Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിങ്കോഴി വാഴുന്ന റബർത്തോട്ടം

kurien-with-karinkozhi റബർതോട്ടത്തിൽ അഴിച്ചുവിട്ടിരിക്കുന്ന കോഴികൾക്കൊപ്പം കുര്യൻ

“സത്യം പറഞ്ഞാ ഇപ്പൊ ഇതുങ്ങളെക്കൊണ്ടാ ജീവിക്കുന്നെ... വെട്ടാറായ നൂറ്റെൺപതോളം റബറുണ്ട്. വെട്ടിയാലെന്നാ കിട്ടാനാ.... ഇതാവുമ്പം മാസം ചുരുങ്ങിയത് മുപ്പതിനായിരം രൂപയുടെ കോഴി വിൽക്കാം. മുട്ട വിറ്റും കിട്ടും നല്ലൊരു വരുമാനം,” പുരയിടത്തിലെ ഒന്നരയേക്കർ വരുന്ന റബർത്തോട്ടത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന കോഴികളെ നോക്കി, തക്കസമയത്ത് ഈ ബുദ്ധി തോന്നിച്ച ദൈവത്തിന് പീലിപ്പോസ് നന്ദി പറയുന്നു.

“കരിങ്കോഴിക്കും നമ്മുടെ നാടൻകോഴിക്കും നല്ല ഡിമാൻഡാ.... അടവച്ച്‌ വിരിഞ്ഞശേഷം ഒരു പരസ്യംകൂടി കൊടുത്താൽ കാസർകോടു മുതലുള്ളവർ വാങ്ങാനെത്തും. റബറു വെട്ടിക്കിട്ടുന്നതുമായി തട്ടിച്ചു നോക്കുമ്പം ഇതുതന്നെയാ നേട്ടം.

തമിഴ്നാട്ടിലൊരു കർഷകൻ തെങ്ങിൻതോപ്പിൽ കോഴികളെ അഴിച്ചുവിട്ടു വളർത്തുന്ന കാര്യം കർഷകശ്രീ ഫെബ്രുവരി ലക്കത്തിൽ വന്നല്ലോ... തെങ്ങിൻതോപ്പിനേക്കാൾ എന്തുകൊണ്ടും നല്ലതാ റബർത്തോട്ടം. നല്ല തണലും ഇഷ്ടംപോലെ തീറ്റേം.

റബർത്തോട്ടത്തിൽ തീറ്റയുണ്ടെന്ന് എന്നെ പഠിപ്പിച്ചതും കോഴികൾ തന്നാ.. വീട്ടിൽ വളർത്തുന്ന നാടൻകോഴികൾ സദാസമയവും അടുക്കളപ്പുറത്തുവന്ന് ശല്യം ചെയ്വുന്നതു കണ്ടിട്ടുണ്ടല്ലോ. എന്നാലവറ്റകള് മഴക്കാലത്ത് ശല്യം ചെയ്യാൻ വരാറുണ്ടോ... ഇല്ല, എന്നതാ കാരണം...? ചുറ്റുപാടുമുള്ള റബർത്തോട്ടത്തിലെ മഴ നനഞ്ഞ് കുതിർന്നു കിടക്കുന്ന കരിയിലകൾക്കടിയിൽ ഇഷ്ടംപോലെ ചിതലും പ്രാണികളുമൊക്കെക്കാണും.

വേനൽക്കാലത്ത് ആഴ്ചയിലൊരിക്കൽ കരിയില നനച്ചു കൊടുത്തു നോക്ക്. മൂന്നു ദിവസം കഴിയുമ്പോൾ കരിയിലക്കടിയിലൊക്കെ ചിതലു കാണും. ഇനിയിപ്പൊ മൊത്തം നനയ്ക്കാൻ വെള്ളത്തിനു ക്ഷാമമാണേല് പല ഭാഗങ്ങളിലായി നനയ്ക്കുക, അതിൻറെ മുകളിൽ കുറെ കരിയില കൂട്ടുക. മുകളിൽ വീണ്ടും നനയ്ക്കുക. കരിയിലയ്ക്കടിയിലൊക്കെ ചിതലു വളരും. അതൊക്കെ കോഴി തന്നെ പോയി ചികഞ്ഞു കണ്ടുപിടിച്ചു തിന്നോളും.”

പീലിപ്പോസ് ഇങ്ങനെ തുടരുമ്പോൾ കോഴിയെ വാങ്ങാൻ ആവശ്യക്കാരെത്തുന്നു. മാർച്ചിലെ കൊടുംചൂടിലും റബർത്തോട്ടത്തിൻറെ കാനനച്ഛായയിൽ ഉല്ലസിക്കുന്ന കോഴികളെ ചൂണ്ടി മകൻ കുര്യൻ അവരോടു പറയുന്നു.

