കഴിഞ്ഞവർഷം സാഹിത്യത്തിനുള്ള നൊബേൽ കിട്ടിയതു ജേണലിസ്റ്റിനായിരുന്നു. ഇക്കൊല്ലം പാട്ടെഴുത്തുകാരനും. രണ്ടുവർഷവും നോവലിനോ കവിതയ്ക്കോ പുരസ്കാരമില്ല. എന്താ കാരണം? സാഹിത്യത്തിന്റെ അതിരുകൾ നേർത്തുവരുന്നു. പുസ്തകം മാത്രമല്ല സാഹിത്യം. ഭാഷയുടെ ജനപ്രിയ ആവിഷ്കാരത്തിനാകുന്നു അംഗീകാരം. കഴിഞ്ഞ വർഷത്തെ ജേതാവ് സ്വെറ്റ്ലാന അലക്സിവിച്ച് എഴുതിയ പുസ്തകങ്ങൾ ജേണലിസമാണ്. എന്നാൽ വസ്തുതാവിവരണങ്ങളെയും ഫിക്‌ഷനെയും മറികടക്കുന്ന പുതിയ ഒരു ഭാഷ അവർ നിർമിച്ചുവെന്നായിരുന്നു നൊബേൽ സമിതിയുടെ വിലയിരുത്തൽ.

പലതലമുറകളെ സ്വാധീനിച്ചതാണു ഡിലന്റെ പാട്ടുകൾ. അരനൂറ്റാണ്ടിലേറെ നീണ്ട കലാജീവിതം. ഇംഗ്ലിഷ് ലോകത്തു എല്ലാ മേഖലകളിലെയും മനുഷ്യർ ഡിലനെ ആസ്വദിക്കുന്നു. ആരാധിക്കുന്നു. പൗരാണികകാലത്തു സാഫോയും ഹോമറും എഴുതിയതു അരങ്ങിൽ പാടിയവതരിപ്പിക്കാനായിരുന്നു. നാം ഇപ്പോഴും അതു വായിച്ചു രസിക്കുന്നു. അതേപോലെ കാലാതീതമായ രസം പകരുന്നുണ്ട് ഡിലന്റെ കാവ്യാവിഷ്കാരമെന്നു നൊബേൽ സമിതിയുടെ കണ്ടെത്തൽ. ബിബിസിയുടെ റിപ്പോർട്ട് ഇങ്ങനെ: ‘ആധുനിക സംഗീതത്തിലെ മഹാൻമാരിലൊരാളാണു ബോബ് ഡിലൻ. എന്നാൽ തന്റെ സ്വരത്തിന് ഒരിക്കലും അദ്ദേഹത്തിനു പുരസ്കാരം കിട്ടിയിട്ടില്ല. പകരം ആ വരികളാണു റോക്ക്–പോപ് സംഗീതത്തെ മാറ്റിമറിച്ചത്’.
ശരിയാണ്. അതാണു നൊബേൽ സമ്മാന സമിതിയെയും ആകർഷിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലെ ഏറ്റവും വലിയ കവിയാണ് ഡിലനെന്ന് യുഎസ് കവി അലൻ ഗിൻസ്ബെർഗ് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതൽ തന്നെ ഏറ്റവും സ്വാധീനിച്ച ഗായകനാണു ഡിലനെന്നു സൽമാൻ റുഷ്ദി ഇന്നലെ പറഞ്ഞു. ലോകമെങ്ങുമുള്ള പാട്ടെഴുത്തുകാർക്കും ഇതിൽ ആഹ്ളാദിക്കാം. സാഹിത്യപുരസ്കാരങ്ങൾക്ക് അവർക്കു കൂടി അർഹതയുണ്ടെന്ന് ഇനി ധൈര്യമായി വാദിക്കാം.

