Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് വാങ്ങാൻ ജൂലൈ 1 വരെ കാത്തിരിക്കണോ?

Reaching For A Home

ജൂലൈ 1 മുതല്‍ പുതിയ ചരക്ക്‌ സേവന നികുതി നിലവില്‍വരുന്നു. മെയ്മാസത്തിൽ കേന്ദ്ര റിയൽ എസ്റ്റേറ്റ് നിയമം നിലവിൽവന്നു. പാർപ്പിടം വാങ്ങാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്ക് ഈ മാറ്റങ്ങൾ എങ്ങനെയൊക്കെ പ്രയോജനമാകുമെന്നു മനസ്സിലാക്കേണ്ടതുണ്ട്.

ജിഎസ്ടി യും ഭവനവിപണിയും 

x-default

ഇന്ത്യ ഒട്ടാകെ ഒരേ ഒരു നികുതിഘടനയാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് വിഭാവനം ചെയ്യുന്നത്. നികുതിക്ക് മേല്‍ നികുതി എന്ന സങ്കല്‍പ്പമാണ് ഏകീകൃത നികുതി സമ്പ്രദായം കൊണ്ടുവരുന്നതോടെ ഇല്ലാതാകാന്‍ പോകുന്നത്. നിലവിലെ സൂചന അനുസരിച്ച് വീടു വാങ്ങാൻ പദ്ധതിയുള്ളവർക്ക് സന്തോഷിക്കാൻ വകയുണ്ട്. ജൂലൈ 1 മുതല്‍ പുതിയ വീട് വാങ്ങുന്നവര്‍ക്ക് മാറുന്ന നികുതി ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. 

നിലവില്‍ 4.5 ശതമാനമാണ് സേവനനികുതി. ഇതിന് പുറമെ മറ്റ് പരോക്ഷ നികുതിയും ഹിഡന്‍ ചാര്‍ജസും ഒക്കെ നല്‍കേണ്ട അവസ്ഥയാണുള്ളത്. ജിഎസ്ടി വരുന്നതോടെ ഇതിനെല്ലാം കൂടി ഒറ്റ നികുതി നൽകിയാൽ മതിയാകും. അതായത് 12 ശതമാനം നികുതി നൽകിയാൽ മതി. മിക്കവാറും സംസ്ഥാനങ്ങളില്‍ വാറ്റും വില്‍പ്പന നികുതിയും വിവരപ്പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. പക്ഷേ വില്‍പ്പന വില നല്‍കുമ്പോള്‍ ഇതുകൂടി ചേര്‍ത്തുനല്‍കണമെന്നുമാത്രം. ജിഎസ്ടി നിലവിൽ വരുന്നതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍. 

റിയൽ എസ്റ്റേറ്റ് നിയമവും ഭവനവിപണിയും 

REAL-ESTATE

റിയൽ എസ്റ്റേറ്റ് രംഗത്തു കള്ളപ്പണ വിനിയോഗവും പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളും തടയുന്നതിനു പുതിയ നിയമം വഴിയൊരുക്കും. പറഞ്ഞ തീയതിക്കു ഭവനങ്ങൾ പണിതീർത്തു കൈമാറാത്തപക്ഷം ഡവലപ്പർമാർ ഇടപാടുകാർക്കു പിഴ നൽകേണ്ടിവരും.

പ്രോജക്ടുകൾക്ക് റജിസ്‌ട്രേഷൻ

land-registration

കേന്ദ്രനിയമത്തിൻ കീഴിൽ സംസ്ഥാന സർക്കാരുകൾ രൂപവൽക്കരിക്കുന്ന റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള പ്രോജക്ടുകൾക്കു മാത്രമേ ഇനി നിയമസാധുത ഉണ്ടാവുകയുള്ളൂ. റജിസ്‌ട്രേഷനായി അതോറിറ്റിയെ സമീപിക്കുമ്പോൾ ഡവലപ്പർമാർ തങ്ങളുടെ പാൻ നമ്പർ, ഓഡിറ്റർമാരുടെ റിപ്പോർട്ട് സഹിതം മൂന്നു വർഷത്തെ കാഷ് ഫ്ലോ ഉൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങളും സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ആധാരങ്ങളുടെ പകർപ്പുകളും ഡവലപ്പർമാരുടേതല്ലാത്ത സ്ഥലമാണെങ്കിൽ കൊളാബൊറേഷൻ കരാറുകളും സമർപ്പിക്കേണ്ടിവരും.

500 ചതുരശ്ര മീറ്ററിനോ എട്ട് അപ്പാർട്മെന്റുകൾക്കോ മുകളിലുള്ള പ്രോജക്ടുകൾക്കാണു റജിസ്‌ട്രേഷൻ. ഡവലപ്പർമാർ തങ്ങളുടെ വെബ് പേജുകളിൽ പ്രോജക്ടുകളുടെ ബുക്കിങ് വിവരങ്ങൾ, ഓരോ നിലകളുടെയും പണി പുരോഗതിയുടെ വിവരങ്ങൾ എന്നിവ ഫോട്ടോകളോടു കൂടി ഓരോ മൂന്നു മാസവും കൂട്ടിച്ചേർക്കേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ പ്രോജക്ടുകൾക്കു ലഭിച്ചിട്ടുള്ള വിവിധ അനുമതികൾ, അംഗീകാരം കിട്ടിയശേഷം പ്രോജക്ടുകളിൽ വരുത്തുന്ന മാറ്റങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങൾ എല്ലാംതന്നെ ഭവനങ്ങൾ ബുക്ക് ചെയ്തവർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കണം. 