‘കണ്ട് ഇഷ്ടപ്പെട്ടതിനെ പറഞ്ഞോ, പിടിച്ചു തരാം.’ വാങ്ങാനെത്തിയവർക്കു പെരുത്തു സന്തോഷം. കടകളിലെ ഇരുമ്പുകൂടിനുള്ളിൽ കൂനിക്കൂടിയിരിക്കുന്ന കോഴിക്കു പകരം റബർതോട്ടത്തിൽ ഓടി നടക്കുന്ന ഫാം ഫ്രഷ് കോഴിയെ വാങ്ങാമല്ലോ...

കോഴി വഴികാട്ടിയപ്പോൾ

പീലിപ്പോസിൻറെ പുരയിടം നിറയെ വളർന്നു വനമായി മാറിയ കൊക്കോകളായിരുന്നു. അതു വെട്ടിമാറ്റി ഏഴു വർഷം മുമ്പ് റബർ വച്ചു. വില ഉയർന്നുകൊണ്ടിരുന്നതിനാൽ പ്രതീക്ഷ മുഴുവൻ റബറിലായിരുന്നു.

മൾട്ടി മീഡിയയിൽ ബിരുദധാരിയാണെങ്കിലും പക്ഷിമൃഗാദികളോടുള്ള സ്നേഹംകൊണ്ട് മകൻ കുര്യൻ തുടങ്ങിവച്ചതാണ് നാടൻകോഴി വളർത്തൽ. റബർ വെട്ടാറാകുന്ന കാലംവരെ പശുവും കോഴിയുമൊക്കെയായി തട്ടിയും മുട്ടിയും നീങ്ങാമെന്നു കരുതുമ്പോഴാണ് റബർത്തോട്ടത്തിൽ കോഴിവളർത്തൽ വിപുലമാക്കുകയെന്ന ആശയമുദിച്ചത്. തോട്ടത്തിൻറെ താഴെയുള്ള അതിരിൽ ജലസമൃദ്ധമായ കൈത്തോടാണുള്ളത്. ബാക്കി മൂന്നു ഭാഗവും ഒന്നരയാൾ പൊക്കത്തിൽ നൈലോൺ വലകൊണ്ട് വേലി കെട്ടി.

കോഴികളുടെ എണ്ണം ക്രമേണ കൂട്ടി. നാലു വർഷം മുമ്പാണ് കേരളത്തിൽ കരിങ്കോഴികൾക്ക് ആവശ്യക്കാർ വർധിക്കുന്നതിനെക്കുറിച്ച്‌ പീലിപ്പോസ് വായിച്ചറിയുന്നത്.

പത്തനംതിട്ടയിലെ ഒരു ഫാമിൽനിന്ന് അഞ്ചു കരിങ്കോഴികളെ വാങ്ങി. നാടൻകോഴികളുമായി ചേർന്ന് വർഗസങ്കരണം വരാതിരിക്കാൻ നാടൻപൂവന്മാരെ ഒരു ഭാഗത്ത് വലകെട്ടിത്തിരിച്ച്‌ അതിനുള്ളിലാക്കി. മുട്ട അടവച്ചു വിരിക്കാൻ ഇൻക്യുബേറ്ററും വാങ്ങി.

ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി തുടങ്ങിയ സങ്കരയിനം കോഴികളെല്ലാം ഒരു വർഷം തുടർച്ചയായി മുട്ടകളിടുമെങ്കിലും ഒന്നര വയസ്സു കഴിയുന്നതോടെ ആരോഗ്യം ക്ഷയിച്ച്‌ അവശരാകുമെന്നു പീലിപ്പോസ്. എന്നാൽ നാടൻകോഴികളും കരിങ്കോഴികളും നാലുകൊല്ലം മുട്ടയിട്ടാലും ആരോഗ്യത്തോടെ പുലരും. ലെയർ പെല്ലറ്റ് നൽകിയാൽ ഇവയും വർഷം 180 നു മുകളിൽ മുട്ടകളിടും.

കൂടുതൽ ഡിമാൻഡുള്ള സീസണുകൾ ലക്ഷ്യമിട്ട് മുട്ടയുൽപാദനം വർധിപ്പിക്കേണ്ടി വരുമ്പോൾ മാത്രം ലെയർ പെല്ലറ്റ് നൽകും. അല്ലാത്തപ്പോൾ വില കുറഞ്ഞ ഗോതമ്പും അരിയും മിതമായി നൽകും. ബാക്കി വയറുനിറയ്ക്കാനുള്ള തീറ്റയൊക്കെ കോഴിതന്നെ റബർത്തോട്ടത്തിൽനിന്നു തേടിക്കൊള്ളും.

