വായനയുടെ ആഘോഷമാണ് നാടെങ്ങും. ഈ ആഴ്ചയിലെ നമ്മുടെ വായനയ്ക്ക്, തങ്ങൾ നെഞ്ചോട് ചേർത്തു പിടിക്കുന്ന പുസ്തകം നിർദേശിക്കുകയാണ് പ്രിയ എഴുത്തുകാർ
പാവങ്ങളും ഖസാക്കും
വായന ചെറുപ്പം മുതൽക്കു ഭ്രാന്തമായ ആവേശമായിരുന്ന എന്നെ സ്വാധീനിച്ചതു രണ്ടു പുസ്തകങ്ങളാണ്. ഒന്ന് വിക്ടർ യൂഗോ വിന്റെ ലേ മിസറബിളിനു നാലപ്പാടന്റെ തർജമയായ പാവങ്ങൾ. എലിമെന്ററി സ്കൂളിൽ താഴ്ന്ന ക്ലാസിൽ പഠിക്കുമ്പോൾ ഗുരുനാഥനാണു പുസ്തകം വായിക്കാൻ തന്നത്. എന്റെ ജീവിത വീക്ഷണത്തെ ഏറെ സ്വാധീനിച്ച പുസ്തകമാണ് അത്. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് ഭാഷാ സ്നേഹിയായ ഒരു കഥയെഴുത്തുകാരൻ എന്ന നിലയിൽ ഏറെ വശീകരിച്ച മറ്റൊന്ന്. ഒരു പുതിയ ഭാഷയും ഒരു പുതിയ ലോകവും ഞാൻ ഇവിടെ കണ്ടു. എത്ര തവണ ഈ പുസ്തകം വായിച്ചു എന്ന് പറയാനാവില്ല. പല ഖണ്ഡികകളും ഹൃദിസ്ഥമാണ്. ഖസാക്കിന്റെ ഇതിഹാസം എഴുതിയ ഒ.വി.വിജയനു തുല്യം ഒ.വി.വിജയൻ മാത്രം.
സിദ്ധാർത്ഥ
(ഹെർമൻ ഹെസ്സെ)
‘സിദ്ധാർത്ഥ’ ബോധത്തിലുയർന്നു നിൽക്കുന്നത് ബുദ്ധനായി മാറിയ സിദ്ധാർത്ഥനല്ല ഈ സിദ്ധാർത്ഥൻ എന്നതിനാലും ബുദ്ധനെ ഈ സിദ്ധാർത്ഥൻ കാണുന്നുണ്ട് എന്നതുകൊണ്ടും, മലയാള ഭാഷയ്ക്ക് ആദ്യ നിഘണ്ടു നൽകിയ ഹെർമൻ ഗുണ്ടർട്ടിന്റെ പേരമകനാണ് ഹെർമൻ ഹെസ്സെ എന്നതുകൊണ്ടുംമാത്രമല്ല.
അതിനപ്പുറം, എന്റെ ഗുരു അബ്‌ദുൽ വഹദ് അൽ മല്ലവി എന്ന അറബി ദുബായിൽനിന്ന് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഖത്തറിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ 40 അടി കണ്ടെയ്നറിലായിരുന്നു സ്വന്തം പുസ്തകശേഖരം കയറ്റി അയച്ചത്.
പിന്നീട് അദ്ദേഹത്തെ കണ്ടപ്പോൾ ചോദിച്ചു. ’ഈ മഹാശേഖരത്തിലെ താങ്കൾക്കിഷ്‌ടപ്പെട്ട പത്ത് പുസ്തകം പറയാമോ?’ ഒരു നിമിഷം കാത്തു നിൽക്കാതെ അദ്ദേഹം ആദ്യ പുസ്തകത്തിന്റെ പേര് പറഞ്ഞു– ’സിദ്ധാർത്ഥ.’ അത് എന്റെകൂടി പ്രിയപ്പെട്ടതാണ് എന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷം കണ്ണീരായി പുറത്തുവന്നു. അതെ, സംശയമില്ല, എനിക്കു നിർദേശിക്കാനുള്ള പുസ്തകം സിദ്ധാർത്ഥ തന്നെ.
