ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പ്രമുഖ എഴുത്തുകാരന്‍ അമിഷ് ത്രിപാഠിയുടെ പുതിയ പുസ്തകമായ സീത, വാരിയര്‍ ഓഫ് മിഥിലയുടെ ട്രെയ്‌ലറില്‍ സീതാ ദേവിയുടെ തീര്‍ത്തും വ്യത്യസ്തമായ രൂപമാണ് കാണാന്‍ സാധിക്കുക.കാട്ടില്‍ ദണ്ഡുമായി ആയോധന കല പരിശീലിക്കുന്ന സീത; പരമ്പരാഗതമായി ചിന്തിക്കുന്ന ഒരു സാധാരണ ഇന്ത്യക്കാരന്റെ സങ്കല്‍പ്പങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറത്തുള്ളതാണ് സീതാ ദേവിയുടെ ഇത്തരത്തിലൊരു വശം.
പരമ്പരാഗത ചിന്തകളെ ഭേദിക്കുന്ന പോരാളിയാണ് തന്റെ സീത എന്ന് അമിഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുസ്തകത്തിന്റെ കവര്‍ ചിത്രവും നല്‍കിയത് അത്തരത്തിലുള്ള പ്രതീതി തന്നെയായിരുന്നു. ഇപ്പോള്‍ ട്രയിലറിലും ദൃശ്യമാകുന്നത് അതുതന്നെ.
അമിഷിന്റെ രാമചന്ദ്ര സീരിസിലെ രണ്ടാമത് പുസ്തകമാണ് സീത-വാരിയര്‍ ഓഫ് മിഥില. ആദ്യ പുസ്തകമായ സിയോണ്‍ ഓഫ് ഇക്ഷ്വാക്കുവിലൂടെ വായനക്കാര്‍ അതുവരെ കണ്ടിട്ടില്ലാത്ത ശ്രീരാമനെയാണ് അമിഷ് അവതരിപ്പിച്ചത്. അതിന് മുമ്പ് പുറത്തിറങ്ങിയ ശിവപുരാണത്രയത്തിലെ അമിഷിന്റെ മൂന്ന് പുസ്തകങ്ങളും വന്‍ ഹിറ്റായിരുന്നു.
അമിഷും അലിയ ഭട്ടും ചേര്‍ന്നാണ് ഫേസ്ബുക്കിലൂടെ സീത വാരിയര്‍ ഓഫ് മിഥിലയുടെ ട്രയിലര്‍ പുറത്തിറക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട ദേവിയുടെ പുതുരൂപം കണ്ട ആരാധകര്‍ വന്‍പ്രതികരണമാണ് ട്രയിലറിന് നല്‍കിക്കൊണ്ടിരിക്കുന്നത്.
നമ്മുടെ മനസിലെ വിശ്വാസങ്ങളെ തകര്‍ത്തെറിയുന്ന സീത ഇന്ത്യന്‍ സാഹിത്യത്തില്‍ വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കും. സ്ത്രീ പുരുഷസമത്വത്തിന്റെ സന്ദേശമാണ് പുസ്തകം നല്‍കുന്നതെന്നാണ് അമിഷ് മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പുസ്തകത്തിന്റെ പ്രീഓര്‍ഡര്‍ ആമസോണില്‍ ആരംഭിച്ചിട്ടുണ്ട്.
പുസ്തകങ്ങള്‍ക്ക് ട്രയിലര്‍ ഒരുക്കുക എന്ന നൂതനാത്മകമായ രീതി ഇന്ത്യയില്‍ അവതരിപ്പിച്ചത് അമിഷ് ആയിരുന്നു. അതിന് വന്‍ സ്വീകാര്യതയാണ് അദ്ദേഹത്തിന് മുമ്പ് ലഭിച്ചത്.