തീറ്റ തേടിപ്പിടിച്ചു കഴിക്കുന്നതുകൊണ്ട് ഇവയ്ക്ക് മികച്ച പ്രതിരോധശേഷിയും ആരോഗ്യവും കൈവരും. മുട്ടകൾക്ക് ഗുണമേന്മ കൂടും. അടവച്ചാൽ 90 ശതമാനത്തിനു മുകളിൽ വിരിഞ്ഞു കിട്ടും. ഇൻക്യുബേറ്ററിനു പകരം കോഴിതന്നെ അടയിരുന്നാൽ വിരിയൽ നൂറു ശതമാനം.

ഒരു ദിവസം പ്രായമായ കരിങ്കോഴിക്കുഞ്ഞിന് 75 രൂപയാണ് വില. മാസം നൂറെണ്ണമെങ്കിലും വിറ്റു പോകും. നാടൻകുഞ്ഞിന് 35 രൂപ. രണ്ടു മാസം പ്രായമെത്തിയ കരിങ്കോഴിക്കു വില 250 രൂപയും മുട്ടയിടാറായതിന് 700 രൂപയും.

തൂവലുകൾ, കാൽ, നഖം, കൊക്ക്, നാവ്, പൂവുകൾ, എല്ലുകൾ, മാംസം അങ്ങനെ അടിമുടി കറുപ്പഴകുള്ള കരിങ്കോഴിയുടെ ഇറച്ചിയിൽ മാംസ്യം കൂടുതലും കൊഴുപ്പും കൊളസ്ട്രോളും കുറവുമാണ്. വിറ്റമിൻ, അമിനോ ആസിഡ്, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങി എല്ലാ ഘടകങ്ങളിലും ഇതു മികവു പുലർത്തുന്നു.

രണ്ടു മാസമായ നാടൻകോഴിക്കു 150 രൂപയും മുട്ടയിടാറായതിന് 500 രൂപയുമാണ് ഈടാക്കുന്നത്. പല പ്രായത്തിലുള്ളവയുംകൂടി മാസം 200 കോഴികളെയെങ്കിലും വിൽക്കാമെന്നു കുര്യൻ.

feeding-karinkozhi കോഴികൾക്ക് തീറ്റയുമായി പീലിപ്പോസ്

നാടനും കരിങ്കോഴിയും കൂടി മാസം മൂവായിരത്തോളം മുട്ടകളിടും. കൂട്ടത്തിൽ ലക്ഷണമൊത്ത മുട്ടകൾ ഇരു വിഭാഗത്തിൻറേതുമായി അഞ്ഞൂറു വീതം ലഭിക്കും. അതിലൊരു പങ്ക് ഇൻക്യുബേറ്ററിൽ വിരിയിക്കും. ബാക്കിയുള്ളവ, അടവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കരിങ്കോഴിമുട്ട ഒന്നിന് 20 രൂപയ്ക്കും നാടൻ 10 രൂപയ്ക്കും വിൽക്കും. ബാക്കി രണ്ടായിരത്തോളം മുട്ടകൾ ഒന്നിന് അഞ്ചു രൂപയ്ക്കു വിൽക്കും.

രാവിലെ എട്ടിന് കൈത്തീറ്റ നൽകി കോഴികളെ അഴിച്ചുവിട്ടാൽ സന്ധ്യയാവുന്നതോടെ തോട്ടത്തിനോടു ചേർന്നുള്ള കൂടുകളിൽ കയറിക്കൊള്ളും. തോട്ടത്തിനു വേലിയുണ്ടെങ്കിലും പട്ടി, മരപ്പട്ടി, കീരി, പാമ്പ് എന്നിവയുടെ ശല്യമുണ്ട്. ഇവയെ ചെറുക്കാൻ രാത്രിയിൽ കാവലായി നാലു നായ്ക്കൾ. പകൽ ഈ ചുമതല നാല് ഗിനിക്കോഴികൾക്കും ഒരു ടർക്കിക്കുമാണ്.

ഒരേക്കർ റബർതോട്ടത്തിൽ ആയിരം കോഴികളെയെങ്കിലും അഴിച്ചുവിട്ടു വളർത്താം എന്നു കരുതി ആദ്യമേ ആയിരം കോഴികളെ വാങ്ങിച്ച്‌ സംരംഭം തുടങ്ങരുതെന്ന് പീലിപ്പോസ് മുന്നറിയിപ്പു നൽകുന്നു, “ഇരുപത്തിയഞ്ച് എണ്ണത്തിനെ വാങ്ങി ഏതാനും മാസം വളർത്തി പണി പഠിക്കുക. റബറിനു വിലയുണ്ടാകുന്ന കാലത്ത് വെട്ടിയാൽ മതിയെന്നേ. ഈ കോഴിക്കാഷ്ഠം മുഴുവൻ വീണു റബറിനു വളവുമാകും.”

ഫോൺ : 9388591988