ലിവിങ് ടു ടെൽ ദ് ടെയ്‌ൽ
(ഗബ്രിയേൽ ഗാർസ്യാ മാർക്കേസ്)
കഥകൾ പറയാനായി ജനിക്കുകയും ജീവിക്കുകയും ചെയ്ത ലാറ്റിനമേരിക്കൻ എഴുത്തുകാരനായ ഗബ്രിയേൽ ഗാർസ്യാ മാർക്ക്വസിന്റെ ആത്മകഥയാണ് ‘ലിവിങ് ടു ടെൽ ദ ടെയ്‌ൽ’. വായനയിൽ പേരയ്ക്കാപ്പൂക്കളുടെ സുഗന്ധം നിറയ്ക്കുന്ന സൃഷ്ടി. സ്മൃതിഭ്രംശങ്ങളുടെയും സങ്കൽപനഗരങ്ങളുടെയും ജിപ്സികളുടെയും ഏകാന്തതയുടെയും എഴുത്തിലൂടെ വായനക്കാരനെ വിസ്മയിപ്പിച്ച ഗാബോയുടെ ഈ അപൂർണമായ ആത്മകഥ ഉന്മേഷം പകരുന്ന വായനയാണ്.
വാഴത്തോപ്പുകളും ബനാനാ ഫാക്ടറിയും കരിമ്പിൻതോപ്പുകളും നിറഞ്ഞ ബാല്യസ്മരണകളിലൂടെ, കൊളംബിയയുടെ രാഷ്ട്രീയ യൗവനത്തിലൂടെ എഴുത്തുകാരനായ രൂപപ്പെടലിലൂടെ സ്വയം അനാവൃതമാവുകയാണ് ഗാബോ. കേണലും കുടുംബത്തിന്റെ കാരണവരുമായ മുത്തച്ഛനാണ് തന്നെ ആണത്തത്തിന്റെയും സാഹസികതയുടെയും ലോകത്തേക്ക് തുറന്നു വിട്ടതെന്നു മാർക്കേസ് പറയുന്നു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലെ കലാലയജീവിതം, കോഫീഹൗസ് സാഹിത്യചർച്ചകൾ, ലാറ്റിനമേരിക്കൻ രാഷ്ട്രീയം, പ്രണയം എന്നിവയൊക്കെയായി ജീവിതത്തിൽനിന്നു കഥകളുടെ മാന്ത്രികത പകരുകയാണ് ഗാബോ. തന്റെ പ്രിയസഖിയായ മേഴ്സിഡസിന് പ്രണയലേഖനമെഴുതിയതിനുശേഷം മറുപടിക്കായി കാത്തിരിക്കുന്നതോടെയാണ് ‘ലിവിങ് ടു ടെൽ ദ് ടെയ്‌ൽ’ അവസാനിക്കുന്നത്.
സോർബാ ദ ഗ്രീക്ക്
(നിക്കോസ് കസാൻദ്‌സാക്കിസ്)
ജീവിതത്തെയും ലാളിത്യത്തെയും ആഘോഷിക്കാൻ എന്നെ പഠിപ്പിച്ച പുസ്തകം. ജീവിതത്തിന്റെയും മാനവരാശിയുടെയും മഹത്തായ പാഠങ്ങൾ ഈ പുസ്തകത്തിന്റെ താളുകളിൽ പറ്റിപ്പിടിച്ചു കിടപ്പുണ്ട്. കാമുകൻ, കഥപറച്ചിലുകാരൻ, സുഹൃത്ത്, നർത്തകൻ, ജീവിതത്തിന്റെ ഓരോ നിമിഷത്തെയും ആഘോഷിക്കുന്ന ഈ പുസ്തകം വായിക്കുന്ന ഏതൊരാൾക്കും സോർബയെപ്പോലെ മഹത്തായ തലത്തിലേക്ക് ഉയരാനാകും. മറ്റൊരാളുടെ കയ്യിലേക്ക് സ്നേഹപൂർവം വച്ചുകൊടുക്കാവുന്ന നോവലാണിത്. പ്രണയത്തോടെ വായിക്കാവുന്ന പുസ്തകം. സോർബയിൽ ഞാൻ മനുഷ്യനെ കണ്ടെത്തി. ഭ്രാന്തനെയും കാമുകനെയും കണ്ടെത്തി. ജീവിതത്തെ ആഘോഷിക്കാൻ സോർബ നിങ്ങളുടെ വായനയെ കാത്തിരിക്കുന്നു.
