ആധുനികതയ്ക്ക് മുൻപും പിൻപുമായി എത്രയൊക്കെ സഞ്ചരിച്ചാലും മലയാളി വായനക്കാർ ഇടയ്ക്കിടക്ക് ഖസാക്കിന്റെ ഇതിഹാസത്തിൽ തിരിച്ചെത്തുന്നു. കാലമെത്ര മുൻപോട്ടു പോയാലും ഇളക്കം തട്ടാത്തവിധം ഉറച്ച അടിത്തറയിൽ വിജയൻ ഖസാക്ക് പണിതുയർത്തി. അന്ന് മുതൽ ഇന്നു വരെ എത്രയെത്ര വായനകൾ, പഠനങ്ങൾ, പാഠാന്തരങ്ങൾ. വർഷങ്ങൾക്കിപ്പുറം ദീപൻ ശിവരാമൻ എന്ന നാടക സംവിധായകൻ മലയാളി ഭാവനയിൽ രൂപം നൽകിയ കഥാപാത്രങ്ങൾക്ക് അരങ്ങിൽ ജീവൻ നൽകി. അഭിനയിക്കാൻ മറന്ന നടീനടന്മാർ മൈമുനയും നൈജാമലിയും അപ്പുക്കിളിയുമൊക്കെയായി ഖസാക്കിൽ ജീവിച്ചു. നാടകം കാണാൻ വന്നവർ, വെള്ളത്തിന്റെ തണുപ്പിൽ, തീയുടെ ചൂടിൽ, നനഞ്ഞ മണ്ണിന്റെ, സോപ്പിന്റെയും പൗഡറിന്റെയും ഗന്ധങ്ങളിൽ, കോഴിക്കറിയുടെ രുചിയിൽ... പഞ്ചേന്ദ്രീയങ്ങളും കൊണ്ട് ഖസാക്കിലെ ജീവിതം അനുഭവിച്ചു. ചെതലിയുടെ താഴ് വാരത്തിൽ, കൂമൻകാവിന്റെയും ഖസാക്കിന്റെയും മണ്ണിൽ, വിജയൻ പഠിച്ച പാലക്കാട് വിക്ടോറിയ കോളജിൽ ഖസാക്കിന്റെ ഇതിഹാസം നാടകം എത്തിയപ്പോൾ സംവിധായകൻ ദീപൻ ശിവരാമൻ മനസ്സു തുറക്കുന്നു.
. മലയാള നോവൽ ചരിത്രത്തിൽ വിജയന്റെ ഖസാക്ക് എത്തിചേർന്ന അതേ ഉന്നതിയിൽ തന്നെ മലയാള നാടക ചരിത്രത്തിൽ ദീപന്റെ ഖസാക്കും അടയാളപ്പെട്ടു കഴിഞ്ഞു. വിജയന്റെ ഖസാക്കും ദീപന്റെ ഖസാക്കും താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
ഖസാക്കിന്റെ ഇതിഹാസം മഹത്തായ ഒരു കൃതിയാണ്. അതിനൊപ്പം ചേർത്ത് ദീപന്റെ ഖസാക്ക് എന്നു പറയാനുള്ള ആത്മവിശ്വാസം എനിക്കില്ല. വിജയന്റെ ഖസാക്കിന്റെ, അദ്ദേഹം എഴുത്തിൽ പ്രകടിപ്പിച്ച ദാർശനികപാരമ്യത്തിന്റെ ചെറിയൊരു പതിപ്പ് മാത്രമായാണ് ദീപന്റെ ഖസാക്കിനെ കാണേണ്ടത്. ഖസാക്കുപോലൊരു എഴുത്തിനെ വേറൊരു മാധ്യമത്തിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോൾ കൈയ്യിൽ ഒതുങ്ങാത്ത ഒരുപാട് കാര്യങ്ങളുണ്ട്. നോവൽ വാക്കിന്റെ കലയാണ്. ഖസാക്കിന്റെ ഇതിഹാസം ലീനിയർ ആയി പറഞ്ഞുപോകുന്ന ഒരു പ്രതിനിധാന കഥ ആയിരുന്നില്ല. അതു വരെ മലയാളത്തിന് പരിചയമില്ലാതിരുന്ന ഒരു ഭാഷയുടെ അനുഭവമായിരുന്നു. മാജിക്കൽ റിയലിസമായ ഒരു മെറ്റാഫിസിക്കൽ തലമുണ്ട് ആ എഴുത്തിന്. വായനക്കാരന് അതിനെ പല വീക്ഷണകോണിൽ നിന്ന് നോക്കി കാണുവാൻ കഴിയും. ഞാൻ നോക്കി കണ്ടിട്ടുള്ളത് അതിന്റെ മാജിക്കലായ, മെറ്റാഫിസിക്കലായ ഒരു തലത്തിൽ നിന്നുകൊണ്ടാണ്. പ്രതിനിധാനം എന്ന തലത്തിൽ നിന്നു കൊണ്ടല്ല. അത്യന്താധുനികമായ എഴുത്ത് ആയിരിക്കുമ്പോൾ തന്നെ ബഷീറിന്റെയോ പൊറ്റക്കാടിന്റെയോ ഒക്കെ കഥാപാത്രങ്ങളിൽ കാണുന്ന കരുത്തും, ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തെ കുറിച്ച് ഭാവത്തിൽ പറഞ്ഞുപോകുന്ന വൈകാരികമായ ഒരു തലവും വിജയന്റെ ഖസാക്കിൽ നിലനിൽക്കുന്നുണ്ട്. ഇതിന് രണ്ടിനും ഇടയ്ക്കു നിൽക്കുന്ന ഒരു തലമാണ് ഞാൻ ശ്രദ്ധിച്ചത്.
. നോവൽ നാടകമാക്കിയപ്പോൾ കൂട്ടി ചേർക്കേണ്ടി വന്നവ? മുറിച്ചുമാറ്റേണ്ടി വന്നവ?
പ്രാധാന്യമർഹിക്കുന്നതെന്ന് എനിക്ക് തോന്നിയ ചില ഭാഗങ്ങൾ തിരഞ്ഞെടുക്കുകയും പിന്നീട് അത് കൂട്ടിചേർത്ത് വയ്ക്കുകയും ചെയ്താണ് നാടകത്തിന്റെ നരേഷൻ രൂപപ്പെടുത്തിയത്. ഞാൻ പ്രാധാന്യമുള്ള ഭാഗം എന്ന് പറയുമ്പോൾ എനിക്ക് പ്രധാനമെന്ന് തോന്നുന്ന ഭാഗങ്ങൾ ആയിരിക്കണമെന്നില്ല മറ്റൊരാൾക്ക് പ്രധാനമെന്ന് തോന്നുന്ന ഭാഗം. ഓരോരുത്തരും വായിക്കുന്നത് ഓരോ തലത്തിലാണ്. ഇങ്ങനെ ഞാൻ തിരഞ്ഞെടുത്ത ഭാഗങ്ങളെ നാടകത്തിലേക്ക് കൊണ്ടുവരുന്നു.
നാടകം വാക്കിന്റെ കല അല്ല. അത് സമയത്തിന്റെയും, ഇടത്തിന്റെയും, ശരീരത്തിന്റെയും പുതിയ ഭാഷകൾ ചേർന്ന കലയാണ്. പ്രത്യേക ഇടത്ത് ആളുകൾ ഇരുന്ന്, ഒരു സമയത്ത് ആരംഭിച്ച് ഒരു സമയത്ത് അവസാനിക്കുന്നു. നോവലിലെ സമയം എന്ന ആശയം വ്യത്യസ്തമാണ്. നിങ്ങൾക്കു വേണമെങ്കിൽ ഈ നോവൽ ഒറ്റ രാത്രി കൊണ്ട് വായിച്ചു തീർക്കാം. ആഴ്ചകൾ കൊണ്ടും മാസങ്ങൾ കൊണ്ടും വർഷങ്ങൾ കൊണ്ടും വായിച്ച് തീർക്കാം. എന്നാൽ നാടകം തുടങ്ങി മൂന്ന് മൂന്നര മണിക്കൂറുകൾ കൊണ്ട് കണ്ടു തീർക്കണം. ഈ സമയത്തിനുള്ളിലേക്കാണ് പറയേണ്ട കാര്യങ്ങൾ കൊണ്ടു വന്ന് വെക്കേണ്ടത്.
പരിപൂർണ്ണമായി സ്വതന്ത്രരായ കാഴ്ചക്കാരോടല്ല നാടകം സംവദിക്കുന്നത്. നാടകം കാണാൻ എത്തുന്ന കാഴ്ചക്കാരൻ പൂർണമായി അവിടെ ഇരിക്കുന്നില്ല. ഓരോ വ്യക്തിയും ജീവിതത്തിന്റെ ഒരുപാട് സങ്കീർണ്ണതകളിലൂടെ കടന്നു പോകുന്നവരാണ്. വീട്ടിൽ പ്രശ്നങ്ങൾ ഉള്ളവർ ഉണ്ടാകാം, ഒരുപാട് സന്തോഷം അനുഭവിക്കുന്ന ഒരു സമയത്ത് നാടകം കാണാൻ വന്നവരുണ്ടാകാം, കടബാധ്യതകൾ ഉള്ളവരുണ്ടാകാം, വേണ്ടപ്പെട്ട ആരെങ്കിലും മരിച്ചുപോയ വിഷമത്തിലിരിക്കുന്ന കാഴ്ചക്കാരനാകാം ഇവരെല്ലാം ഒന്നിച്ചാണ് നാടകം കാണാൻ വരുന്നത് ഇവരെയെല്ലാം പിടിച്ചിരുത്തേണ്ടതുണ്ട്. ഇവരെ എല്ലാവരെയും ഉൾക്കൊള്ളിക്കാവുന്ന എല്ലാവരുടെയും വികാര വിചാരങ്ങളുമായി ഇടപെടാവുന്ന ഒരു നാടക സങ്കേതം ഉപയോഗിക്കണം. അതിന് പര്യാപ്തമായ തരത്തിൽ ചില കാര്യങ്ങൾ കൂട്ടി ചേർത്തു. ഇത് മനശാസ്ത്രപരമായ ഒരു ഇടപെടൽ കൂടിയാണ്. തീയറ്ററാകുമ്പോൾ മനശാസ്ത്രപരമായി കുറച്ചുകൂടി അടുക്കുന്നു. കാരണം ആസ്വാദകൻ നേരിട്ടാണ് അത് അനുഭവിക്കുന്നത്. ഇങ്ങനെ നാടകത്തിന്റെ ഘടന രൂപപ്പെടുത്തുന്നതിന് ആവശ്യമായ ചിലതൊക്കെ കൂട്ടി ചേർക്കുകയും മുറച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്.
പ്രധാന കഥാപാത്രം, അതിന് ചുറ്റും നിൽക്കുന്ന ചില കഥാപാത്രങ്ങൾ വിവിധ സംഭവങ്ങളിലൂടെ കടന്ന് ക്ലൈമാക്സിൽ അവസാനിക്കുന്നതാണ് സാധാരണ നാടകങ്ങളുടെ ഘടന. വലുതും ചെറുതുമായ ഒരുപാട് ശാഖകൾ ഉള്ള വലിയൊരു വടവൃക്ഷമാണ് ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ. നാടകത്തിലേക്ക് എത്തുമ്പോൾ നൈജാമലി പോലുള്ള ശിഖിരങ്ങൾക്ക് കനം കൂടുകയും രവി പോലുള്ള ശിഖിരങ്ങൾക്ക് കനം കുറയുകയും ചെയ്യുന്നുണ്ട്.
. ഇങ്ങനെ ഓരോ ശിഖരങ്ങളെയും പാകപ്പെടുത്തുമ്പോൾ നോവലിൽ നിന്ന് നാടകത്തിലേക്ക് ഉൾകൊള്ളിക്കാൻ കഴിയാതെ പോയി എന്ന് താങ്കൾക്ക് തോന്നുന്ന എന്തെങ്കിലും. കഥാപാത്രങ്ങളോ കഥാ സന്ദർഭങ്ങളോ ഉണ്ടോ?
എനിക്ക് വേണമെന്ന് തോന്നിയവയൊക്കെ ഉൾകൊള്ളിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവസാനം വരെ ഉൾകൊള്ളിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്ന ഒരു സന്ദർഭം അപ്പുക്കിളിയുടെ മതം മാറ്റമാണ്. കാരണം അതിന് വളരെ പൊളിറ്റിക്കലായ ഒരു വശമുണ്ട്. പക്ഷേ നാടകം രൂപപ്പെടുത്തി വരുമ്പോൾ പലതും പരിഗണിക്കേണ്ടതുണ്ട്. സമയം ഇതിനകം തന്നെ മൂന്നരമണിക്കൂർ ആയിക്കഴിഞ്ഞു. ഓരോ കഥാപാത്രത്തിന്റെയും ഓരോ സന്ദർഭം വീതം നാടകത്തിൽ വിശകലനം ചെയ്യുന്നു. ആദ്യം ദൂരെ നിന്ന് ഒരു ലോംങ് ഷോട്ടുപോലെ മൊത്തത്തിൽ നോക്കി കാണുന്നു എന്നിട്ട് ഒരു കഥാപാത്രത്തിലേക്ക് എത്തുന്നു. വീണ്ടും പൊതുവായ ദൃശ്യങ്ങളിലേക്ക് തിരിച്ചുപോകുന്നു. വീണ്ടും മറ്റൊരു കഥാപാത്രത്തിലേക്ക് വരുന്നു. അങ്ങനെ ചിതറിക്കിടക്കുന്ന ഒരു ഘടനയാണ് നാടകത്തിനുള്ളത്
നോവലിന്റെ ഒരു ഘടന അങ്ങനെയാണല്ലോ, ആദ്യം ഖസാക്കിന്റെ മൊത്തം ചിത്രം വിജയൻ വരച്ചുകാട്ടുന്നു. കുപ്പുവച്ചനെക്കുറിച്ച് പറയുന്നു, അഞ്ചമ്മമാരുള്ള അപ്പുക്കിളിയെക്കുറിച്ചു പറയുന്നു. നല്ലമ്മയുടെയും ചാന്തുമ്മയുടെയും ചരിത്രം പറയുന്നു. ഓരോ അധ്യായങ്ങൾ നോക്കി കഴിഞ്ഞാൽ ഓരോ മിത്തുകളെയും ഫോക്കസ് ചെയ്യുകയും ഡി ഫോക്കസ് ചെയ്യുകയും അതിനൊപ്പം രവിയുടെ പ്രശ്നങ്ങളിലേക്ക് കടക്കുകയും വീണ്ടും ഖസാക്കിലേക്ക് വരുകയും ചെയ്യുന്നു.
അപ്പുക്കിളിയുടെ ഒരു വിഷയം നാടകത്തിൽ ഒരിടത്ത് പറഞ്ഞു കഴിഞ്ഞു, അഞ്ച് അമ്മമാരുടെ മരണം. വീണ്ടും അയാളിലേക്ക് തിരിച്ചു വരണമോ എന്ന പ്രശ്നം. അങ്ങനെയാണ് ആ ഭാഗം മുറിച്ചുകളയുന്നത്. ഒരു സന്ദർഭത്തിന് തുടക്കമിട്ടിട്ട് ഇടയ്ക്ക് വെച്ച് അത് നിർത്തികളയാൻ പറ്റില്ല. കൂട്ടി ചേർക്കപ്പെട്ട പല സന്ദർഭങ്ങൾ നാടകത്തിൽ കാണുമ്പോൾ എല്ലാം ചേർന്ന് ഒരു ചുമര് പോലെയോ, ഒന്നിച്ച് ഒഴുകുന്ന ഒരു പുഴ പോലെയോ ഒക്കെ അനുഭവപ്പെടണം. അതുമായി ഇതിന് എന്ത് ബന്ധം എന്ന് തോന്നരുത്. അതു കൊണ്ടാണ് അത് ഉൾപ്പെടുത്താൻ കഴിയാതെ പോയത്. അവസാനം വരെ അത് ഉൾപ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
. ഖസാക്കിന്റെ ഇതിഹാസം രവിയുടെ അസ്ഥിത്വവ്യഥകളുടേതായിരുന്നില്ല. അത് ഖസാക്കിന്റേതും ഖസാക്കുകാരുടേതുമായിരുന്നു. എന്നാൽ നാടകത്തിലെ രവി വെറുമൊരു സ്ത്രീ തൽപരൻ മാത്രമായി ഒതുങ്ങുന്നുണ്ടോ?
