Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഷാരടി സ്വപ്നം കാണുന്ന കിനാശ്ശേരി

pisharody രമേശ് പിഷാരടിയുടെ ബഡായികൾ വിലപ്പോകാത്ത ലോകത്തിലെ ഏക സ്ഥലമാണ് കിളിക്കൂട്. ചിത്രത്തിനു കടപ്പാട്- ഫെയ്‌സ്ബുക്ക്

ഇന്നലെ

അച്ഛന് വെള്ളൂർ ന്യൂസ്പ്രിന്റ് ഫാക്ടറിയിലായിരുന്നു ജോലി. രണ്ട് മുറിയുള്ള വിശാലമായ ക്വാർട്ടേഴ്സിലായിരുന്നു എന്റെ ബാല്യം. അച്ഛനും അമ്മയും പിന്നെ ഞങ്ങൾ അഞ്ച് മക്കളും. സമപ്രായത്തിലുള്ള ഒരുപാട് പിള്ളേര് സെറ്റായിരുന്നു ചുറ്റിനും. അന്ത കാലത്ത് ടിവി അത്ര പോപ്പുലറല്ല. വീട്ടിൽ ടിവി ഉള്ളവന് അത്യാവശ്യം അഹങ്കാരമൊക്കെ ആകാം. വീട്ടിലാണെങ്കിൽ ടിവി വാങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല. അച്ഛൻ പുതിയ വീടിനായി പണം കൂട്ടിവയ്ക്കുകയാണ്. ഒടുവിൽ മൂത്ത ചേച്ചി ടിവിക്കായി പോരിനിറങ്ങി. അങ്ങനെ അച്ഛൻ തറ കെട്ടാൻ വച്ചിരുന്ന കാശെടുത്ത് ടിവി വാങ്ങി. വീട് പണി ബ്ലോക്കായെങ്കിലെന്താ ടിവി കിട്ടിയല്ലോ! ആഗ്രഹങ്ങളുടെ നീണ്ട ലിസ്റ്റ് ഞങ്ങൾ വീണ്ടും തുറക്കുന്നതിന് മുമ്പ് അച്ഛൻ എവിടുന്നൊക്കെയോ കാശ് സംഘടിപ്പിച്ച് 1000 സ്ക്വയർഫീറ്റുള്ളൊരു വീട് വച്ചു.

ഇന്ന്

തൃപ്പൂണിത്തുറയിൽ ഫ്ലാറ്റ് ജീവിതത്തിലാണിപ്പോൾ. ഭാര്യ സൗമ്യയെ ഞാൻ കിളി എന്നാണ് വിളിക്കുന്നത്. വീടിനതുകൊണ്ട് കിളിക്കൂട് എന്ന് പേരിട്ടു. ഇന്റീരിയറിന്റെ ലുക്ക് ഇടയ്ക്കിടെ മാറ്റുക എന്നതാണ് പ്രധാന ആശ്വാസം. അങ്ങനെയിരിക്കുമ്പോ തോന്നും ലിവിങ് റൂമിലെ ഭിത്തിക്ക് ഈ കളർ പോരാ, മറ്റേക്കളർ ആണ് നല്ലത്. അപ്പോത്തന്നെ പോയി മറ്റേക്കളർ പെയിന്റ് ഒരു പാട്ട വാങ്ങിക്കൊണ്ടുവന്ന് അടിച്ചില്ലേൽ സമാധാനമില്ല. പിന്നെ ചെമ്പിന്റെ സാധനങ്ങളൊക്കെ പോളിഷ് ചെയ്ത് സ്വര്‍ണം പോലാക്കി വയ്ക്കുക, സോഫയുടെ വിരിപ്പ് ഇടയ്ക്കിടെ മാറ്റുക എന്നതൊക്കെയാണ് വേറെ ആശ്വാസങ്ങൾ.

നാളെ

ലാലേട്ടന്റെ മദ്രാസിലെ വീടെനിക്ക് ഒത്തിരി ഇഷ്ടമാണ്. അതിന്റെ ടെറസ്സിലിരുന്ന് നോക്കിയാൽ തൊട്ടുമുന്നില്‍ കടൽ കാണാം. ഭാവിയിലൊരു കിടിലൻ വീട് ഞാനും വയ്ക്കുന്നുണ്ട്. തീർത്തും ഒറ്റപ്പെട്ടൊരു പ്രദേശത്തായിരിക്കുമത്. നമ്മൾ എത്ര ഉച്ചത്തിൽ കാറിയാലും അയൽക്കാർ ചോദ്യം ചെയ്യാൻ വരരുത്. കൂട്ടുകാർക്ക് അങ്ങനെ എളുപ്പത്തിലൊന്നും എത്തിപ്പെടാൻ പറ്റാത്ത സ്ഥലമായാൽ നന്ന്. നാട്ടിലെപ്പോലെ ലുങ്കിയുടുത്ത് റോഡിൽക്കൂടി ഫ്രീയായി നടക്കാൻ പറ്റണം. അതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.

Your Rating: