Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശുമാവ്– വിളവ് കൂട്ടാൻ

cashew-fruit കശുമാവ്

കശുമാവ് കേരളത്തിൽ വ്യാപകമായി കൃഷിചെയ്തുപോരുന്ന വ്യാവസായിക പ്രാധാന്യമുള്ള നാണ്യവിളകളിലൊന്നാണ്. കശുമാവിനെ പാഴ്സ്ഥലത്തെ കൽപവൃക്ഷം എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് മറ്റു വിളകൾക്കു അനുയോജ്യമല്ലാത്ത സ്ഥലങ്ങളിലും വിജയകരമായി കൃഷിയിറക്കാം. ഒരു മരത്തിൽനിന്നും ഒരു വർഷം 21 കി.ഗ്രാമിലേറെ വിളവു തരാൻ ശേഷിയുള്ള കശുമാവ് ഇനമുണ്ട്. എന്നാൽ കേരളത്തിലെ ഇന്നുള്ള മരങ്ങൾ ശരാശരി വിളവുശേഷിയുടെ കാര്യത്തിൽ വളരെ പിന്നിലാണ്. വിളവുശേഷി കൂടിയ ഇനങ്ങൾ പുതുക്കൃഷിക്കുപയോഗിക്കുക വഴി സംസ്ഥാനത്തെ മൊത്ത ഉൽപാദനം ഗണ്യമായി വർധിപ്പിക്കാം. വിളവുശേഷി നശിച്ച തോട്ടങ്ങളുടെ പുനരുദ്ധാരണം വഴി വിളവു വർധിപ്പിച്ചു കൃഷി ആദായകരവുമാക്കാം. ഈ കാലവർഷാരംഭത്തിൽതന്നെ നല്ല തൈകൾ വാങ്ങി നടുക.

കശുമാവ് പുനരുദ്ധാരണത്തിനു രണ്ടു വഴികൾ

പ്രായം കൂടിയതും ഉൽപാദനശേഷി കുറഞ്ഞതുമായ തോട്ടങ്ങളിലെ മരങ്ങൾ വെട്ടിനീക്കി അവയുടെ സ്ഥാനത്ത് പുതിയ തൈകൾ നടണം. ഇതാകട്ടെ വിളവുശേഷി കൂടിയ ഇനങ്ങളുടെ പതിവെച്ചത് അതായത് കായിക പ്രവർധനം വഴി തയാറാക്കിയ തൈകൾകൊണ്ട‍ാവണം.

കശുമാവ് പുനരുദ്ധാരണത്തിനു സ്വീകരിക്കാവുന്ന രണ്ടാമത്തെ വഴിയാണു ശാസ്ത്രീയ കൃഷി പരിചരണമെന്നത്. അവയിൽ പ്രധാനപ്പെട്ടവയാണ് കാലം കണക്കിലെടുത്തുള്ള വളപ്രയോഗം, സസ്യസംരക്ഷണം, മണ്ണൊലിപ്പ് നിവാരണം, ഈർപ്പസംരക്ഷണം തുടങ്ങിയവ. വിളവു വർധിപ്പിച്ച് ആദായം കൂട്ടുക എന്നതാണു കശുമാവുകൃഷിക്കാർ മുഖ്യമായും സ്വീകരിക്കേണ്ട വികസനതന്ത്രം.

കശുമാവ് കൃഷിയിറക്കാൻ നടത്തേണ്ട മുന്നൊരുക്കങ്ങൾ ഇനി പറയുന്നവയാണ്

സ്ഥലത്തെ കാടുകളും കളകളും ഇളക്കിയെടുത്ത് മാറ്റുക. അതിനുശേഷം മതിയായ ആഴത്തിൽ നന്നായി മണ്ണിളക്കുക. ഇത് മണ്ണിലെ ഈർപ്പനില നഷ്ടപ്പെടാതെ നിലനിർത്തും. മണ്ണൊലിപ്പിനു സാധ്യതയുള്ള സ്ഥലങ്ങളിൽ ആയത് നിന്ത്രിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. ഇതിനായി ഇടക്കയ്യാലകളെടുക്കുകയോ ചാലുകൾ തീർക്കുകയോ ചെയ്യാം. ഇനി ഈ സ്ഥലത്ത് നിശ്ചിത അകലത്തിൽ കുഴികളെടുത്ത് തൈകൾ നടാവുന്നതാണ്.

ചെന്നീരൊലിപ്പ് കശുമാവിലും

കശുമാവ് രോഗങ്ങളിൽ ഒന്നാണ് ചെന്നീരൊലിപ്പ്. ഈ രോഗബാധയുടെ പ്രധാനലക്ഷണമാണ് തായ്തടി, ശാഖകൾ എന്നിവിടങ്ങളിൽ തവിട്ടുനിറത്തിൽ പശപോലൊരു ദ്രാവകം കട്ടപിടിച്ചിരിക്കുന്നതായി കാണുന്നത്– ഇവ മാറ്റിയാൽ ചില ഭാഗങ്ങളിൽ തൊലി വെടിച്ചുകീറിയ നിലയിലായിരിക്കും. കൂടാതെ തൊലിക്കു താഴെ ചെറിയ കുഴികളിൽ ചുവന്ന നിറത്തിൽ ഒരു ദ്രാവകം നിറഞ്ഞിരിക്കുന്നതായും കാണാം. കേരളത്തിൽ ഈ രോഗബാധ കൂടുതലും ജൂൺ–ജൂലൈ മാസങ്ങളിലാണു കാണുക. എങ്കിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലായിരിക്കും. പ്രതിവിധിയായി രോഗം ബാധിച്ച ഭാഗം ചുരണ്ടി നീക്കി ടാർ പുരട്ടുക.