Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സി.വി ബാലകൃഷ്ണന്റെ എഴുത്തുജീവിതം അമ്പതാണ്ട് പിന്നിടുമ്പോള്‍..

cv balakrishnan

ജീവിതത്തില്‍ നിന്ന് പിച്ചിചീന്തിയെഴുതുന്ന കൃതികളുടെയെല്ലാം പിന്നില്‍ ചോര പൊടിഞ്ഞിട്ടുണ്ട്. അത് എടുക്കുമ്പോള്‍ വായനക്കാരന്റെ കൈകളിലും ചോര പുരളുന്നു. അനുഭവത്തിന്റെ ചോര, സത്യസന്ധതയുടെ ചോര. 

അനുഭവത്തിന്റെ വേദനയിലും സത്യസന്ധതയുടെ ചൂരിലും നിന്ന് എഴുത്തുകാരന്‍ പകര്‍ത്തിയതിലൂടെ കടന്നുപോകുമ്പോള്‍ സമാനമായ അവസ്ഥ പിന്നിട്ട വായനക്കാരന്റെ  ഉള്ളിലും മുറിവുകളുണ്ടാക്കുന്നു. വേദനയുണ്ടാക്കുന്നു. ഇവിടെയാണ് എഴുത്തിന്റെ വിജയവും എഴുത്തുകാരന്റെ വൈഭവവും. 

ഞാന്‍ എഴുതുന്നത്, എന്നെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും വേണ്ടിയോ എന്നെ പുകഴ്ത്തുന്ന എല്ലാവര്‍ക്കും വേണ്ടിയോ അല്ല എന്നെ ഒരിക്കല്‍ പോലും കണ്ടുമുട്ടാനിടയില്ലാത്ത ഏതോ ഒരാള്‍ക്ക് വേണ്ടിയാണെന്ന് ഒരു എഴുത്തുകാരന്‍ എഴുതിയിട്ടുണ്ട്. സമാനഹൃദയാ നിനക്കായ് പാടുന്നു ഞാന്‍ എന്ന് നമ്മുടെ കവിയും പാടുന്നു. എഴുത്തുകാരനും വായനക്കാരനും ഇപ്രകാരം എഴുത്തിന്റെയും വായനയുടെയും ഒരു ബിന്ദുവില്‍ സംഗമിക്കുന്ന തലം കൃതിയുടെ അനശ്വരസ്മാരകത്തിന്റെ ശിലാഫലകം ചമയ്ക്കലാകുന്നു. ഇത്തരത്തിലുള്ള സ്മാരകങ്ങളിലൂടെ ചിരപ്രതിഷ്ഠിതനായിരിക്കുന്ന എഴുത്തുകാരനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സി.വി ബാലകൃഷ്ണന്‍. 

ചോര ചിന്തിയും ചോര പുരട്ടിയും മലയാളസാഹിത്യത്തെ അനുഭവത്തിന്റെ തീവ്രതയിലേക്ക് സിവി ബാലകൃഷ്ണന്‍ കൊണ്ടുപോകാന്‍ തുടങ്ങിയിട്ട് അമ്പതുവര്‍ഷമായിരിക്കുന്നു. എഴുത്തിന്റെ അമ്പതുവര്‍ഷങ്ങള്‍. എഴുത്ത് വിറയലോടെ സമീപിക്കേണ്ട യാഗവേദിയാണ്. അവിടെയിപ്പോഴും എഴുത്തിന്‍റെ യൗവനത്തോടെ ജ്വലിച്ചുനിൽക്കാന്‍ കഴിയുന്നു എന്നത് നിസ്സാരകാര്യമല്ല.

തന്റെ തലമുറയില്‍ പെട്ട മറ്റേതൊരു എഴുത്തുകാരനെക്കാളും കൂടുതല്‍ എഴുതിയിട്ടുള്ള ആളാണെന്ന് തോന്നുന്നു സി.വി ബാലകൃഷ്ണന്‍. പക്ഷേ കൂടുതല്‍ എഴുതുമ്പോള്‍ മഷി തീരുകയല്ല പ്രതിജനഭിന്നവിചിത്രമായ മനുഷ്യകഥാനുഗായികള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയേ ഇദ്ദേഹം ചെയ്തിട്ടുള്ളൂ. എത്ര എഴുതിയിട്ടും തീരാത്ത മഷികൊണ്ട് ജീവിതത്തെ നോക്കിക്കാണാന്‍ ദൈവാനുഗ്രഹത്തിന്റെ അക്ഷരവൃഷ്ടി അദ്ദേഹത്തില്‍ എപ്പോഴും പെയ്തുകൊണ്ടേയിരിക്കുന്നു.

aayusinte-pusthakam-2

ആയുസിന്റെ പുസ്തകം, ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍, കണ്ണാടിക്കടല്‍, കാമമോഹിതം, ജീവിതമേ നീ എന്ത്, ഒഴിയാബാധകള്‍, പരല്‍ മീന്‍ നീന്തുന്ന പാടം, ഉറങ്ങാന്‍ വയ്യ, മേച്ചില്‍പ്പുറങ്ങള്‍, സിനിമയുടെ ഇടങ്ങള്‍... വ്യത്യസ്തമായ എഴുത്തിന്റെ സ്ഥലരാശികള്‍.

