നാം ചരിത്രം പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും ചരിത്രംതന്നെ മുന്നോട്ടുവയ്ക്കുന്ന വസ്തുതകളില്‍നിന്നാകണം. അതല്ലെങ്കില്‍ നമ്മുടെ വാദങ്ങളിലെ ശരിതെറ്റുകളെ തുറന്നുകാട്ടാന്‍ ചരിത്രത്തിനെപ്പോഴുമാകും. അതാണ് ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഇരുളടഞ്ഞകാലം: ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്തത്' എന്ന പുസ്തകം മുന്നോട്ടു വയ്ക്കുന്നത്. ഇന്ത്യാചരിത്രത്തിന്റെ ഏറ്റവും നിര്‍ണ്ണായകവും ഏതാണ്ട് സമീപഭൂതതകാലത്തുണ്ടായതുമായ ഒരു നിര്‍ണ്ണായകഘട്ടത്തെയാണ് ഈ പുസ്തകം വിശകലനം ചെയ്യുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് രാജിന്റെ കാലഘട്ടത്തെ, അതിന്റെ ഭരണത്തെ, പ്രവര്‍ത്തനങ്ങളെ അവയുടെ ദൂരവ്യാപകഫലത്തെ ഒക്കെ ഗവേഷണദൃഷ്ട്യാ വിലയിരുത്തുകയാണ്. ഇന്നേവരെയുള്ള ഇന്ത്യാചരിത്രകൃതികള്‍ ഏതാണ്ടെല്ലാം തന്നെ പാശ്ചാത്യമായ കാഴ്ചപ്പാടുകളെയും കണ്ടെത്തലുകളെയും പിന്തുടരുന്നവ ആയിരുന്നു. അതില്‍നിന്നും വിരുദ്ധമായി തികച്ചും ഇന്ത്യന്‍ അനുഭവങ്ങളെ അടിസ്ഥാനമാക്കുന്നു എന്നതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.
'ബ്രിട്ടന്‍ അതിന്റെ പഴയകാല കോളനികള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ കടപ്പെട്ടിരിക്കുന്നു' എന്ന വിഷയത്തില്‍ ഓക്‌സ്ഫഡ് യൂണിയന്‍ സംഘടിപ്പിച്ച സംവാദത്തില്‍, വിഷയത്തെ അനുകൂലിച്ച് സംസാരിച്ച ശശി തരൂരിന്റെ പ്രഭാഷണം ലോകവ്യാപകമായി ശ്രദ്ധപിടിച്ചു പറ്റുകയും, അനുകൂലിച്ചും പ്രതികൂലിച്ചും തുടര്‍ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. ആ പ്രഭാഷണത്തെ പരിഷ്‌കരിച്ച്, വിപുലീകരിച്ച് 'ബ്രിട്ടീഷ് െകാേളാണിയലിസവുമായി ബന്ധപ്പെട്ട ഇന്ത്യയുെട അനുഭവങ്ങളെപ്പറ്റി അടിസ്ഥാന വസ്തുതകള്‍ അന്വേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും മൂല്യവത്തായ സൂചക ഉറവിടമായിമാറുന്ന' ഒരു റഫറന്‍സ് പുസ്തകമായി തയ്യാറാക്കിയതാണ് 'ഇരുളടഞ്ഞ കാലം' എന്ന് ശശി തരൂര്‍ തന്നെ ആമുഖത്തില്‍ രേഖപ്പെടുത്തുന്നു. ഇന്ത്യ എന്ന രാജ്യത്തെയും സമൂഹത്തെയും രൂപപ്പെടുത്തിയതും അവരെ പരിഷ്‌കൃതരാക്കി അവര്‍ക്കു വിദ്യാഭ്യാസവും വ്യവസായ-വാണിജ്യ-രാഷ്ട്രീയ-നീതിന്യായ രംഗങ്ങളില്‍ ആവശ്യമായ അടിത്തറകള്‍ പാകിയത് രണ്ടുനൂറ്റാണ്ടോളം നീണ്ടുനിന്ന ബ്രിട്ടീഷ് ആധിപത്യമാണ് എന്നു വിശ്വസിക്കുന്ന ആളുകള്‍ ഉണ്ട്. അവരുടെ ഈ സങ്കൽപങ്ങളെ പിഴുതെറിയാന്‍ സഹായിക്കുന്ന വിധമാണ് ശശി തരൂര്‍ തന്റെ വാദമുഖങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും ഒട്ടേറെ തെളിവുകള്‍ നിരത്തി അവയെ സാധൂകരിക്കുന്നതും.
