ചറപിറ ചിന്നിതുടങ്ങിയ മഴയ്ക്കൊപ്പം, ഓരോ സ്കൂൾ വർഷാരംഭത്തിനുമൊപ്പം, സ്വന്തം സ്കൂൾകാലത്തിന്റെ ഓർമ്മകൾ മനസ്സിലോടിയെത്താത്ത മലയാളികളുണ്ടാകുമോ? എത്രത്തോളം കാല്പനികതാവിരുദ്ധനാണെങ്കിൽ പോലും സ്കൂൾ ജീവിതത്തിന്റെ ഓർമ്മകളിൽ ചെറുചാറ്റൽമഴപോലെ മനസ്സിനെ കുളിർപ്പിക്കുന്ന എന്തെങ്കിലുമൊക്കെ കാലം എത്ര കഴിഞ്ഞാലും അവശേഷിക്കാറില്ലേ? ഇന്നലെ വരെ അച്ഛനും അമ്മയും വീടും ചുറ്റും കണ്ടു ശീലിച്ച പൂവും പുഴുവും കിളികളുമാണ് ലോകം എന്ന് കരുതിയിരുന്ന ഒരുപറ്റം കുരുന്നുകൾ ലോകത്തിന്റെ വിശലതയിലേക്ക് ആദ്യ ചുവട് വയ്ക്കുന്നു. വീട് എന്നതിൽ നിന്ന് സമൂഹം എന്നതിലേക്കുള്ള ജീവിതപാഠം അവൾ/അവൻ ആദ്യമായി പഠിച്ചുതുടങ്ങുന്നു.
വിദ്യാരംഭദിന ഓർമ്മകളും ചിന്തകളും ഏറ്റവും മനോഹരമായി പങ്കുവയ്ക്കുന്നുണ്ട് ഇടശ്ശേരിയുടെ പള്ളിക്കുടത്തിലേക്ക് വീണ്ടും എന്ന കവിത. ആദ്യമായി സ്കൂളിൽ പോകാൻ ഒരുങ്ങുന്ന കുരുന്നിനെ അമ്മയും അച്ഛനും മുതിർന്ന കുട്ടിയുമൊക്കെ ചേർന്ന് ഒരുക്കുന്നിടത്താണ് കവിത തുടങ്ങുന്നത്. കാലമെത്രകഴിഞ്ഞിട്ടും കാര്യമായ മാറ്റമില്ലാത്ത ഒരു രംഗം വാക്കുകൾ കൊണ്ട് കവി വരച്ചിടുന്നു.
പുത്തനുടുപ്പും പുതിയ ബുക്കും
പുത്തനാം സ്ലേറ്റുമായ് നില്ക്കുവോനെ,
കൈപിടിച്ചിന്നു നീ കൊണ്ടുപോരും
ശോഭനവിദ്യാവിലാസിനിയെ
ജനനം മുതൽ ഓരോ കുഞ്ഞും സ്വഭാവികമായി തന്നെ പ്രകൃതിയിൽ നിന്നും അനുഭവങ്ങളിൽ നിന്നും പഠിച്ചു തുടങ്ങിയ, ഇനി മരണം വരെ അവന് തുടർന്നു കൊണ്ട് പോകേണ്ട അറിവ് നേടുക എന്ന പ്രക്രീയയ്ക്ക് നിയതമായ ഒരു അടിത്തറ നേടാൻ കുരുന്നുകൾ പള്ളിക്കുടത്തിലേക്ക് നീങ്ങുന്നു. അവൻ സ്വയം കണ്ടെത്തിയ പക്ഷികളുടെയും ഉറുമ്പുകളുടെയും ചുറ്റുമുള്ള പ്രകൃതിയുടേയും ലോകം പലപ്പോഴും സാമ്പ്രദായിക വിദ്യഭ്യാസരീതികളുമായി പൊരുത്തപ്പെട്ടു കഴിയുമ്പോൾ അവന് അന്യമായി തീരുന്നു എന്ന സത്യവും കവിയെ വേദനിപ്പിക്കുന്നുണ്ട്.