ഏകാന്തതയുടെ നൂറുവർഷങ്ങൾ’ (ഗബ്രിയേൽ ഗാർസിയ മാർക്കേസ്)
മഹത്തായ എല്ലാ സാഹിത്യ സൃഷ്ടികളും വായനക്കാരനു ജീവിക്കാൻ ഒരു പുതിയ ലോകം സൃഷ്ടിക്കുന്നുണ്ട്. താനിതുവരെ ജീവിച്ചു പോന്നിട്ടുള്ള അപാര ലോകമാണത്. ‘ഏകാന്തതയുടെ 100 വർഷങ്ങൾ’ എന്ന നോവൽ ലോകമെമ്പാടുമുള്ള അനേക ദശലക്ഷം ആളുകൾ വായിച്ചിട്ടുണ്ടാകാം. ഓരോ വായനക്കാരനും അവന്റെ ജീവിതാവബോധം, സങ്കൽപം എന്നിവ അവശേഷിപ്പിക്കുന്നുണ്ട്. പ്രത്യേകമായി ജീവിക്കാനുള്ള ഒരു ആവാസവ്യവസ്ഥ അതു സൃഷ്ടിക്കുന്നുണ്ട്. അതു കൊണ്ടാണു മഹത്തായ സൃഷ്ടിയായി ഈ നോവൽ ഇന്നും വായിക്കുന്നത്.
നോവലിൽ പരാമർശിക്കുന്ന ‘മെക്കാൻഡോ’ എന്ന ഗ്രാമം അതു പിന്നീട് നഗരമായി വികസിക്കുന്നുണ്ട്. ആറുതലമുറയുടെ കഥയാണു നോവലിൽ പറയുന്നത്. ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന നോവലിൽ മനുഷ്യചരിത്രത്തെക്കുറിച്ചുള്ള എഴുത്തുകാരന്റെ പ്രവചന സ്വഭാവമുണ്ട്. കേണൽ അർലിയാനോ തന്റെ അച്ഛനോടൊപ്പം ഹിമക്കട്ട കാണാൻ പോയ വിദൂര സായന്തനം ഓർക്കുകയുണ്ടായി എന്ന നോവലിലെ ആദ്യവാക്യം തന്നെ വളരെ സവിശേഷമായ ഒരു ലോകത്തിലേക്കുള്ള വാതായനമായി നിൽക്കുന്നുണ്ട്. ഒറ്റ വാക്യത്തിൽ ഈ അന്തരം വ്യാഖ്യാനിക്കുകയും ഈ ദേശത്തിലേക്കുള്ള പ്രവേശകമായി മാറുകയും ചെയ്യുന്നുണ്ട്.
ഈ നോവൽ മനുഷ്യാവസ്ഥയുടെ ഇടപെടലുകൾ സവിശേഷമായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്ന ഒരു സവിശേഷ ലോകമുണ്ടാക്കുന്നുണ്ട്. അതാണ് ഈ കൃതിയുടെ മേൻമ.
