Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അറബിക്, മാഫീ മുഷ്കിൽ...'

വർഷങ്ങൾക്ക് മുൻപ്...

"കാലിഫോർണിയയിലേക്ക് ചരക്കു കേറ്റാൻ പോകുന്ന ഉരുവാണ്, വേണോങ്കി ഞമ്മളത് ദുബായി കടപ്പുറം വഴി തിരിച്ചു വിടാം. പിന്നെ അത്യാവശ്യം ചില അറബി വാക്കുകൾ ഞാൻ പഠിപ്പിച്ചു തരാം. ഒന്നൂല്ല,

'അസലാമു അലൈക്കും...വ അലൈക്കും മുസലാം'.ഇത്രേയും മതി"... ...................................................................

അറബി: "സലാമേ സബാൽക്കേ വേറിന്ത ഷുഖൈർ"

വിവർത്തകൻ: 'ഈ ഭൂമി എത്ര മനോഹരമായിരിക്കുന്നു'..

അറബി: "ഗവാ ഇന്ത ഹറാമീ"

വിവർത്തകൻ: 'അമ്മാവൻ എന്ത് കുലീനതയുള്ള മനുഷ്യൻ'..

മലയാള സിനിമാപ്രേമികൾ ഓർത്തോർത്തു ചിരിക്കുന്ന ഈ രണ്ടു തമാശരംഗങ്ങൾ മാത്രം മതി മലയാളിയും ഗൾഫും തമ്മിലുള്ള ബന്ധവും അറബിയുടെ പ്രാധാന്യവും മനസിലാക്കാൻ.

വർഷങ്ങൾക്ക് ശേഷം...

അന്ന് ദുബായിലെക്കെന്നും പറഞ്ഞു മദ്രാസിലേക്കുള്ള ഉരുവിൽ കയറ്റും മുൻപ് ദാസനെയും വിജയനെയും ഗഫൂർ കാ ദോസ്ത് അറബി പഠിപ്പിച്ചു പറ്റിക്കുന്നുണ്ടെങ്കിലും, ഇന്ന് ഗൾഫിൽ ഒരു നാണയം മുകളിലേക്കെറിഞ്ഞാൽ അത് വന്നു വീഴുന്നത് ഏതെങ്കിലും മലയാളിയുടെ തലയിലായിരിക്കും!

ഉഡായിപ്പായിരുന്നെങ്കിലും ഗഫൂർ ക ദോസ്തിന്റെ ദീർഘവീക്ഷണത്തിന്റെ തെളിവാണ്, 'അറബിക്, മാഫീ മുഷ്കിൽ' എന്ന ഈ പുസ്തകം. അതുപോലെ ഈ പുസ്തകം നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ 'അക്കരെ നിന്നൊരു മാരൻ' സിനിമയിലെ അച്യുത് മാമയ്ക്ക് അറബി മൊതലാളിയുടെ ഉടായിപ്പ് സംസാരത്തിനു മുന്നിൽ പകച്ചു നിൽക്കേണ്ടി വരില്ലായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഡൽഹിയിൽ നിന്നുള്ള നേതാക്കൾ ദിങ്ങു കേരളത്തിൽ വന്നു, ആളുകളെ കൈയിലെടുക്കാൻ മലയാളത്തിൽ പേശുന്നത് കണ്ടിട്ടില്ലേ... അത് പോലെ പ്രവാസി മലയാളികൾ അൽപം അറബിക് പഠിച്ചിരുന്നാൽ അറബാബിനെ എളുപ്പം കുപ്പിയിലിറക്കാം..

ഗൾഫിലെത്തിയാൽ ഖുബ്ബൂസ് പ്രവാസിയുടെ മന്നയാകുന്നത് പോലെയാണ് അറബിക്കും പ്രവാസിയുടെ കാതുകളിൽ ഈണവും അനിവാര്യതയുമായി മാറുന്നത്. പിന്നെ അറബി സൂക്ഷിച്ചു പറഞ്ഞില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും കേട്ടോ, കാരണം നമ്മുടെ പല പ്രയോഗങ്ങളും അറബിക്ക് തെറിയാണ്!

എന്നു കരുതി വേലക്കാരിയെ വളയ്ക്കാൻ പണ്ട് ജഗതിയുടെ കഥാപാത്രം 'വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി' ലൈനിൽ തമിഴ് പഠിക്കാൻ ശ്രമിച്ച പോലെ കഷ്ടപ്പെടേണ്ട കാര്യമില്ല കേട്ടോ! ഒരു ഭാഷാ പഠനസഹായിയുടെ കണിശതയില്ലാതെ, രസകരമായ അനുഭവ കഥകളിലൂടെ അറബിക് വാക്കുകളും സംഭാഷണങ്ങളും പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ. അറബിക് പഠിച്ചിട്ടില്ലാത്തവരെപ്പോലും ആകർഷിക്കാൻ കഴിയുന്ന രസകരമായ അവതരണശൈലി തന്നെയാകും മുജീബ് ഇടവണ്ണയുടെ ഈ ഭാഷാസംരംഭത്തെ മറ്റ് അറബിക് പഠനസഹായ ഗ്രന്ഥങ്ങളിൽ നിന്നു വേറിട്ടു നിർത്തുക.

അപ്പോൾ 'മബ്റൂക് ഹബീബി...കുല്ലൽ ഖൈർ ലിൽ കിതാബ്, അറബിക്, മാഫീ മുഷ്കിൽ'... മനസിലായില്ലേ, വേഗം പുസ്തകം വാങ്ങി അറബി പഠിച്ചു തുടങ്ങിക്കോ...