ഇതില്‍ സവിശേഷമായ ശ്രദ്ധ കൊടുക്കേണ്ട കൃതിയാണ് ആയുസിന്റെ പുസ്തകം. ഒരു വ്യക്തി കടന്നുപോകുന്ന സമസ്ത അനുഭവങ്ങളെയും ഇതുപോലെ പകര്‍ത്തിയിരിക്കുന്ന മറ്റൊരു കൃതിയും മലയാളത്തിലില്ല. കേന്ദ്ര കഥാപാത്രമായ യോഹന്നാന്‍ ഒട്ടുമിക്ക ജീവിതങ്ങളുടെയും പരിച്ഛേദമാണ്. ജീവിതത്തിന്റെ വിവിധ അവസ്ഥകളെ പിന്നിട്ട് പോരുന്ന ക്രമാനുഗതമായ വളര്‍ച്ച ആ കഥാപാത്രത്തിനുണ്ട്.

കൗമാരത്തിന്റെ വിഹ്വലതകളില്‍ ആത്മരതിയുടെയും സ്വവര്‍ഗ്ഗരതിയുടെയും പിന്നീട് എതിര്‍ലിംഗ അഭിനിവേശങ്ങളുടെയും താഴ്്വരകളും കുന്നുകളും പിന്നിട്ടാണ് യോഹന്നാന്‍ ഇവിടെ സഞ്ചരിക്കുന്നത്. ഒരു ചെറുപ്പക്കാരന്റെ ജീവിതയാത്രയുടെ ഗ്രാഫിനെ യഥാതഥമായി ഇതുപോലെ ചിത്രീകരിക്കാന്‍ മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും കഴിഞ്ഞിട്ടില്ല. 

ആനി ഇടവകയിലെ കൊച്ചച്ചനൊപ്പം നാടുവിട്ടുപോയിക്കഴിയുമ്പോഴുണ്ടാകുന്ന ഏകാന്തതയും സങ്കടവും നിറഞ്ഞ അവസ്ഥയിലായിരിക്കുന്ന യോഹന്നാനെ നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്–

ആ വീട് ഉപേക്ഷിക്കപ്പെട്ടതുപോലെ നിന്നു. അതിന്റെ ഉള്ളില്‍ യോഹന്നാന്‍ തനിയെ. അവന്‍ കരയുകയായിരുന്നു. ദു:ഖത്തെ അകറ്റാനെന്നോണം അവന്‍ തന്നെ അറിയാന്‍ തുടങ്ങി. അത് ഒരുപാടു നേരം നീണ്ടു നിന്നു. അതിന്റെ തുടക്കവും ഒടുക്കവും അവന്‍ ഓര്‍മ്മിച്ചില്ല. എങ്ങും പോകാനില്ലാതെ ചുവരുകള്‍ കൊണ്ട് വലയം ചെയ്യപ്പെട്ട് അവനിരുന്നു. അവന്‍ തന്നെ തന്നെ ഉറ്റുനോക്കി.

മറ്റൊരിടത്ത്  ഇങ്ങനെയാണത് പകര്‍ത്തിയിരിക്കുന്നത്-

നഗ്നനാണെന്ന് ഞാന്‍ എന്നോടുതന്നെ പറയുന്നു. ഇരുട്ടില്‍ ഇങ്ങനെ കിടക്കാനാണ് എനിക്കിഷ്ടം. എന്റെ ശരീരം ഉടുപ്പിനെക്കാള്‍ ശ്രേഷ്ഠമാണ്. ഞാന്‍ എന്റെ കവിളിലൂടെയും മുടിയിലൂടെയും വിരലോടിക്കുന്നു. ചുണ്ടുകളെയും കാതുകളെയും തൊട്ടറിയുന്നു. എന്റെ ഉടല്‍ അപ്പം പോലെ സുഗന്ധമുള്ളതാകുന്നു.

കൗമാരകാലത്തെ സ്വഭാവിക പ്രതിഭാസമായ സ്വവര്‍ഗ്ഗപ്രണയത്തെ വരച്ചിട്ടിരിക്കുന്നത് ഇങ്ങനെയാണ്.

