നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നുനോക്കാം. അവിടെവച്ച് ഞാൻ എന്റെ പ്രണയം നിനക്കുതരും...(Solomon's Song of Songs)
പച്ചപ്പിന്റെ കാഴ്ചകളിലേക്കാണ് ആ ഗെയ്റ്റ് തുറന്നത്. 140 ലധികം മരങ്ങൾ തണൽ വിരിക്കുന്ന വിശാലമായ മുറ്റം. പൂക്കളിൽ തേനുണ്ണുന്ന പൂമ്പാറ്റകൾ, ജലസമൃദ്ധമായ കുളങ്ങൾ, ആടും കോഴിയും പശുവുമെല്ലാം ഒരു കുടുംബം പോലെ കഴിയുന്ന ഫാം...കിളികളുടെയും ചീവീടുകളുടെയും സിംഫണി മുഴങ്ങുന്ന അന്തരീക്ഷം..ആ പച്ചപ്പിനു നടുവിൽ പർണാശ്രമം പോലെ ഒരു മൺവീട്.
വിശേഷണങ്ങൾ അനവധിയുണ്ട് ജി. ശങ്കർ എന്ന ആർക്കിടെക്ടിന്. ചെലവ് കുറഞ്ഞ പരിസ്ഥിതിസൗഹൃദവീടുകൾ നിർമിച്ചു നൽകുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ അമരക്കാരൻ, ആർക്കിടെക്ച്ചർ വൈദഗ്ധ്യം കൊണ്ട് കോടികൾ സമ്പാദിക്കാനുള്ള അവസരങ്ങൾ വേണ്ടെന്നുവച്ച് സമൂഹമധ്യത്തിലേക്കിറങ്ങിയ വാസ്തുശില്പി, പലരും നടന്നു പോയ സുരക്ഷിതമായ വഴിയേ പോകാതെ ദുർഘടമായ വഴി വെട്ടിത്തെളിച്ച ആർക്കിടെക്ട് എന്നിങ്ങനെ നീളുന്നു ആ നിര.
ഇന്ത്യയ്ക്കകത്തും പുറത്തും ലക്ഷക്കണക്കിന് വീടുകൾ നിർമിച്ച ആർക്കിടെക്ട് സ്വന്തമായി വീട് പണിയാൻ താമസിച്ചത് എന്താകാം? ഉത്തരം ശങ്കർ തന്നെ പറഞ്ഞു. "സ്വന്തമായി ഒരു വീട് ഇല്ല എന്നത് ഒരു കുറവായി ഒരിക്കലും തോന്നിയിട്ടില്ല. വാടകവീടിന്റെ ഇത്തിരിവട്ടത്തിലും ഞാൻ സംതൃപ്തനായിരുന്നു. സമയമാകുമ്പോൾ വീട് എന്നെത്തേടി വരും എന്ന വിശ്വാസമുണ്ടായിരുന്നു.".

തിരുവനന്തപുരം മുടവന്മുകളിലുള്ള ശങ്കറിന്റെ സിദ്ധാർത്ഥ എന്ന മൺവീട് ഒരു വിസ്മയമാണ്. ആത്മീയതയും വാസ്തുശില്പകലയും ഫിലോസഫിക്കൽ ആർക്കിടെക്ച്ചറിന്റെ തമ്പുരാന്റെ കരങ്ങളിൽ സമന്വയിക്കുന്നു. അതുകൊണ്ടുതന്നെ നിരവധി ആത്മീയ മാനങ്ങളുണ്ട് ഈ വീടിന്. സിദ്ധാർത്ഥൻ ബോധിവൃക്ഷത്തണലിൽ ബോധോദയം പ്രാപിച്ചതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. സിദ്ധാർത്ഥയുടെ വിസ്മയക്കാഴ്ചകളിലേക്ക് സ്വാഗതം.
മുൻപേയെത്തിയ അതിഥികൾ
രണ്ടു മലകൾക്കിടയിൽ ആർക്കും വേണ്ടാതെ കിടന്നിരുന്ന തരിശുഭൂമിയായിരുന്നു ഇത്. ഭൂമി വാങ്ങുമ്പോൾ വീട് പണിയാനുള്ള പദ്ധതിയൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് ശങ്കറും ഭാര്യയും ആദ്യം ചെറിയൊരു ഫാം തുടങ്ങി. പശുവിനെയും ആടിനെയും കോഴിയേയും വളർത്താൻ തുടങ്ങി. അതിന്റെ ജൈവ അവശിഷ്ടങ്ങൾ കൊണ്ടാണ് ഈ മണ്ണിനെ പുഷ്ടി പിടിപ്പിച്ചത്. പിന്നീട് ഇരുവരും ഇവിടെ മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ചു.

