Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഷ്യൽ മീഡിയയിലൂടെ തെറി പറയുന്നത് ഭീരുക്കൾ

sarada സമകാലിക വിഷയങ്ങളിൽ ഏറെ ശ്രദ്ധിക്കുകയും തന്റേതായ അഭിപ്രായങ്ങൾ ഏതു വേദിയിലും ഉറക്കെ പറയാൻ മടിയുമില്ല ശാരദ ടീച്ചർക്ക്. രാഷ്ട്രീയം, എഴുത്ത്, വായന..ടീച്ചർ മനസ്സുതുറക്കുന്നു...

എഴുത്തിന്റെ ലോകത്തെ മനോഹരമായ ഒരു സങ്കൽപ്പമാണ് ശാരദക്കുട്ടി ടീച്ചർ. ഭാഷ കൊണ്ടും ആകർഷണീയമായ മുഖം കൊണ്ടും സംസാര ശൈലി കൊണ്ടും പൊതുമനസ്സിൽ ഇടം പിടിക്കുമ്പോഴും ശക്തമായ ഭാഷയുടെ ഇടപെടൽ പൊതു മനസ്സുകളിൽ പിടിവലികൾ നടത്തുന്നുമുണ്ട്. സാമാന്യ ജനത്തിന്റെ ചിന്താശേഷിയിലേക്ക് ഒരുപിടി സാധ്യതകളെ ഇപ്പോഴും ടീച്ചർ തുറന്നിടാറുണ്ട്. സമകാലീക വിഷയങ്ങളിലും ഏറെ ശ്രദ്ധിക്കുകയും തന്റേതായ അഭിപ്രായങ്ങൾ ഏതു വേദിയിലും ഉറക്കെ പറയാൻ മടിയുമില്ല ടീച്ചർക്ക്... വ്യക്തമായ രാഷ്ട്രീയം ഉള്ളപ്പോഴും അതിനപ്പുറം മാനവികത ഹൃദയത്തിൽ കാത്തുവയ്ക്കുന്നതുകൊണ്ടാകണം കുട്ടികളുടെയൊക്കെ പ്രിയപ്പെട്ട അധ്യാപികയുമാണ് ശാരദക്കുട്ടി ടീച്ചർ. ടീച്ചറുടെ വാക്കുകളിലേക്ക്...

ആദ്യ എഴുത്തോര്‍മ്മ...

ഒന്നും അതിലധികവുമായി പെരുക്കപ്പെട്ട ഒരു പെണ്ണ്, അവളുടെ സംസാരിക്കാനുള്ള കഴിവ് തനിക്കുതന്നെ ബോധ്യപ്പെടുത്തുവാന്‍ നടത്തിയ വിനിമയങ്ങളാണ് എന്‍റെ ആദ്യ എഴുത്ത്. അതിനപ്പുറം ഒന്നുമില്ലായിരുന്നു. കൊടുങ്കാറ്റിനെ ഉള്ളിലേക്ക് ആവാഹിക്കാന്‍ ശ്രമിച്ചതിന്‍റെ പരിക്കുകള്‍ അവയ്ക്കുണ്ടായിരുന്നു.. ആകസ്മികമായ സന്ദര്‍ഭങ്ങള്‍ കൊണ്ട് എഴുതിച്ചേര്‍ക്കപ്പെട്ട ഒരു ജീവിതം, പെട്ടെന്നൊരു ദിവസം അന്നുവരെ തനിക്കു അപരിചിതമാക്കപ്പെട്ടിരുന്ന ഒരു ലോകത്തെ കാണാന്‍ തീരുമാനിക്കുന്നതിന്‍റെ വാക്കുകളായിരുന്നു അവ..

തീര്‍ത്തും അപ്രതീക്ഷിതമായി ഒരു ദിവസം നിങ്ങള്‍ ഒരു കൊലപാതകിയോ കാമുകിയോ കള്ളനോ എഴുത്തുകാരിയോ ആകുന്നു എന്നൊരാള്‍ പറഞ്ഞാല്‍ അതെത്ര ശരി എന്ന് ഞാന്‍ സമ്മതിക്കും. വലിയൊരു ചുറ്റുമതിലിനകത്ത് നിന്നുകൊണ്ട് ചിലര്‍ ലോകത്തെ കാണാന്‍, കൂക്കിവിളിക്കാന്‍, സത്യമെന്ന് തോന്നുന്നത് വിളിച്ചു പറയാന്‍, നൃത്തം ചെയ്യാന്‍, ആഗ്രഹിക്കുന്നു. അവ പകര്‍ത്തി വെക്കുമ്പോള്‍ മറ്റു ചിലര്‍, അത് ഞങ്ങളുടേത് കൂടിയാണ് എന്ന് തിരിച്ചറിയുകയും കൂടെ ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു. പ്രാചീന മനുഷ്യന്‍ ഗുഹാമുഖത്ത്‌ വരച്ചിട്ട ചിത്രത്തിന്‍റെ ജൈവസന്നിധ്യമൊന്നും ഞാന്‍ കൊത്തിവെക്കാനാഗ്രഹിച്ച വാക്കുകള്‍ക്കുണ്ടായിരുന്നുവോ എന്നെനിക്കറിയില്ല. എന്നാല്‍, ആ ആദിമമനുഷ്യന്‍, പണിയായുധമെടുക്കുമ്പോള്‍ അനുഭവിച്ച ആശങ്കയും അതിന് ശേഷമുള്ള ആനന്ദവും അതേ അളവില്‍ ഓരോ എഴുത്തിനു ശേഷവും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അവിദഗ്ദ്ധയായ ഒരു തച്ചത്തിയുടെ എടുത്തുചാട്ടങ്ങളായിരുന്നു ആദ്യമൊക്കെ അവ.

