ഉവ്വ്, സന്ധ്യയാകാറായി. ഇത് വേര്‍പിരിയലിന്റെ നിമിഷമാണ്. ഇനി നമ്മള്‍ പിരിഞ്ഞേ തീരൂ, രണ്ടു വഴികളിലേക്ക്... ഇരുട്ട് ക്രമേണ നമുക്കിടയില്‍ പരക്കും. നമുക്ക് നമ്മെത്തന്നെ കാണാതെയാകും. വേദനയോടെ ഞാന്‍ പറയട്ടെ, ഇനി നിനക്ക് നിന്റെ വഴി. എനിക്ക് എന്റേതും. ഇനിമേല്‍ നമ്മള്‍...
ദൈവമേ... നമ്മളെത്ര അപരിചിതരായിരിക്കുന്നു. എത്രമേല്‍ സ്‌നേഹിച്ചിരുന്നവരായിരുന്നു നമ്മള്‍... ഇല്ല, എനിക്കൊന്നും പൊരുതി വാങ്ങാനാവില്ല. അറിഞ്ഞുകൊണ്ട് തോറ്റുതരുകയല്ലാതെ... സ്‌നേഹിച്ച് നഷ്ടപ്പെടുകയെന്നത് എന്റെ ആദ്യത്തെ അനുഭവവുമല്ലല്ലോ.
ഇനിയൊരിക്കലും നമ്മള്‍ ഒരുമിച്ച് കൈകള്‍ കോര്‍ത്ത് നടന്നു നീങ്ങില്ല. ഇനി നമ്മള്‍ പുഴയോരത്ത് നിലാവിനെ നോക്കി മലര്‍ന്നു കിടക്കുകയില്ല. ഒരു പെരുമഴ നമ്മള്‍ ഒരുമിച്ച് കൊള്ളുകയില്ല. എന്റെയും നിന്റെയും ചിരികള്‍ തമ്മില്‍ ചേര്‍ന്നുടയുകയില്ല. എന്റെ ജന്മദിനം ഓര്‍മ്മിച്ചുവച്ച് പ്രഭാതത്തില്‍ ജന്മദിനസമ്മാനവുമായി വന്നെന്നെ നീ വിളിച്ചുണര്‍ത്തുകയില്ല. നാമിനി കുന്നിന്‍മുകളിലെ പള്ളിഗോപുരത്തിലേക്ക് പ്രാര്‍ത്ഥിക്കാനായി ഒരുമിച്ച് പോകില്ല. എന്റെ അസുഖങ്ങളുടെ രാത്രികളില്‍, തള്ളപ്പക്ഷി കുഞ്ഞിനെയെന്നോണം നീയെന്നെ അണച്ചു പിടിച്ച് കിടക്കുകയില്ല. അടക്കിനിര്‍ത്തിയ വേദനയോടെ ഞാനങ്ങനെ നിന്നില്‍ മുഖംചേര്‍ത്ത് കിടക്കുമ്പോള്‍ അലിവൂറുന്ന സ്‌നേഹമായി നീയെന്റെ മൂര്‍ദ്ധാവില്‍ ഇനിയിടയ്ക്കിടെ ഉമ്മ വയ്ക്കുകയില്ല.
ഇനിയെന്റെ വേദനയുടെ അത്തരം രാവുകളില്‍ ഞാന്‍ തനിച്ചായിരിക്കും. അപ്പോള്‍ ഞാനാ പഴയ രാവോര്‍ത്ത് ഹൃദയം നുറുങ്ങി കരയും. അതു കേള്‍ക്കാന്‍ നീയെന്റെ അരികത്തുണ്ടാവില്ലല്ലോ. പിന്നെയൊരിക്കലും നീയെന്നെയോര്‍ക്കുകയുമില്ല. നിന്റെ വിസ്മൃതിയുടെ തുരുത്തില്‍ ഞാനെന്നേ മറന്നുകഴിഞ്ഞിരിക്കും. നിന്റെ പുതിയ ബന്ധങ്ങളുടെ, പുതിയ സാഹചര്യങ്ങളുടെ ലോകത്തില്‍ ഞാന്‍ അന്യനും അപരിഷ്‌കൃതനും അകറ്റിനിര്‍ത്തപ്പെടേണ്ടവനുമായി മാറും.