140 തരം വൃക്ഷങ്ങളുണ്ട് ഭൂമിയിൽ. ഫലവൃക്ഷങ്ങളേക്കാൾ അവഗണിക്കപ്പെടുന്ന മരുത്, ചാരകൊന്ന, വട്ട, മുള തുടങ്ങിയ മരങ്ങൾക്ക് ഇവിടെ അഭയം നൽകി. അങ്ങനെ ഒഴിഞ്ഞു കിടന്ന ഭൂമിയിൽ മരത്തണലിന്റെ കുളിർമയുണ്ടായി. പൂക്കളിലെ തേൻ നുകരാൻ പൂമ്പാറ്റകളും കിളികളും വിരുന്നെത്താൻ തുടങ്ങി. ഈ പറമ്പിലെ ഓരോ മരത്തിലും എന്റെയും ഭാര്യയുടെയും കയ്യൊപ്പും കണ്ണുനീരുമുണ്ട്. അതുപറഞ്ഞപ്പോൾ ശങ്കറിന്റെ കണ്ണുകളിൽ ചാരിതാർഥ്യത്തിന്റെ തിളക്കം...
തിരക്കഥയില്ലാത്ത സിനിമ പോലെ

നിയതമായ ഒരു പ്ലാൻ ഇല്ലാതെ പണിത വീട് ആണ് ഇത്. വീടിന്റെ എലിവേഷൻ വരച്ചിട്ടില്ല. അങ്ങനെ സംഭവിച്ചതാണ്. നിയതമായ രൂപഘടനയൊന്നുമില്ല വീടിന്റെ എലിവേഷന്. ഒരു തിരമാലയോട് ചെറിയ സാദൃശ്യം തോന്നാമെന്നു മാത്രം. "എന്റെ ജീവിതം തിരമാലകൾ പോലെ പ്രക്ഷുബ്ധമായിരുന്നു. അതിന്റെ ഒരു പരിച്ഛേദം യാദൃശ്ചികമായി വീടിനും ലഭിച്ചതാകാം. തിരക്കഥയില്ലാതെ ഒരു സിനിമയെടുക്കുന്നത് പോലെയാണ് ഞാൻ വീട് പണിതു തുടങ്ങിയത്. ഓരോ ദിവസം എത്തുമ്പോഴും ഓരോ ബോധോദയങ്ങൾ മനസ്സിൽ ഉണ്ടായിക്കൊണ്ടിരുന്നു." ശങ്കർ പറയുന്നു.
അടിമുടി മണ്ണ്
അടിമുടി മണ്ണാണ് വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യജീവിതം പോലെ മണ്ണിൽ നിന്നും തുടങ്ങി മണ്ണിലേക്ക് ലയിക്കുന്ന കാഴ്ചപ്പാടാണ് വീട്ടിൽ അവലംബിച്ചിരിക്കുന്നത്.
വീടിന്റെ കൂര ഉൾപ്പെടെ മണ്ണാണ്. നല്ല പശിമയുള്ള മണ്ണ് കുത്തിനിറച്ചാണ് ഭിത്തികളും ചുമരുകളും നിർമിച്ചത്. സീലിങ്ങിൽ മൺകട്ടകളാണ് ഉപയോഗിച്ചത്. മണ്ണ് കലക്കിയ മിശ്രിതമാണ് ഭിത്തിയുടെ പ്ലാസ്റ്ററിങ്ങിന് ഉപയോഗിച്ചത്. മിനുസമായ പ്രതലങ്ങളും പരുക്കൻ പ്രതലങ്ങളും ഭിത്തികളിൽ നൽകിയിരിക്കുന്നു. ലിന്റലുകൾ ഒറ്റക്കല്ലിലാണ് പണിതത്. മേൽക്കൂര വാർത്തിരിക്കുന്നത് ചിരട്ടയും 'മുളക്കമ്പി'കളും കൊണ്ടാണ്.
പഴയ വീടുകൾ പൊളിച്ചിടത്തു നിന്നും ശേഖരിച്ച തടിയാണ് ജനലുകൾക്കും കട്ടിളകൾക്കും ഫർണീച്ചറുകൾക്കുമെല്ലാം ഉപയോഗിച്ചിരിക്കുന്നത്.
കാഴ്ചകൾ തുടങ്ങുന്നു!
പച്ചപ്പിനുള്ളിൽ പതുങ്ങിയിരിക്കുകയാണ് മൺവീട്. റോഡിൽ നിന്നും വീട് കാണാൻ കഴിയില്ല. പച്ചപ്പിനുള്ളിലെ പാതയിലൂടെ അകത്തേക്ക് കയറുമ്പോൾ പതിയെ വീടിന്റെ കാഴ്ചകൾ ദൃശ്യമാകും. വീട്ടിലേക്ക് സ്വാഗതം ചെയ്യുന്ന പ്രവേശനകവാടം മുതൽ കാഴ്ചകൾ തുടങ്ങുന്നു. കമാനാകൃതിയിലുള്ള സിറ്റ്ഔട്ട്. ഇവിടെ ഇരുവശത്തും ഇരിപ്പിടം നൽകിയിട്ടുണ്ട്. കവാടത്തിന്റെ ഇരുവശത്തും ദ്വാരങ്ങളുള്ള മുളക്കഷണങ്ങൾ ചേർത്തുവച്ചിരിക്കുന്നു. നേരിട്ട് വെയിൽ അടിക്കാതെ, സ്വകാര്യത നഷ്ടമാകാതെ ഗൃഹനാഥന് പത്രവും മറ്റും വായിക്കാനാണ് ഇങ്ങനെയൊരു സംവിധാനം നൽകിയത്.

