Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന്റെ ജൈവ ബ്രാൻഡ്

mahipal-rajasree മഹിപാലും ഭാര്യ രാജശ്രീയും

കുടുംബസംരംഭമായി തുടങ്ങിയ ബിസിനസ് രാജ്യം മുഴുവൻ അറിയുന്ന ബ്രാൻഡായി വളർത്തിയ കഥയാണ് മഹിപാലിന്റേത്. ഇന്ത്യയിലെമ്പാടുംനിന്ന് ജൈവ കർഷകരുടെ ഉൽപന്നങ്ങൾ നേരിട്ടു വാങ്ങി സംസ്കരിച്ച് പായ്ക്ക് ചെയ്ത് എംആർടി എന്ന ബ്രാൻഡിൽ വിപണനം ചെയ്തു തുടങ്ങിയിട്ട് ഒമ്പതു വർഷമേ ആയിട്ടുള്ളൂ. മഹിപാൽ, ഭാര്യ രാജശ്രീ, മകൾ തേജശ്രീ എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് എംആർടി ബ്രാൻഡുണ്ടാക്കിയത്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലായി 1200 ജൈവ കർഷകരുടെ ഉൽപന്നങ്ങൾ ഇവർ വാങ്ങുന്നുണ്ട്.

സുഗന്ധവ്യഞ്ജനസത്തുണ്ടാക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന മഹിപാലിനു വിവിധ സംസ്ഥാനങ്ങളിലെ കൃഷിക്കാരുമായി നേരിട്ടുള്ള പരിചയമാണ് പുതിയ സംരംഭത്തിനു വഴിയൊരുക്കിയത്. രാജ്യാന്തര വിപണിയിൽ ജൈവ സുഗന്ധസത്തുക്കൾക്കുള്ള ഡിമാന്‍ഡും ഉയർന്ന വിലയും ജൈവസത്തു നിർമാണ ബിസിനസ്സിലേക്ക് ഇദ്ദേഹത്തെ ആകർഷിക്കുകയായിരുന്നു.

വായിക്കാം ഇ - കർഷകശ്രീ 

കൃഷിക്കാരിൽനിന്നു സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി 2007ൽ സത്ത് വിപണനം ആരംഭിച്ച എംആർടി ക്രമേണ മറ്റ് ജൈവ ഉൽപന്നങ്ങളും ഉൾപ്പെടുത്തുകയായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിയിടത്തിൽ മറ്റ് ഉൽപന്നങ്ങളുമുള്ളത് കാര്യങ്ങൾ എളുപ്പമാക്കി. കശ്മീർ മുതൽ കന്യാകുമാരി വരെ മഹിപാലിന് ഉൽപന്നങ്ങൾ നൽകുന്ന, ജൈവസാക്ഷ്യപത്രം നേടിയ കൃഷിക്കാരുണ്ട്. ഏറ്റവും കൂടുതൽ പേരുള്ളത് മഹാരാഷ്ട്രയിൽ. പക്ഷേ, കേരളത്തിന്റെ കുരുമുളകും ഗ്രാമ്പൂവും ജാതിക്കയുമൊക്കെ പ്രമുഖ ജൈവകമ്പനികളിൽനിന്നാണ് വാങ്ങാറുള്ളത്.

ജൈവ ഉൽപന്നങ്ങൾ മാത്രമാണ് എംആർടി വിൽക്കുന്നതെന്ന് ഉറപ്പാക്കാൻ തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ലാക്കേൺ എന്ന രാജ്യാന്തര ഏജൻസിയുടെ ജൈവസാക്ഷ്യപത്രവുമുണ്ട്. കമ്പനിക്ക് ഉൽപന്നങ്ങൾ നൽകുന്നവരുടെ കൃഷിയിടങ്ങളിലും സംസ്കരണം നടത്തുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തിയ ശേഷം നൽകുന്ന സാക്ഷ്യപത്രമാണിത്.

കൊറിയർ വഴിയാണ് എംആർടി ഇടപാടുകാർക്ക് ഉൽപന്നങ്ങളെത്തിച്ചു കൊടുക്കുന്നത്. വിദേശരാജ്യങ്ങളിലേക്കും ഉല്‍പന്നങ്ങൾ അയയ്ക്കുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ജൈവോൽപന്ന വിൽപനശാലകളിൽ എംആർടിയുടെ സാന്നിധ്യമുണ്ടെന്നു മഹിപാൽ അവകാശപ്പെട്ടു. ഇന്ത്യയിൽ ജൈവ ഉൽപന്നങ്ങൾക്ക് ഏറ്റവും കുറച്ച് ആവശ്യക്കാരുള്ള സംസ്ഥാനമാണ് കേരളമെന്ന് മഹിപാൽ.

അതേസമയം തമിഴ്നാട്ടുകാർക്ക് ജൈവ ഉൽപന്നങ്ങളോട് പ്രത്യേക ആവേശമുണ്ട്. 250 ഇനങ്ങളിലായി 350 ഉല്‍പന്നങ്ങളുള്ള എംആർടി വൈവിധ്യത്തിൽ ഇന്ത്യയിലെ പ്രമുഖ ഓർഗാനിക് കമ്പനികളേക്കാൾ മുമ്പിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പയർ വർഗങ്ങൾ, ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പലഹാരങ്ങൾ, പാനീയങ്ങൾ, ഉണങ്ങിയ പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മസാലക്കൂട്ടുകൾ, നാളികേര ഉൽപന്നങ്ങള്‍, അച്ചാറുകൾ, സൗന്ദര്യവർധക വസ്തുക്കൾ, പോഷകങ്ങൾ എന്നിങ്ങനെ ജൈവ ഉൽപന്ന നിര നീളുകയാണ്. വിറ്റുവരവിലും ആദായത്തിലുമൊക്കെ മുൻനിരയിലുള്ള കമ്പനികൾ കൂടുതൽ വിൽപനയുള്ള ഇനങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്.

സംഭരണത്തിലും വിതരണത്തിലും ഇവർ ഇടനിലക്കാരെ ഒഴിവാക്കുന്നു. ചെലവ് കുറയ്ക്കാൻ ഇതു വളരെയധികം സഹായിക്കുന്നു. എംആർടി ഉൽപന്നങ്ങൾ കടകളിലേക്ക് കൊറിയറായി എത്തിക്കുന്നു. ജൈവസാക്ഷ്യപത്രമുള്ള തങ്ങളുടെ ഉൽപന്നങ്ങളെ കൃഷിയിടം വരെ പിൻചെല്ലാമെന്നു മഹിപാൽ ചൂണ്ടിക്കാട്ടി.

ജൈവകൃഷിയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ച് സമ്പൂർണ ജൈവസാക്ഷ്യപത്രമുള്ളവരാക്കുന്ന മഹിപാലിന്റെ രീതി രാജ്യത്തിനാകെ മാതൃകയാണ്. സാക്ഷ്യപത്രമുള്ള ഉൽപന്നങ്ങൾ മാത്രമാണ് വിപണനം ചെയ്യുന്നതെങ്കിലും ജൈവ പരിവർത്തന ഘട്ടമായ ആദ്യ മൂന്നു വർഷങ്ങളിലെ ഉൽപന്നങ്ങളും വാങ്ങാമെന്ന് ഇവർ കൃഷിക്കാർക്ക് ഉറപ്പു നൽകുന്നു.

ജൈവ ഉൽപന്നങ്ങളുടെ വില നൽകി വാങ്ങിയശേഷം കുറഞ്ഞ വിലയ്ക്ക് ഈ ഉൽപന്നങ്ങൾ പുറം വിപണിയിൽ വിറ്റൊഴിവാക്കുകയാണ് പതിവ്. ഇങ്ങനെ മാത്രമേ കൂടുതൽ പേരെ ജൈവരീതികളിലേക്കു കൊണ്ടുവരാനാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിക്കാരുമായുള്ള ആത്മബന്ധമാണ് തന്റെ ബിസിനസിന്റെ കരുത്തും സൗന്ദര്യവുമെന്നു മഹിപാൽ കരുതുന്നു.

ഫോൺ– 9746039299 

Your Rating: