'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്നെഴുതിയ ആടുജീവിതം എന്ന ഒറ്റ നോവലിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ബെന്യാമിൻ. കഥയേത് ജീവിതമേത് എന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം രണ്ടും ഇഴചേർന്ന് ഒന്നാകുന്ന ഫിക്‌ഷനൽ റിയലിസമാണ് ബെന്യാമിൻരചനകളിലെ ഒരു സവിശേഷത. വായനക്കാർക്കിടയിൽ ബെന്യാമിനെ പ്രിയങ്കരനാക്കിയതിൽ ഈ രചനാരീതിക്ക് വലിയ പങ്കുണ്ട്. ആടുജീവിതം 'മാസ്റ്റർപീസ്' എന്നു ഭൂരിപക്ഷം വാഴ്ത്തുമ്പോഴും രചനാപരമായി തനിക്ക് കൂടുതൽ നിർവൃതി ലഭിച്ചത് മഞ്ഞവെയിൽ മരണങ്ങളും, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങളുമൊക്കെ എഴുതുമ്പോഴായിരുന്നു എന്നു കഥാകാരൻ തന്നെ പറഞ്ഞിട്ടുമുണ്ട്.
'അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങളി'ൽ ഓരോ വരിയിലും ബെന്യാമിൻ ജീവിതം പറയുന്നു, ചരിത്രം പറയുന്നു. വായനക്കാരന് അതിനോട് വേണമെങ്കിൽ വിയോജിക്കാം, കൂടുതൽ ചർച്ചകളുമാകാം എന്നതിനപ്പുറം പൂർണ്ണമായി തള്ളിക്കളയാൻ കഴിയാത്ത വിധം ഒരു കാലഘട്ടത്തിന്റെ, ഒരു സമുദായത്തിന്റെ, കുറെയേറെപ്പേരുടെ ജീവിതശൈലിയുടെ ചരിത്രമാണ് ബെന്യാമിൻ പറഞ്ഞുവച്ചത്. എതാണ്ട് ഒരു പതിറ്റാണ്ടിനിപ്പുറം അതിന് ഒരു തുടർച്ച വരുന്നു.
പുതിയ നോവലിനെ കുറിച്ച് ബെന്യാമിൻ മനസ്സ് തുറക്കുന്നു.
പുതിയ നോവലിനെ കുറിച്ച്..
കേരള പശ്ചാത്തലത്തിൽ എഴുതിയിരിക്കുന്ന നോവലാണ്. അക്കപോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ എന്ന നോവലിന്റെ തുടർച്ചയായിരിക്കും പുതിയ നോവൽ. പേര് തീരുമാനിച്ചിട്ടില്ല. ഡിസി ബുക്ക്സ് പുറത്തിറക്കുന്ന പുസ്തകം സെപ്റ്റംബറോടുകൂടി വിപണിയിൽ എത്തും. കേരളത്തിൽ വന്ന് സെറ്റിലായതിനു ശേഷം സമ്പൂർണ്ണമായി കേരള പശ്ചാത്തലത്തിൽ എഴുതുന്ന ഒരു നോവൽ എന്ന നിലയിൽ പ്രതീക്ഷയുണ്ട്. മാത്രമല്ല എന്റെ എഴുതപ്പെട്ട നോവലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നോവലായിരുന്നു അക്കപോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ. അതിന്റെ വ്യത്യസ്ത സ്വഭാവം, അതിന്റെ ഗ്രാമീണത ഒക്കെ പുതിയ നോവലിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഒരു നാടിന്റെ സ്വഭാവം, അത് പുലർത്തുന്ന പല രീതികൾ, ഇരുപത് വർഷത്തിന്റെ ചരിത്രം ഒക്കെ അക്കപ്പോരിന്റെ ഇരുപത് വർഷങ്ങളിൽ കാണാം. അക്കപ്പോരിന് ശേഷമുള്ള ഇരുപതു വർഷത്തെ ചരിത്രം ആണ് പുതിയ നോവലിൽ പറയുന്നത് അതിൽ ദേശത്തിനുണ്ടായിട്ടുള്ള മാറ്റങ്ങളും രാഷ്ട്രീയപശ്ചാത്തലങ്ങളും കടന്നുവരുന്നു
അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾക്കൊരു തുടർച്ച...
1954–74 വരെയുള്ള കാലഘട്ടത്തിന്റെ, ഇരുപത് വർഷങ്ങളുടെ ചരിത്രമാണ് അക്കപ്പോരിന്റെ ഇരുപത് നസ്രാണിവർഷങ്ങൾ എന്ന നോവലിൽ പറയുന്നത്. അതിനുശേഷം ദേശത്ത് കഥകൾ ഉണ്ടാകുകയും പറയേണ്ടതായ ചില കാര്യങ്ങൾ അതിൽ ഉണ്ടെന്ന് തോന്നുകയും ചെയ്തതുകൊണ്ടാണ് അതിന്റെ തുടർച്ചയിലേക്ക് നീങ്ങുന്നത്. പ്രാദേശിക നോവലുകൾ കേരളത്തിൽ വലിയ ഹരമാകുന്നതിനും മുമ്പ് എഴുതപ്പെട്ടതാണ് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ. ഇതിന്റെ തുടർച്ചകൾ ഉണ്ടാകണം, രണ്ടോ മൂന്നോ ഇരുപതുകൾ വരുന്ന സമഗ്രമായ ചരിത്രം ഉൾക്കൊള്ളാൻ കഴിയും വിധത്തിൽ ഒരു നോവൽ സഞ്ചയം ഉണ്ടാകണം എന്ന് എനിക്ക് അന്നേ ആഗ്രഹമുണ്ടായിരുന്നു.
