ചരക്ക്, സേവന നികുതി (ജിഎസ്‌ടി) വന്നതോടെ മാർബിൾ, ഗ്രാനൈറ്റ്, ടൈൽസ് എന്നിവയ്ക്ക് വില കൂടുമെന്നു ഡീലർമാർ. നിലവിൽ നൽകുന്ന നികുതിയേക്കാൾ ഒരു ശതമാനം കുറയുമെന്ന ധനമന്ത്രിയുടെ വാദം ഇവർ തള്ളിക്കളയുന്നു. നിലവിൽ 12.5 ശതമാനം കേന്ദ്ര എക്സൈസ് തീരുവയും രണ്ടു ശതമാനം കേന്ദ്ര സെയിൽസ് ടാക്സും 14.5 ശതമാനം വാറ്റുമാണ്.
ഇതെല്ലാം കൂടി കൂട്ടിയാൽ 29 ശതമാനം നികുതി വരും. ജിഎസ്ടിയിൽ 28 ശതമാനം നികുതിയാകുന്നതോടെ വിലയിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണു മന്ത്രിയുടെ വാദം. എന്നാൽ, വില കണക്കാക്കുമ്പോൾ കുറവല്ല, വർധനയാണ് ഉണ്ടാകുന്നതെന്നും വ്യാപാരികൾ പറയുന്നു. സിമന്റ് വിലയുടെ കാര്യത്തിലും ഡീലർമാർക്കു വ്യക്തതയില്ല.
കേരളത്തിലെ മൂല്യവർധിത നികുതിക്കു പകരമായി ജിഎസ്ടി നിരക്കു കൂടി കൂട്ടിയാണു പല വ്യാപാരികളും വിലവർധനയുടെ കാര്യം പറയുന്നത്. എക്സൈസ് തീരുവയും കേന്ദ്ര വിൽപന നികുതിയും നൽകി വാങ്ങിയ പഴയ സ്റ്റോക്കിന് 14.5 ശതമാനം കേരള വാറ്റ് ഈടാക്കിയാണ് ഇപ്പോൾ വിൽക്കുന്നത്. പഴയ സ്റ്റോക്കിൽ ജിഎസ്ടി കൂടി ചേർത്തു വിൽക്കേണ്ടിവരുമെന്നും ഇതു വിലക്കയറ്റത്തിനു കാരണമാകുമെന്നുമാണു വ്യാപാരികൾ പറയുന്നത്.
∙ ടിവി, റഫ്രിജറേറ്റർ, ഫാൻ, എയർ കണ്ടീഷനർ തുടങ്ങിയ ഇലക്ട്രോണിക് ഉൽപന്നങ്ങളുടെയും മറ്റു ഗൃഹോപകരണങ്ങളുടെയും വില ഉയർന്നേക്കില്ലെന്ന് ഡീലർമാർ പറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ മാത്രമേ കമ്പനികൾ പുതിയ സ്റ്റോക്കുകൾ നൽകാൻ സജ്ജമാകൂ. ഓണം സീസൺ വരുന്നതിനാൽ വില കൂട്ടില്ല. ഇപ്പോൾ നൽകിയിരുന്ന കിഴിവുകൾ തുടരും. ഓണത്തോടനുബന്ധിച്ചും വിലക്കുറവ് നൽകാനാണു തീരുമാനം. എന്നാൽ എൽഇഡിക്ക് വില കൂടും. ഇത് ജിഎസ്ടി വരുന്നതുകൊണ്ടല്ല, ലോകത്താകെമാനം എൽഇഡിക്ക് വില കൂടുന്നതുകൊണ്ടാണ്.
∙ സിമന്റ് തറയോടിന് രണ്ടു ശതമാനം വരെ നികുതി കുറയുമെന്നാണു മന്ത്രി പ്രഖ്യാപിച്ചത്. മുൻപ് 29.7 ശതമാനമായിരുന്ന നികുതി ഇപ്പോൾ 28 ശതമാനമായെന്നാണു മന്ത്രിയുടെ കണക്ക്. എന്നാൽ, മുൻപ് 5% വാറ്റ് നികുതി മാത്രം ഇൗടാക്കിയിരുന്നത് ഇപ്പോൾ 28% ശതമാനത്തിലേക്ക് ഉയർന്നതോടെ നികുതി 23% വർധിക്കുമെന്നാണു വ്യാപാരികൾ പറയുന്നത്. ഒറ്റയടിക്കു വില 23% വർധിപ്പിച്ചതിനാൽ ഹോളോബ്രിക്സ് വ്യാപാരം വലിയ തിരിച്ചടി നേരിടുമെന്നും വ്യാപാരികൾക്ക് ആശങ്കയുണ്ട്.
Read more- GST House Construction