പോയി നാമിത്തിരി വ്യാകരണം
വായിലാക്കീട്ടു വരുന്നു മന്ദം
നാവിൽ നിന്നെപ്പോഴെ പോയ്ക്കഴിഞ്ഞു
നാനാ ജഗന്മനോരമ്യഭാഷ
സർവലോകവും, സർവ ജീവജാലങ്ങളും അവയുടെ വൈവിധ്യത്തോടെ തന്നെ ഉൾക്കൊള്ളാനുള്ള വിശാലതയല്ലേ വിദ്യഭ്യാസത്തിലൂടെ ലക്ഷ്യം വയ്ക്കേണ്ടത്? നേഴ്സ്, എഞ്ചിനീയർ, ഡോക്ടർ, എല്ലാ വിഷയത്തിനും എപ്ലസ് തുടങ്ങിയ ചെറിയ ചെറിയ ലക്ഷ്യങ്ങളിലേക്ക് എങ്ങനെയാണ് നമ്മുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ ചുരുങ്ങി പോയത്?
വിജ്ഞാനമെന്നു വിളിച്ചുപോരു–
മാത്മാവിനുള്ളൊരസ്വസ്ഥതയെ
ഹാ, വളർച്ചയ്ക്കെഴും വെമ്പലിനെ,
ആ പൂർണ്ണതയ്ക്കുള്ള തേങ്ങലിനെ
തേടിപ്പുറപ്പെടും നിൻ ശിരസ്സിൽ
ചേർക്കുമെന്താശിസ്സപണ്ഡിതൻ ഞാൻ?
കൂടുതൽ അറിയാനുള്ള മനുഷ്യന്റെ ത്വരയെ, വളരുവാനുള്ള വെമ്പലിനെ, പൂർണ്ണതയ്ക്കായുള്ള തേങ്ങലിനെ അതിനെയാണ് വിജ്ഞാനമെന്ന് വിളിക്കുന്നത്. അത് ഓരോ വ്യക്തിയും സ്വയം തിരഞ്ഞ് കണ്ടെത്തേണ്ടതാണ്. സ്വയം ആർജിച്ചെടുക്കേണ്ടതാണ്. സ്വയം തിരച്ചറിഞ്ഞ, ചുറ്റുമുള്ള വ്യത്യസ്ഥതകളെ ഉൾക്കൊള്ളാൻ കഴിയുന്ന വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതിൽ സഹായിക്കുക എന്നതു മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
അതാണ് കവിയുടെ അച്ഛൻ കവിക്ക് നൽകുന്ന ഏക ഉപദേശവും. 'കൈയ്യക്ഷരം നല്ലതാക്കു'. നിന്റെ വ്യക്തിത്വം നീ നല്ലതാക്കു. സ്വയം രൂപപ്പെടുത്തിയെടുക്കു. ഏത് അച്ഛനും വിദ്യ തേടിയിറങ്ങുന്ന മകന് കൊടുക്കാൻ ഉതകുന്ന ഉപദേശം, സ്വയം കണ്ടെത്തു, സ്വയം പുതുക്കു. ഇനി മുമ്പോട്ട് ഉള്ള വഴികൾ മുൾച്ചെടിച്ചാർത്തോ, മുല്ല പൂക്കൾ മൂടിവിരിച്ച വിരികളോ എന്താണെങ്കിലും നിനക്ക് വേണ്ടത് ഉറച്ച ആ വ്യക്തിത്വമാണ്.
നീയെന്തായ്ത്തീരണ,മാമുകുളം
നിന്നിലേ നിന്നു വിരിഞ്ഞിടട്ടേ
ഞാനിതാശംസിക്കാം നീ യഥേഷ്ടം
ജ്ഞാനങ്ങൾ നേടിക്കഴിയുമ്പോഴും
ഈ മനശ്ശോഭയൊത്തീശ്ശരീര–
സ്ഥേമാവഭംഗുരമാകെ നിങ്കൽ
ഓരോ കുട്ടിയും വിദ്യാഭ്യാസത്തിലൂടെ അവനവനെ കണ്ടെത്തട്ടെ, നാളെ എന്തായി തീരണമെന്ന് അവർ സ്വയം തീരുമാനിക്കട്ടെ, എങ്കിലും ഒന്നാശംസിക്കുന്നു വിദ്യ തേടിയിറങ്ങുന്ന ആറുവയസുകാരന്റെ കണ്ണിലെ തിളക്കം, മനസ്സിന്റെ നിഷ്കളങ്കത അതെന്നും അങ്ങനെ തന്നെ തുടരട്ടെ...