മുളക്, വഴുതന, തക്കാളി എന്നിവയുടെ വിത്തു പാകി മുളപ്പിച്ച്, 20–25 ദിവസം പ്രായമായ തൈകളാണ് നടുക. തൈകൾ വൈകുന്നേരം നട്ടു നനയ്ക്കുക. പാവൽ, പടവലം, വെള്ളരി, കുമ്പളം, മഞ്ഞൾ, ചുരയ്ക്ക, വെണ്ട എന്നിവയുടെ വിത്ത് നേരിട്ടും കുത്താം. എന്നാൽ ഇതിനൊപ്പം കുറെ വിത്തുകൾ പോളിത്തീൻ ഉറകളിൽ നടണം. മുളയ്ക്കാത്ത തടങ്ങളിൽ കേടുപോക്കുന്നതിന് ഇവ ഉപകരിക്കും. സ്ഥലം കുറവാണെങ്കിൽ ചെറുകവറുകളിൽ മുളപ്പിച്ച് തൈകൾ നടുന്നതു കൊള്ളാം. ഒരേ മേനി തൈകൾ ഒരുമിച്ചു പിടിച്ചുകിട്ടും. മോശം തൈകളെ ഒഴിവാക്കുകയും ചെയ്യാം.
പച്ചക്കറികളുടെ ചെടികളിൽ കുരുടിപ്പു കണ്ടേക്കാം. ജാസിഡ്, വെള്ളീച്ച എന്നീ ചെറുകീടങ്ങളാണ് കാരണം. ജാസിഡ് നീരൂറ്റി കുടിക്കുമ്പോൾ ഇലകളുടെ അരികുവശങ്ങൾ ഉള്ളിലേക്ക് കപ്പു മാതിരി വളയും. വെളുത്തുള്ളി 18 ഗ്രാം തൊലികളഞ്ഞ് അരയ്ക്കുക. അതുപോലെ ഒൻപതു ഗ്രാം പച്ചമുളകും ഒൻപതു ഗ്രാം ഇഞ്ചിയും അരയ്ക്കുക. ഇവ മൂന്നും ഒരു ലീറ്റർ വെള്ളത്തിൽ കലക്കുക. നന്നായി ഇളക്കി അരിച്ചെടുത്ത ലായനിയുടെ 500 മി. ലീറ്ററിൽ 100 മി. ലീറ്റർ സോപ്പുലായനി ചേർക്കുക. തുടർന്ന് 9.5 ലീറ്റർ വെള്ളവും കൂടി ചേർത്ത് ചെടികളിൽ തളിക്കുക. മഞ്ഞ ബോർഡിൽ ആവണക്കെണ്ണ തേച്ച് പച്ചക്കറികൾക്കിടയിൽ തൂക്കിയിടുക. ചെറുപ്രാണികൾ അതിൽ പറ്റിക്കൂടും. ഇടയ്ക്കിടെ ബോർഡ് വൃത്തിയാക്കി പുതുതായി ആവണക്കെണ്ണ തേയ്ക്കുക. 30 ഗ്രാം വേപ്പിൻകുരു തോടു കളഞ്ഞ് നന്നായി പൊടിക്കുക. ഇതു കിഴികെട്ടി 10 ലീറ്റർ വെള്ളത്തിൽ ഒരു രാത്രി കെട്ടിയിടുക. തുടർന്ന് അരിച്ചെടുക്കുക. ഈ ലായനിയിൽ ഖാദിയുടെ സോപ്പ്, വെള്ളത്തിൽ അലിയിച്ച് 10 മി. ലീറ്റർ ഒരു ലീറ്റർ ലായനിയിൽ എന്ന കണക്കിന് ചേർത്തു പച്ചക്കറികളിൽ തളിക്കുക.
കുരുടിപ്പിനെ നിയന്ത്രിക്കാൻ രാസകീടനാശിനിയായ അസഫേറ്റ് 7.5 ഗ്രാം 10 ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് തൈകളായിരിക്കുമ്പോൾ സ്പ്രേ ചെയ്യാം. Suckgan 25 WG എന്ന രാസകീടനാശിനി 4 ഗ്രാം 16 ലീറ്റർ വെള്ളത്തിൽ കലക്കി 10 സെന്റ് സ്ഥലത്ത് സ്പ്രേ ചെയ്താൽ ഈ ചെറുകീടങ്ങളെ നിയന്ത്രിക്കാം. വിളവെടുക്കുന്ന കാലങ്ങളിൽ രാസകീടനാശിനികൾ ഒഴിവാക്കുക.
വൻപയർ മൂന്നു തരമുണ്ട്. ഒടിപ്പയർ പടർന്നുവളരുന്നു. മഞ്ചേരി ലോക്കൽ, കുരുത്തോലപ്പയർ, ലോല എന്നിവ മികച്ചയിനങ്ങളാണ്. ചാലുകളിലോ തടങ്ങളിലോ നടാം. നിരകൾ തമ്മിൽ 1.5 മീറ്ററും നിരയിൽ ചെടികൾ തമ്മിൽ ഒരു മീറ്ററും അകലം. ഭാഗ്യലക്ഷ്മി, അനശ്വര എന്നിവ നല്ലയിനം കുറ്റിപ്പയറാണ്. ഇവ പൊതുവേ മണിപ്പയറുകളാണ്. ഒടിപ്പയറായും മണിപ്പയറായും ഉപയോഗിക്കുന്ന കുറ്റിച്ച ഇനങ്ങളാണ് മൂന്നാമത്തെ വിഭാഗം. കനകമണി നല്ലയിനമാണ്. രണ്ടും മൂന്നും വിഭാഗത്തിൽപ്പെട്ടവ വിതച്ചോ കുത്തിയിട്ടോ നടാം. ഏക്കറിന് 100 കിലോ കുമ്മായം ചേർക്കുന്നതുകൊള്ളാം. അടിവളമായി ഏക്കറിന് എട്ടു ടൺ കാലിവളം, ഒൻപതു കിലോ യൂറിയ, 60 കിലോ റോക്ക് ഫോസ്ഫേറ്റ്, ഏഴു കിലോ പൊട്ടാഷ് വളം എന്നിവ ചേർക്കണം.