രവി എന്ന കഥാപാത്രത്തിനു മേൽ നിരൂപകരും വായനക്കാരും ഒക്കെ ചേർന്ന് കെട്ടിവച്ച ഒരു സ്വത്വമുണ്ട്. രവിയെ ഒ.വി വിജയന്റെ പ്രതിരൂപമായി കണ്ടാണ് പലരും നോവൽ വായിച്ചിട്ടുള്ളത്. രവിയുടെ ജീവിതത്തെ വിജയന്റെ ജീവിതവുമായി കൂട്ടിചേർത്ത് വായിക്കുമ്പോഴാണ് രവി ശക്തനായ ഒരു കഥാപാത്രമാകുന്നത്. വിജയന്റെ അസ്തിത്വപ്രശ്നങ്ങളാണ് രവിയിൽ ആരോപിക്കപ്പെടുന്നത്. അത് മാറ്റി വച്ച് രവി എന്ന കഥാപാത്രത്തെ മാത്രമെടുത്താൽ ബിരുദാനന്തര ബിരുദമൊക്കെ കഴിഞ്ഞ ഒരു യുവാവ്. ലളിതമായി പറഞ്ഞാൽ ചിറ്റമ്മയുമായുള്ള ശാരീരികബന്ധത്തെ തുടർന്നുണ്ടാകുന്ന അതി ശക്തമായ കുറ്റ ബോധമാണ് അയാളുടെ പ്രശ്നം. അതിനെ ദർശനവൽക്കരിക്കേണ്ട കാര്യമില്ല. പാപഭാരത്താൽ അവൻ വീടുവിട്ടിറങ്ങുന്നു. അയാൾ പോകുന്നിടത്തൊക്കെ സ്ത്രീകളുമായി ബന്ധമുണ്ടാകുന്നു. സ്വാമിജിയുടെ അടുത്തൊക്കെ രണ്ട് ദിവസമേ താമസിച്ചിട്ടുള്ളു. പിന്നീട് ആ സ്ത്രീയെപറ്റിയോ അവരുമായുള്ള അടുപ്പത്തെകുറിച്ചോ ഉള്ള ഓർമ്മകളൊന്നുമല്ല അയാളിലുള്ളത്. അയാൾ ഓർമ്മിക്കുന്നത് മുണ്ട് മാറി ഉടുത്തതിനെ കുറിച്ചാണ്. അയാൾക്ക് ചാന്തുമ്മ ആയാലും നീലി ആയാലും മൈമുന ആയാലും പത്മയായാലും അങ്ങനെതന്നെ. ഇവിടെ ഒക്കെ സർവസാധാരണനായ ഒരു ചെറുപ്പക്കാരന്റെ ജീവിത തലമുണ്ട്. ആ സാധാരണ ചെറുപ്പക്കാരന്റെ തലമാണ് കൂടുതൽ വിശ്വസനീയമായ തലമെന്നാണ് ഞാൻ കരുതുന്നത്.
രവി അയാളുടെ ഓർമ്മകളിലേക്ക് തിരിച്ചു പോകുന്നു, ചിറ്റമ്മയുടെ ഓർമ്മകളിലേക്ക് തിരിച്ചു പോകുന്നു, അച്ഛന്റെ ഓർമ്മകളിലേക്ക് തിരിച്ചു പോകുന്നു ഈ ഓർമ്മകളൊക്കെ അന്ന് ഏത് ചെറുപ്പക്കാരനും ഉണ്ടാകുന്ന ഓർമ്മകളാണ്. വിജയന്റെ പരിവേഷം എടുത്തു കളഞ്ഞാൽ രവി സാധാരണക്കാരനായ ഒരു യുവാവാണ്. കാമം, പ്രണയം, വിരഹം, അരക്ഷിതത്വം, സ്വാർത്ഥം എല്ലാമടങ്ങുന്ന കഥാപാത്രമാണ്.
. ഖസാക്കിന്റെ ഇതിഹാസം ആദ്യം വായിച്ചത് പതിനെട്ടാം വയസ്സിൽ ആയിരുന്നെന്ന് താങ്കൾ തന്നെ പറഞ്ഞിട്ടുണ്ട്. അവസാനമായി വായിച്ചത് എന്നാണ് ? ആദ്യ വായനയിൽ നിന്ന് അവസാന വായനയിൽ എത്തി നിൽക്കുമ്പോൾ?
