നടുറോഡിൽ പശുവിനെ അറുത്ത നടപടിയുടെ രാഷ്ട്രീയം വലിയ വിവാദമായി കത്തിപ്പടരുമ്പോൾ ഒറ്റപ്പെട്ടതെങ്കിലും ശക്തമായി ഉയരുന്നു കഥാകൃത്ത് ടി.പത്മനാഭന്റെ ശബ്ദം. പരസ്യമായി മാടിനെ അറുത്തവർക്കെതിരെ നടപടി അവശ്യപ്പെട്ടിരിക്കുന്നു കഥാകൃത്ത്. കൊലക്കത്തിക്കുമുന്നിൽ ദൈന്യതയോടെ നോക്കുന്ന പശുവിന്റെ ചിത്രം തന്നെ വേട്ടയാടുന്നെന്നു പറഞ്ഞ പത്മനാഭൻ ഇത്തരക്കാരാണ് മാതാപിതാക്കാളെ നടതള്ളുന്നതെന്നും വയോജനനസദനങ്ങളിൽ ഉപേക്ഷിക്കുന്നതെന്നും പറഞ്ഞു. വിഷയത്തിൽ അഭിപ്രായം പറയാൻ തനിക്കുള്ള അർഹത ആരും ചോദ്യം ചെയ്യാതെതന്നെ എഴുത്തുകാരൻ അടിവരയിട്ടു പറയുന്നുണ്ട്. പശുക്കളെയും പൂച്ചകളെയും കാളകളെയും കഥകളിലും ജീവിതത്തിലും സ്നേഹിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണു താൻ. തന്റെ അഭിപ്രായം അധികാരികൾ ചെവിക്കൊള്ളണമെന്ന് അദ്ദേഹം അപേക്ഷിക്കുന്നു.
പരസ്പരം പോരടിക്കുന്ന രാഷ്ട്രീയക്കാർ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രസ്താവനയിറക്കുമ്പോലെയല്ല ടി.പത്മനാഭന്റെ അഭിപ്രായങ്ങൾ. പശുക്കളെ കഥകളിൽ ഏറ്റവുമധികം സ്നേഹിച്ച എഴുത്തുകാരനാണദ്ദേഹം. പശുക്കളെ മാത്രമല്ല നായ്ക്കളെയും പൂച്ചകളെയും കാളകളെയും കുറിച്ച് ഏറെ കഥകൾ എഴുതിയിട്ടുള്ളയാൾ.‘കത്തുന്ന ഒരു രഥചക്രം’ എന്ന ഏറെ പ്രശസ്തമായ കഥ തന്നെ മികച്ച ഉദാഹരണം.
രാത്രി മുഴുവൻ പശുവിന്റെ കരച്ചിലായിരുന്നു. അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞതേയില്ല.....ഈ വരികളിലാണു കഥ തുടങ്ങുന്നത്. ചിലപ്പോൾ വളരെ അടുത്തുനിന്ന്. ചിലപ്പോൾ വളരെ ദൂരത്തുനിന്നും.കിടാവിനെ എങ്ങനെയോ വേർപെട്ടുപോയ തള്ളപ്പശുവിന്റെ അമറലായിരുന്നു അത്. ദിക്കുകളിൽനിന്ന് അത് പ്രതിധ്വനിച്ചുകൊണ്ടിരുന്നു.അപ്പോഴൊക്കെ അയാളുടെ അസ്വസ്ഥതയും കൂടി. ഭാര്യ കൂടെയുണ്ട്. പക്ഷേ അവർ പശുവിന്റെ കരച്ചിൽ കേൾക്കുന്നില്ല. അയാൾക്കു മാത്രം കേൾക്കാവുന്ന വിലാപം.
രാത്രി ഒന്നിലധികം തവണ അയാൾ കിടക്കയിൽനിന്ന് എഴുന്നേൽക്കുന്നു. ജനലരികിൽചെന്നു നോക്കുന്നു.വീടിന്റെ പിറകിലെ കുറ്റിക്കാടുകളിൽ.അപ്പുറമുള്ള വെളിമ്പറമ്പുകളിൽ.തോടിന്റെ കരയിൽ. ഇടതൂർന്ന മുളംകാടുകളിൽ...
അവിടെയെങ്ങാനും ആ പശുവുണ്ടോ ?
മൂന്നോ നാലോ ദിവസമായി ആ പശുവിനെ കാണാതായിട്ട്. അത് അയാളുടെ പശുവല്ല. ഏതോ ഒരു സ്ത്രീയുടെ. ഭാര്യ സമാധാനിപ്പിക്കാൻ പറയുന്നു. പക്ഷേ അയാൾക്ക് അത് ഏതോ ഒരു സ്ത്രീയല്ല. അവരുടെ വീട്ടിൽ സ്ഥിരമായി പാൽ കൊണ്ടുകൊടുക്കുന്ന സ്ത്രീയുടെ പശു. അതിന്റെ പേരിൽ അസ്വസ്ഥനായാൽ നാട്ടുകാർ ഭ്രാന്തനെന്നു വിളിക്കുമെന്നും ഭാര്യ മുന്നറിയിപ്പു കൊടുക്കുന്നു. പക്ഷേ അയാളുടെ മനസ്സിൽ ഇരുട്ടിന്റെ വാതിൽ തുറന്നെത്തുന്ന വെളിച്ചം പോലെ അമ്മയെക്കുറിച്ചുള്ള ഓർമകൾ വന്നുനിറയുന്നു. അമ്മയുടെ കൂടെ അമ്മ പോറ്റിയ പശുക്കളുമുണ്ടായിരുന്നു. യശോദ,നന്ദിനി,ശാരദ.എല്ലാവരും അമ്മയുടെ സ്വന്തം കുട്ടികൾ. അവരെ കറവ വറ്റിയപ്പോൾ അമ്മ വിറ്റില്ല. വയസ്സായപ്പോൾ അറവുകാരനു കൊടുത്തുമില്ല. എന്റെ മക്കളെ ഞാൻ വിൽക്കുമോ എന്നാണമ്മ ചോദിച്ചത്.