വീട്ടിനകത്തേക്ക് കയറുമ്പോൾ തണുപ്പിന്റെ കമ്പളം കൊണ്ട് ആരോ കെട്ടിപിടിച്ചതുപോലെ തോന്നും. ഓപ്പൺ ശൈലിയിലുള്ള അകത്തളങ്ങളിൽ കാറ്റും വെളിച്ചവും ഒഴുകി നടക്കുന്നു. ചില മുറികളിൽ ഫാൻ പോലും നൽകിയിട്ടില്ല. ലിവിങ്ങിനു മറുവശത്തായി ശങ്കറിന്റെ സ്വകാര്യമുറിയാണ്. ഇതിനു സ്വകാര്യത നൽകുന്നതിനായി വീണ്ടും മുളക്കഷണങ്ങൾ കൊണ്ട് കലാപരമായി പാർടീഷൻ നൽകിയിരിക്കുന്നു.

ലിവിങ്ങിൽ നിന്നും ഗോവണി വരെ നീണ്ട ഇടനാഴിയാണ്. ഇതിന്റെ വശങ്ങളിൽ ഊണുമുറിയും അടുക്കളയും കോർട്യാർഡും വായനാമുറിയുമൊക്കെ ക്രമീകരിച്ചിരിക്കുന്നു.

ലളിതമായ ഊണുമുറി. ഇവിടെ ടിവി യൂണിറ്റ് നൽകിയിരിക്കുന്നു.

ലളിതമായ അടുക്കളയും വർക് ഏരിയയും. "അടുക്കള നിർമിച്ചു കഴിഞ്ഞപ്പോൾ മേൽക്കൂര വരെ ഒരുപാട് സ്ഥലമുള്ളതു പോലെ തോന്നി. അങ്ങനെ അവിടെ മുള കൊണ്ട് ഒരു തട്ടിൻപുറം പണിതു". ശങ്കർ പറഞ്ഞു.