ഡവലപ്പറുടെ മുൻ പ്രവർത്തനങ്ങൾ ഉൾപ്പെടെ അറുപതോളം വിവരങ്ങൾ വെബ്‌സൈറ്റിലൂടെ പരിശോധിക്കാം. പ്രോജക്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ വസ്തുനിഷ്ഠമായി ലഭ്യമാക്കാൻ ഡവലപ്പർമാരെ നിർബന്ധിതരാക്കുന്നതോടെ ഈ രംഗത്തു കൂടുതൽ സുതാര്യത നിലവിൽ വരും. റജിസ്‌ട്രേഷൻ സ്വന്തമാക്കാൻ നിർദിഷ്ട ഫീസും ഡവലപ്പർമാർ അടയ്‌ക്കേണ്ടതുണ്ട്. ഡവലപ്പർമാർ മാത്രമല്ല, റിയൽ എസ്റ്റേറ്റ് ഏജന്റുമാരും ഇനി റജിസ്‌ട്രേഷൻ എടുത്താൽ മാത്രമേ പ്രവർത്തിക്കാനാകൂ. കപടവിപണന തന്ത്രങ്ങൾ പ്രയോഗിച്ച് ഇടപാടുകാരുടെ പണം പറ്റിച്ചെടുക്കുന്നതിന് വിരാമമാകും.

കർശന നിബന്ധനകൾ

x-default

ഫ്ലാറ്റുകളും വില്ലകളും ബുക്ക് ചെയ്യുന്നവരുടെ കൈയിൽനിന്നു വാങ്ങുന്ന പണം വഴിമാറ്റി ചെലവാക്കി പുതിയ പുതിയ പ്രോജക്ടുകൾ അവതരിപ്പിക്കാൻ ഇനി സാധിക്കില്ല. ഇടപാടുകാരുടെ കയ്യിൽനിന്നു പിരിച്ചെടുക്കുന്ന പണത്തിന്റെ 70% ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കണമെന്നും ബാക്കിനിൽക്കുന്ന തുക പണം വാങ്ങിയ പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് ഉപയോഗിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. ഇതിനു വേണ്ടുന്ന നിരീക്ഷണങ്ങളും പരിശോധനകളും അതതു സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് അതോറിറ്റി ഉറപ്പാക്കണം. 

ഡവലപ്പർക്കെതിരെ മുൻപു വന്നിട്ടുള്ള കേസുകളുടെയും തർക്ക പരിഹാരങ്ങളുടെയും വിവരങ്ങളും ഇടപാടുകാർക്കു മുൻകൂട്ടി മനസ്സിലാക്കാനാകും. നിർമാണത്തിന് ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയശേഷം മാത്രമേ പ്രോജക്ടുകൾ തുടങ്ങാനാവൂ. നിലവിൽ പൂർത്തിയായിട്ടില്ലാത്ത പ്രോജക്ടുകൾ എല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ വരും.

പരാതികൾക്ക് പരിഹാരം

x-default

പറഞ്ഞ തീയതിക്കു ഭവനങ്ങൾ പണിതീർത്തു കൈമാറാത്തപക്ഷം ഡവലപ്പർമാർ ഇടപാടുകാർക്കു പിഴ നൽകേണ്ടിവരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓരോ സമയത്തും നിലനിൽക്കുന്ന മാർജിനൽ കോസ്റ്റ് അടിസ്ഥാനപ്പെടുത്തിയ വായ്പ പലിശ നിരക്കിൽ നിന്ന് രണ്ടു ശതമാനം ഉയർന്ന തുകയായിരിക്കും പിഴ. സംസ്ഥാന റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ ഇടപാടുകാർക്കു പരാതികൾ സമർപ്പിക്കാം. നിയമങ്ങൾ ലംഘിക്കുന്ന ഡവലപ്പർമാർക്കും റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും തടവോ തടവോടു കൂടിയ പിഴയോ വിധിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ട്. 

ഭവന നിർമാണ മേഖലയിൽ കാര്യക്ഷമതയും ഉത്തരവാദിത്തബോധവും മുൻപരിചയവുമുള്ള ഡവലപ്പർമാർക്കും കമ്പനികൾക്കും മാത്രം പ്രവർത്തിക്കാവുന്ന സാഹചര്യം ഒരുക്കുന്നതിനാൽ ഇടപാടുകാർ ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തികവും മാനസികവുമായ ഒട്ടേറെ പ്രശ്‌നങ്ങൾക്കു റിയൽ എസ്റ്റേറ്റ് നിയമം പരിഹാരമാകും. സമയബന്ധിതമായി പ്രോജക്ടുകൾ പൂർത്തിയാക്കി ഇടപാടുകാരുടെ വിശ്വസ്തത ആർജിച്ചെടുത്ത ഡവലപ്പർമാർക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതികളും പിന്തുണ സൗകര്യങ്ങളും ഏർപ്പെടുത്തി മേഖല ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം വേണ്ടിവരും.

Read more- GST Real Estate Home Plan