വീട്ടിൽ നിന്നും അകലെ മറ്റൊരു വീട്. നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഉപയോഗിച്ചു പഴകിയൊരു പരസ്യവാചകം. ഇത്തരം ആലങ്കാരികപ്രയോഗങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയപ്പോഴാകണം ആളുകൾ വാരാന്ത്യവസതികൾ സ്വന്തമാക്കാൻ തുടങ്ങിയത്. വീടിന്റെ തന്നെയൊരു സംക്ഷിപ്തരൂപമായിരിക്കും പലരുടെയും വാരാന്ത്യവസതികൾ. എന്നാൽ സംവിധായകൻ ശ്യാമപ്രസാദ് ചിന്തിച്ചത് മറ്റൊരു വഴിക്കാണ്. സ്വന്തം വീട്ടിൽ നിന്ന് തീർത്തും വിഭിന്നമായ ഒരിടം. തലസ്ഥാനത്തെ ഫ്ലാറ്റ് ജീവിതത്തിന്റെ തിക്കുമുട്ടലുകൾ മറക്കാൻ പറ്റിയൊരിടം. മനസ്സിനിണങ്ങിയ പ്ലോട്ടിനുള്ള തിരച്ചിൽ വർഷങ്ങൾ നീണ്ടു. അന്വേഷണങ്ങൾ അവസാനിച്ചത് അഞ്ച് വർഷങ്ങൾക്കു മുമ്പാണ്, കല്ലാറിന്റെ തീരത്ത്. തിരുവനന്തപുരത്തിനും പൊൻമുടിക്കും ഇടയിൽ ഇരുപത്തിയാറാം മൈൽ എന്ന സ്ഥലത്ത്.
പുഴയുടെ കൈ പിടിച്ച്
‘‘ശരിക്കു പറഞ്ഞാൽ ഒരു സിനിമ ജനിക്കുന്നത് പോലെത്തന്നെയാണ് ഒരു വീടും ജനിക്കുന്നത്,’’ സംവിധായകൻ പറയുന്നു. സിനിമയ്ക്ക് കഥ എന്ന അടിത്തറ വേണം. ആ അടിത്തറയ്ക്കു മേൽ തിരക്കഥ വളരണം. സംവിധാനം, എഡിറ്റിങ്... തുടങ്ങി തിയറ്ററിലെത്തുന്നതു വരെ തുടരുന്നു ജോലികൾ. ഇതിന് നിരവധി കലാകാരൻമാർ വേണം. പ്ലോട്ട് കണ്ടെത്തൽ തുടങ്ങി ഗൃഹപ്രവേശം വരെ വീട് നിർമാണവും ഒരു കല തന്നെ. ’’
റോഡ് നിരപ്പിൽനിന്ന് പിന്നിലേക്ക് താഴ്ചയുള്ളതാണ് പത്ത് സെന്റ്. സ്ഥലം ആദ്യം കണ്ട മാത്രയിൽത്തന്നെ ശ്യാമപ്രസാദിന്റെ മനസ്സിൽ ചില ആശയങ്ങൾ ഉരുത്തിരിഞ്ഞു വന്നു. ഏതു ഭാഗത്തു നിന്ന് നോക്കിയാലും പുഴ കാണുന്ന രീതിയിലൊരു ഡിസൈൻ വരച്ചിടാൻ താമസമുണ്ടായില്ല. പ്രാദേശികമായി ലഭ്യമായ സാമഗ്രികളാണ് നിർമാണത്തിന് ഉപയോഗിച്ചത്. അങ്ങനെ മനസ്സിൽ കണ്ടത് പോലെ ഋതു പൂർത്തിയായപ്പോൾ വാരാന്ത്യങ്ങൾക്കു വേണ്ടി കുടുംബം കാത്തിരുന്നു.
കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളുടെ ലിസ്റ്റെടുത്താൽ അതിൽ പൊൻമുടി തീർച്ചയായും ഉൾപ്പെടും. അതിന്റെ മടിത്തട്ടിലുള്ള ഋതുവിന് പിന്നെ സുന്ദരിയാകാതെ തരമില്ലല്ലോ! പൂർണമായും പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള നിർമാണരീതിയാണ് ഇവിടെ കൈക്കൊണ്ടത്. ഇന്റർലോക്ക് മൺകട്ട കൊണ്ടാണ് സ്ട്രക്ചർ നിർമിച്ചത്. കട്ടയുടെ ടെക്സ്ചർ അതേപടി നിലനിർത്തിയിട്ടുണ്ട്.
മേല്ക്കൂരയിൽ ട്രസ്സിട്ട് ഒാട് പാകി. മുൻവശത്ത് പച്ച നിറത്തിൽ ജാളി ഡിസൈൻ നൽകിയതും ഉചിതമായ തീരുമാനമായി. എംഡിഎഫിലാണ് ഇത് നിർമിച്ചത്. മുൻവശത്തെ രണ്ട് കരിങ്കൽത്തൂണുകൾ കൂടിയാകുമ്പോൾ എക്സ്റ്റീരിയറിന് നൂറിൽ നൂറ് മാർക്ക് തന്നെ നൽകണം. കൃത്യമായ ചതുരവടിവുകളിൽ ലാൻഡ്സ്കേപ് ഒരുക്കിയിട്ടില്ല എന്നതും ശ്രദ്ധിക്കണം.