80 വർഷങ്ങളുടെ കഥ...
നാല് നോവലുകളുടെ സഞ്ചയം എഴുതണമെന്നാണ് ആഗ്രഹം. ക്രിസ്ത്യൻ വിശ്വാസം അനുസരിച്ച് എൺപത് വർഷമാണ് ഒരു മനുഷ്യന്റെ ആയുസ്സ് എന്ന് പറയാറുണ്ട്. നാല് ഇരുപതുകളുടെ കാലഘട്ടം. ഇങ്ങനെ ഇരുപത് വർഷങ്ങൾ വീതം രേഖപ്പെടുത്തുന്ന നാല് നോവലുകൾ. എൺപത് വർഷങ്ങളുടെ ചരിത്രം. ആ ശ്രേണിയിലെ രണ്ടാമത്തെ നോവൽ ആണ് പുതിയ നോവൽ എന്ന് പറയാം.
എഴുത്തിലെ പ്രാദേശികത...
വായനക്കാർ ഇഷ്ടപ്പെടുന്ന കുറെയേറെ പ്രാദേശിക എഴുത്തുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എസ് കെ പൊറ്റക്കാടിന്റെ രചനകൾ, സുഭാഷ് ചന്ദ്രന്റെ നോവൽ ഒക്കെ ഉദാഹരണം. ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന മാർക്കേസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ പോലും അതിന്റെ ഏറ്റവും തനിമയിൽ പ്രാദേശിക നോവലാണ്. പ്രാദേശികത ഏറ്റവും സൂക്ഷ്മതയിൽ ഒപ്പിയെടുക്കുമ്പോഴാണ് ഏറ്റവും നന്നായി കഥകൾ പറയാൻ കഴിയുന്നത് എന്നൊരു തോന്നൽ എനിക്ക് ഉണ്ടായിട്ടുണ്ട്.
സഭ, സമൂഹം, ചരിത്രം...
അക്കപോരിന്റെ ഇരുപത് നസ്രാണിവർഷങ്ങളിൽ സഭയെ കുറിച്ച് പറയുന്ന, ചരിത്രം പറയുന്ന ചില ഭാഗങ്ങൾ വ്യക്തമായി മനസ്സിലാകുന്നില്ല എന്ന് ചില വായനക്കാരെങ്കിലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ പരാതി പുതിയ നോവലിൽ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചരിത്രം അറിയാവുന്നവർക്ക് മാത്രമല്ല എല്ലാവായനക്കാർക്കും മനസ്സിലാകുന്ന തരത്തിൽ ചരിത്രത്തെ, കഥയെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
സഭയുടെ ചരിത്രത്തിന് അക്കപ്പോരിന്റെ ഇരുപത് നസ്രാണിവർഷങ്ങൾ എന്ന നോവലിൽ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ പുതിയ നോവലിൽ 20 വർഷത്തെ സാമൂഹിക രാഷ്ട്രീയ ചരിത്രമാണ് പറയാൻ ശ്രമിക്കുന്നത്. ഒരു 'പൊളിറ്റിക്കൽ സറ്റയർ' എന്ന് പുതിയ നോവലിനെ വിശേഷിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. സഭയുടെ ചരിത്രം എന്നതിൽ നിന്ന് മാറി ഇരുപത് വർഷത്തെ കേരള ചരിത്രത്തിന്റെ സൂഷ്മമായ അടയാളപ്പെടുത്തലിനാണ് ഈ നോവലിൽ ശ്രമിച്ചിരിക്കുന്നത്. പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിന്റെ ഒരു സമാന്തര ചരിത്രം.
ലോക ചരിത്രത്തിൽ തന്നെ നിരവധി മാറ്റങ്ങൾ സംഭവിച്ച കാലഘട്ടമാണ് 75 മുതൽ 95 വരെയുള്ള ഇരുപത് വർഷങ്ങൾ. റഷ്യയുടെ വീഴ്ച, കമ്യൂണിസത്തെ കുറിച്ചുള്ള മനുഷ്യരുടെ സ്വപ്നങ്ങളുടെ അന്ത്യം, സാങ്കേതികതയുടെ വളർച്ച എന്നിങ്ങനെ 75 ന്റെ ആരംഭത്തിൽ നിന്ന് 95 ന്റെ അവസാനത്തിൽ എത്തുമ്പോഴേക്കും ആഗോള ലോകവും, നമ്മുടെ നാടും ചുറ്റുപാടുകളും, സമൂഹവും, ജീവിതരീതികളും വരെ വളരെയധികം മാറിയിട്ടുണ്ട്. സമൂഹത്തിന്റെ ഈ മാറ്റവും ചരിത്രവുമാണ് പുതിയ നോവൽ പറയുന്നത്