അവസാനമായി വായിച്ചത് ഈ പ്രോഗ്രാമിന് വരുന്ന വഴി ഫ്ളൈറ്റിലിരുന്നാണ്. നമ്മൾ എന്താണോ അതാണ് നമ്മൾ വായിക്കുന്നത്. നമ്മുടെ വികാരങ്ങൾ, നമ്മുടെ പഠനങ്ങൾ, നമ്മൾ എവിടുന്നു വരുന്നു, സാമൂഹികാവസ്ഥകൾ ഇവയൊക്കെ ചേർത്തുവെച്ചാണ് ഓരോരുത്തരും വായിക്കുന്നത്.
ആദ്യം വായിച്ചപ്പോൾ അതെനിക്ക് പൂർണ്ണമായി മനസ്സിലായിട്ടുണ്ടോ എന്നു പോലും അറിയില്ല. ആദ്യ വായനയിൽ ഒറ്റ രാത്രി കൊണ്ടാണ് ഖസാക്കിന്റെ ഇതിഹാസം വായിച്ചു തീർത്തത്. അന്നും ഇന്നും എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളത് അതിൽ പറയുന്ന ഖസാക്കുകാരായ ആളുകളായിരുന്നു. ശക്തമായ ചട്ടകൂടുകളുള്ള കുടുംബാന്തരീക്ഷത്തിലൊന്നുമല്ല ഒരു ഗ്രാമത്തിലാണ് ഞാൻ വളർന്നത്. എന്റെ ചുറ്റും ഉണ്ടായിരുന്നത് സാധാരണക്കാരായ ആളുകളായിരുന്നു. അതു കൊണ്ടു തന്നെ എനിക്ക് കൂടുതലായി ഉൾക്കൊള്ളാൻ കഴിഞ്ഞത് നൈജാമലി, കുട്ടാടൻ പൂശാരി, കുപ്പുവച്ചൻ പോലുള്ള കഥാപാത്രങ്ങളെയാണ്. അതേ കാലഘട്ടത്തിൽ തന്നെ നോവൽ വായിച്ച പല യുവജനങ്ങളും അവരുടെ അസ്തിത്വപ്രശ്നങ്ങൾ രവിയുടെമേൽ കെട്ടി വയ്ക്കുകയായിരുന്നു. പലരെയും ആകർഷിച്ചത് രവിയാണ്. നഗരത്തിൽ പഠിക്കുന്ന ഒരാൾക്ക് പെട്ടെന്ന് താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ആൾ ആസ്ട്രോ ഫിസിക്സ് പഠിക്കാൻ ഒരുങ്ങുന്ന രവിയായിരിക്കാം.
നോവൽ വായിച്ചവരെല്ലാം അത് കണ്ടെടുക്കുകയാണ് ചെയ്തിട്ടുള്ളത് ; ഞാനും അതാണ് ചെയ്തിട്ടുള്ളത്. നാടകം ചെയ്യുന്നതിന് മുമ്പ് ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ചുള്ള വിമർശനങ്ങളും പഠനങ്ങളും ഒന്നും വായിച്ചിട്ടില്ല. വിജയന്റെ ഇതിഹാസത്തിന്റെ ഇതിഹാസം വായിക്കുന്നതു പോലും നാടകം ചെയ്തതിന് ശേഷമാണ്.
. ദീപൻ ശിവരാമൻ എന്ന സംവിധായകനെക്കുറിച്ച്? അടുത്ത നാടകം?
ഞാൻ വളരെ സമയം എടുത്ത് നാടകം ചെയ്യുന്ന ഒരാളാണ്. അടുത്തതായി ഒരു നാടകം ചെയ്യാൻ ഉദ്ദേശിക്കുന്നത് ദ റെസിസ്റ്റബിൾ റൈസ് ഓഫ് ആർദ്രോ ഉയ് (The Resistible Rise of Arturo Ui, Bertolt Brecht) ആണ്. ഹിറ്റലറിന്റെ ഉയർച്ച, നാസി ജർമ്മിനി തുടങ്ങിയ വിഷയങ്ങളാണ് ഇതിവൃത്തം.
. മലയാളത്തിൽ നിന്ന് ഇനിയൊരു നോവൽ നാടകമാക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അത് ഏതായിരിക്കും?
സാറാ ജോസഫിന്റെ ആലാഹയുടെ പെൺമക്കൾ.