സായാഹ്നത്തിലെ നിഴല്‍പോലെ ഞാന്‍ അകന്നുപോകുകയാണ്, വേദനയോടെ. അതു പക്ഷേ, നീ തന്ന വേദനകളോര്‍ത്തല്ല, ഞാന്‍ നിനക്ക് തന്ന വേദനകളോര്‍ത്താണ്. ഞാനെന്നും നിന്നെ വേദനിപ്പിച്ചിട്ടേയുള്ളു. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും. ഇനിയും നിന്നെ വേദനിപ്പിക്കാതിരിക്കാന്‍ എനിക്ക് പോയേ തീരൂ. അല്ലെങ്കില്‍ നീയെന്നെ വെറുത്തു പോകും. അതെനിക്ക് താങ്ങാനാവില്ല. എല്ലാ കുറ്റങ്ങളും ഏറ്റെടുത്തുകൊണ്ട്, നിന്റെ ജീവിതത്തിന്മേല്‍ ഇനിയും ഒരു കരിനിഴല്‍ വീഴ്ത്താതിരിക്കാന്‍...
അകലം കൂടുകയും കാണാതിരിക്കുന്നതിന്റെ ദൈര്‍ഘ്യം ഏറുകയും ചെയ്യുമ്പോള്‍ എല്ലാം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമെന്നതുപോലെ നമുക്ക് (?) അപ്രസക്തമായേക്കാം. പേടിപ്പെടുത്തുന്ന എന്റെ സ്‌നേഹത്തില്‍നിന്ന് രക്ഷപ്പെട്ടതിലുള്ള സന്തോഷം കൊണ്ട് നീ ദീര്‍ഘനിശ്വാസം വിടുകയുമാവാം. ഇതൊക്കെ ഇങ്ങനെയൊക്കയേ ആവൂ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. അത് അസ്ഥാനത്തായില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുമില്ല. ഏതിനും ഒരന്ത്യമുണ്ടാവുമല്ലോ. ഏറിപ്പോകുന്ന സ്‌നേഹബന്ധങ്ങള്‍ക്ക് പ്രത്യേകിച്ചും.
ഞാനൊരിക്കലും നിന്നെ കുറ്റപ്പെടുത്തുകയില്ല. എനിക്കെങ്ങനെയാകുമത്? തെറ്റുകളെല്ലാമെന്റേത്. അതുകൊണ്ട് നീയെനിക്കുതന്ന എല്ലാ നന്മകളുമോര്‍ത്ത്, വിജനമായ പള്ളിക്കകത്ത്, അള്‍ത്താരയ്ക്കു മുമ്പില്‍ മുട്ടുകുത്തി, കൈകള്‍ വിരിച്ചുപിടിച്ചുനിന്ന് കണ്ണീരോടെ ഞാന്‍ ദൈവത്തിന് നന്ദി പറയും. മനസ്സുരുകി ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കും. നിനക്ക് നല്ലത് വരണേയെന്ന്... നിന്റെ ഉള്ളില്‍ എന്നും സന്തോഷം നിറയണേയെന്ന്. നിനക്ക് ഒരു നന്മയും നല്കാന്‍ കഴിയാതെ പോയ ഒരു പാഴ്ജന്മമാണല്ലോ എന്റേത്. നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയല്ലാതെ എനിക്കെന്താണ് ചെയ്യാനുള്ളത്?
