വെള്ളിത്തിരയ്ക്കകത്തും പുറത്തും മലയാള സിനിമയെ കൈയ്യടക്കിയ ആണ്‍അധികാരങ്ങൾക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി പ്രതിഷേധം രേഖപ്പെടുത്തി. എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ അനുവദിക്കില്ലെന്ന് ശാരദക്കുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു. യുവ നടിക്കെതിരെ ഉണ്ടായ അക്രമം താരസംഘടന ചർച്ചയ്ക്കെടുക്കാത്തതും ആരോപണവിധേയർക്കുള്ള സംഘടനയുടെ പിന്തുണയും വിമർശനങ്ങൾക്ക് കാരണമായിരുന്നു. സിനിമാ മേഖലയിൽ നിലനിൽക്കുന്ന നീതികേടുകൾക്കെതിരെ മംഗലശ്ശേരി നീലകണ്ഠന്റെ അഹന്തയുടെ മുഖത്ത് ഭാനുമതി ചിലങ്ക വലിച്ചെറിഞ്ഞതു പോലെ എല്ലാ കലാകാരികളും പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്ത ശാരദക്കുട്ടി വിമൻസ് കലക്ടീവിന് ആശംസയും നേർന്നു. ശാരദക്കുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ –
"എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ ഞാൻ അനുവദിക്കില്ല. അതുകൊണ്ടു മലയാള സിനിമയ്ക്കോ ആണഹന്തക്കോ ഒരു പുല്ലും സംഭവിക്കില്ല എന്നെനിക്കറിയാം. പക്ഷെ എനിക്കുണ്ടല്ലോ ഒരു ആത്മാഭിമാനം.അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയല്ലേ പറ്റൂ. ദേവാസുരത്തിൽ ഭാനുമതി മംഗലശ്ശേരി നീലാണ്ടന്റെ അഹന്തയുടെ മുഖത്ത് വലിച്ചെറിഞ്ഞ ആ ചിലങ്ക കലാകാരികൾ, ഒന്നടങ്കം ചെയ്യാൻ തയ്യാറാകുന്ന കാലത്തേ ഈ ധാർഷ്ട്യം അവസാനിക്കൂ. കണ്ണകി പറിച്ചെറിഞ്ഞ മുലയുടെ വിസ്ഫോടന ശക്തി ഒരു പുരമൊന്നാകെ ചാമ്പലാക്കിയത് വെറും ഐതിഹ്യമല്ല. വിമൻസ് കലക്ടീവിന് അത് കഴിയട്ടെ. കഴിയണം. ആ വരിക്കാശ്ശേരി മനയുടെ തിരുമുറ്റത്ത് കാലിന്മേൽ കാൽ കയറ്റിയിരിക്കുന്ന പ്രഭുത്വമുണ്ടല്ലോ, അത് നമ്മുടെ കൂടി ചില്ലറയുടെ ബലത്തിലാണ് നെഗളിക്കുന്നത് എന്ന വലിയ തിരിച്ചറിവ് അത്യാവശ്യമാണ്. ഞങ്ങളുടെ തിരക്കഥ എഴുതുന്നത് രഞ്ജിത്ത് അല്ലാത്തത് കൊണ്ട് ഭാനുമതിയുടേത് പോലെ ഒരു മടങ്ങി ചെല്ലൽ സാധ്യവുമല്ല."
എഴുത്തുകാരി തനുജ ഭട്ടതിരിയും ഡബ്ബിംങ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മിയും വിഷയത്തോട് ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. ഒരു പെണ്ണിനെയും അവളുടെ സമ്മതമില്ലാതെ ഒന്നു തൊടാൻ പോലും സാധിക്കാത്ത കാലം വരണം. ഭാര്യയായാലും ശരീരം വിൽക്കുന്നവളായാലും അത് അങ്ങനെ തന്നെയാവണം എന്ന് തനുജ ഭട്ടതിരി ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയിലെ സ്ത്രീസംഘടനകൾക്കുള്ള പിന്തുണ തനുജയും വ്യക്തമാക്കുന്നുണ്ട് തനുജയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം–
"ഒരു സാധാരണ മലയാളി, സിനിമ ലോകവുമായി ബന്ധപ്പെട്ട വിവാദത്തിൽ, അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ സംഭവ വികാസങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു. നടനാണോ കുറ്റവാളി അതോ അയാൾ നിഷ്കളങ്കനോ! ഒരു കൂട്ടരുടെ വാർത്ത വായിക്കുമ്പോൾ നടനെ ഇപ്പാൾ അറസ്റ്റ് ചെയ്യുമെന്ന് തോന്നും. പിന്നെ ചിലവവായിക്കുമ്പോൾ അയ്യോ പാവം, എന്നും .