ബ്രിട്ടീഷ് ഭരണം ഗംഗയുടെ തീരത്തുനിന്നും സമ്പദ്‌സമൃദ്ധിയെ തുടച്ചെടുത്ത് തെയിംസിന്റെ തീരത്ത് പിഴിഞ്ഞൊഴിക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. ആദ്യ ബഹുരാഷ്ട്രകുത്തക എന്നു വിശേഷിപ്പിക്കാവുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ എത്തുമ്പോള്‍ എന്തായിരുന്നു ഇവിടുത്തെ അവസ്ഥ? മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഭരണകാലത്ത് ലോകസമ്പദ് വ്യവസ്ഥയുടെ 27% ഇന്ത്യയുടെ പേരിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അല്ലാതെ സ്വതവെ ദരിദ്രമായൊരു രാജ്യത്തെ കോളനിവൽകരിച്ച് അവരെ ചൂഷണം ചെയ്യുകയായിരുന്നില്ല അവര്‍.
ബ്രിട്ടീഷുകാര്‍ വരുമ്പോള്‍ ഈ രാജ്യം വസ്ത്രനിര്‍മ്മാണം, ഉരുക്കുവ്യവസായം, കപ്പല്‍ നിര്‍മ്മാണം എന്നിവയിലൊക്കെ ലോകനിലവാരം പുലര്‍ത്തുകയും ലോകരാജ്യങ്ങളുമായി ഈ മേഖലകളില്‍നിന്നെല്ലാം വ്യാപാരബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. പുരുഷന്മാര്‍ വാണിജ്യവ്യവസായങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കവെ സ്ത്രീകള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുകയും അങ്ങിനെ ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നിലനിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ 17-ാം നൂറ്റാണ്ടില്‍ തുടക്കമിട്ട ബ്രിട്ടീഷ് രാജിന്റെ നയങ്ങളും നടപടികളും പുരോഗതി പ്രാപിച്ച മേഖലകളെ തളര്‍ത്തുകയും അവിടെനിന്നും ആളുകളെ കാര്‍ഷികമേഖലയിലേക്കു തള്ളിവിടുകയും ചെയ്തു. ആത്യന്തികമായി ഇവിടെ ആദ്യഭൂരഹിതകര്‍ഷകരെ സൃഷ്ടിച്ചത് രാജ് ആയിരുന്നുവെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ കൊള്ളയടിക്കുകയും മികച്ച നിലവാരം പുലര്‍ത്തിയിരുന്ന വ്യവസായങ്ങളെ നികുതിയും നിയന്ത്രണങ്ങളുമാകുന്ന തങ്ങളുടെ ഉരുക്കുമുഷ്ടികളാല്‍ ഞെരിച്ചമര്‍ത്തിയതും എങ്ങനെ എന്നാണ് ആദ്യ അധ്യായം വിശകലനം ചെയ്യുന്നത്.
ഇന്ത്യക്കു രാഷ്ട്രീയ ഐക്യം നല്‍കിയത് ബ്രിട്ടീഷുകാരായിരുന്നു എന്ന വാദത്തെയും തെളിവുകളുടെ പിന്‍ബലത്തില്‍ അര്‍ഹമായ പുച്ഛത്തോടെ തരൂര്‍ തള്ളുന്നു. എക്കാലത്തും ഇന്ത്യ സാംസ്‌കാരികമായ ഒരു ഐക്യം നിലനിര്‍ത്തിയിരുന്നു എന്നു ചൂണ്ടിക്കാട്ടുന്ന ഗ്രന്ഥകാരന്‍ ഇതിഹാസങ്ങളും പുരാണങ്ങളും അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്കുപോലും മഹാനായ അശോകനും ആദിശങ്കരനും എടുത്തുകാട്ടിയ ഭൂമിശാസ്ത്രപരമായ ഐക്യത്തെ തള്ളിക്കളയാനാകുമോ എന്നാണ് ചോദിക്കുന്നത്. തുടര്‍ന്ന് മുഗള്‍ ഭരണാധികാരികളുടെ കീഴിലും അവരുടെ പിന്തുണയോടെ മറാഠാഭരണാധികാരികളുടെ ആധിപത്യത്തിലും രൂപപ്പെട്ടുവരികയായിരുന്ന ഒരു ഇന്ത്യയെ ബ്രിട്ടീഷ് വാഴ്ച തടയുകയായിരുന്നു എന്നാണ് അദ്ദേഹം വാദിക്കുന്നത്. മാത്രമല്ല, ഇന്ത്യയിലെ സുസ്ഥാപിതമായ രാഷ്ട്രീയസ്ഥാപനങ്ങളെ (ഗ്രാമസമൂഹങ്ങള്‍ പോലുള്ളവയെ) ഇല്ലാതാക്കുകയും ജന്മി-കുടിയാന്‍ ബന്ധംപോലുള്ള (ഇംഗ്ലീഷ് പ്രഭുത്വങ്ങളുടെ മുഖമുഖമുദ്രയായ) വംശീയയാഥാസ്ഥിതികത്വം അടിച്ചേല്‍പിക്കുകയും ചെയ്തതും രാജ് തന്നെ എന്ന് അടിവരയിട്ട് എഴുതുന്നു ശശി തരൂര്‍. ഇന്ത്യക്കാരില്ലാത്ത ഒരു ഇന്ത്യന്‍ സിവില്‍ സർവീസും(ഐസിഎസ്) നടപ്പാക്കി. ഐസിഎസ്സില്‍ പ്രവേശിക്കാനായ സുരേന്ദ്രനാഥ ബാനര്‍ജിക്കും സര്‍ സയ്യദ് അഹമ്മദ് ഖാന്റെ മകനായ ജസ്റ്റിസ് സെയ്ദ് മെഹമ്മൂദിനും എന്തുകൊണ്ട് ഇടയ്ക്കുവച്ച് അതില്‍നിന്നു പുറത്തുപോകേണ്ടിവന്നുവെന്നും പില്‍ക്കാലത്ത് മഹര്‍ഷി അരവിന്ദനായിത്തീര്‍ന്ന അരവിന്ദഘോഷിന് എന്തുകൊണ്ടാണ് പരീക്ഷ ജയിച്ചിട്ടും നിയമനം നല്‍കാതിരുന്നതെന്നും എല്ലാം സഹിച്ച് ഐസിഎസ്സില്‍ തുടര്‍ന്ന ആദ്യ ഇന്ത്യന്‍ ഐസിഎസ്സുകാരന്‍ സത്യേന്ദ്രനാഥ ടാഗോറിന് (രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരന്‍) എത്രമാത്രം ഉദ്യോഗക്കയറ്റം കിട്ടി എന്നും കാണിച്ചുകൊണ്ടാണ് 'ഇന്ത്യനല്ലാത്ത' ഇന്ത്യന്‍ സിവില്‍ സർവീസിനെ തരൂര്‍ തുറന്നു കാട്ടുന്നത്.
ഇന്നും വളരെയധികം ദൂഷ്യഫലങ്ങള്‍ ഉളവാക്കിക്കൊണ്ടിരിക്കുന്ന ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തെ തുറന്നുകാട്ടുന്നുണ്ട് ഇരുളടഞ്ഞ കാലം. ഇന്ത്യയില്‍ 'ജാതി ഇന്ന് എന്താണോ അതിനെ ആ നിലയിലാക്കിയത് കോളനിവൽകരണമാണ്' എന്ന് ശശി തരൂര്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ തങ്ങളുടെ കോളനിപ്രദേശങ്ങളുടെ ഭൂപടങ്ങള്‍ തയ്യാറാക്കിക്കൊണ്ട് അന്നുവരെ ഇല്ലാത്തവിധം, പ്രാദേശികമായി അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചതുപോലെ സെന്‍സസുകള്‍ ജനസമൂഹങ്ങളെ ശാരീരികമായും മറ്റുമുള്ള വ്യത്യാസങ്ങളാല്‍ അടയാളപ്പെടുത്തുന്ന ഒരു വര്‍ഗീകരണപ്രക്രിയ ആയിട്ടാണ് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത്. 'ഒരു വ്യക്തിയുെട ജാതിയുെട െസന്‍സസ് നിര്‍വചനത്തിന് ഒരു രാജ്യത്തുടനീളം ഒരാളുടെ സ്വത്വത്തെ ഉറപ്പിച്ചുെകാണ്ട് ഏതൊരു ശൂദ്രന്റെയും വിധിയെ തീരുമാനിക്കുവാനുള്ള പ്രവണതയുണ്ടായിരുന്നു. അതേ സമയം ബ്രിട്ടീഷ് ഭരണത്തിനു മുന്‍പ്, ഒരു ശൂദ്രന്അയാളുെട ഗ്രാമം വിട്ട്, അയാളുെട ജാതി അയാെള പിന്തുടരാത്ത ഇന്ത്യയിെല ഏതൊരു നാട്ടുരാജ്യത്തും േപായി സൗഭാഗ്യങ്ങള്‍ അന്വേഷിക്കുവാന്‍ കഴിയുമായിരുന്നു. പക്ഷേ,േകാളനിവൽകരണം അയാള്‍ എവിടെയൊെക്ക േപായാലും ജീവിതത്തിലുടനീളം അയാെള ശൂദ്രനാക്കി മാറ്റി.' എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.
അതുകൂടാതെ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ വളരെ വേഗം വ്യാപിച്ച ഒരു വിള്ളലുണ്ടാക്കിയതും കോളോണിയല്‍ വാഴ്ചതന്നെയായിരുന്നു. 'ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വലിയ േതാതിലുള്ള തര്‍ക്കങ്ങള്‍ െകാേളാണിയല്‍ ഭരണത്തിനു കീഴിലാണ് തുടങ്ങിയത്' എന്നു സ്ഥാപിക്കുന്ന ഗ്രന്ഥകാരന്‍ ഇന്ത്യയിലുടനീളം വിവിധരംഗങ്ങളില്‍ ഒരുകാലത്ത് നിലനിന്നിരുന്ന ഹിന്ദു-മുസ്ലിം സഹജീവനത്തിന്റെ തെളിവുകള്‍ എടുത്തുകാട്ടുന്നു. ഭിന്നിപ്പിച്ചു ഭരിക്കല്‍ നയത്തെപ്പറ്റിയുള്ള ചര്‍ച്ച ഇന്ത്യന്‍ സമൂഹത്തില്‍ അത് ആഴത്തിലുള്ള പാടുകള്‍ വീഴ്ത്തിയതിന്റെയും സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനങ്ങളെ പിന്നാക്കം വലിച്ചതിന്റെയും അന്തിമമായി രാഷ്ട്രവിഭജനത്തിനു വഴിവെച്ചതിന്റെയും നാള്‍വഴിയായി മാറുന്നു.
ബ്രിട്ടീഷ് ഭരണം ഇന്ത്യയിലെ അവരുടെ പൗരന്മാര്‍ക്കുവേണ്ടിയായിരുന്നു എന്നാണ് പല ഇംഗ്ലീഷ് അനുഭാവികളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ വസ്തുത ബ്രിട്ടീഷുകാരുെട സമൃദ്ധിയുെട കാര്യത്തില്‍ ഇന്ത്യ വലിയ േതാതില്‍ നിര്‍ണ്ണായകമായ ഘടകമായപ്പോള്‍, ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പൂര്‍ണ്ണമായും അനാവശ്യമായ ക്ഷാമത്താല്‍ മരിച്ചിരുന്നു.' എന്നും പുസ്തകം പറയുന്നു. ബ്രിട്ടീഷ് ഭരണത്തിെന്റ സമയത്തുണ്ടായ പ്രധാന ക്ഷാമങ്ങളുടെ ഒരു പട്ടിക പുസ്തകത്തില്‍നിന്നും ഉദ്ധരിക്കാം. 'ബംഗാള്‍ ക്ഷാമം (1770), മ്രദാസ് (1782-83), ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ ചാലിസ ക്ഷാമം (1783-84), െെഹദരാബാദിന് സമീപത്തുണ്ടായ േദാജി ബാറാ ക്ഷാമം (1791-92), ആഗ്രാക്ഷാമം (1837-38), ഒറീസാ ക്ഷാമം (1866), ബീഹാര്‍ ക്ഷാമം (1873-74), തെക്കേ ഇന്ത്യയിെല ക്ഷാമം (1876-77), ഇന്ത്യന്‍ ക്ഷാമം (1896 നും 1900 നും ഇടയില്‍), േബാംെബ ക്ഷാമം (1905-06), അവയില്‍ ഏറ്റവും കുപ്രസിദ്ധമായത് 1943-നും 44-നും ഇടയില്‍ സംഭവിച്ച ബംഗാള്‍ ക്ഷാമം ആണ്. 'പലപ്പോഴും ക്ഷാമം കഠിനമായപ്പോള്‍േപാലും, മില്യണ്‍ കണക്കിനു ടണ്‍ േഗാതമ്പ് ഇന്ത്യയില്‍നിന്നും ബ്രിട്ടണിേലക്ക് കയറ്റുമതി െചയ്യുകയായിരുന്നു കോളനിഭരണകര്‍ത്താക്കള്‍. പലപ്പോഴും സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങള്‍ ബ്രിട്ടീഷുകാരെക്കാളും മോശമാണെന്ന് അപലപിക്കുന്നവര്‍ ഓര്‍ക്കേണ്ടത്, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടശേഷം ഒരു ക്ഷാമവും ഉണ്ടായിട്ടില്ല എന്നതാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിലും ബ്രിട്ടീഷ് സംഭാവന വട്ടപ്പൂജ്യമാണെന്നും ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാനപ്പെട്ട ആധുനിക മെഡിക്കല്‍ സ്ഥാപനങ്ങളൊന്നും ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.