ഇപ്പോള്‍ ഞാനൊന്നു ചോദിച്ചോട്ടെ. പലരും ചോദിക്കുന്ന പഴയൊരു ചോദ്യം തന്നെ. നീയെന്നെ ഒരിക്കലെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? എല്ലാം ഞാന്‍ തുറന്നുപറഞ്ഞിട്ടും എന്നെ ഒരാളെങ്കിലും ഈ ലോകത്തില്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അത് നീയായിരിക്കണമെന്നാണ് എന്റെ ആഗ്രഹമെന്ന് പറഞ്ഞിട്ടും നീയെന്നെ എന്നെങ്കിലും മനസ്സിലാക്കിയിരുന്നോ?
ഞാനെന്തിന് ഇങ്ങനെ വേദനിക്കണമെന്ന് ഒരുപക്ഷേ നീ സംശയിച്ചേക്കാം. കാരണം ഒന്നേയുള്ളു. ഞാന്‍ വലിയൊരു 'സെന്റിമെന്റല്‍ ഇഡിയറ്റാ'ണെന്നതു തന്നെ. 'പൈങ്കിളി സീരിയല്‍ നിലവാര'ത്തിലൊതുങ്ങുന്ന ചിന്തയും സംസാരവുമുള്ള, ഉള്ള കരച്ചില്‍ ഏറെ പ്രിയപ്പെട്ടവര്‍ക്കു മുമ്പില്‍ കരഞ്ഞുകാണിക്കാന്‍ മടിക്കാത്ത, ഏറെ നിസ്സാരമായതുപോലും വലുതായിക്കാണുന്ന, പരിഭവങ്ങളും പരാതികളും മറച്ചുവയ്ക്കാത്ത, വരികള്‍ക്കിടയിലൂടെ പുനര്‍വായന നടത്തി അസ്വസ്ഥതപ്പെടുന്ന... അങ്ങനെയൊരു ജന്മം.
എന്നാല്‍ നീ അങ്ങനെയൊന്നുമല്ലല്ലോ... വാക്കുകളില്‍ മിതത്വം, വേദനിപ്പിച്ചാലും പരാതിയില്ല, സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍, ആരും കാണാതെ കരയും, അതുമല്ലെങ്കില്‍ ''നിന്റെ തമാശകള്‍ കൂടിപ്പോകുന്നുണ്ടെന്നോ, എന്നെ വേദനിപ്പിക്കുന്നത് നിനക്ക് ഏറെ ഇഷ്ടമാണല്ലോ''യെന്നു മാത്രം പറഞ്ഞ് നിശ്ശബ്ദത പാലിക്കും. അതാണ് നീ, ഒരു വാക്കുകൊണ്ടുപോലും എന്നെ മുറിപ്പെടുത്താത്തയാള്‍. അതുകൊണ്ടുതന്നെ ഉള്ളിലുണരുന്ന കരച്ചില്‍ ആരും കാണാതെ ചേര്‍ത്തുപിടിക്കാന്‍ നിനക്കു കഴിയും. ഞാന്‍ തോറ്റിട്ടുള്ളത് നിന്റെ മുമ്പില്‍ മാത്രമേയുള്ളു.
എല്ലാ ബന്ധങ്ങളിലും എല്ലാ തരത്തിലും ജയിച്ചവനെന്ന് എനിക്കൊരു അഹങ്കാരമുണ്ടായിരുന്നു. ഇപ്പോള്‍ ഞാനറിയുന്നു, എന്റേതൊന്നും ജയങ്ങളായിരുന്നില്ലെന്ന്... ജയിച്ചത് മുഴുവന്‍ നീയായിരുന്നുവെന്ന്. സ്‌നേഹംകൊണ്ട്, ദയകൊണ്ട്, ഹൃദയംകൊണ്ട്, നീയെന്നെ തോല്പിച്ചുകളഞ്ഞു. നിന്നെ വേര്‍പിരിയുമ്പോഴത്തെ ഈ ഏകാന്തത ഞാനിപ്പോള്‍ ഏറെ 'ഇഷ്ട'പ്പെടുന്നുണ്ട്. സുഖമുള്ള വേദനയെന്ന് പറയുന്നതുപോലെ... ഞാന്‍ സ്വയം വരിച്ചതോ, നീ അടിച്ചേല്‍പ്പിച്ചതോ എന്നെനിക്ക് തീര്‍ച്ചയില്ല. പക്ഷേ പരിഭവമില്ല, പരാതികളും. എന്നാല്‍ എനിക്ക് വേദനയുണ്ട്, നെഞ്ചുനീറുന്ന വേദന തന്നെ.
കാരണം എന്റെ ഉണങ്ങിവരണ്ട കരിയിലകളുടെയും കല്ലുകള്‍ പിളരുന്ന നെടുവീര്‍പ്പുകളുടെയും കാലത്ത്, ബഹുസ്വരതയുടെ വേദികള്‍ക്ക് അന്യമായിരുന്ന എന്റെ ജീവിതത്തില്‍ ഹരിതാഭം ചാര്‍ത്തിക്കൊണ്ടായിരുന്നു നീ കടന്നുവന്നത്.
ഞാനോര്‍ക്കുകയാണ്, നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയ ആ ദിനം. എനിക്ക് കൈയെത്താദൂരത്തുള്ള ഒരാള്‍. അങ്ങനെയേ ഞാന്‍ കരുതിയിരുന്നുള്ളു. പക്ഷേ എത്ര പെട്ടെന്നാണ് നമ്മള്‍ ഒന്നായത്. എനിക്കുറപ്പുണ്ട്, അത് ഒരത്ഭുതം തന്നെയായിരുന്നു. നിന്നെ ഇഷ്ടപ്പെടാന്‍ എന്താണ് കാരണമെന്ന് ഞാനെത്രവട്ടം ആലോചിച്ചിട്ടും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല. നീയും ഞാനും എന്നും വിരുദ്ധ ധ്രുവങ്ങളിലായിരുന്നുവല്ലോ. സ്വഭാവത്തില്‍, അഭിരുചികളില്‍, പെരുമാറ്റങ്ങളില്‍, എല്ലാം...
ഒരുമിച്ച് വായിക്കാന്‍ നമുക്കൊരു പുസ്തകമോ കേള്‍ക്കുവാന്‍ ഒരു പാട്ടോ ഉണ്ടായിരുന്നില്ല. നമ്മള്‍ ഒരേ മനസ്സോടെ ഒന്നിനെയും കണ്ടിട്ടുമില്ല. നമ്മുടെ ചിന്താഗതികള്‍ ഒരിക്കലും ഒരേ ദിശയിലുമായിരുന്നില്ല. എന്നിട്ടും നമ്മള്‍ ഏറെ അടുത്തുപോയി. അതുകൊണ്ടാവും നമ്മള്‍ ഒരേപോലെ സംശയിച്ചത്, ''നമ്മളെങ്ങനെ ഇങ്ങനെയായെന്ന്''.
ചേര്‍ച്ചയില്ലാത്തത് ചേരുമ്പോള്‍ ഉണ്ടാകുന്ന സൗന്ദര്യമായിരുന്നു നമ്മള്‍ തമ്മില്‍. ഏതോ അദൃശ്യമായ സ്വര്‍ണ്ണനൂലിഴകള്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു. നീ നീയായതുകൊണ്ടാണ് ഞാന്‍ നിന്നെ സ്‌നേഹിച്ചത്. നീ ആരായിരുന്നെങ്കിലെന്നോര്‍ത്ത് ഞാന്‍ അതിലേറെ നിന്നെ സ്‌നേഹിച്ചു. ലോകത്തിലെനിക്കേറ്റവും പ്രിയപ്പെട്ട രണ്ടോ മൂന്നോ പേരില്‍ ഒരാള്‍ നീയായി മാറിയതും പെട്ടെന്നായിരുന്നു. ഞാന്‍ നിന്നില്‍ നിന്ന് ഒന്നും ഒളിച്ചുവച്ചില്ല. എനിക്കുവേണ്ടി ഒന്നും വേണ്ടെന്നുവയ്ക്കാന്‍ ഞാനോ നിനക്കുവേണ്ടി എന്തെങ്കിലും മാറാന്‍ നീയോ പറഞ്ഞിട്ടില്ല. നമുക്ക് നമ്മളായിത്തന്നെ സ്‌നേഹിക്കാന്‍ കഴിഞ്ഞിരുന്നു. അതുതന്നെയായിരുന്നു നമ്മുടെ ബന്ധത്തിന്റെ പുണ്യവും.
