കലയിലും അനാഥമാകലുണ്ട് എന്ന് ഓർമ്മിപ്പിക്കുന്ന മരണമായിരുന്നു കാവാലം നാരായണ പണിക്കരുടേത്. കവിതയെ കാഴ്ചയുടെ മാധ്യമത്തിലേക്ക് വളർത്തിയെടുത്ത്, കവിത 'കാണാനു'മാകുമെന്ന് നമ്മുടെ ഭാവുകത്വത്തെ പുതുക്കിപ്പണിത ധിഷണാസാന്നിദ്ധ്യം നിശബ്ദമായിട്ട് ഒരു വർഷം. അയ്യപ്പപണിക്കരുടെയും കടമ്മനിട്ടയുടെയും കവിതകളെ ദൃശ്യവത്കരിക്കുന്നതിലൂടെ 'ചൊൽക്കാഴ്ച' എന്ന നവീനവിചാരമണ്ഡലം തുറന്നിടുകയായിരുന്നു കാവാലം. അവിടെ നിന്നുള്ള വികാസ പരിണതിയാണ് 'തനതുനാടക'മായി തുറന്നുവന്നത്. നാടൻ ഈണവും താളവും, നിറവും മണവും തനത് നാടകത്തിന് വളക്കൂറുള്ള പരിസരം ഒരുക്കി.
നാടകം കളിക്കുന്ന ഇടത്തിന്റെ പുനരാഖ്യാന സാധ്യത പരമാവധി ഉപയോഗിക്കുക എന്ന പരീക്ഷണമെന്ന് ടാഗ് ചെയ്തപ്പോൾ, അങ്ങനെ ഒരു തരം പരീക്ഷണവും താൻ നടത്തുന്നില്ല മറിച്ച് നമ്മുടെ ചരിത്രപരമായ കലാപൈതൃകത്തിന്റെ മണ്ണിൽ ഉറച്ച ചുവടുകൾ വയ്ക്കുക മാത്രമാണെന്ന് കാവാലം ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആ വലിയ നാടക പരിസരമാണ് പെട്ടെന്ന് ശൂന്യമാക്കപ്പെട്ടത്.
മനുഷ്യൻ ഉള്ളിടത്ത് നാടകം ഉണ്ടായിരിക്കുമെന്നും അവിടെ അതിന്റെ വേരുകൾ ഉണ്ടായിരിക്കുമെന്നും ആ വേരുകളിൽ പദമൂന്നി കിളിർക്കുവാൻ സ്വത്വാവിഷ്കാര സാധ്യത ഉണ്ടായിരിക്കുമെന്നും തിരിച്ചറിഞ്ഞ് നിലകൊണ്ടതിനാലാണ്, അതിൽ നിറഞ്ഞ് ആടിയതിനാലാണ് ആ ഒഴിവിലേക്ക് പകരം വെയ്ക്കാൻ സ്വത്വം ഇല്ലാതെ കലാലോകം ഉഴറുന്നത്.
അദ്ദേഹം ആഴ്ന്നിറങ്ങി പരതിയ പുസ്തകങ്ങൾ, അവയിൽ കുറിച്ചിട്ടതും കൊരുത്തെടുത്തതുമായ ചിന്തകൾ, പകർന്നാട്ടത്തിനായി ഒരുക്കൂട്ടിയിരുന്ന കവിത, നാടകം. പഴമയിൽ തട്ടിചിതറിച്ച് പുതുക്കിയെടുത്ത ശീലുകൾ, ഈണങ്ങൾ. വാക്കുകൾ വിളക്കുന്നതിൽ കാണിച്ചിരുന്ന ശാഠ്യം, കവിതയിൽ കയറ്റി വിട്ടിരുന്ന ഇമേജറികൾ അങ്ങനെ പലതും കാവാലം അരങ്ങൊഴിഞ്ഞതോടെ അനാഥമായി. കാവാലം പടിയിറങ്ങി മറഞ്ഞത് സ്വന്തം വീട്ടിൽ നിന്ന് മാത്രമല്ല. മലയാളത്തിന്റെ എഴുത്തിടങ്ങളിൽ നിന്നുകൂടിയാണ്.
