കവിത പൂക്കുന്ന വീട്ടിലെ കുട്ടിയാണ് ആര്യ ഗോപി. കവയിത്രി, അദ്ധ്യാപിക. കവി പി കെ ഗോപിയുടെ മകൾ. അനിയത്തി സൂര്യ ഗോപിയും എഴുത്തിന്റെ മേഖലയിൽ സജീവം. മാലാഖ മത്സ്യം, ജീവന്റെ വാക്കുകൾ, സോബ് ഓഫ് സ്ട്രിങ്സ് എന്നിവ പ്രമുഖ കൃതികൾ. വൈലോപ്പിള്ളി പുരസ്‌കാരം, ആശാൻ പുരസ്‌കാരം, യൂത്ത് ഐക്കൺ അവാർഡ് തുടങ്ങിയവ ലഭിച്ചു. എഴുത്ത്, കവിത, രാഷ്ട്രീയം...ആര്യ മനസ്സ് തുറക്കുന്നു
കവിത പൂക്കുന്ന വീട്ടിലെ കുട്ടി...
പുസ്തകം പൂക്കുന്ന വീട് എന്നാണ് ഞാൻ എന്റെ വീടിനെ വിശേഷിപ്പിക്കുന്നത്. വായനയും കവിതയും സജീവമായ അങ്ങനെയൊരു സാഹചര്യത്തിൽ ജനിച്ചത് കൊണ്ടാകാം ഉള്ളിൽ കവിതയോടും വായനയോടും പുസ്തകങ്ങളോടുമൊക്കെ ഒരു സ്‌നേഹം നേരത്തെ തിരിച്ചറിയാനായത്. അച്ഛൻ കവിയാണ് എങ്കിലും ഞങ്ങൾ രണ്ടു പെൺകുട്ടികളുടെ എഴുത്തിന്റെ കാര്യത്തിൽ കൂടുതലും ഇടപെടുന്നത് അമ്മയാണ്. അമ്മ നന്നായി വായിക്കും. എഴുത്തിന്റെ വഴിയിൽ തുടരുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് അമ്മയായിരിക്കും.
എഴുത്ത്, പുരസ്‌കാരങ്ങൾ...
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവതീയുവാക്കൾക്ക് നൽകുന്ന യൂത്ത് ഐക്കൺ അവാർഡ് സാഹിത്യമേഖലയിലാണ് എനിക്ക് ലഭിച്ചത്. അവാർഡുകൾ പ്രോത്സാഹനമാണ്. എഴുതി വരുന്ന കാലഘട്ടത്തിൽ നിരവധി ചെറിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും എഴുത്തിന്, അടുത്ത ഒരു കവിതയ്ക്കുള്ള പ്രചോദനമായി ഒന്നും അവാർഡുകളെ കാണുന്നില്ല.
എഴുത്തിന്റെ രാഷ്ട്രീയം...
കവിതകൾക്ക് തീർച്ചയായും ഒരു സൂക്ഷ്മ രാഷ്ട്രീയമുണ്ട്. അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട രാഷ്ട്രീയമല്ല, അത് മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ്.
ഞങ്ങളുടെ പഴയ വീടിന്റെ കവാടത്തിൽ അച്ഛൻ 'കടമ കാരുണ്യം കവിത' എന്ന് എഴുതിവെച്ചിരുന്നു. ഇത് കണ്ടാണ് ഞങ്ങൾ വളർന്നത്. കവിത സ്വാഭാവികമായി, സത്യസന്ധമായി വരണമെങ്കിൽ ആദ്യ രണ്ടു കാര്യങ്ങളും നമ്മൾ ജീവിതത്തിൽ പാലിക്കണം എന്ന് അച്ഛൻ പഠിപ്പിച്ചിരുന്നു.
നല്ലൊരു മനുഷ്യനായിരിക്കുക എന്നാൽ കവിയായിരിക്കുക എന്നതിനേക്കാൾ കവിത വായിച്ച് അതിന്റെ സത്ത മനസ്സിലാക്കാൻ, പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന വ്യക്തി എന്നൊരു അർഥവും നമുക്ക് നൽകാം. അതുകൊണ്ടുതന്നെ എത്ര സ്വകാര്യമായാലും കവിതകൾക്ക് രാഷ്ട്രീയം ഉണ്ടെന്നതാണ് വാസ്തവം.
അസമത്വം, പ്രതികരണങ്ങൾ...
നമ്മുടെ രാജ്യത്തും ക്യാംപസുകളിലും സമൂഹത്തിലും ഉള്ള പല രീതിയിലുള്ള അസമത്വങ്ങളിൽ നാം ഒന്നും മിണ്ടാതിരിക്കുന്നതിനേക്കാൾ നല്ലത്, ഏതെങ്കിലും വിധത്തിൽ പ്രതികരിക്കുന്നത് തന്നെയാണ്. എഴുത്തുകാർ പ്രതിഷേധിക്കുന്നത് പല രീതിയിലായിരിക്കും. എഴുത്തുകാർ മാത്രമല്ല എല്ലാ മനുഷ്യരും, പ്രതികരിച്ചില്ലെങ്കിലും ഒരു പ്രതികരണ മനോഭാവത്തോട് കൂടി ചിന്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ന്യൂജനറേഷൻ കവിതകൾ...