അതെ, ഞാനിപ്പോള്‍ ഉറച്ചു വിശ്വസിക്കുന്നു, ദൈവമാണ് നമ്മളെ കൂട്ടിയോജിപ്പിച്ചതെന്ന്... നമ്മുടെ പിണക്കങ്ങള്‍, ഇണക്കങ്ങള്‍, എല്ലാം ദൈവം അറിയുന്നുണ്ടായിരുന്നു. നമ്മുടെ കൊച്ചുകൊച്ചു തെറ്റുകള്‍ക്കുപോലും ദൈവം സാക്ഷിയായിരുന്നു. അവിടുന്ന് അതനുവദിച്ചിരുന്നു. കൂടുതല്‍ അടുക്കുവാന്‍, കൂടുതല്‍ മനസ്സിലാക്കുവാന്‍, ഹൃദയഭാരങ്ങള്‍ ലഘൂകരിക്കാന്‍ അങ്ങനെയൊക്കെ വേണമെന്ന് ദൈവം കരുതിവച്ചിരുന്നു. എന്നിട്ടും ദൈവത്തോട് ചോദിക്കാതെയാണ് നമ്മള്‍ വേര്‍പിരിയുന്നത്. നല്ലതിനുവേണ്ടി ദൈവം എല്ലാം ചെയ്യും, അതൊക്കെ മനുഷ്യന്‍ തിന്മയാക്കി മാറ്റും. ഇപ്പോഴെനിക്കറിയാം, നീയും എന്നെപ്പോലെ വേദനിക്കുന്നുണ്ട്. അത്രയെങ്കിലും നിന്നെ മനസ്സിലാക്കാന്‍ എനിക്കു കഴിയാതെപോകുന്നത് വലിയൊരു ദൗര്‍ഭാഗ്യം തന്നെയല്ലേ.
നിനക്ക് എന്നെനിസ്സാരമായി തള്ളിക്കളയുവാനോ മറന്നുകളയാനോ കഴിയില്ല. മറ്റാരെക്കാളും കൂടുതലായി നീയെന്നെ സ്‌നേഹിച്ചിരുന്നു. (ഞാനങ്ങനെ വിശ്വസിച്ചോട്ടെ.) കാരണം, എന്റെ സ്‌നേഹം നിനക്ക് പുതുതായിരുന്നു. നീ അന്നുവരെ പരിചയപ്പെട്ടിരുന്ന ഏതൊരു സ്‌നേഹത്തില്‍നിന്നും അത് വ്യത്യസ്തമായിരുന്നു. സ്‌നേഹത്തെക്കുറിച്ച്, അതിന്റെ വ്യാപ്തിയെക്കുറിച്ച് നിന്നോട് ആദ്യമായി സംസാരിച്ച വ്യക്തിയും ഞാനായിരുന്നുവല്ലോ.