വീടിന്റെ എലിവേഷനിൽ പലയിടത്തും മൾട്ടിവുഡ് കൊണ്ട് ജാളി ഡിസൈനുകൾ നൽകിയിട്ടുണ്ട്. ഇതിലൂടെ ഊർന്നിറങ്ങുന്ന വെയിൽവട്ടങ്ങൾ വീടിനുള്ളിൽ നൃത്തം ചെയ്യുന്നു.
പ്രിയപ്പെട്ട ഇടം

വീട്ടിൽ ശങ്കറിന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം വായനാമുറിയാണ്. ഒ.വി.വിജയൻ മുതൽ അടുത്തിടെ നോബൽ പുരസ്‌കാരം നേടിയ കസുവോ ഇഷിഗുറോ വരെ നീളുന്ന വായന. പതിവുപോലെ ഗ്ലാസ് ഷെൽഫ് നൽകി പുസ്തകങ്ങളെ ബന്ധനസ്ഥരാക്കിയിട്ടില്ല. "എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യം പുസ്തകങ്ങളാണ്. എനിക്ക് പുസ്തകങ്ങളെ തൊടണം, അവയുടെ ഗന്ധം ശ്വസിക്കണം". ശങ്കർ പറയുന്നു.
സർഗാത്മകമായ ഇടങ്ങളും അതിനു പിന്തുണയേകുന്ന അന്തരീക്ഷവുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വായനാമുറിയുടെ ജനാല തുറക്കുന്നത് ആൽമരത്തിന്റെ കുളിർത്തണലിലേക്കാണ്. രാത്രിയിൽ ചീവീടുകളുടെ സിംഫണി വായനയ്ക്ക് അകമ്പടിയേകുന്നു.
മഴ പെയ്യുന്ന നടുമുറ്റം

വീടിന്റെ ശ്രദ്ധാകേന്ദ്രം നടുമുറ്റമാണ്. പ്രകൃതിയുടെ ഒരു പരിച്ഛേദമാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. മഴ പെയ്യുമ്പോൾ വെള്ളം അകത്തെത്തുന്ന നടുമുറ്റമാണ് നിർമിച്ചത്. മുകളിൽ ഗ്ലാസ് റൂഫിങ് നൽകിയിരിക്കുന്നു.

നടുമുറ്റത്ത് ചെറിയൊരു കുളം നൽകി. മറ്റിടങ്ങളിൽ പെബിളുകളും മുളകളും നട്ടിരിക്കുന്നു. മഴ പെയ്യുമ്പോൾ കാറ്റും ജലവും മുളയുടെ ശബ്ദവും ചേർന്നൊരുക്കുന്ന സിംഫണി ഇവിടെയിരുന്ന് ആസ്വദിക്കാം.

കാഴ്ചകൾ തുടരുന്നു...
നീണ്ട ഇടനാഴി കടന്നു ഗോവണിയിലേക്ക് കയറുന്നതിന്റെ വശത്തായി മാസ്റ്റർ ബെഡ്‌റൂം. കണ്ണ് മഞ്ഞളിക്കുന്ന പ്രകാശ സംവിധാനങ്ങൾ ഒന്നുമില്ല. ധ്യാനാത്മകമായ അന്തരീക്ഷം ഉള്ളിൽ വലയം ചെയ്യുന്നു. തടി ഉപയോഗിക്കാതെ കല്ല് കെട്ടിയാണ് കട്ടിൽ ഉണ്ടാക്കിയിരിക്കുന്നത്. കട്ടിലിനു താഴെ സ്‌റ്റോറേജ് സ്‌പേസും ക്രമീകരിച്ചിരിക്കുന്നു.

ഗോവണി കയറി മുകളിൽ ചെല്ലുമ്പോൾ ചെറിയൊരു ആട്ടുകട്ടിൽ. ഇതിനു സമീപം ചെറിയൊരു ഫോട്ടോഗാലറി. പൊളിച്ചുകളഞ്ഞ പഴയ ഒരു വീട്ടിൽ നിന്നും ശേഖരിച്ച ഗോവണിയുടെ ഭാഗമാണ് ഫോട്ടോ ഷെൽഫ് ആക്കി മാറ്റിയത്. ഇവിടെ പോയ കാലത്തെ ചില്ലിട്ടു വച്ചിരിക്കുന്നു. അടുക്കളയുടെ മുകളിലുള്ള തട്ടിൻപുറത്തേക്ക് ഇവിടെ നിന്നും പ്രവേശിക്കാം.

