ജിഎസ്ടി വരുമ്പോൾ ഫ്ലാറ്റുകൾക്ക് നികുതി കുറയും. നിലവിൽ ഓരോ സംസ്ഥാനത്ത് ഓരോ നിരക്കാണ് ഫ്ലാറ്റുകളുടെ വാറ്റിന്. ഇനി ജിഎസ്ടി 12% ആയി മാറുകയാണ്. കേരളത്തിൽ ഫ്ലാറ്റുകൾക്ക് വാറ്റ് 4 ശതമാനവും സേവന നികുതി 4.5 ശതമാനവുമാണ്.
ആകെ 8.5%. ജിഎസ്ടി വരുമ്പോൾ 12% ആവുന്നു. നികുതി നിരക്ക് 3.5% വർധിച്ചല്ലോ എന്നു പുറമേ തോന്നാം. എന്നാൽ, കെട്ടിട നിർമാണത്തിന് ഉപയോഗിച്ച എല്ലാ വസ്തുക്കൾക്കും നേരത്തേ എക്സൈസ് ഡ്യൂട്ടി ഉണ്ടായിരുന്നു. അതും ചേർത്തുള്ള വിലയാണു കെട്ടിട നിർമാതാക്കൾ നൽകിയിരുന്നത്. സ്വാഭാവികമായി ഫ്ലാറ്റ് വിലയിലും ആ എക്സൈസ് ഡ്യൂട്ടിയുടെ ചെലവു പ്രതിഫലിച്ചിരുന്നു.
എക്സൈസ് ഡ്യൂട്ടി ജിഎസ്ടിയിൽ ലയിച്ചു. മാത്രമല്ല കെട്ടിട നിർമാതാക്കൾ സിമന്റും കമ്പിയും ഇലക്ട്രിക് വയറുകളും മറ്റെല്ലാ നിർമാണ സാമഗ്രികളും വാങ്ങിയപ്പോൾ കൊടുത്ത ജിഎസ്ടിക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് കിട്ടുകയും ചെയ്യും. നേരത്തേ കൊടുത്ത നികുതി ക്രെഡിറ്റായി കാണിച്ച് ബാക്കി തുക അടച്ചാൽ മതിയാകും. ഈ ക്രെഡിറ്റ് തുക കെട്ടിട നിർമാതാക്കൾ ഉപഭോക്താക്കൾക്കു കൈമാറേണ്ടതാണ്. എങ്കിൽ ഫ്ലാറ്റിന്റെ വിലക്കുറവായി അതു പ്രതിഫലിക്കും.
പക്ഷേ കെട്ടിട നിർമാണം പൂർത്തിയാകുമ്പോൾ മാത്രമേ ക്രെഡിറ്റ് എത്രയുണ്ടെന്ന് അറിയാൻ കഴിയൂ. പണി തീരും വരെ തവണകളായി ഫ്ലാറ്റ് വില അടയ്ക്കുന്ന ഉപഭോക്താക്കളിൽനിന്ന് 12% ജിഎസ്ടി ഈടാക്കും. പിന്നീട് ഈ തുകയിൽനിന്നു കെട്ടിട നിർമാതാവിനു കിട്ടുന്ന ഇൻപുട് ടാക്സ് ക്രെഡിറ്റ് ഉപഭോക്താവിനും ലഭിക്കും. ഫ്ലാറ്റ് പൂർണമായി പണി തീർന്ന് ഡോർ നമ്പറും കിട്ടിക്കഴിഞ്ഞാൽ പിന്നെ ജിഎസ്ടി ബാധകമല്ല. എന്നാൽ, ഇത്തരം കാര്യങ്ങളിൽ അവ്യക്തത കെട്ടിട നിർമാതാക്കൾക്കെല്ലാമുണ്ട്. ജിഎസ്ടി നടപ്പായ ശേഷം പൂർത്തിയാവുന്ന പ്രോജക്ടുകളിൽ എന്താണ് യഥാർഥ അനുഭവം എന്നറിയാൻ ഏതാനും ആഴ്ചകൾ കൂടി കാത്തിരിക്കേണ്ടിവരും.
ഗ്രാനൈറ്റ് സ്ലാബിന് വൻ വിലക്കയറ്റമാണു കേരളത്തിലുണ്ടാകുക. ചതുരശ്രയടിക്ക് 200 രൂപ വിലയുള്ള ഗ്രാനൈറ്റ് സ്ലാബിന് ഇനി 218 രൂപ വരെയാകും വില. 1000 രൂപ വിലയുള്ള ഒരു റോൾ വയറിങ് കേബിളിന് 75 രൂപ വരെ വില വർധിക്കുമെന്നാണു കണക്കുകൂട്ടൽ. അതേസമയം, വിലക്കുറവ് ജനങ്ങളിലെത്തിക്കാതെ ലാഭമാക്കി മാറ്റാൻ വ്യാപാരികൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത്തരം പരാതികൾ കേൾക്കാനും പരിഹരിക്കാനും ജിഎസ്ടി കൗൺസിൽ സമിതിയെ നിശ്ചിയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഒന്നുമില്ല. നികുതി മാറ്റം പട്ടികയായി പുറത്തിറക്കി നേരിടാനാണു ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
Read more- Real Estate Flats Villas Kerala