യോഹന്നാന്‍ മനസ്സില്‍ കരുതി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പക്ഷേ നമ്മളിവിടെ കണ്ടുമുട്ടും. ഞാന്‍ കുമ്പസാരക്കൂടിനിപ്പുറത്ത്. നീ എന്റെ കുമ്പസാരം കേള്‍ക്കും. നിന്നെ ഗാഢമായി സ്‌നേഹിച്ചിരുന്നുവെന്നും എത്രയോ രാത്രികളില്‍ നീ എന്റെ കൂടെ ഉറങ്ങുന്നതായി സങ്കല്‍പിച്ചിരുന്നുവെന്നും ഞാന്‍ പറയും. എന്റെ പാപങ്ങളെല്ലാം ഞാന്‍ നിന്നെ കേള്‍പ്പിക്കും. നാം കണ്ടുമുട്ടും. ഇപ്പോഴും നീ എന്റെ കൂടെയുണ്ട്. നെറ്റിയിലേക്ക് വീഴുന്ന മുടിയും കൂടിച്ചേരാനോങ്ങുന്ന കണ്‍പുരികങ്ങളും ചുണ്ടിന്റെ ചുവപ്പും തെളിഞ്ഞ ചിരിയും ഞാന്‍ ഓര്‍ത്തുനോക്കട്ടെ.

cv-balakrishnan

റാഹേലും യോഹന്നാനും തമ്മിലുള്ള ബന്ധത്തെ ബാലകൃഷ്ണന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

അവര്‍ ഇരുവരും നഗ്നരായി. പക്ഷേ അവര്‍ക്ക് നാണം തോന്നിയില്ല. തറയിലെ പൊടിയില്‍ അവര്‍ ശയിച്ചു. പൊടി അവരുടെ ഉടലില്‍ നിറഞ്ഞു. അവര്‍ പൊടിയില്‍ വീണുകിടന്നു.

ആയുസിന്‍റെ പുസ്തകത്തിലെ കേന്ദ്രപ്രമേയവും ലൈംഗികതയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഇസ്തിരിയിട്ട മതപാഠങ്ങള്‍ക്ക് ഈ കൃതി തെല്ലും സ്വീകാര്യമായില്ല. കൃതിയെ ജീവിതമായി കാണാന്‍ കഴിയാത്ത സങ്കുചിത നിരൂപകശ്രേഷ്ഠരും ആ വഴി പിന്തുടര്‍ന്നു. പക്ഷേ ഇതിലെ ലൈംഗികത മനുഷ്യന്‍റെ അധമവാസനയുടെ പ്രതിഫലനമല്ല. 

വെറും ശാരീരികാസക്തിയുടെ സ്വഭാവം മാത്രമുള്ള അധമത്വം കൈവരിക്കുന്നതല്ല ഇവിടെ കാണുന്ന രതി. ഏകാന്തതയും സങ്കടവും അതിജീവിക്കാനുള്ള ശരീരത്തിന്റെ എളുപ്പമാര്‍ഗ്ഗമായി മാത്രമാണ് അത് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ആസക്തികളല്ല നിര്‍മ്മലമായ സ്‌നേഹത്തിന്റെ സങ്കീര്‍ത്തനങ്ങളാണ് അവിടെ മുഴങ്ങുന്നതും. 

റാഹേലില്‍ നിന്ന് സാറായിലേക്ക് എത്തുമ്പോഴും യോഹന്നാന്‍ അന്വേഷിക്കുന്നത് രതിയുടെ വൈവിധ്യമല്ല, സ്‌നേഹത്തിന്റെ നീരുറവയാണ്.

തന്റെ തന്നെ ഏകാന്തമായ ബാല്യവും കൗമാരവും ഓര്‍മ്മിച്ചുകൊണ്ടാണ് ഈ കൃതി രചിച്ചിരിക്കുന്നതെന്ന് ബാലകൃഷ്ണന്‍ ആയുസിന്റെ പുസ്തകത്തിന്റെ തുടക്കത്തില്‍ എഴുതിയിട്ടുണ്ട്. ആത്മാനുഭവങ്ങളുടെ തീവ്രത കൊണ്ടേ ഒരുഎഴുത്തുകാരന് വായനക്കാരനെ സ്പര്‍ശിക്കാന്‍ കഴിയൂ എന്നത് സത്യം.

സിവി ബാലകൃഷ്ണന്റെ വിരലുകളെ ചുംബിക്കണമെന്ന് ആഗ്രഹം എഴുതിയത് മലയാളത്തിലെ തന്നെ സര്‍ഗ്ഗധനയായ ഒരു എഴുത്തുകാരിയായിരുന്നു. അത് വായിച്ചപ്പോള്‍ തോന്നിയിട്ടുണ്ട് എന്റെ ഉള്ളിലുള്ള അതേ ആഗ്രഹമാണല്ലോ ആ എഴുത്തുകാരിയും തുറന്നുപറഞ്ഞതെന്ന്. കാരണം ഒരാള്‍ കണ്ണാടിയിലെന്നപോലെ സ്വന്തം ജീവിതത്തെ കണ്ടെത്തിയ പുസ്തകമായിരുന്നു ആയുസിന്റെ പുസ്തകം. കൗമാരം പിന്നിടുകയും യൗവനത്തിന്റെ മധ്യാഹ്നത്തില്‍ നില്ക്കുകയും ചെയ്യുമ്പോഴും ഓര്‍മ്മകളുടെ കാട് ഉലയ്ക്കുവാന്‍ ആ കൃതിക്ക് കഴിയുന്നുണ്ടെന്നത് നിസ്സാരകാര്യമല്ല. പിന്നെങ്ങനെ ഞാന്‍ ആ വിരലുകളെ ചുംബിക്കാന്‍ ആഗ്രഹിക്കാതിരിക്കും?