ആരണ്യകം (ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ)
നൂറായിരം ഇഷ്ട പുസ്തകങ്ങൾക്കിടയിൽ നിന്നും ഒരു പ്രണയിനിയെ മാത്രം തിരഞ്ഞെടുക്കാൻ നിശ്ചയിക്കപ്പെടുമ്പോൾ എന്റെ കൈകളിൽ ആദ്യം എത്തുക ആരണ്യകം എന്ന നോവലാണ് ‘പഥേർപാഞ്ചാലി’യുടെ ഇതിഹാസകാരനായ ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ കാടിന്റെ കഥ. ജൈവപ്രകൃതിയുടെ അനന്ത വൈചിത്ര്യങ്ങളും വൈവിധ്യങ്ങളും ഇങ്ങനെ ഹൃദയഹാരിയായി വരച്ചിട്ട മറ്റൊരു നോവലില്ല. ബംഗാളിലെ വന്യഭംഗിയുടെ സൂക്ഷ്മതകളെല്ലാം അനാവരണം ചെയ്യപ്പെടുന്നു. ഋതുഭേദങ്ങളുടെ പാരിതോഷികങ്ങൾ പോലെ പച്ചപ്രകൃതിയിലെ അവ്യാഖ്യേയമായ കാൽപനിക ഭാവഭേദങ്ങൾ അസാധാരണമായ വൈഭവത്തോടെ വിഭൂതിഭൂഷൺ വരച്ചിടുന്നത് കാണുമ്പോൾ ഞാൻ കാടിനെ അനുഭവിച്ച് കുളിരും.യുഗള പ്രസാദൻ ഒരു ഫലേച്ഛയുമില്ലാതെ കാടിന് പൂക്കാലമുണ്ടാക്കുകയാണ്. കാടിനു ചേരുന്ന പൂമരങ്ങൾ മാത്രമാണ് അയാൾ ലോകം അറിയണമെന്ന ഒരു ആഗ്രഹവുമില്ലാതെ, മറ്റാരുമറിയാതെ വച്ചുപിടിപ്പിക്കുന്നത്. ഒരുകാര്യം ഉറപ്പാണ് വായിച്ചു കഴിഞ്ഞാലും ഈ പുസ്തകം നിങ്ങളുടെ പിന്നാലെത്തന്നെ വരും.
പാവങ്ങൾ(വിക്ടർ യൂഗോ)
അന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. സാമൂഹികപാഠം ക്ലാസെടുക്കാൻ വന്നിരുന്ന ഹരിദാസൻ മാഷ് കുട്ടികൾക്ക് അത്ര പ്രിയപ്പെട്ട അധ്യാപകനൊന്നുമായിരുന്നില്ല. ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. ഉച്ചയ്ക്കു ശേഷമുള്ള ആദ്യ ക്ലാസ്. ഹരിദാസൻ മാഷ് എത്തിയപ്പോൾ പതിവുപോലെ അർധമയക്കത്തിന്റെ ആലസ്യത്തിലായിരുന്നു ഞങ്ങൾ. പുസ്തകമെല്ലാം അടച്ചുവയ്ക്ക്. ഞാൻ നിങ്ങളോട് ഒരുകഥ പറയുകയാണ്. ലോക പ്രശസ്തമായ ഒരു ഫ്രഞ്ച് നോവൽ. വിക്ടർയൂഗോയുടെ ‘പാവങ്ങൾ’.
ക്ലാസെടുക്കുമ്പോൾ അധികം സിദ്ധിയൊന്നും പ്രകടിപ്പിക്കാതിരുന്ന ഹരിദാസൻ മാഷ് കഥപറയുമ്പോൾ അസാധാരണമായ ഒഴുക്കായിരുന്നു. അദ്ദേഹത്തിന്റെ പീരിയഡിനു വേണ്ടി ഞങ്ങൾ കാത്തിരുന്നു. അഞ്ചു ദിവസം കൊണ്ട് അദ്ദേഹം ‘പാവങ്ങൾ’ പറഞ്ഞു തീർത്തു. ക്ലാസ് അവസാനിപ്പിക്കുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞു. ‘ഇപ്പോൾ നിങ്ങൾ കുട്ടികളാണ്. നിങ്ങൾ മുതിരുമ്പോൾ‘പാവങ്ങൾ’ വായിക്കണം. നാലപ്പാട്ട് നാരായണമേനോന്റെ തർജമ.’കാത്തുനിൽക്കാൻ എനിക്ക് ക്ഷമയുണ്ടായിരുന്നില്ല. കരിവെള്ളൂർ പഞ്ചായത്ത് ലൈബ്രറിയിൽ നിന്നു ‘പാവങ്ങൾ’ ഞാൻ വീട്ടിലെത്തിച്ചു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ അഞ്ചുദിവസം കൊണ്ട് ആ മഹത്തായ കൃതി വായിച്ചു തീർത്തു.