രണ്ടിലൊന്നറിഞ്ഞാൽ ഒന്നുറങ്ങാമായിരുന്നു എന്ന മട്ടിൽ ടിവിക്കു മുന്നിൽ പൊതു ജനം, ! നടന്റെ കാര്യത്തിൽ ഇങ്ങനെ ആണെങ്കിൽ അവഹേളനം സഹിച്ച നടിയുടെ കാര്യത്തിൽ പെതുവെ ആർക്കും കൂടുതൽ ഒന്നും പറയാനില്ല. "വല്ലാത്ത ചെയ്ത്തായി പോയി അത് താനായിരുനുന്നെങ്കിലോ" എന്നോർത്ത് സ്വബോധമുള്ള ഓരോ പെണ്ണും നടുങ്ങി. എന്നിട്ടും ഇതുവരെ ഒന്നും തെളിഞ്ഞില്ല. വീണ്ടും നടൻ നടത്തിയ പ്രകോപനപരമായ ചില വാക്കുകൾ, സിനിമാ രംഗത്തെ പ്രമുഖർ നടത്തിയ അഭിപ്രായങ്ങൾ ഒക്കെ കേസിനെ സജീവമാക്കി. കേരളം മുഴുവനും, മലയാളികൾ എവിടെയുണ്ടോ അവിടെയൊക്കെ ഒറ്റക്കും തെറ്റയ്ക്കും ഈ വിഷയം ചച്ച ചെയ്തു. സിനിമാക്കാരുടെ സംഘടനയായ അമ്മ വിഷയം സ്വയം അവതരിപ്പിക്കുകയും സജീവ ചർച്ച നടത്തുകയും, ചില ഉറച്ച തീരുമാനങ്ങളിലെത്തുകയും വേണമായിരുന്നു. അമ്മയുടെ ഈ യോഗത്തിൽ ഇത് ചച്ച ചെയ്യണമെന്ന് അതിലെ അംഗങ്ങളായ ഓരോ സ്ത്രീകളും ആഗ്രഹിച്ചിരുന്നിരിക്കണം. ആര് ചെയ്തതാണെങ്കിലും ഇനി ഒരു സ്ത്രീക്ക് ഇതനുഭവിക്കാനുള്ള ദുര്യോഗം ഉണ്ടാകാതിരിക്കാൻ അത് സഹായിക്കുമായിരുന്നു. സുരക്ഷ തുടങ്ങുന്നതും ഒടുങ്ങുന്നതും മനസ്സിലാണല്ലോ ആ ഒരു ധൈര്യം പകരുക സമയത്തിന്റെ ആവശ്യമായിരുന്നു. ദിലീപിനെ എനിക്ക് നേരിട്ടറിയാം. ഡിനിമാ ലേകത്തെ ഏറ്റവും ചെറിയ ജോലി ചെയ്യുന്ന ഒരാളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും, അനാഥരായ മറ്റുപലർക്കുവേണ്ടിയുo അവർ ആശുപത്രയാലാണെന്നറിഞ്ഞാൽ ഉടൻ അദ്ദേഹം വിളിക്കാറുണ്ട്. മെഡിക്കൽ സൈഡിൽ നിന്നും, ആള് രക്ഷപ്പെടാൻ എന്തൊക്കെ ചെയ്യണോ അതൊക്കെ ചെയ്യണം. എന്നു പറഞ്ഞുവരുന്ന ഫോൺ. കൃത്യമായ ഫോളോഅപ്പുകൾ. സത്യം.. ദിലീപിന്റെ ഈ ചിത്രം മനസ്സിൽ നിന്ന് മായരുതേ എന്ന് ഞാനാഗ്രഹിക്കുന്നു. ദിലീപ് കുറ്റക്കാരനല്ല എന്നു തെളിഞ്ഞാൽ ഈ പറഞ്ഞതെന്നും ആർക്കും തിരിച്ചെടുക്കാനുമാവില അതു കൊണ്ട് തന്നെ വാക്കുകൾ മനുഷ്യർ സൂക്ഷിച്ച് ഉപയോഗിക്കണം. എന്നാൽ നടിയെ ഉപദ്രവിച്ചത് ഏത് കൊലക്കൊമ്പൻ ആയാലും പിടിക്കപ്പെട്ടണമെന്നാഗ്രഹിക്കുന്നു. അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും. ഞാൻ നടിയോടൊപ്പമാണ്. ആരാണ് ഉപദ്രവിച്ചത് എന്നത് തെളിഞ്ഞു വരട്ടെ. ഏത് ശക്തികളാണ് പിന്നിലെങ്കിലും അവർ കരുത്തരായിരിക്കും. എന്നാൽ സ്ത്രീയായിരിക്കുകയും അപമാനിതയാകുകയും വീണ്ടും തേജോവധം ചെയ്യപ്പെടുകയുമാകുമ്പോൾ ആരൊക്കെ അവൾക്കൊപ്പമുണ്ടാകുമെന്ന് ഓരോ സ്ത്രീക്കുമറിയാം. ഞാൻ അന്നേ പറഞ്ഞില്ലേ? നീ അഹങ്കരിച്ചില്ലേ? നീ തോന്ന്യാസം നടന്നതല്ലേ തുടങ്ങി ചോദ്യങ്ങൾ മാത്രമായിരിക്കും ചുറ്റിലും, അടുത്തുള്ള ചിലസുഹൃത്തുക്കളും ഒരിക്കലും കേട്ടിട്ട് കൂടിയില്ലാത്ത കുറേ മനുഷ്യരും ആയിരിക്കും ഇത്തരം അപകടത്തിൽ പെടുന്നവർക്ക് ആശ്രയം. wcc പോലെയുള്ള സംഘടനകളുടെ പ്രസക്തി അതിനാലാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു പെണ്ണിനെയും അവളുടെ സമ്മതമില്ലാതെ ഒന്നു തൊടാൻ പോലും സാധിക്കാത്ത കാലം വരണം.അത് ഭാര്യയായാലും ശരീരം വിൽക്കുന്നവളായാലും അത് അങ്ങനെ തന്നെയാവണം.ഒരാൾക്ക് ഈ ഭൂമിയിൽ സ്വന്തമായി ഒന്നു മാത്രമേയുള്ളു. അത് സ്വന്തം ശരീരമാണ്. അതിന്റെ പൂർണാധികാരം അവനവനാണ്.. ഒരുത്തനും കയറി നിരങ്ങാനുള്ളതല്ല !"