മുകളിൽ ഹാളിൽ നിന്നും രണ്ടു പടി മുകളിൽ മകന്റെ കിടപ്പുമുറി. മുറിക്കകത്തു താഴെയുള്ള കിടപ്പുമുറിയിൽ കണ്ടപോലെ ധ്യാനാത്മകമായ അന്തരീക്ഷം പരിലസിക്കുന്നു. അറ്റാച്ഡ് ബാത്റൂമിന് മുകളിലും പർഗോള റൂഫിങ് നൽകിയത് ശ്രദ്ധേയമാണ്.
മുറിക്ക് പുറത്തിറങ്ങിയാൽ വശത്തായി ഒരു കിളിവാതിലുണ്ട്. ഇവിടെ നിന്നും താഴത്തെ നടുമുറ്റത്തിന്റെയും മുറികളുടെയും മുകളിലെ ഗ്ലാസ് ഓപ്പണിങ്ങിലൂടെ തലനീട്ടുന്ന വള്ളിച്ചെടികളുടെയും മനോഹരകാഴ്ചകൾ ആസ്വദിക്കാം.

പടിയിറങ്ങി ഹാളിലെത്തിയാൽ ടെറസിലേക്കുള്ള വാതിൽ കാണാം. പുറത്തേക്കിറങ്ങിയാൽ അതിമനോഹരമായ കാഴ്ചകൾ... രണ്ടു ചരിഞ്ഞ ഭിത്തികൾക്കിടയിലൂടെ ഇടനാഴി. ഇരുഭിത്തികളിലും വള്ളിച്ചെടികൾ പടർന്നു കയറി പൂവിട്ടു തുടങ്ങി. അതിഥികളെ കണ്ട സന്തോഷത്തിൽ പൂക്കൾ തലയാട്ടുന്നു. ആരാണ് സന്ദർശകർ എന്നറിയാനെന്നോണം മുകൾ നിലയിലെ മേൽക്കൂരയിലെ വിടവിനുള്ളിലൂടെ മുളയുടെ ഇലകൾ പുറത്തേക്ക് തലനീട്ടുന്നു.


ഇവിടെ നിന്നും ചെറിയ ഒരു ഗോവണി കയറി ഏറ്റവും മുകളിൽ നിലയിലെത്താം. ഇവിടെ നിന്നും പച്ചപ്പിന്റെ 360 ഡിഗ്രി കാഴ്ച കാറ്റിന്റെ തഴുകലിനൊപ്പം മനസ്സ് നിറയെ ആസ്വദിക്കാം.

ടെറസിന്റെ ഒരു കോണിലായി ബാൽക്കണി. ഇവിടെയിരുന്ന് ഫാം ഹൗസിന്റെ കാഴ്ചകൾ ആസ്വദിക്കാം. ഇവിടെ കപ്പലിന്റെ ആകൃതിയിലുള്ള ഇരിപ്പിടമാണ് നൽകിയത്. ഇതിനുള്ളിൽ സ്‌റ്റോറേജ് സ്‌പേസുമുണ്ട്.

