സിനിമാരംഗം ഒരിക്കലും തന്നെ പ്രലോഭിപ്പിച്ചിട്ടില്ലെന്ന് മനോജ് കുറൂർ. വാനപ്രസ്ഥം, സോപാനം എന്നീ സിനിമകൾ ഉൾപ്പെടെ എട്ടോളം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുള്ള മനോജ് കുറൂർ തിരക്കഥാ രചനകൾക്കുള്ള ക്ഷണങ്ങൾ ഒക്കെ സ്നേഹപൂർവം നിരസിക്കുകയായിരുന്നുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. നൂറുകണക്കിനു കലകളുള്ളതിൽ ഒന്നു മാത്രമാണു സിനിമ. പക്ഷേ മറ്റൊരു കലയോടും ആളുകൾക്ക് ഒരു പരിധിയിൽക്കവിഞ്ഞ താൽപര്യമില്ല. മറ്റൊരു കലയിലുമില്ലാത്ത പ്രശസ്തിയും താരപരിവേഷവും കിട്ടുന്നതുകൊണ്ടുകൂടിയാണ് സിനിമാരംഗത്തെ അവസരങ്ങൾക്കായി പലരും കാത്തുനില്ക്കുന്നത്. ഈ അമിതാവേശമാണ് കലയെന്നതിലുപരി ഒരു വ്യവസായമായി സിനിമയെ മാറ്റിയതെന്ന് മനോജ് കുറൂർ അഭിപ്രായപ്പെട്ടു. സിനിമയോട് ഒരു കലയെന്ന നിലയിലുള്ള ആവേശംകൊണ്ടും തങ്ങളുടെ ആവിഷ്കാരമേഖല അതാണെന്ന ബോധംകൊണ്ടും സിനിമയിലെത്തുന്ന മികച്ച കലാപ്രവർത്തകരെ പിന്തള്ളി, ഈ താരങ്ങൾക്കു പിന്നാലേ പോകുന്നതുകൊണ്ട്, ആ രംഗത്തുണ്ടാകുന്ന ആത്മാർത്ഥമായ ശ്രമങ്ങൾ നാം കാണാതെപോവുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മനോജ് കുറൂറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം–
'സിനിമാരംഗം ഒരിക്കലും എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. ഇരുപതു വർഷം മുമ്പാണ് വാനപ്രസ്ഥം എന്ന ചലച്ചിത്രത്തിനുവേണ്ടി പദമട്ടിലുള്ള ഗാനങ്ങളെഴുതുന്നത്. പിന്നീടു പല തവണ ഗാനങ്ങളെഴുതാൻ ക്ഷണം കിട്ടിയെങ്കിലും അതൊന്നും സ്വീകരിച്ചില്ല. നാലു വർഷം മുമ്പു മാത്രമാണ് വീണ്ടും ഗാനങ്ങളെഴുതുന്നത്; സ്വപാനം എന്ന ചലച്ചിത്രത്തിനുവേണ്ടി. പിന്നീടും പാട്ടെഴുത്തിനു ക്ഷണങ്ങൾ കിട്ടി. പല കാരണങ്ങൾകൊണ്ട് താത്പര്യമുള്ളവ മാത്രം സ്വീകരിച്ചു. ആറു സിനിമകൾക്കുകൂടി പാട്ടുകളെഴുതി. സിനിമ, സീരിയൽ തുടങ്ങിയവയ്ക്കു സ്ക്രിപ്റ്റ് എഴുതാൻ കിട്ടിയ ക്ഷണങ്ങൾ രണ്ടാമതൊന്ന് ആലോചിക്കാതെതന്നെ സ്നേഹത്തോടെ നിരസിക്കുകയും ചെയ്തു.
കവിത, കഥ, നോവൽ തുടങ്ങിയ രംഗങ്ങളിൽ ശ്രദ്ധേയരായ പല സുഹൃത്തുക്കളും വളരെ സജീവമായി സിനിമാരംഗത്തുണ്ട്. പലരുടെയും ഉപജീവനമാർഗംതന്നെ ചലച്ചിത്രമേഖലയാണ്. അതിലൊന്നും യാതൊരു വിരോധവുമില്ല എന്നു മാത്രമല്ല, അവരുടെ കഴിവുകൾ സിനിമാരംഗം പ്രയോജനപ്പെടുത്തുന്നതിൽ സന്തോഷമുണ്ടു താനും. നാടകാവതരണങ്ങൾക്കു വേദികളോ പ്രോത്സാഹനമോ കിട്ടാത്ത കാലത്ത് സ്കൂൾ ഓഫ് ഡ്രാമ പോലുള്ള സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നവർക്കു സിനിമാ-സീരിയൽ രംഗമാണ് പ്രധാന ആശ്രയം. പല വിഷയങ്ങൾ പഠിച്ച നിരവധി പേർ സിനിമയുടെ സാങ്കേതികരംഗത്തും സജീവമാണ്. ഒരു കൂട്ടായ്മയുടെ കലയായതുകൊണ്ട് പല മേഖലകളിലുള്ളവരുടെ യോജിച്ചുള്ള പ്രവർത്തനം സിനിമയ്ക്ക് അനിവാര്യമാണ്. അതുകൊണ്ട് സിനിമാരംഗത്തു പ്രവർത്തിക്കുന്നവരോടു സ്നേഹമേയുള്ളു.