നെഗറ്റീവ് പരാമര്‍ശത്തില്‍ പെട്ടെന്ന് പ്രതികരിക്കുന്ന സമൂഹം സാഹിത്യത്തെ ബാധിക്കുന്ന വിധം ...

ഇന്റർനെറ്റ്‌ വ്യാപകമായി നമ്മുടെ ജീവിതങ്ങളെ സ്പർശിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് 20 കൊല്ലം കഴിഞ്ഞു. പണ്ട് സമ്പന്നർക്ക് മാത്രമാണ് വായനശാലകളും തിയറ്ററുകളും കലാമ്യൂസിയങ്ങളും സാധ്യമായിരുന്നത്. സുകുമാരകലകളുമായിട്ടായിരുന്നു ഹൈ കൾച്ചറിന്‍റെ സംസർഗ്ഗം. നേരെ വിപരീതമായി, സാമാന്യജനത്തിന്‍റെ അഭിരുചികളുമായിട്ടായിരുന്നു ലോ കൾച്ചർ അണിനിരന്നത്. ഇന്ന് അതിന്‍റെ രൂപങ്ങൾ ആക്ഷൻ സിനിമകളും റിയാലിറ്റി ഷോകളും ഗോസ്സിപ്പ് കോളങ്ങളും ആണ് - വാട്സാപ്പിൽ വരുന്ന തമാശകളായി പോലും-- അങ്ങനെ പല രൂപത്തിൽ അത് പ്രചരിക്കുകയാണ്. ഹൈകള്‍ച്ചര്‍-ലോകള്‍ച്ചര്‍ ഈ രണ്ടു വിഭക്താവസ്ഥകൾ തമ്മിലുള്ള വിടവ് കുറയ്ക്കുന്നു എന്നതാണ് ഇന്റർനെറ്റിന്‍റെ വരവോടെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിപ്ലവം. ഇന്നത്തെ സൈബർ സാഹിത്യത്തിന്‍റെ പ്രസക്തിയും അതുതന്നെ

വിർച്വൽ റിയാലിറ്റി അതിനിഗൂഢവൽകരിക്കപ്പെട്ട ഒരു ലോകമാണ്. വ്യക്തിക്ക് യഥാർത്ഥ ലോകത്തിൽ അന്നുവരെ അനുഭവിച്ചിട്ടില്ലാത്തത്ര സ്വാതന്ത്ര്യം അത് നൽകുന്നു, എന്നാൽ അതേസമയം വ്യക്തിയെ ഭീകരമായി ഒറ്റപ്പെടുത്താനും സാധ്യതയുള്ള വിചിത്രമായ ഒരു ലോകമാണത്.  അവകാശങ്ങൾക്കും അവിഘ്‌നതകൾക്കും അപ്പുറം ഒരുതരത്തിൽ അത് വ്യക്തിയെ അന്യാധീനപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെയൊരു ലോകത്തിലെ ജീവിതസാധ്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ കാണുന്നത്.

saradakutty നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ നല്ല ലക്ഷ്യങ്ങള്‍ എന്തായിരുന്നാലും നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക്‌ അതുണ്ടാക്കിയിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് കണക്കുണ്ടോ? നിത്യത്തൊഴില്‍ പോലും ഇല്ലാതെ ജനങ്ങൾ, ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ ദേശപ്രേമോജ്ജ്വലങ്ങളായ ബ്ലോഗുകള്‍ പരിഹസ്യമാകും.

