ഒരു ഇടത്തരക്കാരന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് ഒരു വീട് അല്ലെങ്കില്‍ ഫ്‌ളാറ്റ് എങ്ങനെയെങ്കിലും സ്വന്തമാക്കുക എന്ന്. പ്രത്യേകിച്ചും വര്‍ക്കിങ് പ്രൊഫഷണലുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളും നിറമുള്ള സ്വപ്‌നങ്ങള്‍ കാണുന്നവരുമാകും.
നഗരങ്ങളില്‍ ജീവിക്കുന്ന ഇത്തരം മധ്യവര്‍ഗ്ഗവരുമാനക്കാര്‍ കല്ല്യാണം കഴിയുന്നതുമുതലേ ചിന്തിക്കും വീടിനെക്കുറിച്ച്. അതിനുള്ള സ്വരുക്കൂട്ടല്‍ നടത്തുകയും ഒടുവില്‍ വായ്പയും മറ്റും തരപ്പെടുത്തി വീടോ ഫ്‌ളാറ്റോ വാങ്ങുകയും ചെയ്യും. പലരും ഏറ്റവും വില കുറഞ്ഞത് ഏതോ അതിലാകും ബജറ്റ് കാരണം അഭയം തേടുക. എന്നാല്‍ വീട് വാങ്ങല്‍ പിന്നീട് പലര്‍ക്കും ദു:സ്വപ്‌നം പോലെ അനുഭവപ്പെടും.
സ്വപ്‌നസാക്ഷാത്കാരമായി വാങ്ങിയ വീട് വാങ്ങേണ്ടിയിരുന്നില്ല, വേറെ സ്ഥലത്ത് വാങ്ങിച്ചാല്‍ മതിയായിരുന്നു, കുറച്ചുകൂടി ക്വാളിറ്റി ഉള്ളത് വാങ്ങിച്ചാല്‍ മതിയായിരുന്നു എന്നെല്ലാം തോന്നും. ഇങ്ങനെ അബദ്ധം പിണയാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുത്താല്‍ മതി. ലളിതമായ ഇക്കാര്യങ്ങള്‍ പലരും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. വീട് വാങ്ങി പിന്നീട് അബദ്ധമാണെന്ന് തോന്നാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ...
1. വിലക്കുറവില്‍ വീഴാതിരിക്കുക
വിലക്കുറവ് എന്ന ഏക ഘടകത്തില്‍ മാത്രം നിങ്ങളുടെ ശ്രദ്ധ ഉടക്കാതിരിക്കുക. എന്തെല്ലാമാണ് നിങ്ങളുടെ സൗകര്യങ്ങള്‍, ആവശ്യങ്ങള്‍ എന്നതിനാകണം വിലയേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത്, അതിനനുസരിച്ച് ബജറ്റ് തീരുമാനിച്ചാല്‍ അബദ്ധം പറ്റില്ല. വിലയില്‍ മാത്രം കണ്ണ് വെച്ച് വീട് വാങ്ങാന്‍ ഇറങ്ങിപ്പുറപ്പെടരുത്. ലൊക്കേഷന്‍, ലഭ്യമാകുന്ന അടിസ്ഥാന സൗകര്യങ്ങള്‍, മറ്റ് സജ്ജീകരണങ്ങള്‍ എല്ലാം നോക്കണം.
2. ജോലി സ്ഥലവും വീടും
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. അവിടെ മറ്റെന്തിനെക്കാളും പ്രാധാന്യം ജോലി തന്നെയാണ്, പ്രത്യേകിച്ചും തൊഴില്‍ നഷ്ടങ്ങളുടെ ഇക്കാലത്ത്. അതുകൊണ്ടുതന്നെ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും ഒരുപാട് ദൂരെ വീടോ ഫ്‌ളാറ്റോ വാങ്ങുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതല്ല. ആദ്യം കുഴപ്പമില്ല എന്നു തോന്നുമെങ്കിലും കാലം ചെല്ലുന്തോറും അത് ബാധ്യത ആയേക്കാം. ജോലിസ്ഥലത്തിനടുത്ത് വീട് വെക്കുന്നത് നിങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വീടും ജോലിസ്ഥലവും തമ്മില്‍ ഒരു 30 മിനിറ്റിന്റെ ദൈര്‍ഘ്യമുണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതാണ് വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് നല്ലത്.