ചുറ്റുപാടുകളോട് ഇണങ്ങുന്ന രീതിയിൽ നാടൻ ഇലച്ചെടികളും മരങ്ങളുമൊക്കെയാണ് പച്ചപ്പിനെ പ്രതിനിധീകരിക്കുന്നത്. പുഴ കണ്ടിരിക്കാൻ സിമന്റ ് ബെഞ്ചും പുഴയിലേക്കിറങ്ങാൻ പടവുകളും നൽകിയിട്ടുണ്ട്. പഴയ തെരുവുവിളക്കിന്റെ ശൈലിയിലുള്ളൊരു ലൈറ്റാണ് മുറ്റത്ത് വെളിച്ചം വിതറുന്നത്. സിറ്റ്ഒൗട്ടിൽ ഇൻബിൽറ്റ് ഇരിപ്പിടം നൽകിയിട്ടുണ്ട്. ഡ്രിഫ്റ്റ് വുഡ് ശില്പങ്ങളും ചുവരിൽ ഇടംപിടിച്ചിട്ടുണ്ട്.
ഒരുമയോടെ ഇന്റീരിയർ
പല പാളികളായി തുറക്കുന്ന തടിവാതിലാണ് ഇന്റീരിയറിലേക്ക് സ്വാഗതമോതുന്നത്. ഇതുൾപ്പെടെ ഇവിടത്തെ എല്ലാ വാതിലുകൾക്കും ജനാലകൾക്കും നിറം പച്ച തന്നെ. ഒാപൻ ശൈലിയിലുള്ള ഇന്റീരിയർ എന്ന ആശയം നൂറ് ശതമാനവും ശരിയായ അർഥത്തിൽ നടപ്പാക്കിയിരിക്കുന്നു. മൂന്ന് തട്ടിലായുള്ള നീണ്ട ഹാൾ ആ സ്പേസിനെ മൂന്നായി വിഭജിച്ചിരിക്കുന്നു. ലിവിങ്സ്പേസിലേക്ക് കയറുമ്പോൾത്തന്നെ ഇന്റീരിയറിന്റെ പൂർണചിത്രം കണ്ണിലെത്തും. ‘L’ ആകൃതിയിലുള്ള ഇൻബിൽറ്റ് ഇരിപ്പിടത്തിൽ നീല ഫാബ്രിക് കുഷന്റെ പതുപതുപ്പ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത വിവിധ ചിത്രങ്ങളുടെ പോസ്റ്ററുകൾ ഭിത്തിയെ അലങ്കരിക്കുന്നു.
ലിവിങ്ങിൽ നിന്ന് രണ്ട് പടി പൊക്കത്തിലാണ് ബെഡ്സ്പേസ്. ഒരു നീളൻ അരഭിത്തിയാണ് ഇരുസ്പേസുകളേയും വേർതിരിക്കുന്നത്. ഊണുമേശയുടെ അധികജോലിയും ഈ അരഭിത്തിക്കുണ്ട്. കിടക്കയോട് ചേർന്ന് കബോർഡ് നൽകി. പച്ചനിറമടിച്ച ഹെഡ്ബോർഡ് ഭിത്തിയിൽ പരുക്കൻ ടെക്സ്ചർ കൊടുത്തിട്ടുണ്ട്. ഒരു പടി കൂടി മുകളിലായി അടുക്കള. സ്ഥിരതാമസമില്ലാത്തതിനാൽ അടുക്കളയിൽ സൗകര്യങ്ങൾ അധികമില്ല. സമീപത്തായി ബാത്റൂമുകൾ. വീടിന്റെ പിൻഭാഗത്തും ഒരു സിറ്റ്ഒൗട്ടുണ്ട്. ഇതിനോട് ചേർന്ന് സ്റ്റോർമുറിയും.
ഒറ്റപ്പാളിയുള്ള നീളൻ ജനാലകളാണ് ഇവിടെ എടുത്തു പറയേണ്ട മറ്റൊരു വസ്തുത. എല്ലാത്തിനും വെവ്വേറെ ഷെയ്ഡുകൾ നൽകിയിട്ടുണ്ട്. തദ്ദേശവാസികളുടെ നോട്ടമെത്താത്ത രീതിയിലാണ് വീക്കെൻഡ് വസതികൾ സാധാരണ രൂപകല്പന ചെയ്യുന്നത്. അക്കാര്യത്തിലും ഇവിടെ സ്ഥിതി മറിച്ചാണ്. പിൻഭാഗത്ത് റീടെയ്നിങ് വോൾ ഉണ്ടെന്നതൊഴിച്ചാൽ മതിൽ കെട്ടിയിട്ടില്ല. വേലിവാഴ പോലെയുള്ള ചെടികളാണ് വീടിന്റെ അതിര് തിരിക്കുന്നത്.
വിനോദ ഉപാധിയായി ഇവിടെയുള്ളത് പഴയൊരു റേഡിയോയും മ്യൂസിക് സിസ്റ്റവും മാത്രം. ടിവി, ഇന്റർനെറ്റ് തുടങ്ങിയവയ്ക്കെല്ലാം പൂർണനിരോധനം. ഇറങ്ങാൻ നേരം ‘പുഴ തന്നെ’ എന്നുത്തരം പ്രതീക്ഷിച്ച് സംവിധായകനോടൊരു ചോദ്യം തൊടുത്തു:
‘ഋതു’ വിനെ പ്രിയപ്പെട്ടതാക്കുന്നത് എന്താണ്?
ഉത്തരം: മൊബൈൽ റെയ്ഞ്ച് കഷ്ടിയായ ഈ സ്ഥലം തന്നെ!
അല്ലെങ്കിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരം ചിത്രങ്ങളല്ലല്ലോ ശ്യാമപ്രസാദിന്റേത്.