മറ്റു മനുഷ്യരും അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും കേള്‍ക്കാനും യോജിക്കുവാനും വിയോജിക്കുവാനും ക്ഷമയോടെ എതിര്‍പ്പുകളെ നേരിടുവാനും ഉള്ള പരിശീലനം കൂടിയാണ് എനിക്ക് ഫെയ്സ്ബുക്ക് ഇടപെടലുകള്‍. ഓരോ വ്യക്തിയിലും അത് ഓരോ തരത്തിലാണ് പ്രവർത്തിക്കുക - അതിൽ സമൂഹവും ചരിത്രവും ശരീരവും എല്ലാം പ്രധാന പങ്കുവഹിക്കുന്നു. സംപ്രേഷണത്തിന്‍റെ ഈ പ്രവൃത്തിയിൽ നാം ഒരേസമയം ഒരു സാമൂഹികാവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്കു തിരക്കിട്ട് പോയിക്കൊണ്ടേയിരിക്കുന്നു. ഇതും ഒരുതരം പരിഭാഷയാണ്. അതിരുകളിൽ നിന്നുകൊണ്ടുതന്നെ, ഈ കർമത്തിലൂടെ ചിന്താപരമായ അതിർത്തിലംഘനങ്ങൾ നമ്മൾ നിരന്തരം നടത്തുന്നു. അതിലൂടെ നാം പുതിയ അറിവുകൾ നേടുന്നു. സൈബര്‍ലോകത്തിന്റെ എല്ലാ സാധ്യതകളെയും  ഉപയോഗിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന് ഞാന്‍ കരുതുന്നു.

മലയാള സിനിമനായികമാരെ കുറിച്ചുള്ള കാഴ്ചയും വായനയും എഴുത്തും...

സാഹിത്യവും സിനിമയും കലയും സംഗീതവും നിറഞ്ഞു നിന്ന തികച്ചും സമ്പന്നമായ ഒരു സംസ്കാരികഭൂതകാലം ആയിരുന്നു എന്റേത്. ഒരു തരം വിലക്കുകളും ഇല്ലാതെ ഏതു സിനിമക്കും കൊണ്ടുപോകുമായിരുന്ന അച്ഛന്‍. മുതിര്‍ന്നു കഴിഞ്ഞപ്പോഴും അത് തുടര്‍ന്നുപോന്നു. പെണ്‍കുട്ടികളെ തന്‍റെ സൗഭാഗ്യമായി കരുതിയിരുന്ന അച്ഛന് എന്തെല്ലാം രീതിയില്‍ ഞങ്ങളുടെ മാനസികരോഗ്യത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാമോ ആ തരത്തിലെല്ലാം അത് നിര്‍വ്വഹിച്ചു കൊണ്ടിരുന്നു. അങ്ങനെ സാഹിത്യത്തോടോപ്പം സിനിമയും സിനിമാതാരങ്ങളുടെ ജീവിതവും പാട്ടുകളും എല്ലാം എന്നും കൂടെ ഉണ്ടായിരുന്നു.

ഭ്രമാത്മകമായ ഒരു ലോകത്തില്‍ ജീവിക്കുവാന്‍ സിനിമ എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്. വിവിധവികാരങ്ങളിലൂടെ പലതായി പെരുക്കപ്പെടുന്ന സ്ത്രീജീവിതങ്ങളെ പല കാലങ്ങളില്‍ സിനിമയിലൂടെ കണ്ടു. വിദേശ സിനിമകള്‍ കാണാനുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ ധാരാളം ലഭ്യമായത് കൊണ്ട് സിനിമയിലൂടെയുള്ള സഞ്ചാരം മറ്റൊരു വഴിയിലൂടെ കൂടുതല്‍ സമ്പന്നമാക്കുവാന്‍ കഴിയുന്നു. സിനിമപ്രേമികളായ നല്ല കുറെ സുഹൃത്തുക്കളുണ്ട്. അവര്‍ അയച്ചു തരുന്ന മികച്ച സര്‍വ്വകാലക്ലാസ്സിക്കുകളും കാണുകയാണ് ഇപ്പോള്‍. ഒരു വിദ്യാര്‍ഥിനിയെ പോലെ സിനിമയിലും സാഹിത്യത്തിലും ഞാന്‍ പഠിക്കുകയാണ്.ആനന്ദകരമായ, അനുഭൂതികരമായ പഠനമാണ് എന്ന് മാത്രം.

മതവും രാഷ്ട്രീയവും പുതിയ മനുഷ്യനെ മാറ്റി മറിക്കുന്ന വിധം?

