Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നവർ തെളിവുകൾ പോലീസിനെ ഏൽപ്പിക്കുക: സക്കറിയ

zachariya-1

ദിലീപ് വിഷയത്തിൽ തന്നെ വിമർശിച്ചവർക്ക് ശക്തമായ മറുപടിയുമായി സക്കറിയ. ജനാധിപത്യത്തിൽ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണ് എന്നു നിലപാട് വ്യക്തമാക്കിയ അദ്ദേഹം സരിതയുടെ പൗരാവകാശങ്ങളെ പറ്റി താൻ അന്ന് എഴുതുമ്പോൾ നിശബ്ദരായിരുന്ന സ്ത്രീവേദികളെയും കുറിപ്പിൽ ഒർമ്മിച്ചു. ദിലീപിന്റെ വൃത്താന്തങ്ങൾ നാട് വാഴുമ്പോൾ ജനസേവകരായ നഴ്‌സുമാരുടെ അവകാശസമരം എത്ര സമർത്ഥമായിട്ടാണ് ഒറ്റപ്പെടുപ്പെടുത്തപ്പെടുന്നത് എന്ന് കാണുക എന്നും സക്കറിയ ഫെയ്സ്ബുക്കിൽ കുറിച്ചു. 'നടൻ ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നവർ അപ്രകാരം ചെയ്യുന്നത് വ്യക്തമായ തെളിവില്ലാതെ ആയിരിക്കാൻ വഴിയില്ല. അവർക്കു സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാവുന്നതാണ്. ആ തെളിവുകൾ പോലീസിനെ ഏൽപ്പിക്കുക. ദിലീപിനെ എത്രയും വേഗം പ്രോസിക്യൂട് ചെയ്യാനും ശിക്ഷിക്കാനും അത് സഹായിക്കും.' എന്ന ആഹ്വാനത്തോടെയാണ് സക്കറിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സക്കറിയയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

സുഹൃത്തുക്കളെ,

മറ്റേതു പൗരന്റെ കാര്യത്തിലുമെന്നപോലെ നടൻ ദിലീപിന്റെ കാര്യത്തിലും കോടതി തീർപ്പു കല്പിക്കും വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ് എന്ന സാർവലൗകിക തത്വം ബാധകമാണ് എന്ന് ഞാൻ അഭിപ്രായപെട്ടതിനെ എതിർത്തവരും അനുകൂലിച്ചവരും ഉണ്ട്. എതിർത്തവരാണ് കൂടുതൽ. ജനാധിപത്യ തത്വങ്ങളെ മറക്കുന്ന മലയാളികളുടെ എണ്ണം ഒരു പക്ഷെ വർധിക്കുകയായിരിക്കാം. അതുപോലെ തന്നെ മാധ്യമങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തിനു അന്ധമായി അടിമകളാവുന്നവരുടെയും.

ചാരവൃത്തിക്കേസിലും സോളാർ കേസിലും - മറ്റു പല സംഭവങ്ങളിലും - മാധ്യമങ്ങൾ അഴിച്ചുവിട്ട കൂട്ട മദമിളകലുകളെ ഇത് ഓർമിപ്പിക്കുന്നു. സരിതയുടെ പൗരാവകാശങ്ങളെ പറ്റി ഞാൻ അന്ന് എഴുതുമ്പോൾ ഭൂരിപക്ഷം സ്ത്രീവേദികളും എത്ര അഗാധമായ മൗനത്തിലായിരുന്നു എന്നത് ഒരു ചെറു പുഞ്ചിരിക്ക് വക തരിക മാത്രം ചെയ്യുന്നു. ദിലീപിന്റെ വൃത്താന്തങ്ങൾ നാട് വാഴുമ്പോൾ ജനസേവകരായ നഴ്‌സുമാരുടെ അവകാശസമരം എത്ര സമർത്ഥമായിട്ടാണ് ഒറ്റപ്പെടുത്തപ്പെടുന്നത് എന്ന് കാണുക. ദിലീപിനോളം വരുമോ വെറുമൊരു നഴ്സ്.

ഞാൻ ആവർത്തിക്കട്ടെ. ഒരു ജനാധിപത്യത്തിൽ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണ്. അല്ലെങ്കിൽ ഗോ രക്ഷകർ നടത്തുന്ന അടിച്ചു കൊല്ലലുകൾക്കെന്തു പ്രശ്നം? പോലീസിന്റെ ജോലി കോടതിയിൽ തെളിവുകൾ ഹാജരാക്കുക എന്നതാണ്. കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്. ജനാധിപത്യ തത്വങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഇത് മാത്രമാണ് വാസ്തവം - കൂട്ടഭ്രാന്തുകൾ ഇളകുമ്പോളും.

നടൻ ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നവർ അപ്രകാരം ചെയ്യുന്നത് വ്യക്തമായ തെളിവില്ലാതെ ആയിരിക്കാൻ വഴിയില്ല. അവർക്കു സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാവുന്നതാണ്. ആ തെളിവുകൾ പോലീസിനെ ഏൽപ്പിക്കുക. ദിലീപിനെ എത്രയും വേഗം പ്രോസിക്യൂട് ചെയ്യാനും ശിക്ഷിക്കാനും അത് സഹായിക്കും.

നന്ദി.