്ത് 8,418 രൂപയുടെ തുല്യമാസ തവണ അടച്ചാൽ മതി. പരമാവധി ലഭിക്കുന്ന തിരിച്ചടവ് കാലാവധി 20 വർഷമായിരിക്കും.
പാർപ്പിടത്തിന്റെ വലുപ്പം
സബ്‌സിഡിക്ക് അർഹമാകുന്ന പാർപ്പിടത്തിന്റെ വലുപ്പവും നിർവചിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഭിത്തികൾക്കുള്ളിൽ വരുന്ന (കാർപെറ്റ്) ഏരിയയാണ് മാനദണ്ഡം. മിഡിൽ ഇൻകം ഗ്രൂപ്പ് ഒന്നിൽ 968 ചതുരശ്രഅടി വരുന്ന 90 ചതുരശ്ര മീറ്ററായി കാർപറ്റ് ഏരിയ പരിമിതപ്പെടുത്തിയിട്ടുണ്ട്.
മിഡിൽ ഇൻകം ഗ്രൂപ്പ് രണ്ടിൽ ഇത് ഏകദേശം 1184 ചതുരശ്രഅടി വരുന്ന 110 ചതുരശ്ര മീറ്ററാണ്. കെട്ടിടങ്ങളുടെ ഉള്ളിലും പുറത്തുമുള്ള ഭിത്തികളുടെ കനം, സ്റ്റെയർകേസുകൾ, ബാൽക്കണികൾ എന്നിവയൊക്കെ ഒഴിവാക്കിയുള്ള കണക്കാണ് കാർപറ്റ് ഏരിയ.
മറ്റ് നിബന്ധനകൾ
പുതുതായി വീട് വയ്ക്കുന്നതിനും പൂർത്തീകരിച്ച വീടുകളോ ഫ്‌ളാറ്റുകളോ വാങ്ങുന്നതിനും എടുക്കുന്ന വായ്പകൾക്ക് പലിശ സബ്‌സിഡി ലഭ്യമാണ്. അച്ഛന്റെയോ അമ്മയുടെയോ പേരിൽ നിലവിൽ ഭവനം ഉണ്ടെങ്കിൽ പോലും ജോലിയുള്ള മുതിർന്ന മക്കൾക്കു പുതുതായി വീട് ഉണ്ടാക്കുന്നതിന് എടുക്കുന്ന വായ്പകൾക്കും പലിശ സബ്‌സിഡി ലഭ്യമാകും.
അനുവദനീയമായ കാർപറ്റ് ഏരിയാ പരിധിക്കുള്ളിൽ നിലവിൽ വീടുള്ളവർക്കു പോലും വീടുകൾ പുതുക്കിപ്പണിയുന്നതിനും മുറികൾ കൂട്ടിച്ചേർക്കുന്നതിനും മറ്റും എടുക്കുന്ന വായ്പകൾക്കു സബ്‌സിഡിക്ക് അർഹതയുണ്ട്.