ശരീരത്തിന്റെ ആരോഗ്യത്തിന് ഭക്ഷണം അനിവാര്യമാണ്. നല്ല അറിവുണ്ടാകാൻ നല്ല വായനയും വേണം. ആരോഗ്യമുള്ള മനുഷ്യനെ രോഗങ്ങൾക്കു മാത്രമല്ല, മറ്റുള്ളവർക്കും ഭയമാണ്. അറിവുള്ളവനെ രാജാവ് പോലും ഭയപ്പെട്ടിരുന്നു. നല്ല ആരോഗ്യം ഉണ്ടാകാൻ നല്ല ഭക്ഷണം കഴിക്കണം. നല്ല അറിവുണ്ടാകാൻ, ചിന്തകളുണ്ടാകുവാൻ പുസ്തകങ്ങൾ ‘ഭക്ഷിക്കണം – മനസിന്റെ വിശപ്പകറ്റുന്നതു വായനയാണ്.
ആഹാരവും ആരോഗ്യവും തമ്മിൽ, അറിവും വായനയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യന്റെ ചിന്തകൾക്കു ചിറകു മുളപ്പിക്കുന്നതു വായനയാണ്. വായിലേക്കു പോകുന്നതാണ് ഭക്ഷണം. വായിൽനിന്നു പുറത്തേക്കു വരുന്നതാണ് ഭാഷണം. ഭക്ഷണവും ഭാഷണവും നന്നാകണം, എന്നാലേ മനുഷ്യനും നന്നാകൂ.
അന്നം ബ്രഹ്മമാണ്. അറിവും ബ്രഹ്മം തന്നെ.‘‘പുസ്തകങ്ങൾ അറിവിന്റെ കാലത്ത് ചോദ്യങ്ങൾ ഉയർത്തുന്നു.ആലസ്യത്തിന്റെ കാലത്ത്ഉറങ്ങുന്നവന് തലയിണയാകുന്നു.ക്ഷാമകാലത്ത്, അലമാരിക്ക്മുകളിലുള്ള അവസാനത്തെഅപ്പക്കഷ്ണമെടുക്കാൻഅത് ഗോവണിയായി വർത്തിക്കുന്നു
(പുസ്തകങ്ങളുടെ പ്രയോജനം – സച്ചിതാനന്ദൻ) ആഹാരം ആരോഗ്യത്തിലേക്കുള്ള ചവിട്ടുപടിയാണെങ്കിൽ പുസ്തകം അറിവിലേക്കും മനസിന്റെ ആരോഗ്യത്തിലേക്കുമുള്ള ചവിട്ടുപടിയാകുന്നു.
അമ്മയുടെ ഭക്ഷണമാണ് ഗർഭസ്ഥ ശിശുവിന്റെ ആഹാരം. അമ്മയുടെ വായനയും സംഗീതവുമെല്ലാം പിറക്കാനിരിക്കുന്ന കുഞ്ഞിനെയും സ്വാധീനിക്കുമെന്ന് ആധുനിക ശാസ്ത്രം. എളുപ്പത്തിൽ ദഹിക്കുന്നതും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് കുഞ്ഞുങ്ങൾക്കു കൊടുക്കേണ്ടത്. അല്ലെങ്കിൽ ദഹനക്കേടുണ്ടാകും. ലളിതവും മനോഹരവുമായ മുത്തശ്ശിക്കഥകളും കവിതകളും അവർക്കു പറഞ്ഞുകൊടുക്കണം.മണ്ണിന്റെ മണമുള്ള നാടൻ പാട്ടുകളും പഴഞ്ചൊല്ലുകളും കടങ്കഥകളും അവരുടെ മനസിനെ തൊട്ടുണർത്തും.
‘‘ഒന്നേ ഒന്നേ വന്നാട്ടെ
രണ്ടേ രണ്ടേ നിന്നാട്ടെ,
മൂന്നേ മൂന്നേ പോയാട്ടെ
ഇത്തരത്തിലുള്ള കുട്ടിക്കവിതകൾ മാത്രമല്ല, സാരോപദേശങ്ങളും സ്നേഹവും ദയയും കരുണയും നിറഞ്ഞ ബാലസാഹിത്യ കൃതികളാണ് കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യത്തിന് നല്ലത്.മിന്നാമിനുങ്ങിനെ കൊത്തിയ പൂങ്കുയിലിന്റെ കഥ കേട്ടിട്ടില്ലേ.