ഇന്ത്യയിലെ പരമ്പരാഗത വിദ്യാഭ്യാസസമ്പ്രദായത്തെ അട്ടിമറിക്കുകയും ബ്രിട്ടീഷ് പാദസേവകരുടെ ഒരു വര്‍ഗത്തെ സൃഷ്ടിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസപരിഷ്‌കാരം നടപ്പിലാക്കിയതും റെയില്‍വെ പോലുള്ള ഇന്ത്യന്‍ നന്മകള്‍പോലും അവരുടെ കൊള്ളയ്ക്കുവേണ്ടിയുള്ള ചില ആവിഷ്‌കാരങ്ങള്‍ മാത്രമായിരുന്നു എന്നും 'ഇരുളടഞ്ഞകാലം' വ്യക്തമായി സ്ഥാപിക്കുന്നു. ജാലിയന്‍വാലാബാഗ് പോലുള്ള കൂട്ടക്കൊലകളും മറ്റ് അന്യായങ്ങളും വളരെ വിശദമായിത്തന്നെ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നു ഈ കൃതിയില്‍. ബ്രിട്ടനിലേക്കുള്ള കയറ്റുമതിക്കായി അനിയന്ത്രിതമായി വനം വെട്ടിവെളിപ്പിച്ചതിലൂടെ ഇന്ത്യയുടെ ജൈവസസ്യസമൃദ്ധികള്‍ തകര്‍ന്നത് മറ്റൊരു വശമാണ്.
ലോകസമൂഹവും പ്രശസ്തചരിത്രകാരന്മാരും ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന An Era of Darkness : The British Empire in India എന്ന മൂലകൃതിയെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ലിന്‍സി കെ. തങ്കപ്പനാണ്. 'ചരിത്രം ഭൂതകാലത്തില്‍ പെടുന്നതാണ്, എന്നാല്‍ മനസ്സിലാക്കുക എന്നത് വര്‍ത്തമാനകാലത്തിലാണ് എന്നു മാത്രമല്ല, ബ്രിട്ടീഷ് രാജിനെ പഴിചാരിക്കൊണ്ട് സ്വതന്ത്ര ഇന്ത്യയുടെ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടനാകില്ല എന്നും ഓര്‍മ്മപ്പെടുത്തുന്നു. ബ്രിട്ടീഷുകാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന ഏറ്റവും ലിയ പ്രായശ്ചിത്തം കാല്പനികവൽകരിക്കപ്പെടാത്ത സാമ്രാജ്യത്വ ചരിത്രം പഠിപ്പിക്കുക എന്നതാണ് എന്ന ജെറമി കോര്‍ബിന്റെ അഭിപ്രായത്തെ തരൂര്‍ ആമുഖത്തില്‍ത്തന്നെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. സാമൂഹികമായ ഐക്യവും സമരസതയും ശരിയായ ദേശീയബോധവും ആവശ്യമായ ഇന്നത്തെക്കാലത്ത് ഇന്ത്യന്‍ സമൂഹത്തില്‍ ചെയ്യേണ്ടതും അതുതന്നെയാണ്. ശശി തരൂരിന്റെ 'ഇരുളടഞ്ഞ കാലം: ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്തത്' ആ ദിശയിലുള്ള വായനകളുടെ തുടക്കമാകും എന്നുറപ്പാണ്.