വീട്ടിൽ പാൽ കൊണ്ടുവന്നുകൊണ്ടിരുന്ന സ്ത്രീയും അങ്ങനെ ചോദിച്ചില്ലേയെന്ന് അയാൾ വിചാരിക്കുന്നു.
പുലർച്ചെ നാലു മണിക്ക് ആയാൾ നടക്കാനിറങ്ങി. വീടുകൾക്കു ചുറ്റിനുമുള്ള റോഡിലൂടെയായിരുന്നു സ്ഥിരം നടപ്പ്. അന്ന് അയാൾ വഴിമാറി നടന്നു. അണക്കെട്ടിന്റെ മുകളിലൂടെ നടന്ന് കാടിന്റെ ഉള്ളിലേക്ക്. വനപ്രകൃതിയുടെ ഭാഗമായി മാറാനായിരുന്നില്ല യാത്ര. ആ പശുവിനെ അവിടെയെങ്ങാനും കണ്ടാലോ ?
അന്നും പിറ്റേന്നുമൊക്കെ രാവിലെ ചായ ഉണ്ടാക്കാൻ പാലില്ലെന്നു ഭാര്യ പരാതി പറയുന്നുണ്ട്. വേറെ എവിടെനിന്നെങ്കിലും പാൽ വാങ്ങിക്കാമെന്നും അവർ പറയുന്നു. പക്ഷേ...വൈകുന്നേരം മടങ്ങിയെത്താത്ത പശുവിനെയും കാത്ത് വാതിൽക്കൽ നിൽക്കാറുണ്ടായിരുന്നു അമ്മ അയാളുടെ മനസ്സിൽ.വൈകിയിട്ടും എത്തിയില്ലെങ്കിൽ ഒരു ചൂട്ടും കത്തിച്ച് അയാളും അമ്മയും കൂടി പശുവിനെ തിരക്കിനടന്നത്. ഒടുവിൽ കണ്ടുമുട്ടുമ്പോൾ സ്നേഹവും പരിഭവവമൊക്കെ കലർന്ന സ്വരത്തിൽ അമ്മ:ഓ എന്റെ മോളേ..നീ ഞങ്ങളെ ഇങ്ങനെ...
പശുവിനെ അന്വേഷിച്ചുനടക്കുന്ന അയാളോട് ഒരിക്കൽ കാടിന്റെ കാവൽക്കാരൻ ചോദിക്കുന്നുണ്ട്: സാബ് ഇതാരുടെ പശുവാണ് ? എന്റെ പശുവാണ്.എന്റെ..അയാൾ ഉറപ്പിച്ചുപറയുന്നു.
പിറ്റേന്നും രാവിലെ പാലില്ല. പശുവിനെ ഇതുവരെ തിരിച്ചുകിട്ടിയില്ലെന്നു പറഞ്ഞുവന്നു വളർത്തുന്ന സ്ത്രീ. പുതിയൊരു പശുവിനെ വാങ്ങിക്കാൻ അയാൾ പെസ കൊടുക്കാമെന്നു ഭാര്യവശം പറഞ്ഞുനോക്കി. അപ്പോൾ അവർ കരയുകയാണത്രേ. വേറെ പശുവിനെ വാങ്ങില്ലത്രേ.
അയാൾ വീണ്ടും അമ്മയെ ഓർമിക്കുന്നു. അന്യർക്കുവേണ്ടിയും ജീവിതം മുഴുവൻ ഭാരം പേറിയ...അമ്മ നടക്കുമ്പോൾ എപ്പോഴും സത്യം കത്തുന്ന ഒരു വലിയ രഥചക്രം പോലെ ചുറ്റും പ്രകാശംപരത്തിക്കൊണ്ട് അമ്മയുടെ മുമ്പേ...
അന്നു വൈകിട്ട് താൻ താമസിച്ചേ വീട്ടിലെത്തുയെന്നു വിളിച്ചുപറഞ്ഞതിനുശേഷം അയാൾ നടന്നു.പശുവിനെ വളർത്തുന്ന സ്ത്രീയുടെ വീടായിരുന്നു അയാളുടെ ലക്ഷ്യം. വഴി കൃത്യമായി അറിയില്ല. രണ്ടുമുന്നു വഴികൾ പിരിഞ്ഞുപോകുന്ന തിരിവിൽ ഒരു നിമിഷം അയാൾ സംശയിച്ചു നിന്നു.
വൈകുന്നേരത്തെ സൂര്യന്റെ ക്ഷീണിച്ച രശ്മികൾ കനാലിലെ ഒഴുക്കുകുറഞ്ഞ വെള്ളത്തിൽ വീണുകിടന്നു. അയാൾ കനാലിന്റെ കരയിലൂടെ കിഴക്കോട്ടു നടന്നു. അയാളുടെ മുമ്പേ, അയാൾക്കു വഴി കാണിച്ചുകൊണ്ട് കത്തുന്ന ഒരു ചക്രം പതുക്കെ നീങ്ങുന്നുണ്ടായിരുന്നു.