ഒരിക്കൽ പാടിപ്പാടിത്തളർന്ന ഒരു പൂങ്കുയിൽ ഭക്ഷണമൊന്നും കിട്ടാതെ വിശന്നിരിക്കുകയായിരുന്നു.ആ മരക്കൊമ്പത്ത് ഇരുന്ന ഒരു മിന്നാമിനുങ്ങിനെ ഏതോ കായെന്നു കരുതി ആ കുയിൽ കൊത്തി. വേദനകൊണ്ടു പുളഞ്ഞ മിന്നാമിനുങ്ങ് ചോദിച്ചു:‘‘കായില്ലേ, കനിയില്ലേനിനക്കു തിന്നാൻ നീ കാരണം ഞാൻമരിക്കുകിൽ, നമ്മെയെല്ലാം,സൃഷ്ടിച്ച ദേവൻ കുറ്റം പൊറുക്കുമോ? ഇളം ചുണ്ടുകളിൽ ജി. ശങ്കരക്കുറുപ്പ് എഴുതിയ ഈ കുട്ടിക്കവിത വായിച്ചാൽ ഏതു കുഞ്ഞിനാണ് സഹജീവിയോട് സ്നേഹം തോന്നാതിരിക്കുക.
അപാരമായ പാണ്ഡിത്യംകൊണ്ട് വായനക്കാരെ അകറ്റിയ ഉള്ളൂർ എഴുതിയ കുട്ടിക്കവിതകൾ നമ്മെ അദ്ഭുതപ്പെടുത്തും.
‘‘കാക്കേ കാക്കേ കൂടെവിടെ
‘‘പ്രാവേ പ്രാവേ പോകരുതേ
എത്ര മനോഹരമാണീ കവിതകൾ.പൂക്കൾ പറന്നു പോകുന്നുവെന്ന് പറഞ്ഞ് സങ്കടപ്പെട്ട കുഞ്ഞിനോട്‘
‘തെറ്റി നിനക്കുണ്ണി ചൊല്ലാം,
നൽപ്പൂമ്പാറ്റകളല്ലേ ഇതെല്ലാം
എന്നു പറയുന്ന അമ്മ.(കുമാരനാശാൻ)
എത്ര കഴിച്ചാലും മതിയാകാത്ത ഭക്ഷണംപോലെ, അവസാനിക്കാത്ത അക്ഷയപാത്രംപോലെയാണ് നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും പുണ്യ ഗ്രന്ഥങ്ങളും. ഭിന്ന രുചികൾ, പുതിയ പുതിയ അർഥതലങ്ങൾ ഇവയൊക്കെ അവ തന്നുകൊണ്ടേയിരിക്കും.
നോവലുകൾ, ചെറുകഥകകൾ, ജീവചരിത്രങ്ങൾ, ആത്മകഥകൾ,ശാസ്ത്രഗ്രന്ഥങ്ങൾ, സഞ്ചാരസാഹിത്യം, മറ്റുഭാഷകളിലെ സാഹിത്യസൃഷ്ടികൾ തുടങ്ങിയവ ഭക്ഷണം പോലെ തന്നെ മനുഷ്യന്റെ അറിവിന് ആരോഗ്യം നൽകുന്നതാണ്. ചവച്ചരച്ച്, ആസ്വദിച്ചു കഴിക്കാവുന്ന ഭക്ഷണമുണ്ട്. ചിലത് വടിച്ചു കഴിക്കാം, മറ്റു ചിലത് ഈമ്പിക്കുടിക്കാം. വായനയും ഇങ്ങനെയാണ്. ഒറ്റ വായന, ആവർത്തിച്ചുള്ള വായന, ഗാഢമായ വായന.
എളുപ്പത്തിൽ തയാറാക്കാവുന്ന, കഴിക്കാവുന്ന പാക്കറ്റ് ഫുഡുകൾക്ക് നമ്മുടെ അടുക്കളയിൽ വേകുന്ന നാടൻ ഭക്ഷണത്തിന്റെ ഗുണവും രുചിയും തരാനാകില്ല.ഒരു വിരലനങ്ങിയാൽ പ്രപഞ്ചത്തിലെ എല്ലാ അറിവുകളും നമുക്ക് മുന്നിൽ തെളിയും. എന്നാൽ, വായന രചിക്കുന്ന ഭാവനയുടെ സാമ്രാജ്യം ഒരു കംപ്യൂട്ടറിനും സൃഷ്ടിക്കാനാവില്ല.
നൈൽ നദിയുടെ നീളം ?ഞൊടിയിടയിൽ ഇന്റർനെറ്റ് നമുക്ക് പറഞ്ഞുതരും എന്നാൽ നൈലിന്റെ സൗന്ദര്യവും അഗാധതയും പുസ്തക വായനയിലൂടെ മാത്രമേ അനുഭവിക്കാനാകൂ. അതുകൊണ്ടാണ് പുസ്തകങ്ങൾ അക്ഷയമായ ഭക്ഷണമാകുന്നത്. ബയണറ്റുകളേക്കാൾ നെപ്പോളിയൻ ഭയപ്പെട്ടിരുന്നത് അക്ഷരങ്ങളെയാണ്. പുസ്തകം അപ്പോൾ ആഹാരം മാത്രമല്ല, ആയുധവുമാകും.
‘പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണ് നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ
(ബ്രത്തോൾഡ്ബ്രത്ത്)