Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ഞു പോകാനുള്ളവർ

ജുനൈദ് അബൂബക്കറിന്റെ പൊനോൻഗോംബെ ലോകരാഷ്ട്രീയത്തിന്റെ സങ്കീർണതകളെ ഇഴപിരിച്ചു നോക്കുന്ന ശക്തമായ രാഷ്ട്രീയ നോവലാണ്. അതേസമയം തന്നെ സുലൈമാൻ എന്ന മുക്കുവന്റെയും മ ഗീദയെന്ന പെൺകുട്ടിയുടെയും പ്രണയത്തിന്റെ, വിരഹത്തിന്റെ, സ്വപ്നങ്ങളുടെ, ജീവിതാസക്തികളുടെ ആഖ്യാനവുമാണ്. പൊതുവേ മലയാളി വായനക്കാർക്കപരിചിതമായ ആഫ്രിക്കൻ ജീവിതവും സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും കൂടി  ഇതിലാവിഷ്കൃതമായിട്ടുണ്ട്. പേജുകളുടെ എണ്ണത്തിൽ ചെറുതായിരുന്നു കൊണ്ട്  ജീവിതാവസ്ഥകളുടെ വൈവിധ്യവും അനിശ്ചിതത്വവും അതിന്റെ ഭംഗികളും വന്യതകളും കൃത്യതയോടെ പകർത്താൻ കഴിയുന്നതാണ് പൊനോൻഗോംബേയുടെ വ്യതിരിക്തത. ഇതിൽ മനുഷ്യനെ ത്രസിപ്പിക്കുന്ന എല്ലാമുണ്ട്. ഇതിലുള്ളത് മനുഷ്യന്റെ സാർവ്വകാലികമായ അനുഭവങ്ങളാണ്, ദേശകാലഭേദങ്ങളില്ലാത്ത ഭയങ്ങളാണ്. ആഫ്രിക്കൻ രാജ്യങ്ങളോടും പശ്ചിമേഷ്യൻ രാജ്യങ്ങളോടുമുള്ള അമേരിക്കൻ നിലപാട്,അറബ് ദേശീയതയെ തകർക്കാനുള്ള തന്ത്രങ്ങൾ, ഇസ്ലാമിക്സ്റ്റേറ്റ് ഭീകരവാദത്തോടുള്ള ഭീതി തുടങ്ങി അത്യന്തസങ്കീർണമായ രാഷ്ട്രീയ അടരുകളാണ് പൊനോൻഗോംബെയ്ക്കുള്ളത്.ദരിദ്ര രാഷ്ട്രങ്ങളുടെ ദൈനന്ദിന ജീവിതത്തെപ്പോലും  ദുഷ്കരമാക്കുന്ന ഇസ്ലാമോഫോബിയയുടെ നേരിട്ടുള്ള  ഇരകളാവുകയാണ് സുലൈമാനും മഗീദയും. 

തീവ്രവാദത്തിനെതിരായ എല്ലാ നിലപാടുകളും രാഷ്ട്രീയപരമായ അതീവജാഗ്രതയും മാനുഷികമൂല്യങ്ങളെ അതിലംഘിക്കുന്നു. ഭയപ്പെടുത്തിയും പീഡിപ്പിച്ചും വരുതിയിലാക്കുക  എന്ന എക്കാലത്തെയും ഭരണകൂട ഭീകരതയുടെ ഉപകരണമായി അപ്രത്യക്ഷരാവുന്ന ഒരുപാടാളുകളുടെ പ്രതിനിധിയാണ് സുലൈമാൻ. ആഭ്യന്തര കലാപങ്ങളും സിഐഎയുടെ കർശനവും നിഷ്ഠൂരവുമായ പോലീസിങും ദുഷ്കരമാക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ സാമൂഹിക രാഷ്ട്രീയാവസ്ഥകളുടെ പശ്ചാത്തലത്തിലാണ് പൊനോൻഗോംബെയിലെ പ്രണയകഥ സഫലമാവുന്നത്. ഒറ്റ രാത്രിയുടെ മാത്രം ആയുസുള്ള ദാമ്പത്യം. മഗീദയോ സുലൈമാനോ അറിയാത്ത, നേരിട്ടുൾപ്പെടാത്ത അനേകം കാരണങ്ങൾ കൊണ്ട് അവരുടെ ജീവിതം താറുമാറാവുന്നു. 

അധീശത്വത്തിന്റെ ധാർഷ്ട്യത്തിന് ആരുടെ മണിയറയുടെ വാതിൽക്കലും തട്ടിവിളിക്കാനധികാരുണ്ട്. തളർന്നുറങ്ങുന്ന വധുവറിയാതെ വരനെ അജ്ഞാത താവളങ്ങളിലേക്കു കടത്തിക്കൊണ്ടുപോവാനുള്ള കെൽപുണ്ട്. ബോബ് മാർലിയുടെ One love ,One heart എന്ന പാട്ടാണവന് പ്രിയമെന്നു പോലും അവർക്കറിയാം. അവന്റെ എല്ലാ സ്വകാര്യതകളും, അവൻ തെറ്റുകാരനല്ല എന്നതൊഴികെ എല്ലാം അവർ മനസിലാക്കിയിരിക്കുന്നു. ആ മുട്ടിവിളി നമ്മിലാരുടെ വാതിൽക്കലുമാവാമെന്നതാണ് ആസന്നമായ ഭീതി. അതിനു ദേശഭേദങ്ങളില്ല. "സുലൈമാൻ പോയിക്കഴിഞ്ഞപ്പോഴാണല്ലോ നീ കാണാതാകുന്നവരെപ്പറ്റി ചിന്തിക്കുന്നതു തന്നെ "( പുറം: 53) എന്ന് ഖാസിം മഗീദയോടു പറയുന്നതുപോലെ കൂടെയുറങ്ങുന്നവർ അപ്രത്യക്ഷരാവുമ്പോൾ മാത്രം ആലോചിക്കേണ്ടതല്ലാത്ത ഒരു വിഷയമായി വംശീയതയും ഇസ്ലാമോഫോബിയയും ഭീകരവാദവും മറ്റനേകം ഭീതികളും ലോകമെങ്ങും പടരുന്നു. അധികാരം നിലനിർത്താനായുള്ള മുതലാളിത്ത  ഭരണകൂടത്തിന്റെ  ഹിംസാത്മകവും വിനാശകരവുമായ ജാഗ്രത. സ്വയം തകരാതിരിക്കലെന്നത് സംശയമുള്ള എന്തിനെയും തകർക്കൽ കൂടിയായി മാറുന്നു.

സ്റ്റോൺ ടൗണിൽ നിന്ന് വ്യാപാരാവശ്യത്തിനു വേണ്ടി സോമാലിയയിലെ മൊഗാദിഷുവിലെത്തിയ മുക്കുവനായ സുലൈമാൻ മഗീദയെ കണ്ടു മോഹിച്ച് നീണ്ട വർഷം കാത്തിരുന്ന് അവളെ സ്വന്തമാക്കിയതാണ്. മയിൽപ്പീലിപ്പച്ചയിലും നീലയിലും നെയ്ത വിവാഹവേഷത്തിൽ അവൾ ഒരു പൊനോൻഗോംബമൽസ്യത്തെപ്പോലെ സുന്ദരിയായി അവനു തോന്നി. "നീ ശരിക്കുമൊരു മുക്കുവൻ തന്നെയാണ്. അല്ലെങ്കിൽ നീലയും പച്ചയും നിറമുള്ള വലിയ മീനായിട്ട് എങ്ങനെയാണെന്നെ നീ കണ്ടത് "(പു.14) മഗീദ ആലസ്യത്തോടെ ചിന്തിക്കുന്നുണ്ട്. സുഗന്ധവും മധുരവും പ്രണയവും തുളുമ്പി നിറയുന്ന മണിയറയിൽ മഗീദ ഏകാകിനിയായി ഉറക്കമുണരുന്നു, ആ വിവാഹരാത്രി  സുലൈമാനെ തന്നിൽ നിന്ന് എന്നന്നേക്കുമായകറ്റിയെന്നു തിരിച്ചറിയാതെ. പിന്നീടവളുടെ ജീവിതം മുഴുവൻ സുലൈമാനു വേണ്ടിയുള്ള അന്വേഷണമാണ്. ഒടുവിൽ എല്ലാ പ്രതീക്ഷകളുമവസാനിക്കുമ്പോൾ അവന്റെ തകർന്ന ബോട്ടിൽ ശരിക്കുമൊരു പൊനോൻഗോംബെയായി അവൾ ആഴങ്ങളിലേക്കു മറയുന്നു. ഒരു മുക്കുവന്റെയും വലയിൽ അവൾ കുരുങ്ങുകയില്ല. ഇനിയൊരിക്കലും അവളുടെ മുക്കുവന് അവളെ തിരിച്ചു കിട്ടുകയില്ല. പ്രണയത്തിന്റെയും നഷ്ടപ്പെടലിന്റെയും തീവ്രത  അനുഭവിപ്പിക്കുന്ന, രാഷ്ട്രീയ നോവലായിരിക്കുമ്പോൾത്തന്നെ പ്രണയകാവ്യം കൂടിയാവുന്ന സൂക്ഷ്മമായ ആഖ്യാനകൗശലമാണ് പൊനോൻഗോംബെയുടേത്. 

രാക്ഷസീയമായ രാഷ്ട്രീയ നീതികേടുകളിൽ കുരുങ്ങി ചരിത്രരഹിതരായി മറഞ്ഞു പോവുന്ന, ദരിദ്രരാഷ്ട്രങ്ങളിലെ നിസഹായരായ അനേകരിലൊരാളാണ് സുലൈമാൻ. ജീവതാസക്തിയും ഉൽക്കർഷേച്ഛയുമുള്ള പ്രണയാതുരൻ. മഗീദയൊന്നിച്ച്‌ സുഖമായ ജീവിതം കൊതിച്ചവൻ. ഖാസിമുമായി കച്ചവടബന്ധം മാത്രമായിരുന്നു അവനുണ്ടായിരുന്നത്. പക്ഷേ അതു തന്നെ അവനു ഏറ്റവും വലിയ വിനയാവുന്നു. മനുഷ്യന്റെ അസ്തിത്വം തന്നെ മാഞ്ഞു പോവുന്നതും കൈമാറ്റച്ചരക്കു പോലെ ഒരു താവളത്തിൽ നിന്ന് മറ്റൊന്നിലേക്കു മാറ്റപ്പെടുന്നതും പീഡനങ്ങളുടെ അനന്തര ഫലമാണ്. മഗീദ അവനൊരു അവ്യക്തമായ ഓർമ്മ മാത്രമാവുന്നു. "ഒന്നുമോർക്കാൻ പറ്റുന്നില്ല. അവളുടെ മുഖം എങ്ങനെയായിരുന്നു? വലിയ കറുത്ത കണ്ണുകളായിരുന്നോ? അതോ നീണ്ട കണ്ണുകളായിരുന്നോ? ചുരുണ്ട മുടിയായിരുന്നോ? ചുണ്ടുകളിൽ ചായം തേച്ചിരുന്നോ? അവളേതു വേഷമാണ് കല്യാണത്തിനു ധരിച്ചിരുന്നത്? ഒന്നുമൊന്നും മനസിലേക്കു വരുന്നില്ല." (പു.35) വികാരങ്ങളും അവന്റെ സ്വത്വം തന്നെയും അവനെ വേർപെടുന്നു .രക്ഷപെടാനുള്ള ഇച്ഛ എന്നേയ്ക്കുമായി നഷ്ടപ്പെടുന്നു. കഠിനമായ ഏകാന്തത, ചെവി തുളച്ചുകയറുന്ന ഹെവി മെറ്റൽ സംഗീതം, ചീഞ്ഞ പായലിന്റെ ദുർഗന്ധം, നിരന്തരമായ ചോദ്യം ചെയ്യൽ, പാതിപട്ടിണി, അവന്റെ കൈയ്യിൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കു വേണ്ടിയുള്ള ഭേദ്യങ്ങൾ. വെറും വെള്ളം കൊണ്ട് ഉണ്ടാക്കുന്ന പീഡനങ്ങളും വേദനകളും. രഹസ്യ കേന്ദ്രങ്ങളിലെ ആ അഞ്ചുവർഷങ്ങളും ഹിംസയുടെ നഗ്നമായ ആവിഷ്കരണമാണ്. ഹൃദയം മരവിപ്പിക്കുന്ന പീഡാനുഭവങ്ങൾ. പക്ഷേ അവയൊന്നും ഭാവനാത്മകമായിരിക്കാനിടയില്ലെന്നത് ഭീതിയുടെ തീവ്രതയേറ്റുന്നു. പീഡനം സുലൈമാന് സ്വാഭാവികമായ ദൈനംദിനാനുഭവമായി മാറുന്നു. ബെക്കറ്റിന്റെ ഒരു കഥാപാത്രം പറയുന്നതുപോലെ ഞാൻ ഒരിക്കലും ഇല്ലായിരുന്നു എന്ന അവസ്ഥ. തടവുകാരനെ മാംസക്കഷണമായി മാത്രം കാണുന്ന, അവനെ നിഷ്ക്രിയനാക്കുന്ന, അവന്റെ എല്ലാ പ്രത്യാശയെയും തകർത്തു തരിപ്പണമാക്കുന്ന പീഡനമുറകൾ. 