എന്റെ ചിന്തകള്‍ ഇപ്പോള്‍ ശിഥിലമാവുകയാണ്. അതുകൊണ്ടാണ് ഞാന്‍ സംശയിക്കുന്നത്. ഇതൊഴിവാക്കാന്‍ നമുക്ക് കഴിയുമായിരുന്നില്ലേ? ബന്ധങ്ങളെ ഒരു പരിധിയില്‍ കൂടുതല്‍ വളരാന്‍ അനുവദിക്കാത്ത സ്വഭാവമായിരുന്നു നിനക്ക്. 'മീഡിയം' സ്‌നേഹത്തിനപ്പുറമുള്ളത് താങ്ങാന്‍ തന്നെക്കൊണ്ട് കഴിയുന്നില്ലെന്ന് നീയെന്റെ അടുത്ത് കുമ്പസാരിച്ചിട്ടുമുണ്ട്.
പക്ഷേ ഞാന്‍... ഹൃദയത്തിലേക്കേറ്റെടുത്ത ഒരു ബന്ധത്തെയും നോവു തിന്നാതെയും നോവു തീറ്റാതെയും ഞാന്‍ അനുഭവിച്ചിട്ടില്ല. ഞാന്‍ നിനക്കും വേദനകള്‍ വേണ്ടുവോളം തന്നിട്ടുണ്ടല്ലോ. അപ്പോഴൊക്കെ ഞാനും വേദന തിന്നുന്നുണ്ടായിരുന്നു. മാപ്പ്. എനിക്കും നിനക്കും മാത്രമറിയാവുന്ന എല്ലാറ്റിനും. ഒപ്പം നന്ദിയും. സ്‌നേഹം ഒരു 'ബാര്‍ട്ടര്‍' വ്യവസ്ഥയാണെന്ന് നീയും എനിക്കു പഠിപ്പിച്ചു തന്നുവല്ലോ. ഇനി, ഉടമ്പടിയില്‍ മുദ്ര വച്ചതുപോലെ നമുക്ക് വേര്‍പിരിയാം. നിര്‍ദ്ദേശം മുമ്പില്‍വച്ചത് നീയായതുകൊണ്ടാണ് വേര്‍പിരിയലിന് നീയാണ് കാരണമെന്ന് ഞാന്‍ പറഞ്ഞതും. നിന്റെ നന്മയെ കരുതിയാണ് ഞാനതിന് സമ്മതിച്ചതും. ഞാന്‍ ഏറ്റവും അധികമായി സ്‌നേഹിക്കുന്ന നിനക്ക്, ഞാനൊന്നിനും തടസ്സമാവില്ല. നിന്റെ വളര്‍ച്ചയ്ക്ക്, നിന്റെ സന്തോഷത്തിന്, നിന്റെ തീരുമാനങ്ങള്‍ക്ക്... ഒന്നിനും. സ്വയം വേദനിച്ചു കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നിടത്തല്ലേ യഥാര്‍ത്ഥ സ്‌നേഹമുള്ളത്?
എന്റേത് യഥാര്‍ത്ഥ സ്‌നേഹമായിരുന്നുവെന്ന്, അത് മെഴുകുതിരി പോലെ നിശ്ശബ്ദവും വിശുദ്ധവുമായിരുന്നുവെന്ന് നീയറിയണം. എന്റെ മരണത്തിനപ്പുറവും അത് നിന്നെ തേടിയെത്തണം. ലോകത്ത് ഇങ്ങനെയും ചില സ്‌നേഹങ്ങളുണ്ടായിരുന്നുവെന്ന് വരുംതലമുറകള്‍ക്ക് നമ്മള്‍ പാഠപുസ്തകമാകണം.