എങ്കിലും നാം മറന്നുപോകുന്ന മറ്റു ചില കാര്യങ്ങളുണ്ട്. നൂറുകണക്കിനു കലകളുള്ളതിൽ ഒന്നു മാത്രമാണു സിനിമ. പക്ഷേ മറ്റൊരു കലയോടും ആളുകൾക്ക് ഒരു പരിധിയിൽക്കവിഞ്ഞ താത്പര്യമില്ല. മറ്റൊരു കലയിലുമില്ലാത്ത പ്രശസ്തിയും താരപരിവേഷവും കിട്ടുന്നതുകൊണ്ടുകൂടിയാണ് സിനിമാരംഗത്തെ അവസരങ്ങൾക്കായി പലരും കാത്തുനില്ക്കുന്നത്. ആളുകൾതന്നെ മറ്റേതു കലയെക്കാളും ശ്രദ്ധ, സിനിമയ്ക്കു നല്കുന്നതുകൊണ്ടാണ് മറ്റു കലാരംഗങ്ങളിലുള്ളവർ സിനിമയിലേക്കു പ്രലോഭിപ്പിക്കപ്പെടുന്നത്. ഒരു സിനിമയിലോ സീരിയലിലോ മുഖം കാണിച്ചിട്ടുള്ള ഒരാളോടു കാണിക്കുന്ന ആവേശത്തിന്റെ നൂറിലൊന്നുപോലും മറ്റു മേഖലകളിൽ അതിപ്രശസ്തരായവരോടുപോലും നാം കാണിക്കാറില്ല. നമ്മുടെ ഈ അമിതാവേശമാണ് കലയെന്നതിലുപരി ഒരു വ്യവസായമായി സിനിമയെ മാറ്റിയത്. 'ഞാൻ ഈ കലാരംഗത്തു വന്നപ്പോൾ' എന്നല്ല, 'ഇൻഡസ്ട്രിയിൽ വന്നപ്പോൾ' എന്നാണ് സംവിധായകരും അഭിനേതാക്കളുമൊക്കെ അഭിമുഖങ്ങളിൽപ്പോലും പറയാറുള്ളത്. നടീനടന്മാർ എന്നല്ല, 'താരങ്ങൾ' എന്നാണ് നാം അവരെ വിളിക്കുന്നത്. ആസ്വാദകരെപ്പറ്റി 'എന്റെ ഫാൻസ്' എന്നു പറയാനുള്ള ഉളുപ്പില്ലായ്ക ഈ അഭിനേതാക്കൾ കാണിക്കുന്നതും നാം ആവശ്യമില്ലാത്ത ഒരു പരിവേഷം അവർക്കു നല്കിയിട്ടുള്ളതുകൊണ്ടാണ്.
സിനിമയോട് ഒരു കലയെന്ന നിലയിലുള്ള ആവേശംകൊണ്ടും തങ്ങളുടെ ആവിഷ്കാരമേഖല അതാണെന്ന ബോധംകൊണ്ടും സിനിമയിലെത്തുന്ന മികച്ച കലാപ്രവർത്തകരെ പിന്തള്ളി, ഈ താരങ്ങൾക്കു പിന്നാലേ പോകുന്നതുകൊണ്ട്, ആ രംഗത്തുണ്ടാകുന്ന ആത്മാർത്ഥമായ ശ്രമങ്ങൾ നാം കാണാതെപോവുകയും ചെയ്യും.
ഈ താരപ്പൊലിമയും പണവും ചേർന്നാൽ, കലയ്ക്കപ്പുറം വ്യവസായമായി മാറിയാൽ, ആ പളപളപ്പിന്റെ പിന്നാമ്പുറങ്ങളിൽ എന്തും നടക്കും. മറ്റൊരു കലയുടെയും പിന്നിലില്ലാത്ത അധോലോകം സിനിമയോടു ചേർന്നു വളരും. ചൂഷണങ്ങൾ പെരുകും. കുറ്റകൃത്യങ്ങൾ സാധാരണ കാര്യമാകും. മറ്റെല്ലാ കലയിൽനിന്നും ഭിന്നമായി സിനിമാമേഖല അങ്ങനെയാവുന്നുണ്ടെങ്കിൽ, അതിന്റെ അടിവേരുകൾ വളരുന്നത് കലാപ്രവർത്തകരും ആസ്വാദകരുമുൾപ്പെടുന്ന നമ്മളിൽത്തന്നെയാണ്. ഇതൊരു വീണ്ടുവിചാരത്തിന്റെ സമയമാണ്. ആ വീണ്ടുവിചാരം നമ്മിലുണ്ടായാലേ സിനിമ കലയായി നിലനില്ക്കുകയുള്ളു. അല്ലെങ്കിലത് പുറമേ പകിട്ടും അകമേ അഴുക്കുമുള്ള ഡ്രെയ്നേജു പൈപ്പുകളായി തുടരുകതന്നെ ചെയ്യും.'