ബോൾഗാട്ടിയിലാണ് ഞാൻ ജനിച്ചു വളർന്നതെങ്കിലും ഇപ്പോൾ താമസിക്കുന്നത് വരാപ്പുഴയിലാണ്. ജീവിതത്തിലൊന്നും പ്ലാൻ ചെയ്യാത്ത ഞാൻ പക്ഷേ, വീടിന്റെ കാര്യത്തിൽ മാത്രം ബുദ്ധിപരമായ ചില കാര്യങ്ങൾ നടപ്പാക്കി. ഞാനും ഭാര്യയും മക്കളും അമ്മയുമാണ് വീട്ടിലെ താമസക്കാർ. മൂന്ന് ബെഡ്‌റൂമുള്ള രണ്ട് നില വീട്. താഴത്തെ ബെഡ്‌റൂം എന്റെ സുഹൃത്തുകൾക്ക് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു. മുകളിലത്തെ ഒരു കിടപ്പുമുറിയിൽ അമ്മച്ചിയും മറ്റേതിൽ ഞങ്ങളും. വയസ്സാംകാലത്ത് അമ്മ പടി കയറിയിറങ്ങേണ്ടി വരില്ലേ എന്ന് പലരും ചോദിച്ചു. അമ്മയ്ക്കൊരു വ്യായാമം ആയിക്കോട്ടെ എന്ന് ഞങ്ങളും.
താഴത്തെ നിലയിൽ താമസിച്ചാൽ മുകൾനില മുഴുവനും ആരും നോക്കാതെ പൊടിപിടിച്ചു കിടക്കും. ഇതാകുമ്പോൾ വീട് മുഴുവൻ ആളനക്കം ഉണ്ടാകും. അടിച്ചുതുടച്ച് വൃത്തിയാക്കിയിടും.
വീടിന് എന്തു പേരിടണമെന്നായി അടുത്ത പ്രശനം. നൂലുകെട്ടിന്റെയന്നു രാവിലെയാണ് കുട്ടികളുടെ പേരുപോലും ആലോചിച്ചത്. വീടിന് പേരിടുന്നത് കുറച്ചുകൂടി സിംപിളാണല്ലോ എന്നുകരുതി തണൽ, സ്വപ്നം, സഫലം, സാഫല്യം, കൃതജ്ഞത എന്നിങ്ങനെ പല സാംപിൾ പേരുകളും ആലോചിച്ചു നോക്കി. ഒന്നുമങ്ങോട്ട് തൃപ്തി വന്നില്ല. ഒടുവിൽ കുടുംബപ്പേരായ വലിയപറമ്പിൽ തന്നെ ഫിക്സ് ചെയ്തു.
ഇപ്പോഴെല്ലാവരും പറയുന്ന പുനരുപയോഗമൊക്കെ ഞാൻ പണ്ടേ പയറ്റിയതാ...ബോൾഗാട്ടിയിലേത് ഓടിട്ട വീടായിരുന്നു. പുറത്തുപെയ്യുന്നത് പോരാഞ്ഞിട്ട് അകത്തും പെയ്യും. ഞാനും ചേട്ടനും ഓലവെട്ടി ഓടിനുമീതെ ഇടും. എന്നിട്ടും രക്ഷയില്ലെങ്കിൽ ഞങ്ങൾ എക്സ്റേ ഫിലിമുകൾ അടുക്കി വച്ചിട്ടുണ്ട്. ഓരോന്നായി എടുത്ത് ഓടിനിടയിലേക്ക് തിരുകും. എക്സ്റേ ഫിലിമിനും ഓടിനും ഒരേ വലിപ്പമാണെന്നു എത്ര പേർക്കറിയാം?
ഈ സംഭവമൊക്കെ വച്ച് കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ എന്ന സിനിമയിൽ ഞാനൊരു ഡയലോഗ് നിർദേശിച്ചു. പക്ഷേ സംവിധായകൻ നാദിർഷ സമ്മതിച്ചില്ല. ഇതിന്റെ വിലയൊന്നും മൂപ്പർക്കറിയില്ലല്ലോ!...