കൊയ്ത്ത് കഴിഞ്ഞ പാടവരമ്പിലൂടെ എനിക്ക് പുറംതിരിഞ്ഞ് നീ അകന്നകന്നുപോവുകയാണ്, കണ്ണില്‍ പൊടിഞ്ഞ നനവോടെ ഞാനത് നോക്കിനില്ക്കുന്നു. ഒരുവട്ടം പോലും നീ തിരിഞ്ഞുനോക്കുന്നതേയില്ല. വേര്‍പാടുകളുടെ മണിയൊച്ച ഞാന്‍ കേള്‍ക്കുന്നു. ഒരു കരച്ചില്‍ ചുരുള്‍ നിവര്‍ത്തി എന്റെയുള്ളില്‍നിന്ന് ഉയര്‍ന്നുവരുന്നു. ഈ രാത്രിയെ ഞാനിന്ന് കണ്ണീരുകൊണ്ട് തളിക്കും. എന്റെ വേദനയെ, എന്റെ കണ്ണീരിനെ ഒതുക്കുവാന്‍ ഈ ലോകത്തിലൊന്നിനും കഴിയില്ല. പെരുന്നാള്‍പ്പറമ്പില്‍ കൂട്ടംതെറ്റിപ്പോയ ഒരാറുവയസ്സുകാരനാണ് ഞാനെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. നീയായിരുന്നു എന്നെ കൈ പിടിച്ച് നടത്തിയിരുന്നത്, കാഴ്ചകള്‍ കാണിച്ച് തന്നിരുന്നത്. പെട്ടെന്ന് നീ എന്നിലുള്ള കൈ പിന്‍വലിച്ചപ്പോള്‍...
ലോകത്തിലേക്കും വച്ചേറ്റവും ഒറ്റപ്പെട്ടവനാണ് ഞാനെന്ന് എനിക്ക് തോന്നിപ്പോവുന്നു. അവഗണിക്കപ്പെട്ടവന്‍, അനാഥന്‍, നോവു തിന്നുന്ന പക്ഷിയെപ്പോലെ ഞാന്‍. എനിക്കിനിയാരുണ്ട്, എന്നെ ഞാനായി സ്‌നേഹിക്കാന്‍...
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു, അടുത്തവരൊക്കെ അകന്നുപോകാതിരിക്കില്ലെന്ന്, കരം പിടിച്ച് നടന്നവരൊക്കെ അത് വേര്‍പെടുത്താതിരിക്കില്ലെന്ന്, മറ്റൊന്നുകൂടി ഞാനറിയുന്നു, അകന്നുപോയവരൊക്കെ അടുക്കാതിരിക്കില്ലെന്ന്... യാത്ര പറഞ്ഞ് പോയവരൊക്കെ മടങ്ങിവരാതിരിക്കില്ലെന്ന്...
സ്‌നേഹബന്ധങ്ങളുടെ കാര്യത്തില്‍ ഞാന്‍ വലിയൊരു ശുഭാപ്തിവിശ്വാസക്കാരനാണ്. ഉവ്വ്, നീയെന്നിലേക്ക് തന്നെ മടങ്ങിവരും. അറുതിയില്ലാത്ത അലച്ചിലുകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ മനം തളര്‍ന്നിരിക്കുമ്പോള്‍ നീ എന്നെയോര്‍ക്കും. ''ഇങ്ങനെയൊരു സ്‌നേഹത്തെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ''. കണ്ടതും അനുഭവിച്ചതുമൊന്നുമായിരുന്നില്ല യഥാര്‍ത്ഥ സ്‌നേഹമെന്ന് നീ തിരിച്ചറിയുന്ന നിമിഷം കൂടിയാണത്.
