കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ചാലിയക്കരയാണെന്റെ സ്വദേശം. ഞങ്ങളിപ്പോ വീട് പുതുക്കിപ്പണിയുന്നതിന്റെ തിരക്കിലാണ്. ഡിസൈനിങ്ങിൽ താൽപര്യമുള്ള കക്ഷിയാണ്. 'കനപ്പെട്ട' നിർദേശങ്ങളുമായി വീട്ടുകാരെ സഹായിച്ചു കൊണ്ടിരിക്കുന്നു. വെറുതെ പറയുകയല്ല കേട്ടോ, നല്ല അലച്ചിലുള്ള പണിയാണേയ്.
റസ്റ്റിക് ഫിനിഷിലേക്കാണ് വീടിനെ മാറ്റിയെടുക്കുന്നത്. തടിയെന്ന് തോന്നിപ്പിക്കുന്ന തരം ടൈലാണ് ഫ്ലോറിങ്ങിനുപയോഗിക്കുക. ഇഷ്ടപ്പെട്ട ഡിസൈൻ കിട്ടാൻ പത്തു പതിനഞ്ച് കടകളിലെങ്കിലും കയറിയിറങ്ങി. എല്ലായിടത്തെയും വില താരതമ്യം ചെയ്താണ് സാധനം വാങ്ങുക. (സാമാന്യം പിശുക്കിയാണേ) അലുമിനിയം, സ്‌റ്റീൽ റെയിലിങ്ങിനെയൊക്കെ പടിക്ക് പുറത്താക്കുകയാണ്. കാസ്റ്റ് അയൺ, അല്ലെങ്കിൽ തടി പകരമെത്തും. കാരണം ഇതുരണ്ടും ഒരിക്കലും ട്രെൻഡ് ഔട്ടാകില്ല. ചെടികളാണ് ഇന്റീരിയറിന്റെ ജീവൻ. ഉള്ളിൽ വയ്ക്കാൻ പറ്റുന്നവയും ഒഴിവാക്കേണ്ടവയുമുണ്ട്. ഓക്സിജൻ പുറത്തുവിടുന്ന ചെടികളാണ് നമ്മൾ വീടിനുള്ളിലേക്ക് കൂട്ടേണ്ടത്.
ഒരുപാട് നിറങ്ങൾ വാരിയടിക്കുന്ന പരിപാടിയോട് ആദ്യമേ 'നോ' പറഞ്ഞു. ഓഫ് വൈറ്റ് പോലെയുള്ള നിറങ്ങളാണ് നല്ലത്. എൽഇഡി ലൈറ്റുകളാണ് എന്റെ മറ്റൊരു വീക്നെസ്സ്. വാം ടോണിലുള്ളവയോടാണ് താൽപര്യം. കുപ്പിയുടെ ഉള്ളിൽ എൽഇഡി കടത്തി കത്തിച്ചു വയ്ക്കുന്ന കലാപരിപാടിയൊക്കെയുണ്ട്.
ആന്റിക് സാധനങ്ങൾക്ക് പേരുകേട്ട വടകര എന്റെ ഇഷ്ടലൊക്കേഷനാണ്. 'ബാത് ടേബിൾ' പോലെ പഴയകാലത്തെ ചില ഫർണിച്ചറൊക്കെ അദ്ഭുതപ്പെടുത്തും. അവിടെകണ്ട നിരവധി അറകളുള്ള കൊച്ചു തടിപെട്ടിയും ആഗ്രഹങ്ങളുടെ ലിസ്റ്റിലേക്ക് കൂട്ടിയിട്ടുണ്ട്.
അച്ഛൻ ആർമിയിലായിരുന്നതിനാൽ ഉത്തരേന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളും കറങ്ങിയിട്ടുണ്ട്. ആർമിയിലെ രീതിയനുസരിച്ച് നമ്മൾ സ്ഥലം മാറിപ്പോകുമ്പോൾ ബാക്കിയുള്ളവർ നമുക്കെന്തെങ്കിലും സുവനീർ സമ്മാനിക്കും. അങ്ങനെ പല സ്ഥലത്തുനിന്ന് കിട്ടിയ ക്യൂരിയോസിന്റെ ശേഖരമുണ്ട്. പിന്നെ കുറച്ചു ഫൊട്ടോഫ്രയിമുകൾ കൂടിയാകുമ്പോൾ ഇന്റീരിയർ ഉഷാർ.