വീടിന്റെ എലിവേഷനിൽ പലയിടത്തും മൾട്ടിവുഡ് കൊണ്ട് ജാളി ഡിസൈനുകൾ നൽകിയിട്ടുണ്ട്. ഇതിലൂടെ വീട്ടിനകത്തേക്ക് വീഴുന്ന വെയിൽവട്ടങ്ങൾ വീടിനുള്ളിൽ മനോഹാരിത നിറയ്ക്കുന്നു. രാവിലെയും വൈകിട്ടും രാത്രിയിലും പല ഭാവങ്ങളാണ് വീടിനുള്ളിൽ നിറയുന്നത്. പ്രകൃതിയും മനുഷ്യനും ഒന്നായിത്തീരുന്ന ഉദാത്തമായ ഭാവമാണ് സിദ്ധാർത്ഥ.
സവിശേഷതകൾ
- മണ്ണ്, കുമ്മായം തുടങ്ങി പ്രകൃതിദത്തമായ വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചത്.
- ചിരട്ടയും മുളയും കൊണ്ടാണ് മേൽക്കൂര വാർത്തത്.
- പഴയ തടികൾ പുനരുപയോഗിച്ചു. കശുവണ്ടിക്കറ കൊണ്ടാണ് തടികൾ പോളിഷ് ചെയ്തത്.
- പഴയ ഒരു സ്‌കൂൾ പൊളിച്ചപ്പോൾ മേടിച്ച ഓടാണ് വീടിൽ പുനരുപയോഗിച്ചത്.
മണ്ണിനോട് അടങ്ങാത്ത പ്രണയം
അക്ഷരമാല മണ്ണിൽ എഴുതി പഠിച്ചതു മുതൽ മണ്ണിനോട് അടങ്ങാത്ത പ്രണയത്തിലാണ് ഞാൻ. ശങ്കർജി പറയുന്നു. സ്വന്തമായി വീട് എന്ന ആശയം ഉള്ളിൽ മുളപൊട്ടിയപ്പോൾ ആദ്യം മനസ്സിലേക്ക് വന്ന ദൃശ്യം യാത്രകളിൽ എന്നോ കണ്ണിലുടക്കിയ ഒരു മൺപുറ്റിന്റേത് ആയിരുന്നു. ഈ മൺപുറ്റിനെ ആർക്കിടെക്ച്ചറിലേക്ക് എങ്ങനെ ആവാഹിക്കാം എന്നതായിരുന്നു വെല്ലുവിളി.
മൺവീടുകളും സുരക്ഷയും

എല്ലാത്തരം മണ്ണും നിർമ്മിതിക്ക് അനുയോജ്യമല്ല. മണ്ണിന്റെ സൂക്ഷ്‌മമായ തിരഞ്ഞെടുപ്പ് ആവശ്യമാണ്. മണ്ണിന്റെ പ്രഖ്യാപിതമായ രണ്ടു ശത്രുക്കളായ ചിതലിനെയും ഈർപ്പത്തെയും എപ്രകാരം പ്രതിരോധിക്കുന്നു എന്നത് പ്രധാനമാണ്. ചിതലിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന വസ്തുവാണ് കുമ്മായം. മണ്ണിനോടൊപ്പം കുമ്മായം കൂടി ചേർത്തുകഴിഞ്ഞാൽ ചിതലിനെ ഒഴിവാക്കാം.
സമൂഹത്തിനു ഒരു സന്ദേശം
സമകാലിക കേരളത്തിൽ കോൺക്രീറ്റ് കാടുകൾ പൊങ്ങച്ചക്കൊട്ടാരങ്ങൾ പോലെ ഉയരുകയും സ്റ്റാറ്റസ് സിംബലുകളായി മാറുകയും ചെയ്യുമ്പോൾ പതിവ് കാഴ്ചകളോട് കലാപം തീർക്കുകയാണ് സിദ്ധാർത്ഥ. പരിസ്ഥിതി നശീകരണത്തിന്റെയും ആഗോള താപനത്തിന്റെയും ദുരന്തഫലങ്ങൾ കേരളത്തിലും കണ്ടുതുടങ്ങിയ ഈ കാലഘട്ടത്തിൽ കെട്ടിടനിർമാണമേഖലയിൽ ഒരു പുനർവിചിന്തനത്തിനു നമ്മെ പ്രേരിപ്പിക്കുകയാണ് സിദ്ധാർത്ഥ. അതിനൊപ്പം എന്റെ വീടാണ് എന്റെ സന്ദേശം എന്ന് പറഞ്ഞു വയ്ക്കുകയാണ് ജി. ശങ്കർ എന്ന ആർക്കിടെക്ട്. ഇത് കേരളം ചർച്ച ചെയ്യേണ്ട പ്രസക്തമായ കാഴ്ചയായി മാറുന്നതും അതുകൊണ്ടുതന്നെയാണ്. വാക്കുകൾ കൊണ്ട് ഈ വീടിനെ പരിപൂർണമായി വിശദീകരിക്കുക അസാധ്യമാണ്. കാരണം വാക്കുകൾക്ക് അതീതമായ കാഴ്ചയുടെ അനുഭവമാണ്, സിദ്ധാർത്ഥ....
Read more on Architect G Shanker Mud House Plans Kerala Budget House Kerala