3. കിന്‍ഡര്‍ഗാര്‍ട്ടെനും സ്‌കൂളും അടുത്തുണ്ടോ
ഒരു കുട്ടിയൊക്കെ ആയിക്കഴിയുമ്പോഴായിരിക്കും പലരും തങ്ങളുടെ വീടിനടുത്ത് ഒരു കിന്‍ഡര്‍ഗാര്‍ട്ടെനോ സ്‌കൂളോ ഇല്ലാത്തതിന് ശപിക്കുക. ലൊക്കേഷന്‍ പ്രൈസ് കുറച്ച് ഉയര്‍ന്നാലും സ്‌കൂളും കിന്‍ഡര്‍ഗാര്‍ട്ടെനും അടുത്തുള്ള സ്ഥലത്ത് വീടോ ഫ്‌ളാറ്റോ വാങ്ങുന്നതാണ് നല്ലത്. ടു വീലറോ മറ്റോ എടുത്ത് അല്‍പ്പസമയം ഡ്രൈവ് ചെയ്ത് പോയി കുട്ടിയെ ആക്കാന്‍ പറ്റുന്ന പ്ലേസ്‌കൂളുകള്‍ ഉണ്ടാകുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആശ്വാസവും സുരക്ഷിതത്വബോധവും സമയലാഭവും വളരെ പ്രധാനമാണ്.
4. ക്രൈം റേറ്റ് സൂക്ഷിക്കുക
പലരും വിലക്കുറവും മറ്റും നോക്കി പോയി അവസാനം വീടുവാങ്ങുന്നത് അല്‍പ്പസ്വല്‍പ്പം പ്രശ്‌നങ്ങളുള്ള ഏതെങ്കിലും പ്രദേശത്തായിരിക്കും. വീട് വാങ്ങും മുമ്പ് ആ പ്രദേശത്തെ ക്രൈം റേറ്റിനെക്കുറിച്ച് ഒരന്വേഷണം നടത്തുക. പലപ്പോഴും ചീപ്പ് പ്രൈസിന് വീട് വാങ്ങുന്നവര്‍ക്ക് ഈ അബദ്ധം പറ്റാറുണ്ട്.
5. അടിസ്ഥാന സൗകര്യങ്ങള്‍ ശ്രദ്ധിക്കുക
നഗരാതിര്‍ത്തിക്ക് പുറത്താണ് ഫ്‌ളാറ്റോ അപ്പാര്‍ട്ട്‌മെന്റോ വാങ്ങുന്നതെങ്കില്‍ നേരായ രീതിയില്‍ വെള്ളം, കറന്റ് തുടങ്ങിയവയുടെ വിതരണം ഉണ്ടോയെന്ന് ഉറപ്പാക്കണം. പല ഉപഭോക്താക്കളും ഇക്കാര്യങ്ങള്‍ പറ്റിക്കപ്പെട്ട നിരവധി ഉദാരഹണങ്ങള്‍ ഉണ്ട്. പുതിയ റെറ നിയമം അനുസരിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ബില്‍ഡര്‍മാര്‍ നല്‍കാന്‍ പാടില്ല, പറയുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും വേണം. എങ്കിലും വീടു വാങ്ങുന്നതിന് മുമ്പ് വെള്ളം, കറന്റ് തുടങ്ങിയ ഏറ്റവും പ്രാഥമികമായ സൗകര്യങ്ങളെക്കുറിച്ച് നിങ്ങള്‍ തന്നെ നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെട്ട് കാര്യങ്ങള്‍ നീക്കുന്നതാകും നല്ലത്.
Read more- Home Plan Kerala Buying House Tips