ഇതാ ഇപ്പോഴും അതു വായിക്കുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന കൊടുങ്കാറ്റ് വീശിയടിക്കുന്നുണ്ട്. പാവങ്ങൾ ഒരു പുസ്തകവും അതിന്റെ വായനയും മാത്രമല്ല. ഒരു പ്രായപൂർത്തിയെത്തലാണ്. എത്ര തവണ പാവങ്ങൾ വായിച്ചുവെന്ന്, എത്രപേരെക്കൊണ്ട് വായിപ്പിച്ചുവെന്ന് എനിക്കിപ്പോഴും തിട്ടമില്ല. കാണുന്ന ഓരോ കുട്ടിയോടും ‘പാവങ്ങൾ’ വായിക്കണമെന്നു ഞാൻ പറയാറുണ്ട്. വിക്ടർയൂഗോ ആമുഖത്തിൽ എഴുതിയ വരികൾ വായിക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണുനിറയും. ‘ഭൂമിയിൽ എത്രകാലം അജ്ഞാനവും ദാരിദ്ര്യവുമുണ്ടോ അത്രകാലം പാവങ്ങൾ പ്രയോജനപ്പെടും.’
ഖസാക്കിന്റെ ഇതിഹാസം (ഒ.വി.വിജയൻ)
സ്‌കൂൾ ദിനങ്ങളിലെപ്പോഴോ ആണു ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നത്. അതിനു മുൻപേ തന്നെ അതിലെ പല വരികളും പല ഭാഗങ്ങളും മനഃപാഠമായിരുന്നു. സായാഹ്‌ന യാത്രകളുടെ അച്‌ഛൻ സ്‌ഥാനത്തും അസ്‌ഥാനത്തും ഞങ്ങൾ കുട്ടികളുടെ മുന്നിൽ ഉരുവിടാറുള്ള, മന്ദാരത്തിന്റെ ഇലകൾ ചേർത്തു തുന്നിയ ഓർമക്കൂടുകൾ. ഖസാക്കിന്റെ ഇഷ്‌ടവായനകളെ പറ്റി പലരും എഴുതിയത് വായിക്കുമ്പോൾ എന്റെ കൈപ്പിടിയിലെ ചെമ്പകച്ചുരുളുകൾ അവർ തട്ടിച്ചീന്തിയെടുത്ത് കൊണ്ടുപോയി എന്നു ഞാൻ അലോസരപ്പെടുകയും അസൂയപ്പെടുകയും ചെയ്‌തു. പല തവണ വായിച്ചു വായിച്ചു പിന്നെ നീണ്ട വർഷങ്ങളുടെ ഒരിടവേളയിൽ ഞാൻ എന്തുകൊണ്ടോ ഇതിഹാസത്തോടു പിണങ്ങിയിരുന്നു. ഒരിക്കൽ ഒരു തോന്നൽ തോന്നി പൊടിമൂടിക്കിടന്ന താളുകൾ നിവർത്തി. അക്ഷരങ്ങളിൽ നിന്നും കൽപ വൃക്ഷത്തിന്റെ തൊണ്ടുകൾ പെറുക്കിയെടുക്കുന്നതിനിടെ ഒരിക്കൽ എന്തിനോ തലപൊക്കി നോക്കി. ‘ഒ.വി.വിജയൻ അന്തരിച്ചു’ എന്നു മുന്നിലെ ടിവി സ്‌ക്രീനിൽ ഉറുമ്പുകൾ ഇളകി. ഭയചകിതയായി ഞാൻ പുസ്‌തകം അടച്ചു. അതിനു ശേഷം അത് തുറക്കാൻ എനിക്കൊരിക്കലും ധൈര്യമുണ്ടായില്ല, എങ്കിലും ഇന്നും അതെന്റെ പ്രിയ പുസ്‌തകമാണ്.
