Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ നിറം കറുപ്പാണ്... അതുകൊണ്ട്?

aranya

ഒരു പെൺകുട്ടിയിൽ എത്ര വയസ്സ് മുതൽ തുടങ്ങും സ്വയം സൗന്ദര്യത്തിലുള്ള ബോധം? ഒരുപക്ഷെ തീരെ കൊച്ചു കുട്ടിയായിരിക്കുമ്പോൾ മുതൽ തന്നെ കണ്ണാടിയുടെയും ഒരുക്കങ്ങളുടെയും ലോകം പെൺകുട്ടികൾക്ക് പരിചിതമായിരിക്കും. നിറം അൽപ്പം കുറഞ്ഞാൽ ആവർത്തിച്ച് തേയ്ക്കുന്ന മഞ്ഞൾ പൊടിയുടെ മഞ്ഞ നിറം കുറച്ചു ബുദ്ധിമുട്ടായി തോന്നിയാലും നിറം വയ്ക്കാനാണെന്നു പറയുമ്പോൾ എന്നാൽ പിന്നെ ഉപയോഗിച്ചേക്കാം എന്ന് തോന്നും. കുട്ടികളെ നിറത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ച് നിർത്താൻ വരെ പഠിപ്പിക്കുമ്പോൾ എന്താണ് മുതിർന്നവർ പറഞ്ഞു വയ്ക്കുന്നത്? നിറം കുറഞ്ഞ വ്യക്തിയുടെ കൈകളിലേക്ക് പോകാൻ കുട്ടി മടിക്കുമ്പോൾ കുട്ടിക്ക് കറുത്ത നിറമുള്ളവരെ ഇഷ്ടമല്ല എന്ന് പറയുന്ന മാതാപിതാക്കളുമുണ്ട്. ആ നിറങ്ങളുടെ രാഷ്ട്രീയത്തിലേക്കാണ് നിറം കുറഞ്ഞവരുടെ കവിതയുമായി ആരണ്യ ജോഹർ എന്ന പെൺകുട്ടി കടന്നു വരുന്നത്. കവിത ചൊല്ലുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ A Brown Girl's Guide To Beauty എന്ന കവിത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

"since the age of 9 I have been slapping my face with fairness creams

Every face wash was a slap in the face

because I was a skin tone which was ... ugly

My chest was too small

For a girl who just hit puberty

And my skinny waist and unhealthy thigh gap

was the only one thing i wore confidently around...." ഇങ്ങനെ പോകുന്നു ആരണ്യയുടെ കവിത.  നിറം കുറച്ചു കുറവായതിനാൽ നിത്യവും കണ്ണാടിയിൽ മുഖം കണ്ടു ആശങ്കപ്പെടുന്ന കൗമാരം എല്ലാ പെൺകുട്ടികളുടെയും പേടി സ്വപ്നമാണ്. കാരണം നിത്യവും പരസ്യങ്ങളിൽ അവർ കാണുന്ന ഉൽപ്പന്നങ്ങൾ അവരോടു ആവശ്യപ്പെടുന്നത് പലതരം ക്രീമുകളോ സൗന്ദര്യ വർദ്ധക വസ്തുക്കളോ ഉപയോഗിക്കൂ, നിങ്ങളുടെ നിറവും സൗന്ദര്യവും വർദ്ധിപ്പിക്കൂ എന്നൊക്കെയാണ്. കുട്ടിക്കാലം മുതൽ 'അമ്മ തേച്ച് തരുന്ന മഞ്ഞൾപൊടി ആവശ്യപ്പെട്ടിരുന്നതും ഈ നിറം വയ്ക്കൽ തന്നെയെന്ന് മനസ്സിലാക്കുമ്പോൾ പിന്നീട് സൗന്ദര്യം എന്നത് വെളുപ്പ് എന്ന നിറത്തിലേയ്ക്ക് കുട്ടികൾ എത്തിച്ചേരുകയും വില കൊടുത്ത് വിപണിയുടെ ഭാഗമായി മാറുകയും ചെയ്യും. ഈ ചിന്തയിലേക്കാണ് ആരണ്യ വളരെ ശക്തമായ ഭാഷയിൽ നിറത്തിന്റെ വേർതിരിവിനെതിരെ എത്തുന്നത്.

