നിലമ്പൂർ കോവിലകത്തിന്റെ അരികിലൂടെ ഒഴുകുന്ന ചാലിയാർ പുഴയാണ് ഓർമകളിൽ ആദ്യം തെളിയുന്നത്. അമ്മയുടെ തറവാടായിരുന്നു നിലമ്പൂർ കോവിലകം. അടുത്തടുത്തായി അഞ്ചാറ് കോവിലകങ്ങളുണ്ട്. എല്ലാത്തിനും മുന്നിൽ വലിയൊരു ആർച്ച് കാണാം. പാറാവ് എന്നാണിതിനു പേര്. അഞ്ചുമുറി കോവിലകത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അച്ഛൻ കൃഷിവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്റെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് പലപല നാടുകളിൽ താമസിച്ചു. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കോവിലകത്ത് തന്നെയുണ്ടായിരുന്നു. അക്കാലത്തെ ഓർമകളാണ് കൂടുതലും പറയാനുള്ളത്.
ഞാനും ചെറിയമ്മയും ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്. ഞങ്ങൾ തമ്മിൽ രണ്ട് വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. അച്ഛൻ അമ്മയെ കല്യാണം കഴിക്കുമ്പോൾ അമ്മമ്മ രണ്ട് മാസം ഗർഭിണിയായിരുന്നത്രെ ! പുഴ കടന്നാണ് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. പുഴയിൽക്കൂടി ‘തിരപ്പൻ’ ഒഴുകി വരുന്നത് കാണാം. കൂപ്പിൽ നിന്നു വെട്ടുന്ന തടികൾ ചങ്ങാടം പോലെ കെട്ടി ഒഴുക്കി വിടുന്നതാണിവ. ഇതിൽ ചാടിക്കയറിയാണ് ഞങ്ങൾ പുഴ കടക്കുക. കടവ് അടുക്കുമ്പോൾ പുസ്തകക്കെട്ടും ചോറ്റുപാത്രവുമൊക്കെ ഉയർത്തിപ്പിടിച്ച് വെള്ളത്തിലൂടെ നടക്കും. ഈ പുഴക്കടവ് മലയാള സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. കുട്ടിക്കുപ്പായം എന്ന ചിത്രത്തിൽ ‘വെളുക്കുമ്പോൾ കുളിക്കുവാൻ പോരുന്ന വഴിവക്കിൽ’ എന്ന പാട്ട് ചിത്രീകരിച്ചതിവിടെയാണ്. അന്ന് ഷീല, അംബിക തുടങ്ങിയവരൊക്കെ മേക്കപ്പിടാനും മറ്റും വന്നിരുന്നത് ഞങ്ങളുടെ വീട്ടിലായിരുന്നു. തൊട്ടപ്പുറത്തെ കോവിലകത്ത് ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.
അച്ഛൻ വളരെ കർക്കശക്കാരനായിരുന്നു. നയാപൈസ കൈക്കൂലി വാങ്ങില്ല. കാര്യസാധ്യത്തിനായി വീട്ടിൽ കാഴ്ചക്കുലയും കൊണ്ടു വരുന്നവരെയൊക്കെ ഓടിക്കുന്നത് പലവുരു കണ്ടിട്ടുണ്ട്. സർക്കാർ ജീപ്പ് നൽകിയിട്ടുണ്ട്. ഞങ്ങളെയൊന്നും അതിൽ കയറ്റില്ല. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ്. ഒരിക്കൽ ഞാൻ സ്കൂൾ വിട്ട് വരുമ്പോൾ വഴിയിൽ കുറച്ച് ചില്ലറത്തുട്ടുകൾ കിടക്കുന്നത് കണ്ടു. ഞാനിത് പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോയി കൊടുത്തു. പിന്നീട് പുഴക്കടവിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛൻ ഒരു വരവാണ്. പുഴക്കടവിൽ നിന്ന് വീട് വരെ അടി. എന്നെക്കൊണ്ട് ആ പൈസ തിരിച്ച് റോഡിൽ തന്നെ ഇടീപ്പിച്ചിട്ടേ അടങ്ങിയുള്ളൂ.
സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമായി കോവിലകത്തൊരുമുറിയുണ്ടായിരുന്നു എന്റെ അമ്മയെ അവിടെയാണ് പ്രസവിച്ചത്. പൂജാമുറിക്ക് നാമമുറി എന്നയിരുന്നു പേര്. ഭരണികളും പഴയ വസ്ത്രങ്ങളുമൊക്കെ സൂക്ഷിച്ചിരുന്ന മുറിക്ക് പൂട്ടറ എന്നായിരുന്നു പേര്.
ഒരോണക്കാലത്ത് തറവാട്ടിൽ എല്ലാവരും ഒത്തുകൂടി. കുട്ടികളെല്ലാം ഒളിച്ചുകളി തുടങ്ങി. ഞാനൊളിച്ചത് പൂട്ടറയ്ക്കുള്ളിലായിരുന്നു. ഇതറിയാതെ ആരോ അറ പൂട്ടിക്കൊണ്ടു പോയി. സദ്യയ്ക്കുള്ള സമയമായപ്പോൾ എന്നെ കാണാതെ എല്ലാവരും പരിഭ്രമിച്ചു. കുറേനേരം കഴിഞ്ഞാണ് പൂട്ടറ തുറന്നെന്നെ പുറത്തെത്തിച്ചത്. ഓണക്കാലം എത്തുമ്പോഴെല്ലാം ഈ സംഭവമാണ് ആദ്യം ഓർമയിലെത്തുക.
വിവാഹശേഷം ഞാനും വനിതയും ചെന്നൈയിൽ വത്സരവാക്കത്ത് വീട് വച്ചു. ഗായിക ചിത്രയുടെ കസിൻ ആയ സുരേഷ് ആയിരുന്നു എൻജിനീയർ. പതിനേഴ് വർഷത്തെ ചെന്നൈ വാസത്തിനുശേഷം തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തു. ഇവിടെ ഫ്ലാറ്റിലാണ് താമസം. ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന സാഹചര്യമാണെങ്കിൽ ഫ്ലാറ്റ് ജീവിതം തന്നെയാണ് നല്ലത്. വാച്ച്മാനെ നിയമിച്ചിട്ടു പോലും വത്സരവാക്കത്തെ വീട്ടിൽ നിന്ന് സാധനങ്ങൾ മോഷണം പോയിട്ടുണ്ട്. സുരക്ഷ മാത്രമല്ല, വെള്ളം, വൈദ്യുതി തുടങ്ങിയ പല കാര്യങ്ങളിലും കൂട്ടായ ഉത്തരവാദിത്തമുണ്ടായിരിക്കും.
രതിനിർവേദത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് ആദ്യമായി വീടു വിട്ടുനിൽക്കുന്നത്. മദ്രാസിൽ കുറേനാൾ റിഹേഴ്സലൊക്കെ ഉണ്ടായിരുന്നു. നെല്ലിയാമ്പതിയിലായിരുന്നു ലൊക്കേഷൻ.
സംഗീതപരിപാടികളുമായി ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അവിടുന്ന് സുവനീറുകളൊന്നും വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വരുന്ന പതിവില്ല. പക്ഷേ, വനിത നേരെ തിരിച്ചാണ്. സ്വീകരണമുറിയിലും ചുവരുകളിലുമെല്ലാം ഷോപീസുകൾ നിറച്ചിരിക്കുകയാണ്. അമ്മയുടെ ഈ ശീലത്തെ മകൾ എപ്പോഴും കളിയാക്കാറുണ്ട്. പുതിയ വീട്ടിലെ ലിവിങ് റൂമിലെങ്കിലും ശ്വാസം വിടാൻ സ്ഥലം അനുവദിക്കണമെന്നാണ് അവൾ അമ്മയോട് ഡിമാൻഡ് വച്ചിരിക്കുന്നത് !