രാഷ്ട്രീയത്തെയും മതത്തെയും കുറിച്ചുള്ള എല്ലാ ശുഭാപ്തിവിശ്വാസങ്ങളും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. രാഷ്ട്രീയമായ ദിശാബോധം നഷ്ടപ്പെട്ടുകഴിഞ്ഞ സമൂഹം അധികാരരൂപങ്ങള്‍ക്കെതിരെ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. അഴിമതി, ദാരിദ്ര്യം, സ്ത്രീപീഡനം, പരിസ്ഥിതിനാശം, ആദിവാസികളുടെ അടിമത്തം ഇങ്ങനെ നാട് നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ശുദ്ധവായുവോ ശുദ്ധജലമോ നല്ല റോഡുകളോ ഇല്ല. വികസനവും പരിസ്ഥിതി സന്തുലനവും കൂടി ചേര്‍ന്നുള്ള വിശാലമായ കാഴ്ചപ്പാടുകള്‍ ഇല്ല. ഇതിലൊന്നും ഫലപ്രദമായ ഒരു പോംവഴി കണ്ടെത്താന്‍ സര്‍ക്കാരുകള്‍ക്ക് ആകുന്നില്ല എന്ന് ജനം ഏതാണ്ട് മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.

sharadakutti-books ഭാരതത്തിലെ കുടുംബവ്യവസ്ഥ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. സ്വന്തം ജീവിതം ജീവിക്കാതിരിക്കുന്നത് മാത്രം ശീലമാക്കിയിരിക്കുന്ന സ്ത്രീകളാണ് ഇന്ത്യന്‍ കുടുംബ വ്യവസ്ഥയില്‍ മാതൃകാകുടുംബിനികൾ.

ജനകീയപ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുപോലെ പരാജയപ്പെടുകയാണ് എന്ന നിരാശ ജനങ്ങളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അറുതിയില്ലാത്ത ഭയങ്ങളുടെ ഘോഷയാത്രയായിരിക്കുന്നു ജീവിതം ഇന്ന്. ഒരേ ഭയത്തില്‍, ഒരേ വേദനയില്‍ നിറഞ്ഞ് ഭൂമിയോളം വലുപ്പമുള്ള ഒരൊറ്റ ഹൃദയമായിരിക്കുന്നു മനുഷ്യരാകെ.. ജീവിതത്തിന്‍റെ തീവെയില്‍ സാധാരണക്കാരന്‍റെ തോളില്‍ കയ്യിട്ടു നടക്കുന്നു എന്ന് കവി എഴുതിയത് സത്യം. നാം ജീവിക്കുന്ന കാലത്തെ സൂക്ഷ്മമായി അറിഞ്ഞ എതൊരാളിന്‍റെയും  ഭീതിയാണിത്. ഓടുന്ന തീവണ്ടിക്ക് മുന്നിലേക്ക്‌  കുഞ്ഞുങ്ങളെയും അടുക്കിപ്പിടിച്ചു ചാടുന്ന അമ്മയും സ്വപ്നങ്ങളെല്ലാം നശിച്ച് ആത്മഹത്യ ചെയ്യുന്ന കര്‍ഷകനും മരണത്തിനു തൊട്ടുമുന്‍പുള്ള നിമിഷങ്ങളില്‍ നേരിടുന്ന ഭയം ഇതുതന്നെയല്ലേ?.. ഭയത്തില്‍ നിന്നുള്ള മോചനമാണത്രെ യഥാര്‍ഥ മോചനം. ഒരു ശാശ്വതമോചനം അസാധ്യമാവുകയാണോ?

മോഹന്‍ലാലിനുള്ള മറുപടിയില്‍ എഴുത്തുകാരിയുടെ രാഷ്ട്രീയം ഉണ്ടോ?

എല്ലാവരെയും പോലെ എനിക്കും കൃത്യമായ രാഷ്ട്രീയവിശ്വാസമുണ്ട്‌. അത് ഒരു ഇടതുപക്ഷവിശ്വസമാണ്. എന്നാല്‍, മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയ്തികളെ എല്ലാം ശരിവെക്കും എന്നര്‍ഥമില്ല. പക്ഷെ, ആ വിശ്വാസത്തില്‍ ഉറച്ചു നിന്ന് പോകണം എന്ന് ആഗ്രഹമുണ്ട്. നീതികേടുകള്‍ കാണുമ്പോള്‍ എന്‍റെ രാഷ്ട്രീയബോധ്യങ്ങള്‍ എന്തായിരുന്നാലും ശരി, തുറന്നു എതിര്‍ക്കാന്‍ ആണ് ശ്രമിച്ചിട്ടുള്ളത്. അത് ഏതൊരു ജനാധിപത്യ വിശ്വാസിയെയും പോലെ എന്‍റെ കടമയും അവകാശവും ആണെന്ന് ഞാന്‍ കരുതുന്നു.