കാവാലം കവിതകളുടെ അന്തസത്തയെ പൂർണ്ണമായി ഉൾക്കൊള്ളും വിധത്തിൽ ഈണം നൽകി ആലപിച്ചിട്ടുണ്ട് കാവാലം നാരായണ പണിക്കരുടെ മകനും പ്രശസ്ത സംഗീതജ്ഞനുമായ കാവാലം ശ്രീകുമാർ. അച്ഛനെകുറിച്ച് ശ്രീകുമാറിന്റെ ഓർമ്മകളും, മകന്റെ ശബ്ദത്തിൽ, ഈണത്തിൽ അച്ഛന്റെ ഏതാനം കവിതകളും
അച്ഛനെകുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്നത്
എപ്പോൾ ആവശ്യപ്പെട്ടാലും എനിക്ക് പാട്ടുകൾ എഴുതിതരുന്ന അച്ഛനാണ് ആദ്യം ഓർമ്മയിലെത്തുന്നത്. ചെറുപ്പം മുതൽ പാട്ട് കംമ്പോസ് ചെയ്യാനായിരിക്കുന്നത് അച്ഛനൊപ്പമാണ് . മൂകാബികയിൽ ഒക്കെ പോകുമ്പോൾ ഞാൻ അവിടെ വെച്ചു തന്നെ അച്ഛനെകൊണ്ട് പാട്ടുകൾ എഴുതിക്കും. അവിടെ വെച്ച് ഈണം നൽകിയിട്ടുള്ള കുറെ ഗാനങ്ങളുണ്ട്.
ഏറ്റവും ഇഷ്ടപ്പെട്ട അച്ഛന്റെ കവിത
അച്ഛന്റെ മരണശേഷം കുറെയേറെ കവിതകൾ എടുത്ത് പാടിയിട്ടുണ്ട്. അടുത്തകാലത്ത് പാടിയതിൽ വാവുബലി എനിക്കിഷ്ടപ്പെട്ട കവിതയാണ് വിൽക്കാനുണ്ടിവിടം, ചുണ്ടെലിതെയ്യങ്ങൾ എന്നിവയൊക്കെ ഇഷ്ട കവിതകളാണ്.
അച്ഛന്റെ അച്ചടിക്കാത്ത രചനകൾ
കവിതകളെല്ലാം അച്ചടിക്കപ്പെട്ടിട്ടുണ്ട്. അച്ചടിക്കപ്പെടാത്തതായുള്ളത് അച്ഛൻ എഴുതിയ പാട്ടുകളാണ്. സെമിക്ലാസിക്കൽ പാട്ടുകൾ ഉണ്ട്, വടക്കത്തിപെണ്ണാളെ പോലെ പ്രശസ്തമായ പാട്ടുകളുണ്ട്. ഇത്തരം പാട്ടുകൾ അച്ചടിക്കപ്പെട്ടിട്ടില്ല.
കാവാലം ശ്രീകുമാർ ഈണം നൽകി ആലപിച്ച കാവാലം നാരായണപണിക്കരുടെ കവിതകളിൽ ചിലത്–
വാവുബലി (13–10–1985)
ആചാരങ്ങളെ കുറിച്ച്, വിശ്വാസങ്ങളെ കുറിച്ച് മേൽകീഴ് ബന്ധങ്ങളെ കുറിച്ച് ഏറ്റവും ലളിതമായി എന്നാൽ പറയേണ്ടതെല്ലാം അതിശക്തമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു ഈ കവിതയിൽ...
കർക്കിടകത്തിൽ കറുത്ത വാവുന്നാൾ
കാലപിശാചിൻ പിണിയൊഴിച്ച്
അനലും കനലും ചിതറിക്കൊണ്ട്
തിരുവല്ലത്താറ്റുബലിക്കടവിൽ
നിങ്ങളെക്കാണാൻ ചത്തിട്ടും ചാകാത്ത
ചത്തവരെത്തുന്നുണ്ടേ
........
നാടുവാഴുന്നവർ, വാഴ്്വെന്ന നിസ്സാര
നാടകമാടാൻ പണിപ്പെടുന്നോർ
നാൽക്കാലുലകം നടത്തുവോർ, നാക്കില്ലാ–
നാട്ടാരെ ചാകാൻ വിടാത്ത വർഗ്ഗം
.........
അന്യോനം വെട്ടി നശിക്കുവാനുണ്ടാക്കു–
മുന്നം പിഴച്ച യുഗ ധർമ്മങ്ങൾ
......
എന്നിങ്ങനെ നീളുന്ന വരികളിൽ വാക്കും യാഥാർത്ഥ്യങ്ങളും കവിതയും നന്നായി മുറുകി ഊറി സത്തയിൽ എത്തുന്നത് കാണാം.
