Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരയിപ്പിക്കുന്ന ചിരിപ്പുസ്തകം

കഷ്ടബാല്യത്തിനും ദുരിതകൗമാരത്തിനുമൊടുവിൽ ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്കു കപ്പൽ കയറുമ്പോൾ ഭാവി ഒരു ചോദ്യചിഹ്നമായിരുന്നു ആ ചെറുപ്പക്കാരന്. പ്രതീക്ഷകളും സ്വപ്നങ്ങളും പോലും ഏറെയൊന്നുമില്ല. അവകാശപ്പെടാൻ പാരമ്പര്യമോ, നേട്ടങ്ങളുടെ നീണ്ട ചരിത്രമോ, വിജയങ്ങളുടെ തലക്കനമോ ഇല്ല. പിന്നോട്ടുവലിക്കാൻ കഷ്ടപ്പാടുകളുടെ വലിയ നിരയുണ്ടു താനും. അയാളെ തിരിച്ചറിയുന്ന ഒരാൾപോലും അമേരിക്കയിലില്ല. ഉൽകണ്ഠ ഉള്ളിലടക്കി, ആകാംക്ഷയോടെ, ജനക്കൂട്ടത്തിലൊരാളായി അയാൾ ഭാവിയിലേക്കു നടന്നു. 

40 വർഷം കഴിഞ്ഞുള്ള അവസ്ഥ കൂടി നോക്കാം. 

അന്നത്തെ കൗമാരക്കാരൻ ഇപ്പോൾ യൗവ്വനം പിന്നിട്ടിരിക്കുന്നു. ലോകപ്രശസ്തൻ. അയാളെക്കുറിച്ചു കേൾക്കാത്ത ഒരാൾപോലും ലോകത്തെങ്ങും കാണില്ല. അയാളുടെ സുഹൃത്തുക്കളിൽ രാജ്യതലവൻമാരും രാജ്യതന്ത്രജ്ഞരുമുണ്ട്. കവികളും കലാകാരൻമാരും ശാസ്ത്രജ്ഞൻമാരുമുണ്ട്. അമേരിക്കയിലെത്തിയപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനു പൈസയില്ലാതിരുന്ന ചെറുപ്പക്കാരന്റെ നിമിഷങ്ങൾക്കുപോലും ഇന്നു ലക്ഷക്കണക്കിനു ഡോളറുകൾ വിലമതിക്കും. കണക്കില്ലാത്ത സമ്പത്തിന്റെ ഉടമ. അയാളുടെ ഒരു വാക്കിനുവേണ്ടി കാത്തിരിക്കുന്നവരുണ്ട്. അലക്ഷ്യമായ നോട്ടംപോലും അതീവശ്രദ്ധയോടെ വീക്ഷിക്കുന്നവരുണ്ട്. എവിടെപ്പോയാലും പിന്തുടരുന്ന ആരാധക ലക്ഷങ്ങളുണ്ട്. ഒരു ജീവിതത്തിൽ അനുഭവിക്കുന്നതിലുമേറെക്കൂടുതൽ വേദനയും ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ചെങ്കിലും ലോകത്തെ ഏറ്റവും കൂടുതൽ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മനുഷ്യനാണയാൾ. അതും ചുണ്ട് ഒന്നനക്കുകപോലും ചെയ്യാതെ. ചുണ്ടിൽ ഒരു ചിരിയോടെയല്ലാതെ അയാളുടെ പേര് ഉച്ചരിക്കാനാവില്ല. അയാളെക്കുറിച്ചാലോചിക്കുമ്പോൾ ചിലപ്പോൾ അറിയാതെ പൊട്ടിച്ചിരിച്ചുവെന്നു വരാം. 

അതേ ചാർലി ചാപ്ലിൻ എന്ന കൊച്ചു വലിയ മനുഷ്യൻ. ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരൻ. നിശ്ശബ്ദ സിനിമകളുടെ ചക്രവർത്തി. കാലവും തലമുറകളും നമിച്ച ആ പ്രതിഭയുടെ സംഭാവനകൾ ചലച്ചിത്രലോകത്തുമാത്രം ഒതുങ്ങിനിൽക്കുന്നില്ല. സാഹിത്യലോകത്തും അദ്ദേഹം പ്രതിഭയുടെ മുദ്ര ചാർത്തി. സ്വന്തം ജീവിതത്തിന്റെ കഥ എഴുതിയതിലൂടെ. ഇതിഹാസങ്ങളോളം മൂല്യമുള്ള ഒരപൂർവഗ്രന്ഥം. ജനിച്ചവീണതു മുതൽ ഹോളിവുഡിന്റെ മുടിചൂടാമന്നനായി വിരാജിച്ചതുവരെയുള്ള ഐതിഹാസിക ജീവിതത്തിന്റെയും ചലച്ചിത്രയാത്രയുടെയും ആത്മാർത്ഥവും സത്യസന്ധവുമായ കഥ. ക്ലാസിക് എന്നുറപ്പിച്ചു പറയാവുന്ന ചാപ്ലിന്റെ ‘എന്റെ ആത്മകഥ’ വീണ്ടും മലയാളത്തിൽ. ചേതോഹരമായി മൊഴിമാറ്റിയതു സ്മിതാ മീനാക്ഷി. ജീവിതത്തെ പരിപൂർണമായി മാറ്റിത്തീർക്കാൻ കഴിവുള്ള അത്ഭുതശക്തിയുള്ള അക്ഷരപ്രപഞ്ചം. 

1889–ഏപ്രിൽ 16 ന് രാത്രി എട്ടു മണിക്കാണ് വോൾവെർത്ത് ഈസ്റ്റ് ലെയ്നിൽ ഞാൻ ജനിച്ചത്. തികച്ചും സാധാരണമായി ചാപ്ലിൻ തന്റെ കഥ തുടങ്ങുന്നു. താളുകൾ മറിക്കുമ്പോൾ പരമ്പരാഗത കഥ പറച്ചിൽരീതിയുടെ ചങ്ങലകൾ തകർത്തു മുന്നേറുന്ന, അരങ്ങിൽ വലിയ വിജയമൊന്നും നേടാനാകാതെ പോയ ഒരു ഹാസ്യനടിയുടെ മകനായി പിറന്ന ചാപ്ലിനെ കാണാം. മറ്റൊരു വിവാഹം കഴിച്ചു മാറിത്താമസിച്ചതിനാൽ പിതാവിന്റെ സ്നേഹം അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു. അസംതൃപ്ത ദാമ്പത്യത്തെത്തുടർന്നു മദ്യശാലകളിൽ അഭയം പ്രാപിച്ച അച്ഛനെ കാണാൻ ബാറിലെ ഇരുട്ടിൽ പരതിനടക്കുന്നുണ്ട് കൊച്ചു ചാപ്ലിനും ജ്യേഷ്ഠൻ സിഡ്നിയും. ദൗർഭാഗ്യങ്ങൾ ഒന്നൊന്നായി ആഘാതമേൽപിച്ചപ്പോൾ ബോധത്തിനും അബോധത്തിനുമിടയിലൂടെ സഞ്ചരിച്ച അമ്മയായിരുന്നു കുട്ടിക്കാലത്തു ജീവിതത്തിന്റെ കേന്ദ്രബിന്ദു. ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏറെ അനുഭവിച്ചെങ്കിലും മക്കളെ അമ്മ തനിക്കുകഴിയുംപോലെ നന്നായി വളർത്തി. അവർ ദാരിദ്ര്യത്തിന്റെ സന്തതികളാണെന്ന് ഒരിക്കലും തോന്നിപ്പിച്ചില്ല. കുറച്ചു പൈസ കൂടുതൽ കിട്ടിയാൽ ഭക്ഷണത്തിനൊപ്പം ഒരു കുടന്ന പൂവും വാങ്ങി മുറി അലങ്കരിക്കാൻ മറക്കാത്ത അമ്മ. തന്റെ പ്രതാപകാലത്ത് ഇംഗ്ലണ്ടിലെ ഭ്രാന്താലയത്തിൽനിന്നും അമ്മയെ മോചിപ്പിച്ച് അമേരിക്കയിൽ കൊണ്ടുവരുന്നുണ്ട് ചാപ്ലിൻ. മകന്റെ വിജയം അതിന്റെ പരിപൂർണതയിൽ അവർ കണ്ടു. പക്ഷേ അപ്പോഴേക്കും അപ്രവചനീയമായി അവർ പെരുമാറാൻ തുടങ്ങിയിരുന്നു. സ്റ്റുഡിയോയിൽ ഒരു ഹാസ്യരംഗം അഭിനയിച്ചതിനുശേഷം ആശുപത്രി മുറിയിലെത്തി അമ്മയുടെ നിർജീവ ശരീരത്തിനുമുന്നിൽ മുട്ടുകുത്തി ചാപ്ലിൻ. സെക്രട്ടറിയെ പുറത്തുനിർത്തി ഒരു മണിക്കൂറോളം മുറിയടച്ചിരുന്നു പൊട്ടിക്കരഞ്ഞു. കാത്തുനിർത്തിയതിനു ക്ഷമാപണം ചോദിച്ച് വീണ്ടും ചാപ്ലിൻ അടുത്ത ഹാസ്യരംഗത്തിലേക്ക്.

വാടകവീടുകൾ മാറിയും തെരുവിലൂടെ അലഞ്ഞും അരങ്ങിൽ ഭാഗ്യം പരീക്ഷിച്ചും ഔപചാരിക വിദ്യാഭ്യാസം പോലും പൂർണമാക്കാൻ കഴിയാതിരുന്ന ചാപ്ലിന്റെ കൗമാരകഥ ആത്മകഥ വായിച്ച് വർഷങ്ങൾകഴിഞ്ഞാലും മനസ്സിൽമായാതെ നിൽക്കും. ഒടുവിൽ അനിശ്ചിതത്വങ്ങളുടെ ഓളങ്ങളിൽ ചാഞ്ചാടി അമേരിക്കയിലേക്ക്. അജ്ഞാതനിൽനിന്നും ഏറ്റവും വലിയ പ്രശസ്തിയിലേക്കുള്ള കുതിച്ചുകയറ്റം. ഒരു നിഘണ്ടു എപ്പോഴും മുറിയിൽ സൂക്ഷിച്ച് ഓരോദിവസം ഓരോ പുതിയ വാക്ക് അദ്ദേഹം പഠിച്ചു. അറിവിനോടുള്ള അടങ്ങാത്ത ദാഹം കൊണ്ടല്ല സ്വപരിശ്രമത്താൽ പഠിച്ചതെന്നു ചാപ്ലിൻ പറഞ്ഞിട്ടുണ്ട്. പകരം അറിവില്ലാത്തവരോടു ലോകം കാണിക്കുന്ന അവജ്ഞയെ മറികടക്കാൻ! 40 വർഷത്തിനുശേഷം അഭിപ്രായങ്ങളിൽ ഉറച്ചുനിന്നതിന്റെ പേരിൽ വിജയങ്ങൾ വെട്ടിപ്പിടിച്ച അമേരിക്കയിൽനിന്നു നിഷ്കാസിതനായി ജൻമനാട്ടിലേക്ക്. സ്വിറ്റ്സർലണ്ടിലെ വീട്ടിൽ വിശ്രമജീവിതം.

75–ാം വയസ്സിൽ ചാപ്ലിൻ ആത്മകഥയെഴുതിത്തുടങ്ങി. എട്ടുവർഷമെടുത്തു അഞ്ഞൂറിൽക്കൂടുതൽ പേജുകളുള്ള പുസ്തകം പൂർത്തിയാക്കാൻ. പുസ്തകത്തിന്റെ ആദ്യഭാഗം വിശപ്പിനു സമർപ്പിക്കാമെങ്കിൽ രണ്ടാംഭാഗം ഏകാന്തതയ്ക്ക് അവകാശപ്പെട്ടത്. ലോകമെങ്ങും ആരാധകരുണ്ടായിട്ടും മനസ്സുതുറന്നു സംസാരിക്കാൻ ആരുമില്ലാതെ ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു ചാപ്ലിൻ വിജയകാലത്തുപോലും. മൂന്നുതവണ വിവാഹം കഴിച്ചെങ്കിലും ഏതാനും വർഷങ്ങൾക്കുള്ളിൽ വിവാഹമോചനങ്ങളും നടന്നു. അമ്പതു വയസ്സു കടന്നിട്ടാണ് അദ്ദേഹം പിന്നീടുള്ള ജീവിതം മുഴുവൻ പ്രണയത്താൽ നിറച്ച ഊന ഒനീൽ എന്ന പതിനെട്ടുകാരിയെ കാണുന്നതും വിവാഹം കഴിക്കുന്നതും. സ്നേഹത്താൽ വീർപ്പുമുട്ടിച്ച രാജ്യം അപ്പോൾ അദ്ദേഹത്തെ ഒരു വ്യഭിചാരക്കേസിൽ കുടുക്കുകയും കോടതിയിലേക്കു വലിച്ചിഴച്ചു വിചാരണയുടെ കഠിനകാലത്തിലൂടെ നടത്തിക്കുകയും ചെയ്തു. സാമ്പത്തിക നഷ്ടമുണ്ടായെങ്കിലും പ്രണയത്തിന്റെ ശക്തിയാൽ പ്രചോദിതനായി വിചാരണയെ ചാപ്ലിൻ അതിജീവിച്ചു. കോടതിയിൽ വിജയിച്ചുവെന്ന വാർത്ത ഭാവഭേദമില്ലാതെ ചാപ്ലിൻ കേട്ടിരുന്നെങ്കിൽ ഊന വാർത്ത റേഡിയോയിൽ കേട്ട് ബോധരഹിതയായി വീണു. താൻ ഒരു വിശുദ്ധനെന്നു ചാപ്ലിൻ ഒരിക്കൽപ്പോലും അവകാശപ്പെടുന്നില്ല. വ്യഭിചാരശാലകൾ കയറിയിറങ്ങിയതും ഏതാനും ദിവസത്തെ സൗഹൃദം കാംക്ഷിച്ചുവന്ന സുന്ദരികളെ കൂട്ടുകാരാക്കിയും ആസക്തിയുടെ അഗ്നിനാളങ്ങളിലൂടെ കടന്നുപോയത് അദ്ദേഹം വിവരിക്കുന്നുണ്ട്; തന്റെ മക്കൾ ഉൾപ്പെടെയുള്ളവർ ആത്മകഥ വായിക്കുമെന്ന് അറിയാമെങ്കിലും. ഊനയോടുള്ള പ്രണയത്തിന്റെയും സംതൃപ്ത ജീവിതത്തിന്റെയും സങ്കീർത്തനങ്ങളാണ് അവസാന അധ്യായങ്ങൾ. കുട്ടിക്കാലത്തെ വിശപ്പിനെ പ്രതിഭ കൊണ്ട് അതിജീവിച്ചെങ്കിൽ യൗവ്വനത്തിലെ ഏകാന്തതയെ സ്നേഹത്താൽ കീഴടക്കിയതിന്റെ കഥയാണു ചാർലി ചാപ്ലിന്റെ ജീവിതകഥ. 

നിശ്ശബ്ദചിത്രങ്ങളിൽനിന്നു ലോകം ശബ്ദചിത്രങ്ങളിലേക്കു മാറിയപ്പോഴും തന്റെ തട്ടകത്തിൽ ഉറച്ചുനിന്നു ചാപ്ലിൻ ചിത്രങ്ങളൊരുക്കി. കഥകൾ മെനഞ്ഞെടുത്തും തിരക്കഥയെഴുതിയും സംവിധാനവും നിർമാണവും ഏറ്റെടുത്തും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചും എൺപതോളം ചിത്രങ്ങൾ.ശബ്ദം ലോകത്തെ കീഴടക്കിയ കാലത്തും പ്രതിഭ കാലദേശങ്ങളെ അതിജീവിക്കുമെന്നു തെളിയിച്ച് ചാപ്ലിൻ നിശ്ശബ്ദ ചിത്രങ്ങളൊരുക്കി. ഓരോ പുതിയ ചിത്രവും പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു. ഇപ്പോഴിതാ വർഷങ്ങൾക്കുശേഷവും അദ്ദേഹത്തിന്റെ ആത്മകഥ ഒരു സൂപ്പർഹിറ്റ് ചലച്ചിത്രംപോലെ തിയറ്ററുകളെ ഇളക്കിമറിച്ചും നിർത്താത്ത കയ്യടിയും തീരാത്ത തേങ്ങലുകളും നേടി പ്രദർശനം തുടരുന്നു. സ്നേഹവും അനുകമ്പയും സഹതാപവുമുള്ള ജനങ്ങൾ ഉള്ളിടത്തോളം കാലം ചാപ്ലിന്റെ തിയറ്ററിൽ ആളൊഴിയില്ല. ചിരി മറന്നിട്ടില്ലാത്തവർ ഈ കഥ ഇഷ്ടപ്പെടും; കരയാൻ മടിയില്ലാത്തവരും.