വലിയ പ്രതീക്ഷകളുമായി വരുന്ന ഓരോ സര്‍ക്കാരുകളും ഇറങ്ങിപ്പോകുമ്പോള്‍ ജനം തളരുകയാണ്. നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ നല്ല ലക്ഷ്യങ്ങള്‍ എന്തായിരുന്നാലും നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക്‌ അതുണ്ടാക്കിയിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് കണക്കുണ്ടോ? രാജ്യത്തിന്‌ വേണ്ടി സഹിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ആരാണ്?  അവരുടെ അതിനുള്ള ധാര്‍മ്മികമായ അവകാശം എത്രയുണ്ട്? “പൊതുവായ നന്മ”ക്കു വേണ്ടി സാധുജനങ്ങള്‍ നിത്യത്തൊഴില്‍ പോലും ഇല്ലാതെ, ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ ദേശപ്രേമോജ്ജ്വലങ്ങളായ ബ്ലോഗുകള്‍ പരിഹാസ്യമാകും.

മോഡി പ്രവര്‍ത്തനക്ഷമതയുള്ള തന്ത്രശാലിയാണ്. മോഡി വ്യക്തിപരമായി അഴിമതിക്കാരനല്ലായിരിക്കാം. നിശ്ചയദാര്‍ഢ്യമുള്ള, കഠിനാദ്ധ്വാനിയായ ഒരു മനുഷ്യന് ജനങ്ങളെ പെട്ടെന്ന് ഇളക്കി മറിക്കാന്‍ കഴിയും ഹ്രസ്വമായ ഓര്‍മ്മശക്തിയുള്ള ഒരു ജനതയ്ക്ക് ഒരു തരി വെട്ടം കണ്ടാല്‍ അത് വലിയപ്രകാശമായി തോന്നുകയും ചെയ്തേക്കാം.നിയോ ലിബറല്‍ അജണ്ടയാണ് അദ്ദേഹം നടപ്പാക്കാന്‍ ശ്രമിക്കുന്നത്.ആ ഒരു യാധാര്‍ധ്യബോധത്തിലേക്ക് പതിയെ ജനങ്ങള്‍ ഇറങ്ങി വന്നുതുടങ്ങിയിരിക്കുന്നു.

പക്ഷെ, രാജ്യത്തെ കള്ളപ്പണവും കള്ളപ്പണക്കാരും ഇല്ലാതാക്കാനുള്ള മാജിക്കൊന്നും കയ്യിലുള്ള ഒരു ഭരണാധികാരിയും ഇന്ത്യയില്‍ ഉടനെ ഒന്നും ഉണ്ടാകുമെന്ന് കരുതാനാവില്ല. വിദേശത്തേക്ക് ഒളിച്ചു കടത്തിയിട്ടുള്ള കള്ളപ്പണം തിരിയെ കൊണ്ടുവരുവാന്‍ ഈ നടപടി കൊണ്ടൊന്നും കഴിയില്ല. കാരണം അപ്പോള്‍ മോഡിക്ക് യുദ്ധം ചെയ്യേണ്ടി വരിക, തന്‍റെതന്നെ രാഷ്ട്രീയ ശക്തി സ്രോതസ്സുകളോടായിരിക്കും. അതൊന്നും മോഡി എന്നല്ല, ഒരു രാഷ്ട്രീയ നേതാവും ചെയ്യില്ല. അത്രയ്ക്ക് രാജ്യസ്നേഹി അല്ല നമ്മുടെ ഒരു നേതാവും. കോര്‍പ്പറേറ്റു ശക്തികളും കുത്തകകളും വിദേശമൂലധനവും തന്നെയായിരിക്കും മോഡിയെയും നിയന്ത്രിക്കുക.

 സ്ത്രീ സങ്കല്‍പത്തെ കുറിച്ച്...

ഒരു ഒന്നാം കിട മനുഷജീവിയാണ് സ്ത്രീയും. അതംഗീകരിച്ചു കിട്ടുവാന്‍ ഇനി എത്ര നൂറ്റാണ്ടുകള്‍ കൂടി ശബ്ദിക്കേണ്ടി വരും എന്നറിയില്ല.

 കുടുംബം സ്ത്രീവിരുദ്ധമോ...

ഒരുപാടു പറഞ്ഞു കഴിഞ്ഞതാണ് അതേക്കുറിച്ച്. എല്ലാവർക്കും അറിയുന്ന കാര്യമാണ് കുടുംബം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് എന്ന വസ്തുത. സ്വന്തം ജീവിതം ജീവിക്കാതിരിക്കുന്നത് മാത്രം ശീലമാക്കിയിരിക്കുന്ന സ്ത്രീകളാണ് ഇന്ത്യൻ കുടുംബ വ്യവസ്ഥയില്‍ മാതൃകാകുടുംബിനികള്‍..വിജയിച്ച ഒന്നോ രണ്ടോ സ്ത്രീകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇതിനെ എതിര്‍ക്കുവാന്‍ കഴിഞ്ഞേക്കാം. പക്ഷെ വലിയൊരു ബഹുഭൂരിപക്ഷത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഭര്‍ത്താവിന്റെയും മക്കളുടെയും ജീവിതമാണ് അവരുടെ ജീവിതം. അവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊന്നു ചെയ്തില്ലെങ്കില്‍ ആ ദിവസം പാഴായിപ്പോയി എന്ന ചിന്തയാണ് പൊതുവില്‍ അവരെ ഭരിക്കുന്നത്‌.