സി ഐ എയുടെ തടവുനയങ്ങളെക്കുറിച്ച് നോവൽ പ്രതിപാദിക്കുന്നുണ്ട്. ഭീകരവാദികളോടു കാണിച്ച മൃദുസമീപനമാണ് 9/11 ഉണ്ടാകാൻ കാരണം. ഇനിയൊരിക്കലും അതുണ്ടാവരുത്. ഒരു മാനുഷികതയുമില്ലാതെ അവരെ തകർക്കുക. സ്ഥിരമായി വേദനിപ്പിക്കുക, പ്രതികൂല സാഹചര്യങ്ങളിൽ നിന്നു രക്ഷപെടാനാവാത്ത അവസ്ഥയിൽ അതൊരു ശീലമായവൻ ഉൾക്കൊള്ളും. മാനസികമായി അവനെ തകർത്തു തരിപ്പണമാക്കുകയും അങ്ങനെ രഹസ്യങ്ങൾ ചോർത്തുകയും ചെയ്യുക. സുലൈമാനിൽ നിന്ന് ഒരു വിവരവും കിട്ടാനില്ലെന്നറിഞ്ഞിട്ടും തങ്ങളുടെ പീഡനമുറകൾ പരീക്ഷിക്കാനുള്ള ഗിനിപ്പന്നിയായി അവരവനെ അഞ്ചു വർഷങ്ങളാണ് ഇഞ്ചിഞ്ചായി പീഡിപ്പിച്ചത്. എക്കാലത്തും ഭരണകൂടത്തിന് ഇതേ മർദ്ദനനയങ്ങളായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തെ തടവറ ജീവിതത്തെക്കുറിച്ച് സമാനമായ അനുഭവം സാർത്ര് എഴുതുന്നുണ്ട്. നാലു വർഷം ഇല്ല എന്ന വാക്കു മാത്രം പറഞ്ഞു മർദ്ദനങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കുക. പക്ഷേ നാസിസത്തിനെതിരായ ആ നിലപാടുകൾക്ക് ശുഭകരമായ പര്യവസാനമുണ്ടാകുമെന്ന പ്രതീക്ഷ വലുതായിരുന്നു. ശക്തമായ പ്രേരണയായിരുന്നു. സുലൈമാന്റെ പ്രത്യാശയും സ്വപ്നവും മഗീദ മാത്രം. അവളുടെ ഓർമ്മ പോലും അവനിൽ നിന്നു മായ്ച്ചു കളയുന്നു. പിന്നെ ഒന്നും അവശേഷിക്കുന്നില്ല. നീണ്ട വർഷങ്ങൾക്കു ശേഷം റെഡ് ക്രോസ് പ്രവർത്തകരുടെ ഇടപെടലുകൾ മൂലം സുലൈമാൻ മോചിതനാവുന്നുണ്ട്. യൗവ്വനവും ആരോഗ്യവും നഷ്ടപ്പെട്ട മൃതപ്രായൻ. ഒരിക്കലും അവനിനി മൊഗാദിഷുവിൽ അവൻ പണ്ടു കണ്ടെടുത്തു സ്വന്തമാക്കിയ ആ പൊനോൻഗോംബെയെ വീണ്ടെടുക്കാനുമാവില്ല.

