Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിതജീവിതത്തിനൊരു സഹചാരി

refrigerated-van-reefer-van ശീതീകരണ സൗകര്യമുള്ള റീഫർ വാൻ

ജൈവ അരി, പച്ചക്കറി, പലവ്യഞ്ജനം, പാൽ, പഴം, മുട്ട, ഇറച്ചി – കാക്കനാട് മാവേലിപുരത്തെ ഗ്രീൻലിവിങ്ങിൽ ഹരിതജീവിതത്തിനു വേണ്ടതെല്ലാം കിട്ടും. ജൈവ പച്ചക്കറികൾക്കായി കോൾഡ് സ്റ്റോറേജ് സൗകര്യം, ശീതീകരണ സൗകര്യമുള്ള റീഫർ വാൻ എന്നിങ്ങനെ വിപുലമായ സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഓർഗാനിക് സ്റ്റോറിന് ഓൺലൈൻ ഡിവിഷനുമുണ്ട്. www.greenliving.co.in എന്ന വെബ്സൈറ്റിൽ കയറി ഓർഡർ നൽകിയാൽ എറണാകുളം നഗരത്തിലെ വീടുകളിൽ‌ കമ്പനി ഓർഗാനിക് ഉൽപന്നങ്ങളെത്തിക്കും. പ്രതിമാസം പത്തുലക്ഷം രൂപയുടെ വിറ്റുവരവുള്ള ഈ സ്ഥാപനം ജൈവകൃഷിക്കാർക്കും ഉപഭോക്താക്കൾക്കും വലിയ നേട്ടങ്ങളാണ് നൽകുന്നത്.

jose-francis ജോസ് ഫ്രാൻസിസ്

കൃഷിശാസ്ത്രത്തിലും കാർഷിക എൻജിനീയറിങ്ങിലുമൊക്കെ ഉന്നതബിരുദം നേടിയ മൂന്ന് പ്രഫഷണലുകളുൾപ്പെടെ അഞ്ചു പങ്കാളികളാണ് ഈ സംരംഭത്തിനു പിന്നിൽ. അവരുമായി കൈകോർത്ത് മഹാനഗരത്തിലെ ജൈവവിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പാലക്കാട്ടെ പീപ്പിൾ സർവീസ് സൊസൈറ്റിയുടെ കർഷക കൂട്ടായ്മയുമുണ്ട്. ഇൻഫോപാർക്കിനും സ്മാർട് സിറ്റിക്കുമൊക്കെ സമീപമാണെങ്കിലും ടെക്കികൾ അവരുടെ വിദ്യാഭ്യാസ– സാമ്പത്തിക നിലയ്ക്കനുസരിച്ചുള്ള താൽ‌പര്യം ഓർഗാനിക് ഉൽപന്നങ്ങളിൽ കാണിക്കുന്നില്ലെന്നാണ് മാനേജിങ് പാർട്ണർ തൊടുപുഴ സ്വദേശി ജോസ് ഫ്രാൻസിസിന്റെ അഭിപ്രായം. കൂടുതലാളുകളും പച്ചക്കറികളിൽ മാത്രമാണ് ജൈവ ഉൽപന്നങ്ങൾ തിരയുന്നത്. ജൈവമെന്ന പേരിൽ വിപണിയിലെത്തുന്ന പച്ചക്കറികളിൽ ഏറിയ പങ്കും യഥാർഥ ജൈവ ഉൽപന്നമല്ലെന്ന കാര്യം ഉപഭോക്താക്കൾ മനസ്സിലാക്കുന്നില്ല. സംസ്ഥാനത്ത് സംഘാടിസ്ഥാനത്തിലും പാട്ടഭൂമിയിലും നടക്കുന്ന പച്ചക്കറിക്കൃഷിയിൽ കീടനാശിനികളുടെ ഉപയോഗം കുറവാണെന്നു സമ്മതിച്ചാൽപോലും അവ സമ്പൂർണ ജൈവ ഉൽപന്നങ്ങളല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോരാത്തതിനു വ്യാജന്മാർ വിലസാനുള്ള സാധ്യതയും ‌ഈ രംഗത്ത് കൂടുതലാണ്.

organic-vegetable-shop ജൈവ പച്ചക്കറികൾ

സൽകൃഷിരീതി (Good Agricultural Practices-GAP) യിൽ ഉൽപാദിപ്പിച്ച പച്ചക്കറികൾ ജൈവമെന്ന പേരിൽ വിൽക്കുന്നത് വാസ്തവത്തിൽ ഉപഭോക്താക്കളെ കബളിപ്പിക്കലല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. ഇത്തരം ഉൽപാദകർക്ക് സൽകൃഷിസാക്ഷ്യപത്രം നൽകി വിപണിയിലെത്തിക്കാനാണ് അധികൃതർ ശ്രമിക്കേണ്ടത്. വ്യാജന്മാരുടെ അർധസത്യങ്ങളായ അവകാശവാദങ്ങൾ യഥാർഥ ജൈവകർഷകരെ തളർത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് പീപ്പിൾസ് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൈവസാക്ഷ്യപത്രം നേടിയ കൃഷിക്കാരിൽനിന്നാണ് ഗ്രീൻലിവിങ് ഉൽപന്നങ്ങൾ വാങ്ങുന്നത്. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും പാലക്കാട്ടെ ജൈവകൃഷിയിടങ്ങളിൽനിന്ന് പച്ചക്കറികൾ, വാഴക്കുല, തേങ്ങ, മുട്ട, കോഴിയിറച്ചി തുടങ്ങിയ ഉൽപന്നങ്ങളുമായി വണ്ടിയെത്തും. കടലിൽനിന്ന് അതതു ദിവസം പിടിച്ച മീൻ രാസവസ്തുക്കളൊന്നും ചേർക്കാതെ വെട്ടിയൊരുക്കി നൽകുന്നുണ്ട്. ഈ മത്സ്യം പൂർണമായും പ്രകൃതിദത്തവും രാസവസ്തുക്കൾ കലരാത്തതുമാണെന്ന് എറണാകുളത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഗ്രീൻലിവിങ്ങിനു മാത്രമേ ഇങ്ങനൊരു നിലവാര സാക്ഷ്യപത്രമുള്ളൂ.

ഫോൺ– 9388484004, 9061707722 

Your Rating: