Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിന്റെ കണ്ണുകൾ കൊച്ചിയിലേക്ക്!

solar-panel

കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയുടെ സൗരോർജ പദ്ധതി രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. കൊച്ചിയുടെ മാതൃക പിന്തുടർന്ന് രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ ഇതിനകം നടപടി ആരംഭിച്ചു കഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ ഇതിനകം അഞ്ചു വിദേശ രാജ്യങ്ങൾ സിയാലിന്റെ സഹകരണം തേടിയിട്ടുണ്ട്.

പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമായി മാറാൻ സിയാലിനു നേരത്തെ കഴിഞ്ഞിരുന്നു. സാങ്കേതിക വിദ്യയിൽ മുൻനിരരാജ്യങ്ങളായ ജപ്പാനും ഫ്രാൻസും പോലും സിയാൽ മാതൃകയെ അൽഭുതത്തോടെയാണ് നോക്കുന്നത്. ജപ്പാനിലെയും ഫ്രാൻസിലെയും ദേശീയ മാധ്യമങ്ങളും മുൻനിര ചാനലുകളും സിയാൽ മാതൃകയെക്കുറിച്ചു ഫീച്ചറുകൾ പുറത്തുവിട്ടുകഴിഞ്ഞു.ജപ്പാനിലെ എൻഎച്കെ, ഫ്രഞ്ച് ടെലിവിഷൻ ചാനൽ ആയ ഫ്രാൻസ് 2 എന്നിവ ഇതിൽപ്പെടും. പല വിദേശരാജ്യങ്ങളിലെയും മാധ്യമ പ്രതിനിധികൾ ഈ ദിവസങ്ങളിൽ സിയാൽ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ജപ്പാനിൽ നിന്നുള്ള രണ്ട് രാജ്യാന്തര ചാനലുകൾ കൂടി ഈയാഴ്ചയെത്തും. ഫ്രഞ്ച് റേഡിയോ, ഹിസ്റ്ററി ചാനൽ തുടങ്ങിയവയുടെ പ്രതിനിധികളും ഈയാഴ്ച എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 121 രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള  രാജ്യാന്തര സൗരോർജ്ജ സഖ്യത്തിന്റെ (ഐഎസ്എ) അടുത്ത യോഗം 20ന് ഡൽഹിയിലാണ്. ഇതു കൂടി കണക്കിലെടുത്താണ്, ഇന്ത്യൻ പ്രധാനമന്ത്രി തന്നെ മാതൃകയായി ഉയർത്തിക്കാട്ടിയ സിയാലിനെപ്പറ്റി രാജ്യാന്തര മാധ്യമങ്ങൾ കൂടുതൽ പഠനങ്ങൾക്കായെത്തുന്നത്.

സിയാലിന്റെ സാങ്കേതിക സഹകരണം തേടി പല വിദേശരാജ്യങ്ങളും വിമാനത്താവള ഏജൻസികളും കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയെ സമീപിച്ചിരുന്നു. പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയുടെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൈക്കേൽ ആരൺ നോർട്ടൻ ഓഖാന ഇതു സംബന്ധിച്ച ചർച്ചകൾക്കായി കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയിരുന്നു. സൗരോർജ വിമാനത്താവളങ്ങളുടെ വികസനത്തിനായുള്ള സാങ്കേതിക  സഹകരണം നൽകുന്നതിനായുള്ള ആദ്യഘട്ടമായി ഘാനയുമായി കരാർ ഒപ്പുവയ്ക്കാൻ സിയാൽ ബോർഡ് തീരുമാനിച്ചു. ഘാനയിലെ മൂന്നു വിമാനത്താവളങ്ങളാണ് സിയാലിന്റെ സാങ്കേതിക പങ്കാളിത്തത്തോടെ സൗരോർജ വിമാനത്താവളങ്ങളായി വികസിപ്പിക്കുക. തുടർനടപടികൾക്കായി സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യനെ ബോർഡ് യോഗം ചുമതലപ്പെടുത്തി. ലൈബീരിയ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും സിയാലിന്റെ സാങ്കേതിക  സഹകരണ സാധ്യതകൾ തേടിയിട്ടുണ്ട്. 

cial

∙  2015ൽ 13.1 മെഗാവാട്ട് വൈദ്യുതിയാണ് സോളാർ പദ്ധതിയിലൂടെ സിയാൽ ഉൽപ്പാദിപ്പിച്ചതെങ്കിൽ രണ്ടു വർഷം കൊണ്ട് ഇത് 27.7 മെഗാവാട്ട് ആയി വർധിപ്പിക്കാൻ സിയാലിന് കഴിഞ്ഞു. ഇപ്പോൾ ഒരു ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സിയാൽ പ്രതിദിനം ഉൽപ്പാദിപ്പിക്കുന്നത്. അടുത്ത മാർച്ചാകുന്നതോടെ സൗരോർജ ഉൽപ്പാദനം 40 മെഗാവാട്ട് ആയി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. അതോടെ സിയാൽ പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് സൗരോർജ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കമ്പനിയായി മാറും. വിമാനത്താവളത്തിന് ഇപ്പോൾ ഏതാണ്ട് 1.3 മുതൽ 1.4 ലക്ഷം യൂണിറ്റു വരെ വൈദ്യുതിയാണ് ആവശ്യമായി വരിക. 1.6 ലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കുന്നതിലൂടെ ബാക്കി വരുന്ന വൈദ്യുതി സിയാൽ കെഎസ്ഇബിക്കു കൈമാറും.

സിയാലിൽ പുതുതായി പ്രവർത്തനമാരംഭിച്ച രാജ്യാന്തര ടെർമിനലിൽ 1400 കാറുകൾക്ക് പാർക്കു ചെയ്യാനുള്ള സൗരോർജ കാർപോർട്ട് ആണ് നിർമ്മിച്ചിരിക്കുന്നത്. അടുത്ത മാർച്ചിൽ പുതിയ ആഭ്യന്തര ടെർമിനൽ പ്രവർത്തനം ആരംഭിക്കുമ്പോഴേക്കും അവിടെയും ഇത്ര തന്നെ ശേഷിയുള്ള കാർപോർട്ട് ഒരുക്കുന്നതിന് നടപടികൾ നടന്നു വരുന്നു. സിയാലിന്റെ ചെറുകിട ജല വൈദ്യുത പദ്ധതികൾ ഇതിനു പുറമെയാണ്. മൊത്തം 62 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്.

Read more on Solar Power Cial Model