മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസ് ആരായിരുന്നു? മാധവിക്കുട്ടിയുടെ ജീവിതത്തെക്കുറിച്ച് ‘ ദ് ലവ് ക്വീൻ ഓഫ് മലബാർ’ എന്ന പുസ്തകമെഴുതിയ മെറിലി വെയ്സ്ബോഡ് എഴുതിയതാണോ ശരി, അവരുടെ മക്കൾ പറയുന്നതോ? മലയാള സാഹിത്യത്തിൽ പുതിയൊരു വിവാദത്തിനു തുടക്കമാകുകയാണ്.
മാധവദാസിനെക്കുറിച്ച് മാധവിക്കുട്ടി പറയുന്നതായി മെറിലിയുടെ പുസ്തകത്തിൽ ഇങ്ങനെയാണുള്ളത്: ‘‘ ഇത്രയും ചെറുപ്രായത്തിൽ എനിക്ക് ബ്രഹ്മചര്യത്തിൽ വിശ്വാസം വരുവാൻ എന്താണു കാര്യം? എന്റെ ഭർത്താവിനെക്കുറിച്ചുള്ള സത്യം ഞാൻ പറഞ്ഞില്ലെങ്കിൽ എന്റെ കഥ പാതി സത്യം മാത്രമുള്ള പുസ്തകമല്ലേ ആകൂ.
എന്നിൽ നിറയെ ദു:ഖമായിരുന്നു. കമല ഒന്ന് നിർത്തി വീണ്ടും തുടങ്ങി. അവർ മറച്ചുവച്ച സ്വന്തം ജീവിതത്തിലേക്കുള്ള വഴി തുറക്കുകയായിരുന്നു. എന്റെ ഭർത്താവ് എപ്പോഴും യുവാക്കളെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരുന്നു. അതിനോടൊപ്പം വയസ്സന്മാർ എന്റെ മേൽ കയറി കിടക്കുന്നതിനെക്കുറിച്ചും. ഒരു പുരുഷന്റെ നഗ്നത മാത്രമേ അയാളിൽ ഉത്തേജനമുണ്ടാക്കൂ എന്ന അവസ്ഥയായി. അദ്ദേഹത്തോടൊപ്പം രാസക്രീഡയിലേർപ്പെട്ട പുരുഷന്മാരെക്കുറിച്ച് എന്റെ അഭിപ്രായം തേടുക പതിവായി. അദ്ദേഹത്തിന് അയാൾ എന്റെയൊപ്പം ശയിക്കുന്നത് മനസ്സിൽ കാണണമായിരുന്നു. അങ്ങനെയായാൽ മാത്രമേ അദ്ദേഹത്തിന് ഉത്തേജനം ലഭിക്കുമായിരുന്നുള്ളൂ. അതിനാൽ എനിക്ക് മനക്കോട്ടകൾ കെട്ടേണ്ടിവന്നു. ഞാൻ കഥകൾ മെനഞ്ഞു. കാരണം മറ്റൊരു പുരുഷൻ എന്റെ ശരീരത്തിൽ സ്പർശിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു.
തന്റെ ഭർത്താവ് ഒരിക്കലും താനുമൊത്തല്ല ഉറങ്ങിയിരുന്നതെന്ന് പകരം തന്റെ മനസ്സിന്റെ കോണിലെവിടെയോ ഒളിഞ്ഞിരുന്നിരുന്ന ഒരു പുരുഷകാമുകനുമൊത്താണ് ഉറങ്ങിയിരുന്നതെന്നും കമല പറഞ്ഞു. അതിനാൽ അതെല്ലാം ഒന്നു കഴിഞ്ഞുകിട്ടുവാനായി കമല കണ്ണടച്ച് കിടക്കും. അപ്പോൾ മനസ്സിൽ കൃഷ്ണനെ ധ്യാനിക്കും. കാരണം കൃഷ്ണൻ എന്റെ മനസ്സിലേക്കെത്തുമ്പോൾ ഞാൻ ശുദ്ധയായി എന്നൊരു ചിന്ത എന്റെ മനസ്സിലേക്കെത്തുന്നു. തന്റെ തൊണ്ടിക്കുള്ളിൽ കിടക്കുന്ന ഒരു ഞണ്ടിനെ മറ്റൊരു ഞെണ്ട് ചുമന്നു നടക്കുന്നതുപോലെ എനിക്കു തോന്നാറുണ്ടായിരുന്നു എന്നാണു കമല പറഞ്ഞത്. അതായത് ചിലപ്പോഴെങ്കിലും എനിക്ക് എന്റെ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടാറുണ്ടായിരുന്നു എന്ന്.