ചുണ്ടെലി തെയ്യം (1–7–1977)
എടയെട ചുണ്ടെലി
കറുത്തപൂടയിട്ട
കണ്ടകകരണ്ടകച്ചുണ്ടെലി എന്നിങ്ങനെ തുടങ്ങുന്ന കവിത ശക്തമായ ഒരു ഹാസ്യ വിമർശമാണ്.
പണ്ടൊരു നാൾ കൊതുകിനെ ഞാൻ
നിദ്രയിൽനിന്നു നടുങ്ങിക്കൊണ്ടു
പിടിച്ചു നിറുത്തി ചോദിച്ചീച്ചോദ്യം
കൊതുകേ നിന്റമ്മേ കെട്ടിയതാരാടാ?
എന്നിങ്ങനെ ഉപദ്രവകാരികളായ സകല ജീവികളിലേക്കും മനുഷ്യരിലേക്കും കവി ഈ ചോദ്യമെറിയുന്നെങ്കിലും ശല്ല്യമെന്ന് തോന്നുമ്പോൾ താനുമൊരിക്കൽ തള്ളപ്പെടുമെന്ന നിഗമനത്തിൽ കവി എത്തുന്നു.
വേലൻ വേലു (07–04–1982)
പോക്കില്ലാപ്പോക്കിരിയോ,
നേർക്കെത്താപ്പീക്കിരിയോ,
ശത്രുത പൂണ്ടേതെമ്പോക്കി–
യെതിർത്ത് വരുന്നെന്നോർക്കാതെ
ചിരിച്ചെതിരേ കാൺമോരെ
സ്വന്തം മിത്രങ്ങൾ കണ–
ക്കെതിരേൽക്കുമ്പോ–
ളവരിട്ട മുഖം മൂടികളിൽ
കത്തിയ പുഞ്ചിരി പിച്ചിച്ചീന്തും മട്ടിൽ–
പ്പറകൊട്ടിച്ചകൃത ചകിച്ചു
വേലൻ വേലു
.....
എന്നിങ്ങനെ ചിരിയിലൊളിപ്പിച്ച കപടതകളെയെല്ലാം നിർവീര്യമാക്കുന്നുണ്ട് ഈ കവിതയിൽ കവി
ആപ്പേം ഊപ്പേം (13–09–1981)
എടവപ്പാതിക്കെടമുറിയാണ്ട്
വെള്ളം ചെരിച്ചേ
ചെരിഞ്ഞും വളഞ്ഞും നിന്ന
മാനം പൊലയൻ
അവനങ്ങാ മേലേനിന്നു
മടമുറിക്കുന്നേ
കെട്ടിനിന്ന വെള്ളം മുഴുക്കനെ–
ത്തേവിവിടുന്നേ
.......
ആർത്തലച്ചുപെയ്യുന്ന മഴയുടെ താളത്തിൽ, സുഖത്തിൽ വായിക്കാവുന്ന അല്ലെങ്കിൽ ചൊല്ലിപോകാവുന്ന കവിതയാണ് ആപ്പേം ഊപ്പേം. കാവാലത്തിന്റെ പല കവിതകളിലെന്നപോലെ പ്രകൃതിയും മനുഷ്യരും ജീവജാലങ്ങളുമെല്ലാം ഈ കവിതയുടെ ഭാഗമാണ്.
അച്ഛനെ കുറിച്ച് കാവാലം ശ്രീകുമാറിന്റെ ഓർമ്മകുറിപ്പ്
അച്ഛൻ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. തിരുവല്ലത്ത് ആണ്ടുബലിയർപ്പിച്ച് ഒറ്റക്ക് പുറത്തേക്കിറങ്ങുമ്പോൾ കുറേ ഓർമ്മകൾ മനസ്സിലേക്കോടിയെത്തി.
തീരെ കൊച്ചിലെ ആലപ്പുഴയിൽ താമസിക്കുന്ന കാലത്ത്, അച്ഛൻ ദൂരയാത്ര കഴിഞ്ഞ് വൈകി വീട്ടിൽ വരാറുള്ളപ്പോൾ കൊണ്ടു വന്നിരുന്ന കാഡ്ബറിയും കാത്ത് കൊതിച്ചിരുന്ന കാലം... പിൽക്കാലത്ത് വീട്ടിലും അടുത്തുള്ള സ്കൂൾ അങ്കണത്തിലും മറ്റുമായി നടന്ന നാടക പരിശീലനങ്ങൾ....അതു കണ്ടും കേട്ടും വളർന്ന കാലം.....