'ടോട്ടോ- ചാൻ'
(തെത് സുകോ കുറോയാനഗി)
പ്രകാശം പരത്തുന്ന ഒരു പുസ്തകമെന്നാണ് ടോട്ടോ - ചാനെ വിശേഷിപ്പിക്കാനിഷ്ടം. തീവണ്ടിയിലെ പള്ളിക്കൂടത്തിൽ പഠിക്കാനെത്തുന്ന, ജനാലയ്ക്കരികിലെ വികൃതിക്കുട്ടിയെന്ന് അറിയപ്പെടുന്ന ടോട്ടോ ചാൻ. കൊബായാഷി മാസ്റ്റർ എന്ന സ്നേഹ സമ്പന്നനായ അധ്യാപകനും മറ്റ് അധ്യാപകരും റ്റോമോ എന്ന വിദ്യാലയവും ഒരു വികൃതിക്കുരുന്നിനെ സ്വാധീനിച്ച്, സ്വാതന്ത്ര്യം കൊടുത്ത് പിടിച്ചുലച്ച് വ്യത്യാസമുള്ളവരുടെ ഒരു തലമുറ ഉണ്ടാക്കിയെടുക്കുന്നതാണ് ടോട്ടോ ചാന്റെ കഥ. ഇതിലെ 'റ്റോമോ ' എന്ന തീവണ്ടി പള്ളിക്കൂടത്തിലെ ഓരോ ഉത്സാഹവും അവിടത്തെ കുട്ടികളെപ്പോലെ വായനക്കാരേയും സ്വാധീനിക്കും. കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ കൂട്ടുകാർക്ക് സമ്മാനം കൊടുക്കാറുള്ള പുസ്തകങ്ങളിലൊന്നാണ് ടോട്ടോ - ചാൻ. കാരണം, നാം സ്വപ്നങ്ങളിൽ മാത്രം കണ്ടുമുട്ടാറുള്ള ഒരു വിദ്യാലയ ദൃശ്യം ഈ പുസ്തകം കാണിച്ചുതരികയാണ്. ഓരോ മനുഷ്യന്റെ ഉള്ളിലും തന്റെ ഇഷ്ട വിദ്യാലയത്തെക്കുറിച്ചുള്ള ഒരു സങ്കൽപം വളരുന്നുണ്ടാകണം. ടോട്ടോ - ചാൻ അതാണ്. മുതിർന്നവരും കുട്ടികളും നിർബന്ധമായും കഴിച്ചിരിക്കേണ്ട പ്രതിരോധ മരുന്നു കൂടിയാണീ പുസ്തകമെന്നു കൂടി പറഞ്ഞു വയ്ക്കാതെ വയ്യ.
ആരോഗ്യനികേതനം
(താരാശങ്കർ ബാനർജി)
എന്റേതല്ലാതെ ഞാൻ ജീവിച്ച ജീവിതങ്ങൾ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ആധികൊള്ളിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്. പക്ഷെ അതിൽ നിന്നെല്ലാം വേറിട്ട് ഒരു ജീവിതം എന്റെ ജീവിതത്തെ ഒരു കോടതിയിലെന്നപോലെ വിചാരണ ചെയ്യുകയും ഒരു അൽത്താരയ്ക്കുമുൻപിലെന്ന പോലെ പ്രാർഥനാനിരതമാക്കുകയും ഒരു വൈദ്യശാലയിലെന്നപോലെ ശുശ്രൂഷിക്കുകയും ചെയ്തു. എന്റെ കാമനകൾ, രുചികൾ, ആഹ്ലാദങ്ങൾ, വേദനകൾ, സഞ്ചാരങ്ങൾ, തിരഞ്ഞെടുപ്പുകൾ എല്ലാം തന്നെ ജനനം മുതൽ വളർന്നുകൊണ്ടിരിക്കുന്ന എന്നിലെ മരണത്തിന്റെ പിംഗലകേശങ്ങളാണെന്ന തിരിച്ചറിവുതന്നതും ആ ജീവിതമാണ്. അത് ഒരു ബംഗാൾ ഗ്രാമത്തിലെ പഴയ വൈദ്യശാലയിലും പരിസരത്തും നിർമമനായി നടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ജീവൻ മശായിയുടെ ജീവിതമാണ്. ആരോഗ്യനികേതനത്തിലെ ജീവിതമാണ്.
