ചില്ലുഭരണിക്കുള്ളിലെ ടെറേറിയം എന്ന കുഞ്ഞൻ ഉദ്യാനം കണ്ടാൽ ആരും പറഞ്ഞുപോകും, ‘ചെറുതു തന്നെ മനോഹരം’. പ്രത്യേക കരവിരുതിൽ വളരെ ക്ഷമയോടെ ഒരുക്കിയെടുക്കുന്ന ഈ ഉദ്യാനത്തിൽ കലയും ശാസ്ത്രവും ഒരുമിക്കുന്നു. ചെടി നട്ടുവളർത്താൻ സ്ഥലസൗകര്യമില്ലാത്തവർക്ക് വീടിനുള്ളിൽ ടെറേറിയം ഒരുക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ കൊടുംശൈത്യകാലത്ത് ചെടികളും മരങ്ങളും മഞ്ഞുമൂടി കിടക്കുന്ന സമയത്ത് ആകെ കാണാവുന്ന പച്ചത്തുരുത്തുകളാണ് ചില്ലുകൂട്ടിലെ ഉദ്യാനങ്ങൾ.
അടച്ചതും തുറന്നതും
രണ്ടുതരം ടെറേറിയമാണുള്ളത്. മൂടിയുള്ള ചില്ലുഭരണിയിൽ മുഴുവനായി അടച്ചുവച്ചു സംരക്ഷിക്കുന്നതും പാതി തുറന്ന പാത്രത്തിൽ ഒരുക്കുന്നതും. പൂർണമായും അടച്ചുവയ്ക്കുന്ന ടെറേറിയത്തിനുള്ളിൽ ചൂടും ഈർപ്പവും ഏറുമെന്നതുകൊണ്ട് ഇവയുടെ പരിപാലനം എളുപ്പമല്ല. പാതിതുറന്നവയിൽ അധികമായി ഈർപ്പം തങ്ങി നിൽക്കില്ല. പുറത്തെ അന്തരീക്ഷത്തിലേക്കു വായുസഞ്ചാരം സുഗമമായതുകൊണ്ട് ഉള്ളിൽ ചൂടും അധികമാകില്ല. പൂർണമായി അടച്ച ടെറേറിയത്തിൽ കള്ളിച്ചെടികൾ വളർത്താനാവില്ലെന്ന പരിമിതിയുമുണ്ട്.
ടെറേറിയത്തിനു പറ്റിയ ചെടികൾ
ഒതുങ്ങിയ സസ്യപ്രകൃതിയുള്ളതും ഉയരത്തിൽ വളരാത്തതും അത്ര കണ്ട് നനയും ശുശ്രൂഷയും വേണ്ടാത്തതുമായ അലങ്കാരച്ചെടികളാണ് അനുയോജ്യം. ഫിറ്റോണിയ, സിങ്കോണിയം, പന്നൽ ചെടികളായ വാങ്കിങ് ഫേൺ, ടേബിൾ ഫേൺ, ബോസ്റ്റൺ ഫേണ്‍, സക്കുലന്റ് ഇനങ്ങളായ അലോ, അഗേവ്, സാൻസിവീറിയ, ക്രിപ്റ്റാന്തസ്, ടില്ലാൻസിയ, പെപ്പറോമിയ, പൈലിയ, ലക്കിബാംബു, അക്വേറിയം ചെടികളായ ലിംനോഫില്ല, ലഡ്വീജിയ, റൊട്ടാല, അലങ്കാര കള്ളിയിനങ്ങളായ ഒപ്പൻഷിയ, മാരിലേറിയ, ഫെറോകാക്റ്റസ്, റിപ്സാലിസ് എന്നിവ ടെറേറിയത്തിൽ വളർത്താം.