പൊനോൻഗോംബെയിൽ ജനകീയ രാഷ്ട്രീയാധികാരം സായുധവിപ്ലവത്തിലൂടെ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന തദ്ദേശവാസികളുടെ കലാപത്തിന്റെ, പ്രതിരോധത്തിന്റെ ദൃശ്യങ്ങളുമുണ്ട്. ആയുധക്കച്ചവടത്തിന്റെ ദല്ലാളായ ഖാസിമിൽ നിന്ന് ബോട്ടു വാങ്ങിച്ചതുകൊണ്ടാണ് സുലൈമാൻ അമേരിക്കൻ പോലീസിന്റെ നോട്ടപ്പുള്ളിയാവുന്നത്. ഖാസിമിന്റെ നിയോഗമെന്തെന്ന് അഭയാർത്ഥിയായി മൊഗാദിഷുവിൽ വന്ന സുലൈമാനറിയില്ല. സുലൈമാനെത്തിരഞ്ഞ് ഖാസിമിനടുത്തെത്തുന്ന മഗീദയോടയാൾ കയർക്കുന്നു. "നിനക്കറിയുമോ സോമാലിയൻ കലാപങ്ങളിൽ പലായനം ചെയ്യപ്പെട്ടവരുടെ എണ്ണം? ഇല്ലല്ലേ? നീയൊക്കെ എങ്ങനെ അറിയാനാണ്?... ലക്ഷക്കണക്കിന് സോമാലിയക്കാർ ജീവനും കൊണ്ട് രക്ഷപെട്ടു. കണക്കുകൾ അങ്ങനെയാണ്. അവർ രക്ഷപെട്ടോ എന്നാർക്കുമറിയില്ല. അതായത് രക്ഷപ്പെടുക എന്നതൊരു മായികയാണ്.... ഒരു രാജ്യത്തിൽ സമാധാനം കൊണ്ടുവരാൻ ആ ജനങ്ങളെ മുഴുവൻ കൊന്നൊടുക്കുന്നതെന്തു ന്യായമെന്നു നീ ചിന്തിച്ചിട്ടുണ്ടോ?" (പു. 51)

ഖാസിമിന്റെ വാക്കുകൾ കലാപത്തിന്റേതാണ്. അതിന്റെ രാഷ്ട്രീയമാണ് ആ വാക്കുകൾക്ക് തീ കൊടുക്കുന്നത്. അവകാശങ്ങൾ വീണ്ടെടുക്കാനും സ്വതന്ത്രമായി ജീവിക്കാനും ഉള്ള ഒരു ജനതയുടെ പിടച്ചിലുകളാണവ. അടിച്ചമർത്തപ്പെടുമ്പോഴൊക്കെ ഇത്തരം പ്രതിരോധങ്ങളുമുണ്ടാവുന്നു. പക്ഷേ അഭ്യന്തരവും ബാഹ്യവുമായ കലാപങ്ങൾക്കിടയിൽ നീതി നിഷേധിക്കപ്പെടുന്നത് സുലൈമാനെയു മഗീദയെയും പോലുള്ള നിഷ്കളങ്കർക്കും.

സെൻസർഷിപ്പിന്റെ  / വിലക്കുകളുടെ / അടിച്ചമർത്തലിന്റെ പ്രത്യയശാസ്ത്രായുധങ്ങൾ കൊണ്ട് ലോകമെങ്ങും സ്വാതന്ത്ര്യവും സ്വച്ഛതയും ആക്രമിക്കപ്പെടുമ്പോൾ കലാപത്തിന്റെ, ഹിംസയുടെ രാഷ്ട്രീയം  വ്യാപകമാവുമ്പോൾ പൊനോൻഗോംബെയുടെ പ്രസക്തി വലുതാണ്. രണ്ടാഴ്ചകൾ, ഒരു മനുഷ്യനെ സമൂഹത്തിനു മറക്കാൻ രണ്ടാഴ്ചകൾ ധാരാളമാണ് എന്നത് ഓരോ മനുഷ്യനെയും ഓർമ്മിപ്പിക്കുന്നു. ഏതു നിമിഷവും ഏതൊക്കെയോ തടങ്കൽ പാളയങ്ങളിൽ അപ്രത്യക്ഷമാവാനിടയുള്ള നിസാരമായ ജീവിതങ്ങളെക്കുറിച്ച് ആത്മവിചിന്തനത്തിനു പ്രേരിപ്പിക്കുണ്ട് ഈ നോവൽ