സ്നേഹിക്കുന്നവരെ വൈകാരികമായി ആശ്രയിക്കുന്നത് തെറ്റൊന്നുമല്ല. പക്ഷെ, സ്വന്തം ഊര്‍ജവും കഴിവുകളും ഊറ്റിക്കളഞ്ഞു കൊണ്ടാകരുതെന്നു മാത്രം. അത് എത്രമാത്രം സങ്കടകരമായ കാര്യമാണ്; ഒരിക്കല്‍ എത്ര പ്രസരിപ്പുള്ളവളായിരുന്നു ഞാന്‍ എന്ന് ആത്മഗതം ചെയ്യുന്ന എത്രയോ വീട്ടമ്മമാരെ നമുക്ക് കാണാന്‍ കഴിയും. സംവാദാത്മകതക്കും സര്‍ഗ്ഗാത്മകതക്കും ഇടം കൊടുക്കുന്ന തരത്തില്‍ വലുപ്പവും വികാസവും പരപ്പും ഉള്ള ഒരു കുടുംബസങ്കല്‍പ്പം ഉരുത്തിരിഞ്ഞു വരുന്നത് വരെ കുടുംബം സ്ത്രീവിരുദ്ധം ആയി തുടരും. തനിക്ക് വീടിനെയല്ല, തന്നെ വീടിനാണ് ആവശ്യം എന്ന് ഒരു സ്ത്രീ തിരിച്ചറിയുന്ന നിമിഷം വളരെ പ്രധാനമാണ്. അപ്പോള്‍ അവള്‍ അധികാരിയാകും. അധികാരമുണ്ടെന്ന തോന്നല്‍ തന്നെ ആത്മവിശ്വാസമാണ്. അതാണ്‌ അധികാരത്തിന്‍റെ ശക്തി.

എന്താണ് ടീച്ചറുടെ രാഷ്ട്രീയം?

books-sarada സോഷ്യൽ മീഡിയയിലൂടെ തെറി പറയുന്നത് ഒരു ശരിയായ വിമര്‍ശന മാര്‍ഗ്ഗമല്ല. അത് ഭീരുവിന്‍റെ, ഏറ്റവും മൂര്‍ച്ച കുറഞ്ഞ ആയുധമാണ്.

അടിസ്ഥാനപരമായി ഒരു ഇടതുപക്ഷ വിശ്വാസിയാണ് ഞാന്‍. പക്ഷെ നമ്മുടെ രാഷ്ട്രീയാവസ്ഥയില്‍, ക്രൂരതയിലും അനീതിയിലും അഴിമതിയിലും എല്ലാ കക്ഷിരഷ്ട്രീയപ്പാര്‍ട്ടികളും തുല്യരാണ്.

സോഷ്യല്‍മീഡിയയുടെ രാഷ്ട്രീയം 

ഏതു മീഡിയ ആയിരുന്നാലും ജനങ്ങളുടെ രാഷ്ട്രീയം ആണ് പ്രതിഫലിപ്പിക്കുന്നത്. അതിനെ ചെറുതായി കാണാന്‍ കഴിയില്ല. ചിലപ്പോഴൊക്കെ ഉപരിപ്ലവമായ ചില വാസനകളെ തൃപ്തിപ്പെടുത്തുന്ന ഇടം മാത്രമായി അത് ചുരുങ്ങിപ്പോകാറുണ്ട് എന്നത് ശരിതന്നെ. വിരുദ്ധാഭിപ്രായം പറയുന്നവരെ ഒതുക്കാനുള്ള ഗുണ്ടാസംഘത്തെ എല്ലാ പാര്‍ട്ടികളുടെയും അണികളായി ഇവിടെയും കാണാം. അവരുടെ അവശതാബോധമാണ് അവരെ കൊണ്ട് തെറി പറയിക്കുന്നത്. തെറി ഒരു ശരിയായ വിമര്‍ശന മാര്‍ഗ്ഗമല്ല. അത് ഭീരുവിന്‍റെ, ഏറ്റവും മൂര്‍ച്ച കുറഞ്ഞ ആയുധമാണ്. കാറ്റിനെതിരെ മലം വാരി എറിയുന്നത് പോലെയാണത്. എറിയുന്നവരുടെ മുഖത്ത് തന്നെ ചെന്ന് വീഴും.

