Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനെ റീമിക്സ് ചെയ്തപ്പോൾ; ഗായിക പ്രമീളയുടെ വീട്

prameela-home മേക്ക്ഓവറിലൂടെ വീടിന്റെ മുഖച്ഛായ മാറ്റിയെടുത്ത കഥ പറയുകയാണ് പിന്നണി ഗായിക പ്രമീള.

വേഷവിധാനം അടിമുടി മാറ്റി സ്റ്റൈലിഷ് ആകാൻ പുതുവര്‍ഷത്തിൽ പലരും പ്രതിജ്ഞയെടുക്കും. അയഞ്ഞുതൂങ്ങിയ കോട്ടൺ ചുരിദാറുകൾ മാറി നല്ല സ്റ്റൈലൻ കുർത്തികൾ വാഡ്രോബിൽ ഇടം പിടിക്കും. മുണ്ടും ഷർട്ടുമൊക്കെ മൂലയിലേക്കൊതുക്കി ടീഷർട്ടും ജീൻസും കളം നിറയും. ചിലരുടേത് പ്രതിജ്ഞ മാത്രമാകുമ്പോൾ കാര്യങ്ങൾ പഴയപടി തന്നെ. വീട്ടുകാരിങ്ങനെ സ്റ്റൈലായി നടക്കുന്നതു കാണുന്ന വീടിനും ഉണ്ടാകില്ലേ മോഹങ്ങൾ? ഉറപ്പായും ഉണ്ടാകുമെന്നാണ് സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥയും ചലച്ചിത്ര പിന്നണി ഗായികയുമായ പ്രമീള പറയുന്നത്. അങ്ങനെ തിരുവനന്തപുരത്ത് മണ്ണന്തലയിലുള്ള സ്വന്തം വീടിനെ അവർ അടിമുടി മോഡേൺ ആക്കി.

pramila-home പുറംകാഴ്ചയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയത്. മുകളിലൊരു മുറി കൂടി പണിതു. ഫ്ലാറ്റ് റൂഫിനു മേൽ ട്രസ് വർക്ക് ചെയ്ത് ഷിംഗിൾസ് വിരിച്ച് സ്ലോപ് റൂഫ് ആക്കി.

സ്വന്തമായി ഒരു മുറി വേണമെന്ന് കുട്ടികൾ ആവശ്യപ്പെടുമ്പോഴാണ് പലരും വീട് പുതുക്കുന്നത്. ഇവിടെയും മക്കൾ ആ ആവശ്യമുന്നയിച്ചെങ്കിലും കാര്യമായ പൊളിക്കലുകൾ നടത്താൻ നിർവാഹമില്ലായിരുന്നു. വീടിന്റെ കാലപ്പഴക്കം തന്നെ കാരണം. കുടുംബസുഹൃത്തായ ആർക്കിടെക്ട് സുധീർ രംഗപ്രവേശം ചെയ്തതോടെ കാര്യങ്ങൾക്ക് വ്യക്തതയായി. അങ്ങനെ പ്രമീളയും ഭർത്താവ് ബിജുവും പ്രധാന ആവശ്യങ്ങൾ ലിസ്റ്റ് ചെയ്തു.

കാർപോർച്ചും പ്രധാനവാതിലും തമ്മിൽ ഇത്തിരി ദൂരമുണ്ട്. മഴക്കാലത്ത് വണ്ടിയിൽനിന്നിറങ്ങിയാൽ നനഞ്ഞുകുളിച്ചാണ് വീട്ടിൽ കയറുക. സിറ്റ്ഔട്ടിൽ നിന്ന് പോർച്ച് വരെ നീളനൊരു വരാന്ത വന്നതോടെ ആ പ്രശ്നത്തിന് പരിഹാരമായി. പോർച്ചിന്റെ തൂണുകൾക്കിടയിൽ ഗ്രാനൈറ്റ് സ്ലാബ് നൽകി ഇരിപ്പിടമൊരുക്കി. വരാന്തയിൽ തൂവാനത്തോടു ചേർന്ന് ഗ്ലാസ് പിടിപ്പിച്ചു. പഴയ പ്രധാനവാതിലിനെ പുറത്താക്കി പുതിയ വാതിൽ ഇടം പിടിച്ചു.

living room സ്വീകരണമുറിയിൽ ഫോൾസ് സീലിങ് ചെയ്തു. ഫർണിച്ചർ, കബോർഡുകൾ, ലൈറ്റുകൾ തുടങ്ങിയവയും പുത്തൻ സ്റ്റൈലിൽ എത്തി.