എന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മേഘങ്ങളില്‍നിന്ന് മഴപോലെ നിന്നെ നനയ്ക്കുമ്പോള്‍ നീ എന്നിലെത്താനുള്ള വഴി തേടും. എന്നോടൊപ്പം പെരുമഴ നനയാനും പെരുമഴയിലേക്ക് നീട്ടി കൂവാനും നിനക്കപ്പോള്‍ കൊതിയാകും. എന്നോടുള്ള സ്‌നേഹംകൊണ്ട് നിന്റെ ഹൃദയം ഒരു നക്ഷത്രം പോലെ തിളങ്ങും. നമ്മുടെ കൊച്ചുകൊച്ചുപിണക്കങ്ങളും കൂടിപ്പോയ സ്‌നേഹവുമോര്‍ത്ത് നിന്റെ കണ്ണുനിറയും. ഓര്‍മ്മകള്‍ തീക്ഷ്ണമാകുമ്പോള്‍, എത്ര തീവ്രതയോടെ യാത്ര പറഞ്ഞിറങ്ങിയോ അതിനെക്കാള്‍ തീവ്രതയോടെ അവിടേക്ക് മടങ്ങിച്ചെല്ലാന്‍ കൊതിക്കും. അതുപോലെ നീ വരും. ഒരു കാറ്റായി... എന്നിലേക്ക്...
എന്റെ ഹൃദയകവാടം നിനക്കായി അപ്പോഴും തുറന്നുകിടക്കുന്നത് കണ്ട് നീ അത്ഭുതപ്പെടും (നീ കൊട്ടിയടച്ചിട്ടും ഞാന്‍ തുറന്നിട്ട വാതിലുകള്‍). അവിടെ ഞാന്‍ നിനക്കായി കൊളുത്തിവച്ചിരിക്കുന്ന കെടാവിളക്കിന്റെ തിരിനാളം കാറ്റിലുലയുന്നതുകണ്ട് അതണഞ്ഞുപോകുമോയെന്ന് ഭയന്ന് നീ നിന്റെ രണ്ടു കരങ്ങളും കൊണ്ട് അതിനെ പൊതിഞ്ഞുപിടിക്കും. എന്റെ സ്‌നേഹം അന്ന് സ്വാര്‍ത്ഥകമാകും. ആ ദിവസം ഇനിയും ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാവാം. കാലചക്രങ്ങള്‍ ഒരുപക്ഷേ നമ്മളിരുവരെയും പലവിധത്തിലും ഒരുപാട് മാറ്റിക്കഴിഞ്ഞിട്ടാവാം. മരണത്തിന്റെ കാലൊച്ചയ്ക്കായി കാത്തുകിടക്കുകയുമാവാം ഞാന്‍. എങ്കിലും അതു സംഭവിക്കാതിരിക്കില്ല.
നീ വന്നുവെന്നറിയുമ്പോള്‍ മരണക്കിടക്കയില്‍ നിന്നുപോലും ഞാനുണരും. നിന്നെ ഈ ഭൂമിയില്‍വച്ച് അവസാനമായൊന്ന് കാണുവാനുള്ള കൊതിയോടെ... ഞാന്‍ നിന്നെ കാണും, നിന്റെ കരം ഞാന്‍ വലിയ സ്‌നേഹത്തോടെ പിടിക്കും, പഴയതുപോലെ ഞാനതില്‍ ഉമ്മ വയ്ക്കും. അതെന്റെ നെഞ്ചോട് ഞാന്‍ ചേര്‍ത്തുവയ്ക്കും കണ്ണ് നിറഞ്ഞ്, നിന്റെ സംഗീതം എന്നില്‍നിന്നകറ്റരുതേയെന്ന് ഞാന്‍ നിന്നോട് അപേക്ഷിക്കും.
എന്റെ മരണത്തിനുശേഷമാണ് നീ വരുന്നതെങ്കില്‍ ഏറ്റം വലിയ സ്‌നേഹത്തോടെ നീയെന്റെ ശവകുടീരത്തിന്റെ മുമ്പില്‍ മുട്ടുകുത്തണേ. അതുവരേക്കുമായി ഞാനിതാ ഒരു പേരറിയാപ്പൂവ് ഈ വഴിവക്കില്‍ ചേര്‍ത്തുവയ്ക്കുന്നു. എന്റെ പ്രിയരേ, നിങ്ങളാരും അത് ചവിട്ടി നശിപ്പിക്കരുതേ. കാരണം... കാരണം അതെന്റെ ഹൃദയമാണ്...