പുതിയ പുസ്തകം?

ഉടനെ ഇല്ല.

ഇഷ്ടപ്പെട്ട പുസ്തകം? ജീവിതത്തെ സ്വാധീനിച്ച വായന?

സാഹിത്യമാണ്  ലോകത്തെ സമൃദ്ധവും സുരക്ഷിതവുമാക്കുന്നത്. അവിടെ ഒരാളുടെ പൗരാവകാശങ്ങള്‍ ഇല്ലാതാകുന്നില്ല. പുസ്തകസുഹൃത്തുക്കളുടെ പ്രിയങ്കരവും സ്നേഹംനിറഞ്ഞതുമായ സംവാദങ്ങളിൽ നിന്ന് അവിടെ ആരും മറ്റൊരാളെ അകറ്റിനിറുത്തുന്നില്ല. ഒരു തരത്തിൽ, താക്കോൽദ്വാരത്തിലൂടെയുള്ള ഒളിഞ്ഞുനോട്ടമാണ് ഓരോ പുസ്തകവും.

അതിലൂടെ കേൾക്കുന്ന ആശയങ്ങൾ, സൂചനകൾ, വ്യംഗ്യോക്തികൾ, അപവാദങ്ങൾ, കുത്തുവാക്കുകൾ, വാഗ്വാദങ്ങൾ, ചിന്തകള്‍,അതിലെ രാഷ്ട്രീയം  തുടങ്ങിയവ നമ്മുടെ വ്യക്തിത്വരൂപീകരണത്തിനും സ്വഭാവവ്യവ്യത്യാസങ്ങൾക്കും  കാരണമാകുന്നു. ദൈനംദിന ജീവിതത്തിൽ സംസാരിക്കുകയും ജോലിചെയ്യുകയും കുട്ടികളെ നോക്കുകയും എല്ലാം ചെയ്യുമ്പോളും നാം നമ്മുടെ മാത്രം ഉള്ളിലുള്ള മറ്റൊരു ലോകത്തിൽ മറ്റൊരുതരം  സംസാരത്തിലും കേൾവിയിലും ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരിക്കും.

വായിച്ച കഥാപാത്രങ്ങള്‍, സംഭവങ്ങള്‍, വിചിത്രമായ ലോകങ്ങള്‍,  ആ രഹസ്യജീവിതത്തിന്‍റെ ഓർമ്മ സദാസമയം വായിക്കുന്നവരുടെയുള്ളിൽ പ്രകാശംപരത്തിക്കൊണ്ട്‌ പൊട്ടിത്തെറിക്കുകയാണ്. ഈ സ്ഫോടനം നമ്മുടെ  വ്യർത്ഥജീവിതത്തിന്‍റെ പോടുകളിൽ  ആശ്വാസത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും വെളിച്ചം വിതറാൻ  സഹായിക്കുന്നു. 

ഒരു പ്രത്യേക ഘട്ടത്തിൽ, തനിക്കു ചുറ്റുമുള്ളവരിൽനിന്ന് അടരാനും, പിളരാനും അതു നമ്മെ സഹായിക്കുന്നു.. സ്വയം സംസാരിക്കുന്നതിന്‍റെ ആവശ്യകത, അനിവാര്യത ഒക്കെ ബോധ്യപ്പെടുത്തുന്നു. ചുറ്റുമുള്ളവരോടുള്ള സംസാരം നിര്‍ത്തി, സ്വന്തം ആത്മാവിനോട് സംസാരിക്കണം. അത് ഏതൊരു വ്യക്തിക്കും പ്രധാനമാണ്. പുസ്തകവായനയിലായിരിക്കുമ്പോള്‍ ഞാനെന്നോടു മാത്രമായി സംസാരിക്കുകയാണ്. വലിയ എഴുത്തുകാരോടോപ്പമായിരിക്കുക എന്നാല്‍ വലിയ ലോകങ്ങളില്‍ സഞ്ചരിക്കുക എന്നാണര്‍ത്ഥം

വായന ഓക്സിജന്‍ ആണ് എനിക്ക്. മത്സ്യം ജലത്തില്‍ നിന്ന് എന്നത് പോലെ പുസ്തകങ്ങളില്‍ നിന്നാണ് ഞാന്‍ ശ്വാസവായു സ്വീകരിക്കുന്നത്. ഇഷ്ടപ്പെട്ട കുറെ അധികം എഴുത്തുകാരും പുസ്തകങ്ങളും ഉണ്ട്. ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളില്‍ ശക്തമായ സ്വാധീനം ആയിരുന്നിട്ടുണ്ട് അവ. ജീവിതം കരകാണാക്കടലില്‍ എന്നത് പോലെ വഴി മുട്ടുമ്പോള്‍ മലയാളത്തില്‍നിന്ന് കുമാരനാശാനെയും വൈലോപ്പിള്ളിയെയും ഇടശ്ശേരിയെയും ബാലാമണിയമ്മയെയും ഞാന്‍ കൂട്ട് വിളിക്കും.

എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരം അവര്‍ പറഞ്ഞു തരും. പണ്ട് വായിച്ചവ ചിലപ്പോള്‍ വീണ്ടും വായിക്കുമ്പോള്‍ പുതിയ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളുമായി അമ്പരപ്പിക്കാറുണ്ട്. സി ജെ തോമസും കുട്ടിക്കൃഷ്ണമാരാരും ആ അര്‍ഥത്തില്‍ എന്നെ ഇപ്പോഴും സ്വാധീനിക്കുന്ന എഴുത്തുകാരാണ്. സി വി രാമന്‍പിള്ള ഭാഷ കൊണ്ടും തകഴി ക്രാഫ്റ്റ് കൊണ്ടും അത്ഭുതപ്പെടുത്തുന്നു. ഈയടുത്ത് മലയാളത്തില്‍ എന്നെ ആകര്‍ഷിച്ച നോവലുകള്‍ സംഗീത ശ്രീനിവാസന്‍ എഴുതിയ ആസിഡ്, പി എഫ് മാത്യൂസിന്‍റെ ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നിവയാണ്.

പി എഫ് മാത്യൂസിന്‍റെ ചാവുനിലം ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വായിച്ചപ്പോള്‍ മാജിക്കല്‍ റിയലിസത്തിനു മലയാളത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന അപൂര്‍വ്വമായ ഒരു മാതൃക എന്ന് തോന്നി. വായനയിലൂടെ ഏതൊക്കെയോ ഇരുണ്ടതും അപരിചിതവും ഭയപ്പെടുത്തുന്നതുമായ നിഗൂഡലോകങ്ങളിലേക്ക് കൊണ്ടുപോയ ആ പുസ്തകം ഒറ്റയിരുപ്പില്‍ മൂന്ന് തവണ വായിച്ചു എന്ന് പറയുമ്പോള്‍ ആലോചിച്ചു നോക്കൂ അത് എന്നെ എത്രമാത്രം അകപ്പെടുത്തിക്കളഞ്ഞു എന്ന്.  മലയാളികള്‍ ഈ എഴുത്തുകാരനെ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. കഥയെഴുതുന്നവരില്‍ നിര്‍മ്മാണത്തിലെ സൂക്ഷ്മത കൊണ്ടും ചാരുത കൊണ്ടും ഉണ്ണി ആറും ഏറ്റവും പുതിയ എഴുത്തുകാരനായ വിനോയ് തോമസും വല്ലാതെ ഇഷ്ടമുള്ള എഴുത്തുകാരായി. ഇപ്പോള്‍ എഴുതുന്ന കവികളില്‍ അന്‍വര്‍ അലി, അനിത തമ്പി, ടി പി രാജീവന്‍, കെ ആര്‍ ടോണി, എസ്.ജോസഫ് എന്നിവരെ വായിക്കാന്‍ ആണ് ഇഷ്ടം.

എഴുത്തുകാരിയായ ഒരു സ്ത്രീക്ക് സമൂഹം നല്‍കുന്നത്..

എഴുത്തുകാരികള്‍ക്ക് അനുകൂലമായ ഒരു ബാഹ്യസാഹചര്യം സമൂഹത്തില്‍ ഉണ്ട് അത് സ്ത്രീവാദ എഴുത്തും പ്രവര്‍ത്തനങ്ങളും കൊണ്ട് വന്ന ഒരു വലിയ നേട്ടമാണ്. മുന്‍പേ പോയ എഴുത്തുകാരികള്‍ കൊണ്ട വെയില്‍ ആണ് ഇന്നത്തെ എഴുത്തുകാരികള്‍ അനുഭവിക്കുന്ന തണല്‍. അപവാദങ്ങളും നുണകളും കൊണ്ട് അവരെ തളര്‍ത്താന്‍ ഇന്ന് എളുപ്പമല്ല. സാമ്പത്തികമായി സ്വയംപര്യാപ്തത നേടിയ ഒരു സ്ത്രീയെ കുടുംബത്തിനും അത്ര പെട്ടെന്നൊന്നും തള്ളിക്കളയാനാകില്ല.ആത്മബോധത്തിലേക്ക് വികസിച്ചു കഴിയുന്ന ഒരുവളെ ഞെരുക്കാന്‍ വീടിനോ അടുക്കളക്കോ എളുപ്പമല്ല. എഴുത്തുകാരിയോ സെലിബ്രിട്ടിയോ ഒന്നും ആകണമെന്നില്ല അതിന്.