ടെറേറിയം വയ്ക്കുന്നിടത്തെ സൂര്യപ്രകാശലഭ്യത അനുസരിച്ചുവേണം ചെടിയിനങ്ങൾ തിരഞ്ഞെടുക്കാൻ. തീരെ വെളിച്ചം കുറഞ്ഞിടത്ത് പൂർണമായും പച്ചനിറത്തിൽ ഇലകളോ തണ്ടുകളോ ഉള്ളവ ഉപയോഗിക്കാം. ഫിറ്റോണിയ, ക്രിപ്റ്റാന്തസ്, സാൻസിവീറിയ തുടങ്ങിയവയുടെ ഇലകൾക്ക് ഒന്നിൽ കൂടുതൽ നിറങ്ങള്‍ ഉണ്ട്. ഇവ കൂടുതൽ സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് യോജിക്കും.
തയാറാക്കുന്ന വിധം
മറ്റ് ഉദ്യാനങ്ങളിലെന്നപോലെ ടെറേറിയത്തിലെ ഉദ്യാനത്തിനും ലാൻഡ്സ്കേപിങ് ആവശ്യമാണ്. ടെറേറിയത്തിന്റെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ് ചെടിയിനങ്ങളും ചില്ലുഭരണിയും. നന്നായി വെളിച്ചം കയറുന്നതും പ്രത്യേകിച്ച് നിറമൊന്നുമില്ലാത്തതും പുറം ഭാഗത്ത് ചിത്രങ്ങളോ മറ്റ് പ്രിന്റുകളോ ഇല്ലാത്തതുമായ ഭരണി തിരഞ്ഞെടുക്കാം. ടെറേറിയത്തിലെ ലാൻഡ്സ്കേപിങ്ങിന് കാടിന്റെയോ മരുഭൂമിയുടെയോ പ്രതീതി നൽകാനാവും. ടെറേറിയത്തിൽ നടുന്ന ചെടികൾക്ക് എത്രമാത്രം വെള്ളം ആവശ്യമുണ്ടെന്നതു കണക്കാക്കിവേണം ഈ ഉദ്യാനത്തിലേക്കു നടീൽമിശ്രിതമൊരുക്കാൻ.
കൂടുതൽ ഈർപ്പം ആവശ്യമുള്ള പന്നൽ ഇനങ്ങൾ, പെപ്പറോമിയ, പൈലിയ, സിങ്കോണിയം തുടങ്ങിയവ, അക്വേറിയം ഇനങ്ങൾ എന്നിവയ്ക്ക് ഏറെ ചകിരിച്ചോറ് (കൊക്കോപീറ്റ്) ചേർത്തുണ്ടാക്കിയ മിശ്രിതമാണ് യോജിച്ചത്. രണ്ടുഭാഗം ചകിരിച്ചോറ്, ഒരുഭാഗം വീതം ആറ്റുമണൽ അല്ലെങ്കിൽ പെര്‍ലൈറ്റ്, മണ്ണിരവളം ഇവ കലർത്തി ഇത്തരം മിശ്രിതം തയാറാക്കാം.
കുറച്ചു മാത്രം ഈർപ്പം ആവശ്യമുള്ള സക്കുലന്റ്, കള്ളിയിനങ്ങൾക്ക് നന്നായി വെള്ളം വാർന്നുപോകുന്ന തരം മിശ്രിതമാണു വേണ്ടത്. ഇതിൽ ആറ്റുമണൽ അല്ലെങ്കിൽ പെര്‍ലൈറ്റ് ഏറെ ഉപയോഗിക്കാം. രണ്ടുഭാഗം ആറ്റുമണൽ അല്ലെങ്കിൽ പെര്‍ലൈറ്റ്, ഒരു ഭാഗം വീതം ചകിരിച്ചോറ്, മണ്ണിരവളം ഇവ ചേർത്ത് ഈ മിശ്രിതം കൂട്ടിയെടുക്കാം. ചെടിയുടെ വേരിന്റെ നീളമനുസരിച്ചാണ് മിശ്രിതത്തിന്റെ ആഴം തീരുമാനിക്കേണ്ടത്. ചുവട്ടിൽ കിഴങ്ങുള്ള സ്പൈഡർ പ്ലാന്റ്, അലങ്കാര ശതാവരി, സിങ്കോണിയം ഇവയ്ക്കെല്ലാം നല്ല ആഴത്തിലുള്ള മിശ്രിതം ചില്ലുഭരണിയിൽ നിറയ്ക്കുകയും വേണം.