ന്യൂജനറേഷൻ- ഓൾഡ് ജനറേഷൻ എന്ന് വേർതിരിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചിന്തകൾക്കും, ഭാഷ ഉപയോഗിക്കുന്ന ശൈലിയിലും വ്യത്യാസം ഉണ്ടാകാം. എങ്കിലും പല പുതിയകാലകവിതകളും വായിക്കുമ്പോൾ ഇത് കവിതയാണോ എന്ന് തോന്നാറുണ്ട്. ഇംഗ്ലീഷ് വാക്കുകൾ കുത്തിത്തിരുകിവെച്ചുകഴിഞ്ഞാൽ ന്യൂജൻ കവിതയായി എന്ന് പുതിയകാലത്തെ കുട്ടികൾ തെറ്റിദ്ധരിക്കാറുണ്ട് എന്നുതോന്നുന്നു.
കുട്ടികൾ ധാരാളമായി എഴുത്തിന്റെ രംഗത്തേക്കു വരുന്നുണ്ട്. വേഗമെഴുതി സോഷ്യൽ മീഡിയയിലൊക്കെ ഇട്ട് ഷൈൻ ചെയ്യാനാണോ എന്നറിയില്ല, എങ്കിലും മുൻനിരയിലേക്ക് വരാനുള്ള താത്പര്യത്തിന് കുറവൊന്നുമില്ല. എന്റെ അഭിപ്രായത്തിൽ എഴുത്തിലേക്ക് എടുത്തുചാടുന്നതിനു മുൻപ് ഒരു മുൻവിചാരവും ചിന്തയും ആവശ്യമാണെന്ന് തോന്നിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങൾ, സ്വാധീനം...
നിരവധി നല്ല കാര്യങ്ങൾ, ചർച്ചകൾ, സാമൂഹിക സേവനങ്ങൾ നടക്കുന്നുണ്ടെങ്കിലും വാർത്തകളുടെയും വിവരങ്ങളുടെയും ഒരു ചുഴിയാണ് ഇന്ന് സോഷ്യൽ മീഡിയ. ഏതാണ് നല്ലത് ഏതാണ് മോശം എന്ന് വേർതിരിച്ചറിയാൻ കഴിയാതെ പലപ്പോഴും ആളുകൾ അതിൽ അകപ്പെട്ടു പോകാറുണ്ട്. സമൂഹ മാധ്യമങ്ങൾ നമ്മുടെ ചിന്തകളെ പലപ്പോഴും സങ്കുചിതമാക്കാറുണ്ട്.
ഞാൻ വിശ്വസിക്കുന്നത് ഏതു സാങ്കേതികവിദ്യയുടെ അപ്പുറത്താകണം കാതലായ എഴുത്തും മനുഷ്യത്വവും നിലനിൽക്കേണ്ടത് എന്നാണ്. പുതിയതലമുറയുടെ പ്രതിനിധിയാണെങ്കിലും മനസ്സിലുള്ളത് പേന കൊണ്ട് പേപ്പറിൽ എഴുതുന്ന ഒരു സുഖം ടൈപ്പ് ചെയ്യുന്നതിൽ ലഭിക്കാത്ത ഒരാളാണ് ഞാൻ. പക്ഷേ എഴുത്തിനു കുറച്ചുകൂടി വിസിബിലിറ്റി സമൂഹമാധ്യമങ്ങളിൽ കൂടി ലഭിക്കാറുണ്ട്. ചുരുക്കത്തിൽ സമൂഹമാധ്യമങ്ങളെ വിവേചനബുദ്ധിയോടെ കൈകാര്യം ചെയ്യുന്നതായിരിക്കും നല്ലത്.
ജീവിതം തന്നെ കവിത...
ജനനം, ജീവിതം, മരണം...ഈ മൂന്നു കാര്യങ്ങളെ ഫോക്കസ് ചെയ്താണ് എഴുത്തുകാർ തങ്ങളുടെ കൃതികൾ സൃഷ്ടിക്കുന്നത്. കണ്ണ് തുറന്നു നോക്കിയാൽ ഇഷ്ടം പോലെ അനുഭവങ്ങൾ നമുക്ക് ജീവിതത്തിൽ നിന്ന് ലഭിക്കും. കാരണം കവിത എന്ന് പറയുന്നത് ജീവിതമാണ്, ജീവിതം ഒരു കവിതയും...
നാളത്തെ കവിത...
ഭാവനയുടെ ലോകത്തും ചിന്തയുടെ ലോകത്തും ഇതുവരെ കാണാത്ത പരീക്ഷണങ്ങൾ കവിതയിൽ നടക്കാൻ സാധ്യതയുണ്ട്. ഒറ്റ വാക്ക് കൊണ്ട് കവിത തീർക്കുന്ന ആളുകൾ ഇപ്പോൾത്തന്നെയുണ്ട്. കവിതയുടെ കൂടെ മറ്റു സാങ്കേതിക മാധ്യമങ്ങളും കൂടിച്ചേർന്ന് പുതിയ കവിതാരൂപങ്ങൾ ഉണ്ടാകാം.
രൂപത്തിലും ഭാവത്തിലും ചിന്തയിലും ഭാവനയിലും കവിതയ്ക്ക് മാറ്റങ്ങൾ സംഭവിക്കാം. പക്ഷേ കവിത കവിതയായി തന്നെ നിലനിൽക്കും എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. കാലമായിരിക്കും അതിന്റെ സ്വത്വം നിർണയിക്കാൻ പോകുന്നത്.