ആദ്യത്തെ നാടകമായ സാക്ഷി, തിരുവാഴിത്താൻ തുടങ്ങി തനത് സങ്കൽപ്പത്തിലുള്ള ആദ്യ നാടകമായ ദൈവത്താർ... പിന്നീട് തിരുവനന്തപുരത്ത് താമസമാക്കിയതിനു ശേഷമുള്ള അവനവൻ കടമ്പയും, തുടർന്നുള്ള സംസ്കൃത നാടകങ്ങളും ഒക്കെ എന്റെ സംസ്കാരത്തെയും, സ്വഭാവത്തെയും, സംഗീതത്തെയും ഏറെ സ്വാധീനിച്ചിരുന്നു. മോഹിനിയാട്ടത്തോടും സോപാന സംഗീതത്തോടുമുള്ള അച്ഛന്റെ അഭിനിവേശം: അതിനു വേണ്ടി പല നർത്തകരുമായിട്ട് പ്രവർത്തിക്കുവാനും അവർക്കു വേണ്ടി അച്ഛന്റെ രചനകൾ പലതും ചിട്ടപ്പെടുത്തുവാനും സാധിച്ചത് എന്റെ സംഗീതത്തിനു മൂർച്ച കൂട്ടുവാൻ വളരെ അധികം സഹായിച്ച ഘടകങ്ങളാണ്.
വളരെ കുട്ടിക്കാലം മുതൽ അച്ഛനും ദക്ഷിണാമൂർത്തി സ്വാമിയും തമ്മിലുള്ള കമ്പോസിങ് വേളകൾ അടുത്തു കണ്ടും കേട്ടും അറിയാൻ സാധിച്ചത് പിൽക്കാലത്ത് എനിക്ക് വളരെ പ്രചോദനമേകിയ കാര്യമാണ്. അച്ഛന്റെ നിമിഷ രചനക്ക് സ്വാമിയുടെ അനായാസമായ ഈണം നൽകൽ എനിക്കൊരത്ഭുതമായിരുന്നു. 72 ൽ ആദ്യമായ് മൂകാമ്പികയിൽ അഛനോടും മറ്റ് രണ്ട് സുഹൃത്തുക്കളോടുമൊപ്പം പോയത് മറ്റൊരു കുളിർമ്മയുള്ള അനുഭവമാണ്. അവിടെ നടയിലിരുന്ന് അച്ഛൻ കീർത്തങ്ങൾ എഴുതിയതും അവിടെ ഇരുന്ന് തന്നെ ചിട്ടപ്പെടുത്തി എനിക്ക് പാടുവാൻ സാധിച്ചതും ഒക്കെ സംഗീത ജീവിതത്തിലെ ഏറ്റവും പുണ്യമായി കരുതുന്നു. ആ സന്നിധിയിൽ പിറന്നു വീണ 'ഏകമയം ഏകാന്ത സുന്ദരം തായേ നിൻ തൃമധുരം, ഹ്രീം മന്തകണികേ, സംഗീത രസികേ മൂകാമ്പികേ' തുടങ്ങിയ കീർത്തനങ്ങൾ പിന്നീടുള്ള മൂകാമ്പികാ യാത്രകളിലും എന്നെ ആനന്ദിപ്പിച്ചിരുന്നു.
ഏറ്റവും അവസാനം ആശുപത്രിക്കിടക്കയിൽ വെച്ച് എഴുതി തന്ന 'സായി രാമ ജപ ധ്യാനമേ കരണീയം ' എന്റെ മകൻ കൃഷണ നാരായണനെ കൊണ്ട് പാടിപ്പിച്ച് കേട്ടപ്പോഴുള്ള അച്ഛന്റെ സന്തോഷം ഓർക്കുന്നു.
ഇനിയും കീർത്തനങ്ങളോ ഗാനങ്ങളോ എഴുതിത്തരാൻ അഛനില്ലാ എന്നത് മറ്റ് സങ്കടങ്ങളേക്കാളുപരി എന്നിൽ നിറഞ്ഞു നിൽക്കുന്നു. എന്നും കർമ്മ പഥത്തിൽ വഴികാട്ടിയായി ആ വിളക്ക് ജ്വലിച്ചു നിൽക്കും എന്ന പരിപൂർണ്ണ വിശ്വാസത്തോടെ ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.. (ശ്രീകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്)
ഗ്രാമീണ തനിമയിൽ ഭാഷയുടെ ഭംഗിയെ ആവോളം ആവാഹിച്ച കാവലത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ, അദ്ദേഹം തന്നുപോയ ജീവൻ തുടിക്കുന്ന രചനകൾക്കുമുമ്പിൽ പ്രണാമം.