റോബർട് അലൻ സിമ്മർമാൻ എന്ന് യഥാർഥ പേര്. കോഫി ഹൗസുകളിൽ നാടൻപാട്ടുകൾ പാടിനടന്നിരുന്ന കാലത്ത് പ്രശസ്ത വെൽഷ് കവി ഡിലൻ തോമസിനോടുള്ള ഇഷ്ടം കൂടിയാണു സ്വന്തം പേര് ബോബ് ഡിലൻ എന്നാക്കിയത്. യൗവനകാലത്ത് റംബോയും ജോൺ കീറ്റ്സും സ്വാധീനിച്ചു. എഴുപതുകളുടെ ഒടുവിൽ ബൈബിൾ വലിയ സ്വാധീനമായി. എഴുപതുകളിൽ മോട്ടോർബൈക്ക് അപകടത്തിനുശേഷം തുടർന്നു കുറേക്കാലം ഏകാന്തവാസമായിരുന്നു. 1975ലെ ബ്ലഡ് ഓൺ ദ് ട്രാക്സ് ആൽബത്തോടെ തിരിച്ചുവന്നു. മൂന്നുവർഷത്തിനുശേഷം അരിസോണയിൽ ഹോട്ടൽമുറിയിൽ വച്ചു ഡിലനു ക്രിസ്തുദർശനമുണ്ടായി. ഇതോടെ പാട്ടിൽ ക്രൈസ്തവ ആത്മീയതയും മതാത്മകതയും ഇടം പിടിച്ചു. 1971 ൽ ഇറക്കിയ ടരാൻറ്റുല്ല എന്ന പുസ്തകം ഡിലന്റെ വരകളും എഴുത്തും സമാഹരിച്ചതാണ്. ആത്മകഥ:ക്രോണിക്കിൾസ്. കാലഹരണപ്പെട്ടു പോകുന്നു എന്ന തോന്നലുണ്ടാകുമ്പോഴേക്കും പുതിയ ഗാനങ്ങളുമായി, പുതിയ വികാരങ്ങളുമായി ഡിലൻ വന്നു–നൊബേൽ സമ്മാനം വരെ എത്താൻ ഓരോ വർഷവും നൊബേൽ സാഹിത്യ സമ്മാനം പ്രഖ്യാപിക്കുമ്പോൾ ലോകഭാഷകളിലെ പ്രതിഭാശാലികളായ എഴുത്തുകാരിൽ ആർക്കെങ്കിലുമാകും എന്ന് ഊഹിക്കും. അല്ലെങ്കിൽ ലോകത്തിലെ ഏതെങ്കിലും ഭാഷയിലെ മഹാസിദ്ധിയുള്ള ഒരു പുതിയ എഴുത്തുകാരനെയോ അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരു എഴുത്തുകാരനെയോ നൊബേൽ സമ്മാനം തേടിച്ചെല്ലുമെന്നും വിചാരിക്കും. ഡിലനു കിട്ടിയപ്പോൾ, സാഹിത്യം വായിച്ചുനടക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ എന്നാണു തോന്നിയത്. കാരണം പുസ്തകം മാത്രമല്ല സാഹിത്യം എന്നു നാമറിയണം.
നല്ല സാഹിത്യം എന്താണെന്നു സംബന്ധിച്ചു നൊബേൽ സമിതിക്കു പ്രത്യേകിച്ചു നിർവചനം ഉണ്ടെന്നും തോന്നുന്നില്ല. ഒരാൾക്കു പുരസ്കാരം കൊടുക്കണമെന്നു തീരുമാനിച്ചാൽ അതിനുസരിച്ചുള്ള ചില വിലയിരുത്തലുകൾ അവർ കണ്ടെത്താറുണ്ട്. നോവലിനും കഥയ്ക്കും കവിതയ്ക്കും പുറത്തേക്കു സാഹിത്യം വികസിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടോ? തിരക്കഥാകൃത്തുക്കൾക്കും പരസ്യമെഴുത്തുകാർക്കും റേഡിയോ ജോക്കികൾക്കും അടക്കം ഭാഷ സമർഥമായി ഉപയോഗിക്കുന്ന ആരും സാഹിത്യത്തിന്റെ പരിധിയിൽ വരുമെന്നു തോന്നുന്നു. ഡിലനു പുരസ്കാരം ലഭിച്ചതിൽ ഖിന്നരായ സാഹിത്യവാദികൾക്കു മറുപടിയായി ഫെയ്‌സ് ബുക്കിൽ ഒരു പ്രമുഖ യുഎസ് പാട്ടെഴുത്തുകാരൻ ഇങ്ങനെ എഴുതി (ഉദ്ധരണി ഗാർഡിയനിൽനിന്ന്) : ‘സാധാരണനിലയിൽ സംഗീതത്തിനു പുറത്ത് (പാട്ടിന്റെ) വരികൾക്ക് ആയുസ്സില്ല. എന്നാൽ ഡിലന്റെ കാര്യം അതല്ല. അദ്ദേഹത്തിനറെ വരികൾ ഗാനം എന്ന കലാരൂപത്തെത്തന്നെ മാറ്റിമറിച്ചു. ഡിലന്റെ ഭാഷാപ്രയോഗം ശക്തമാണ്, സഹജമാണ്. മഹത്തായ കവിത ചെയ്യുന്ന അതേ പ്രവൃത്തി’.

ഡിലനുള്ള അംഗീകാരം ജനപ്രിയ സാഹിത്യ–സംഗീത രൂപങ്ങളുടേതു കൂടിയാണ്. ജെ.കെ. റൗളിങ്ങിനെ അടുത്തതായി പരിഗണിച്ചേക്കുമെന്നും എനിക്കു തോന്നുന്നു. എന്നാൽ ഡിലനെ വായിച്ചോ കേട്ടോ ആസ്വദിക്കാനുള്ള കഴിവ് എനിക്കുണ്ടെന്നു തോന്നുന്നില്ല. അരനൂറ്റാണ്ടിനിടെ ആലപിക്കപ്പെട്ട ഗാനങ്ങളിൽ ഏറ്റവും പ്രശസ്തമായതു വായിക്കുമ്പോൾ, ശ്രീകുമാരൻതമ്പിയോ യൂസഫലി കേച്ചേരിയോ പി.ഭാസ്കരനോ എഴുതിയ ഗാനങ്ങൾ പലതും അതിലും മനോഹരമാണെന്ന് എനിക്കു തോന്നുന്നു. ഡിലന്റെ സംഗീതത്തിന്റെ കാര്യം പറയുകയാണെങ്കിൽ, എനിക്ക് സംഗീതമറിയില്ല. ഞാൻ ഒരു വായനക്കാരനാണ്. നോവലോ കഥയോ കവിതയോ ആണെങ്കിൽ എന്തെങ്കിലും പറയാം. അതിനാൽ ഡിലന്റെ വരികൾ ഓർത്തു പറഞ്ഞാൽ ‘ലെറ്റ് മീ ഫൊർഗെറ്റ് എബൗട്ട് ടുഡേ അൺടിൽ ടുമാറോ’.