സ്വീകരണമുറിയിലെ പഴഞ്ചൻ കബോർഡുകളായിരുന്നു അടുത്ത ഇര. ഇവ പൊളിച്ചടുക്കി തടിയുടെ പുത്തൻ ഷെൽഫ് വന്നു. ഇവിടത്തെ ഒരു ഭിത്തിയുടെ ചെറിയൊരു ഭാഗം സ്റ്റോൺ ക്ലാഡിങ് ചെയ്തു. ഫോൾസ് സീലിങ് ചെയ്ത് എൽഇഡി ലൈറ്റുകൾ പിടിപ്പിച്ചു. താഴത്തെ നിലയിൽ മുറികളുടെ സ്ഥാനത്തിന് മാറ്റമില്ല.

hall വീട്ടുകാരുടെ ഉല്ലാസവേളകൾ ആന്ദകരം ആക്കുന്നത് പുതിയ മുറിയാണ്. സംഗീതം, വായന എന്നിങ്ങനെയാണ് ഇവിടത്തെ വിശേഷങ്ങൾ.

മുകൾനിലയിൽ ഒരു മുറി കൂടി പണിതതാണ് സംഭവിച്ച പ്രധാന മാറ്റങ്ങളിലൊന്ന്. വീട്ടമ്മയ്ക്ക് വായന, സംഗീതം തുടങ്ങിയവയ്ക്കുള്ള എന്റർടെയ്ൻമെന്റ് റൂം ആയിട്ടാണ് ഇത് വിഭാവനം ചെയ്തത്. വേണമെങ്കിൽ ബെഡ്റൂം ആയും ഉപയോഗിക്കാം. താഴത്തെ നിലയിലെ അതേ ഫ്ലോർ ടൈൽ ഡിസൈനാണ് ഇവിടെയും പിന്തുടർന്നത്.

furniture-home ഗോവണിയുടെ ലാൻഡിങ്ങിന് അടുത്തുതന്നെ സ്റ്റഡി സ്‌പേസിനുള്ള സ്ഥലം കണ്ടെത്തി.

വീടിന്റെ പഴയ ലുക്ക് മാറ്റണമെന്നായിരുന്നു മക്കളുടെ പ്രധാന ആവശ്യം. ടെറസ്സിൽ നരച്ചു നിന്നിരുന്ന മെറ്റൽ ഷീറ്റ് ആദ്യം തന്നെ പൊളിച്ചു ദൂരെയെറിഞ്ഞു. പകരം ഒരു ഭാഗത്ത് ട്രസ് ചെയ്ത് ഷിംഗിൾസ് വിരിച്ചു. പുതിയതായി പണിത മുറിയുടെ മുകളിലും ഷിംഗിൾസ് വന്നു. പുതുക്കിപ്പണിയലിൽ ചുറ്റിക വീണത് പാരപ്പെറ്റില്‍ മാത്രം.

old-home പഴയ വീട്

പ്രധാന മാറ്റങ്ങൾ

∙ പുറംകാഴ്ചയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയത്. മുകളിലൊരു മുറി കൂടി പണിതു. ഫ്ലാറ്റ് റൂഫിനു മേൽ ട്രസ് വർക്ക് ചെയ്ത് ഷിംഗിൾസ് വിരിച്ച് സ്ലോപ് റൂഫ് ആക്കി.

∙ സിറ്റ്ഔട്ട് നീട്ടിയെടുത്ത് കാർപോർച്ച് വരെയാക്കി. പോർച്ചിന്റെ തൂണുകൾക്കിടയിൽ ഗ്രാനൈറ്റ് സ്ലാബ് പിടിപ്പിച്ച് ഇരിപ്പിട സൗകര്യമൊരുക്കി.

∙ മുറികൾ യഥാസ്ഥാനത്ത് നിലനിർത്തിയപ്പോൾ സ്വീകരണമുറിയിൽ മാത്രം മാറ്റങ്ങൾ വരുത്തി. ഇവിടെ ഫോൾസ് സീലിങ് ചെയ്തു. ഭിത്തിയുടെ ഒരു ഭാഗത്ത് സ്റ്റോണ്‍ ക്ലാഡിങ് നൽകി.

prameela-family പ്രമീള കുടുംബത്തോടൊപ്പം

ചിത്രങ്ങൾ : ഹരികൃഷ്ണൻ