"I had a voice and opinion

But they muted my sound

Probably because i was told

Boys only like girls who are fair and lovely " ആരണ്യയുടെ വരികൾ സൂചിപ്പിക്കുന്ന വളരെ ശക്തമായ ഒരു സത്യമുണ്ട്. പെൺകുട്ടികൾ വിപണിയുടെ തന്നെ ഒരു ഉപഭോഗ വസ്തുവാണെന്നുള്ളതാണത്. സ്വന്തമായി അഭിപ്രായവും തീരുമാനങ്ങളും ഉള്ള പെൺകുട്ടികൾ ആണെങ്കിൽ പോലും മുതിർന്നവരുടെ വാക്കുകളും അവയിലെ സത്യവും പലപ്പോഴും നമ്മെ നിശ്ശബ്ദരാക്കാറുണ്ട്. കുട്ടിക്കാലം മുതൽ നാമൊക്കെ കേട്ട് വളർന്ന ചില വാചകങ്ങൾ അവയ്ക്ക് സാക്ഷിയാണ്. ആൺകുട്ടികൾക്ക് സുന്ദരികളായ നിറമുള്ള പെൺകുട്ടികളെയാണിഷ്ടം. എന്ന വാചകങ്ങളിൽ കുരുങ്ങിയാണ് മിക്ക പെൺകുട്ടികളും അവരവരുടെ നിറത്തെയും തുടർന്ന് സ്വയവും വെറുത്തു തുടങ്ങുന്നത്. ആരാലെങ്കിലും സ്നേഹിക്കപ്പെടുക എന്നത് തന്നെയാണ് ഓരോ മനുഷ്യന്റെയും ഏറ്റവും അടിസ്ഥാനപരമായ ലക്ഷ്യം. അതിനു വേണ്ടിയുള്ള യാത്രകളാണ് മനുഷ്യൻ നടത്തുന്നതത്രയും. ഇഷ്ടം നേടാൻ വേണ്ടി ചിലരെ കൊല്ലാൻ പോലും തയ്യാറാകുന്ന മനുഷ്യന് അപ്പോൾ സ്വന്തം നിറം വർദ്ധിപ്പിക്കുക എന്നത് ഒരു ആവശ്യമായി വരുന്നു. പക്ഷെ എന്തുകൊണ്ട് നിറമാണ് സൗന്ദര്യം എന്നൊരു അടിസ്ഥാന ചിന്ത മനുഷ്യന്റെ ഇടയിലേക്ക് കടന്നു വരുന്നു എന്നത് ചിന്തനീയമല്ലേ?