കരമസോവ് സഹോദരന്മാർ
(ദസ്തോവിസ്കി)
മരിച്ചുകഴിഞ്ഞാൽ ചിതയിൽ ശ്വാസം ഉപേക്ഷിച്ച് പോയ ഉടലിൻമേൽ കരമസോവ് സഹോദരന്മാരെ വച്ച് എന്നെയടക്കം ചെയ്യണം എന്ന് ഇടയ്‌ക്കിടെ പറയാറുള്ള ഒരു വലിയ മനുഷ്യനുണ്ട്. അദ്ദേഹത്തിൽ നിന്നാണ് ദസ്തോവിസ്കിയെയും കരമസോവ് സഹോദരന്മാരെയും ഞാൻ ആദ്യമായി കേൾക്കുന്നത്. മരണത്തോടൊപ്പം കൊണ്ടുപോകാൻ വ്യാമോഹിപ്പിക്കുന്ന എന്തു നിഗൂഢതയാണ് കരമസോവിലുള്ളതെന്ന് അപ്പോഴൊക്കെ ആലോചിക്കാറുണ്ടായിരുന്നു. പക്ഷേ ഞാൻ കരമസോവിനെത്തേടിപ്പോയില്ല.
കണ്ണൂരിൽ ജോലി ചെയ്യവെയാണ് കരമസോവ് വാങ്ങിയത്. വർഷങ്ങൾ കഴിഞ്ഞ് കോഴിക്കോട് വച്ച് ജീവിതം അരക്ഷിതമായി നീണ്ടുപോകവെയാണ് വായിക്കാനെടുത്തത്. ആത്മനിന്ദയുടെ മണലാരണ്യത്തിൽ ഒറ്റയായിപ്പോയ നേരങ്ങളിൽ കരമസോവ് ഞാൻ കയ്യിലെടുത്തത് എന്തുകൊണ്ടാണെന്നറിയില്ല. വായിച്ചുതുടങ്ങിയപ്പോൾ ഉള്ളിൽ ഒരു വെളിച്ചം തെളിഞ്ഞുവരുന്നത് അറിയുന്നുണ്ടായിരുന്നു. അത്രമാത്രം ഉള്ളിൽ വീണ് വായിപ്പിച്ച പുസ്‌തകങ്ങളിലൊന്നായി കരമസോവ്. എന്റെ ബോധമണ്ഡലത്തെ അടിമുടി പുതുക്കിയെഴുതിയ നോവൽ. വൈയക്തികമായ അപമാനവും അവഗണനയും ആത്മനിന്ദയും പാപവും നിസ്സാരവും നിസ്സംഗവുമാണെന്ന് തീർപ്പുകൽപിച്ച മഹദ്‌ഗ്രന്ഥം. വേട്ടയാടപ്പെടുന്ന ജീവിതങ്ങൾക്ക് സാന്ത്വനത്തിന്റെ മറുകരയായി നിൽക്കുന്ന എഴുത്ത്. നമ്മൾ അത്രമേൽ ഹതാശരായി, ചേർന്നുനിൽക്കാൻ ഒന്നുമില്ലാതെ അലയുന്ന വേളകളിൽ കൂടെ നിൽക്കുന്ന ജീവിതവും ദർശനവും കടലോളം കരമസോവിലുണ്ട്. ഏതു പുണ്യവാനിലും ഒരു പാപിയുണ്ടെന്നും ഏതു പാപിയിലും ഒരു പുണ്യവാനുണ്ടെന്നും തിരിച്ചുംമറിച്ചുമിടുന്നു കരമസോവ്.