എന്റെ ഭർത്താവ് എപ്പോഴും എന്നെ അദ്ദേഹത്തിന്റെ മേലധികാരികളുടെ അടുത്തേക്കയക്കാറുണ്ടായിരുന്നു. ഒരു ഉദ്യോഗക്കയറ്റം ലഭ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതുപറയുമ്പോൾ കമല എന്നെത്തന്നെ നോക്കുകയായിരുന്നു. തന്റെ മേലധികാരിയായ ഒരു ബ്രാഹ്മണനുമൊത്ത് കമല ശൃംഗരിക്കുകയും അയാളെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നതിൽ കമലയുടെ ഭർത്താവിന് താൽപര്യമുണ്ടായിരുന്നു എന്നെനിക്കറിയാം. എന്നാലിപ്പോൾ കമല എന്നോട് മറ്റൊരു കഥ കൂടി പറയുന്നു. ഒരിക്കൽ കമലയുടെ ആരാധകനായ ഉന്നതനായ ഒരു മന്ത്രിയിൽ നിന്നും കമലയ്ക്ക് ഒരു കത്തുലഭിച്ചപ്പോൾ അദ്ദേഹം കമലയെ അയാളുടെ അടുത്തേക്കയച്ചു. തനിക്ക് ഇതിലും നല്ലൊരു ജോലി തരപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. നീ പോയേ തീരൂ. നിനക്ക് എന്നെ സഹായിക്കാൻ താൽപര്യമില്ലേ എന്നായിരുന്നു ചോദ്യം.
എന്റെ ഭർത്താവ് പറഞ്ഞിട്ടൊന്നുമല്ല ഞാൻ വന്നത്. ഞാൻ തന്നെയാണാ സൂത്രശാലി കമല മന്ത്രിയോടു പറഞ്ഞു. കമലയുടെ ഭർത്താവിന് വേഗം തന്നെ അപ്പോഴുള്ളതിലും വലിയൊരു ഉദ്യോഗം ലഭിച്ചു. ‘എന്റെ ജീവിതത്തിന്റെ നല്ലകാലത്ത് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരെ സന്തോഷിപ്പിക്കുന്നതിന് അദ്ദേഹമെന്നെ പരിശീലിപ്പിക്കുകയായിരുന്നു. കുടിക്കുവാൻ എന്തു നൽകണമെന്നു പരിശീലിപ്പിക്കുകയായിരുന്നു. ആതിഥേയ മര്യാദകൾ എല്ലാം തികഞ്ഞ ഒരു സ്ത്രീയാകുവാൻ പഠിപ്പുക്കുകയായിരുന്നു. ഒരിക്കൽ കൂടി കമല തന്റെ ഭർത്താവിന്റെ തൊഴിൽ ദാതാവാകുവാൻ സാധ്യതയുള്ള ഒരാളെ സന്തോഷിപ്പിച്ചു. അപ്പോൾ ഭർത്താവ് അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ ഒരു ഉപദേശകനായി.
ഇതിനെല്ലാം അവസാനമുണ്ടായത് ദാസ് ഒരിക്കൽ ബർമ്മ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ്. വന്നപാടെ ദാസ് തന്റെ കൂട്ടുകാരനായ ഒരു യുവാവിന്റെ ചിത്രം കമലയ്ക്കു കാണിച്ചു കൊടുത്തു. അയാൾ ദാസിന്റെ മടിയിൽ കയറിയിരിക്കുകയായിരുന്നു. അയാൾ ദാസിന് വളരെ ‘പ്രത്യേകത’കളുള്ളയാണാണത്രെ. പ്രണയബന്ധിതരെപ്പോലെ അവർ ഇരുവരെയും കെട്ടിപ്പിടിച്ചിക്കുകയായിരുന്നു. അതുകണ്ടപ്പോൾ ദാസ് അയാളെ പ്രേമിക്കുന്നുണ്ടോ എന്നു കമല ചോദിച്ചു.
മക്കൾ പറയുന്നത്
എന്നാൽ മെറിലിയുടെ ഈ വാക്കുകളെ മാധവിക്കുട്ടിയുടെ മക്കൾ ശക്തമായി എതിർക്കുകയാണ്. മാധവിക്കുട്ടിയുടെ മൂത്തമകനായ മോനു നാലപ്പാട്ട് പറയുന്നതിങ്ങനെയാണ് (ചന്ദ്രിക ആഴ്ചപ്പതിപ്പ് മാർച്ച് 26)
മോനു നാലപ്പാട്ട്: മെറിലി കൊച്ചിയിൽ വന്നാൽ ഒരു അരമണിക്കൂറൊക്കെ അമ്മയുടെ കൂടെയിരിക്കും. എന്നിട്ട് തിരിച്ച് താജ് ഹോട്ടലിൽ പോയി സ്വിമ്മിങ് പൂളിൽ കിടക്കും; അമ്മയുടെ ചെലവിൽ. മെറിലിയുടെ മനസ്സിൽ സെക്സ് മാത്രമേയുള്ളൂ. സ്ത്രീ എന്നു പറഞ്ഞാൽ അവർക്ക് സെക്സ് ആണ്. അവർ എന്നോടു ചോദിച്ചിട്ടുണ്ട് സെക്സ് എങ്ങനെയുണ്ട്? നിങ്ങളുടെ സെക്സ് ലൈഫൊക്കെ എങ്ങനെയെന്ന്.