ആരണ്യ ജോഹർ വീണ്ടും പറയുന്നു,

"Only the light skinned with

European features are considered art ", അതെ, അത് തന്നെയല്ലേ ശരി? നമ്മുടെ മുന്നിലെ ഉദാഹരണങ്ങൾ എപ്പോഴും യൂറോപ്പിയൻസാണ്. അവരുടെ നിറവും സംസ്കാരവും തന്നെയാണ് എപ്പോഴും ആകർഷകമായി തോന്നുന്നതും പിന്തുടരാൻ ആഗ്രഹിക്കുന്നതും. അവനവന്റെ സംസ്കാരത്തെ കണ്ടെത്താൻ കഴിയാതെ ഓരോ പ്രദേശങ്ങളിലെ പ്രാദേശിക നിറങ്ങളുടെ രാഷ്ട്രീയത്തെ തിരിച്ചറിയാൻ കഴിയാതെ, കുത്തക കമ്പനിയുടെ വിൽപ്പന ചരക്കുകളുടെ കാവലാളുകളായി മാറുന്ന മനുഷ്യരോടുള്ള കലഹമാണ് ആരണ്യയുടെ കവിത. നിറം കുറഞ്ഞു പോയതിനാൽ പരിഭവപ്പെടുന്ന കൗമാര പ്രായക്കാരായ പെൺകുട്ടികളുടെ ഇടയിലേക്കാണ് അതെ പ്രായത്തിൽ തന്റെ കവിതയുമായി ആരണ്യ പൊരുതാൻ ഇറങ്ങുന്നത്. തന്റെ പ്രായത്തോളമെത്തുന്ന കൗമാരക്കാരികളോട് മാത്രമല്ല പണ്ട് മുതലേ വീടുകളിൽ നിന്നും കുഞ്ഞുങ്ങൾക്കായി പകർന്നു നൽകുന്ന നിറവത്കരണത്തിന്റെ രാഷ്ട്രീയവും കുത്തക വിപണിയുടെ ധാർഷ്ട്യത്തിന്റെയും നേർക്കാണ് ആരണ്യ ശബ്ദമുയർത്തുന്നത്. ഏതു നിറമാണെങ്കിലും എല്ലാവരും ഒന്നാണെന്നും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ സ്നേഹത്തിനു പാത്രമാകേണ്ടവരാണെന്നും ആരണ്യ വാദിക്കുന്നു. 

നിരന്തരം ശക്തമായ തന്റെ കവിതകൾ കൊണ്ട് വ്ലോഗ് ലോകത്തെ സാന്നിധ്യമാണ് ആരണ്യ ജോഹർ എന്ന പതിനെട്ടുകാരി. മാനസികമായ ആരോഗ്യത്തെ സംബന്ധിക്കുന്ന പഠനങ്ങളിലും കവിത എഴുത്തിലും എപ്പോഴും ഇഷ്ടം വച്ച് പുലർത്തുന്ന ആരണ്യ തന്റെ യൂട്യൂബ് ചാനലിലൂടെ പറയാൻ താൽപര്യമുള്ള സമകാലികമായ വിഷയങ്ങളെ കുറിച്ച് എപ്പോഴും ഉറക്കെ സംസാരിക്കുന്ന പെൺകുട്ടിയാണ്. ഇപ്പോൾ പ്ലസ് ടുവിന് പഠിക്കുന്ന ആരണ്യ ബിരുദത്തിനു മാനസിക ആരോഗ്യ ശാസ്ത്രമോ സാഹിത്യമോ ഇഷ്ട വിഷയമായി എടുത്ത് പഠിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോൾ ആരും തങ്ങളുടെ മാനസിക ആരോഗ്യത്തെ കുറിച്ച് പരിഗണിക്കുന്നില്ലെന്നും തന്റെ കവിതകൾ അത്തരം വിഷയങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും ആരണ്യ പറയുന്നു. കവിതകളുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങൾ നടത്താനും ആരണ്യയ്ക്ക് താൽപ്പര്യമുണ്ട്. അതിന്റെ ഭാഗമായി ആരണ്യ അവതരിപ്പിച്ച Blind Poetry night " ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഇരുണ്ട ഒരു മുറിയിൽ വച്ച് ഉറക്കെ വായിക്കപ്പെടുന്ന കവിതകളിൽ നിന്നും കവിയെ കണ്ടെത്തി അവരോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നതിനേക്കാൾ പ്രധാനമായി കവി എഴുതിയ വാക്കുകളെ ശ്രദ്ധിപ്പിക്കുകയായിരുന്നു രാത്രി കവിതകളെ കൊണ്ട് ആരണ്യ ഉദ്ദേശിച്ചത്. Tea Time with Depression ,Goddamn Millennials എന്നീ കവിതാ പുസ്തകങ്ങളുടെ പിന്നിലാണിപ്പോൾ ആരണ്യ എന്ന പെൺകുട്ടി. അപ്പോഴും തനിയ്ക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ വായനക്കാരോടും കേൾവിക്കാരോടും ഉറക്കെ പറയാൻ ഇവൾ മടിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് ആരണ്യയുടെ കവിതകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നതും.