അതേപോലെ അവരുടെ പുസ്തകം ഒരു ഫിക്ഷനാണ്. എന്നാൽ അതിൽ അച്ഛനെക്കുറിച്ച് എഴുതിയത് വായിച്ചപ്പോൾ വേദന തോന്നി. നാൽപ്പത് വർഷം എന്റെ അച്ഛൻ അമ്മയെ സ്നേഹിച്ചു. സംരക്ഷിച്ചു. ആ അച്ഛനെക്കുറിച്ചാണ് ആ സ്ത്രീ ഇങ്ങനെയൊക്കെ നീചമായി എഴുതിയിരിക്കുന്നത്. അച്ഛൻ ഒരു എഫക്‌ഷനൽ ടൈപ്പ് ആണ്. അച്ഛൻ അച്ഛന്റെ ജോലിയിൽ വളരെ താൽപര്യം കാണിച്ചിരുന്നു. അച്ഛനും അമ്മയും തമ്മിൽ വളരെ അടുപ്പത്തിലായിരുന്നു. അവർ രണ്ടു സ്ഥലത്തായിരിക്കുമ്പോൾ നിത്യേനയെന്നോണം കത്തുകൾ എഴുതുമായിരുന്നു. റിയൽ ലൈഫിൽ അച്ഛൻ അമ്മയെ വളരെ സ്ട്രോങ് ആയി സപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാധവിക്കുട്ടിയുടെ രണ്ടാമത്തെ മകനായ ചിന്നൻദാസ് അച്ഛനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: അച്ഛൻ വളരെ സൗമ്യനായിരുന്നു. വെരി ഹോണസ്റ്റ് മാൻ. ഇത്രയും ഹോണസ്റ്റ് ആയ ഒരാളെ ലോകത്ത് കാണാൻ കഴിയുകയില്ല. അമ്മ ഒരു എക്സൻട്രിക് ബ്രില്ല്യൻഡ് ലേഡി ആയതുകൊണ്ട് അമ്മയെ ഹൻഡിൽ ചെയ്യാൻ അച്ഛൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അച്ഛൻ അമ്മയോട് ഒരിക്കൽപോലും ദേഷ്യപ്പെടുന്നതായി ഞാൻ കണ്ടിട്ടില്ല.
മൂന്നാമത്തെ മകനായ ജയസൂര്യദാസ് പറയുന്നത്: അച്ഛനില്ലായിരുന്നെങ്കിൽ അമ്മ ഇന്നറിയപ്പെടുന്ന കമലാദാസ് ആകുമായിരുന്നില്ല. എന്തുവേണമെങ്കിലും എഴുതിക്കൊള്ളൂ ആമി, ഞാനുണ്ട് പേടിക്കണ്ട എന്നുപറഞ്ഞ് അച്ഛൻ അമ്മയ്ക്കു ധൈര്യം പകർന്നിരുന്നു. അച്ഛന് എതിരായിട്ടാണ് എന്റെ കഥയിൽ അമ്മ എഴുതിയിരിക്കുന്നത്. ദാസേട്ടന് ദേഷ്യായോ എന്ന് അമ്മ ചോദിക്കും. ‘ യൂ റൈറ്റ് യു ഫീൽ ഹാപ്പി. ദാറ്റ് ഈസ് ഇംപോർട്ടന്റ്’ എന്നാണ് അപ്പോൾ അച്ഛൻ പറഞ്ഞിരുന്നത്.
അപ്പോൾ മെറിലി വെയ്സ്ബോഡ് പറഞ്ഞത് സത്യത്തിനു നിരക്കാത്തതായിരുന്നോ? മാധവിക്കുട്ടിയുടെ ജീവിതത്തിലെ രണ്ടു ഭാഗങ്ങളാണ് മെറിലി ‘ ദ് ലവ് ക്വീൻ ഓഫ് മലബാർ ’ എന്ന പുസ്തകത്തിൽ പറയുന്നത്. മാധവിക്കുട്ടിയോടൊപ്പം ദീർഘകാലം ജീവിച്ചശേഷമാണ് അവർ ഈ കൃതിയെഴുതിയത്.