ബാഹുബലി – വാക്കുകൾക്ക് അതീതമായ ദൃശ്യവിസ്മയം. രാജമൗലി സംവിധാനം ചെയ്ത ചിത്രം പക്ഷെ രാജമൗലിയുടേത് മാത്രമല്ല സാബുസിറിൾ എന്ന കലാകാരന്റേത് കൂടിയാണ്. ബാഹുബലി എന്ന സിനിമയ്ക്കുവേണ്ടി സാബുസിറിൾ മാറ്റിവച്ച അഞ്ചുവർഷങ്ങൾ ഒരിക്കലും പാഴ് അല്ല എന്ന് തെളിയിക്കുന്നതാണ് ബാഹുബലി 2–ദ കണ്ക്ലൂഷൻ. സിനിമയെക്കുറിച്ച്, അമര്‍ചിത്രകഥകളിലെ പോലെയുള്ള ഭ്രമാത്മകതയെ വെള്ളിത്തിരയിലെത്തിച്ചതിനെക്കുറിച്ച് പ്രൊഡക്ഷൻ ഡിസൈനർ സാബുസിറിൾ സംസാരിക്കുന്നു.
അമർചിത്രകഥ നേരിൽ കണ്ടതുപോലെയാണ് ബാഹുബലി 2 കണ്ടപ്പോൾ തോന്നിയത്. അതിൽ എടുത്തുപറയേണ്ടതാണ് അരയന്നതോണി. ആ ആശയം രൂപപ്പെടുന്നത് എങ്ങനെയാണ്?
പാട്ടുസീനിനുവേണ്ടിയാണ് അരയന്നതോണിയുണ്ടാകുന്നത്. ഫാന്റസി മൂഡിലുള്ള പാട്ടാണ്. അത് ചിത്രീകരിക്കുമ്പോൾ ഒരു ബോട്ട് ഉണ്ടാക്കണമെന്ന് മാത്രമേ രാജമൗലി പറഞ്ഞിരുന്നുള്ളൂ. കേട്ടപ്പോൾ തന്നെ അരയന്നതോണി നന്നാകുമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് ബാനറിൽ ഉൾപ്പെടെ അരയന്നത്തോണി ഉൾപ്പെടുത്തിയത്.
Sabu Cyril - Elephant Mechanical movement testing Ufinished
ഭരതന്റെ വൈശാലിയിലാണ് ആദ്യമായി അരയന്നതോണി കാണുന്നത്. ഭരതനൊപ്പമുള്ള തുടക്കം കരിയറിൽ സഹായകമായിരുന്നോ?
ഞാൻ സിനിമാട്ടോഗ്രാഫർ ആകാനുള്ള കാരണം തന്നെ ഭരതേട്ടനാണ്. എന്റെ ആദ്യ സിനിമയാണ് അമരം. ഭരതേട്ടന് അന്ന് അതിലേക്ക് ആർട്ട് ഡയറക്ടറായി വിളിച്ചപ്പോൾ എനിക്ക് ആർട്ട് ഡയറക്ഷൻ അറിയില്ല എന്നാണ് പറഞ്ഞത്. അമരത്തിലെ വലിയ സ്രാവിനെ ഉണ്ടാക്കാൻ വേണ്ടിയാണ് ഞാൻ സെറ്റിൽ ചെല്ലുന്നത്. അത് ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഭരതേട്ടൻ പറഞ്ഞു ഇനി ഈ സിനിമ മുഴുവൻ നീ ചെയ്തുകൊള്ളൂ എന്ന്. ഭരതേട്ടൻ നല്ല ഒരു ചിത്രകാരനും കലാസംവിധായകനും കൂടിയാണ്. അതിനാൽ ഞാൻ ചെയ്യുന്നത് ഇഷ്ടമാകുമോയെന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. അന്ന് അദ്ദേഹം പകർന്നു നൽകിയ ആത്മവിശ്വാസമാണ് കലാസംവിധായകനാകാം എന്ന തീരുമാനത്തിൽ എന്നെ എത്തിച്ചത്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ വൈശാലി കണ്ടിട്ടില്ല. അരയന്നത്തോണിയെന്ന സങ്കൽപം ആദ്യം വായിക്കുന്നത് അമർചിത്രകഥയിലാണ്. വെള്ളകുതിരപ്പുറത്തുവന്ന രാജകുമാരിയെ കൂട്ടിക്കൊണ്ടുപോകുന്ന രാജകുമാരന്റെ കഥകൾ വായിച്ചാണ് ഞാൻ വളർന്നത്. അത്തരം കഥകൾ സ്വാധീനിച്ചിട്ടുണ്ട്.
മഹിഷ്മതി രാജാധാനിപോലെ തന്നെ മനോഹരമാണ് ദേവസേനയുടെ കൊട്ടാരവും. അത് ഉണ്ടാക്കിയെടുത്തതിനെക്കുറിച്ച്?
മഹിഷ്മതിയിലുള്ള നാട്ടുരാജ്യമാണ് ദേവസേനയുടെ കുന്തലദേശം. നേപ്പാൾ, ഭൂട്ടാൻ പോലെയുള്ള ചെറിയൊരു രാജ്യം. അവിടുത്തെ കൊട്ടാരം മഹിഷ്മതിപോലെ വലുതാകേണ്ട ആവശ്യമില്ല. ദേവസേനയുടേതാകുമ്പോൾ അതിനൊരു സ്ത്രീത്വം കലർന്ന സൗന്ദര്യം വേണമെന്ന് തോന്നി. അങ്ങനെയാണ് മാർബിളിൽ കൊട്ടാരം ഉണ്ടാക്കിയത്. ഹൈദരാബാദ് നഗരത്തിന്റെ നടുക്കുള്ള വൈറ്റ് മാർബിൾ പാലസ് അലുമിനിയം ഫാക്ടറിയിൽ നാല് ഏക്കർ സ്ഥലമുണ്ട്. അവിടെയാണ് ദേവസേനയുടെ കൊട്ടാരം ഉണ്ടാക്കിയത്. അതിനുചുറ്റും കാണുന്ന ചെടികളും പൂക്കളും കുറേയൊക്കെ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ്.
ഈ സിനിമയിലും യഥാർഥ മൃഗങ്ങളെ ഉപയോഗിച്ചിട്ടില്ലേ?
മൃഗങ്ങൾ ഒന്നും തന്നെ യഥാർഥമല്ല. എല്ലാം ഉണ്ടാക്കിയെടുത്തതാണ്. സിനിമയുടെ ആദ്യസീനിൽ കാണുന്ന ആനയുൾപ്പടെ എല്ലാം ഉണ്ടാക്കിയെടുത്തതാണ്. ആന ഓടുന്നതൊക്കെ ഗ്രാഫിക്സാണ്. ഏതാണ് ഗ്രാഫിക്സ് ഏതാണ് ഒറിജിനൽ എന്ന് ആളുകൾക്ക് മനസിലാവില്ല. കാളകളെകൊണ്ടുള്ള യുദ്ധമുണ്ട് സിനിമയിൽ അതിനായി 12 കാളകളെ ഉണ്ടാക്കിയെടുത്തു, ബാക്കിയുള്ള കാളകൾ ഗ്രാഫിക്സാണ്. ബാഹുബലി 2വിൽ പ്രഭാസ് ഉരുട്ടികൊണ്ടുവരുന്ന രഥം ഫൈബറിലാണ് നിർമിച്ചിരിക്കുന്നത്. ക്രയിൻ ഉപയോഗിച്ചാണ് രഥം ഓടിച്ചിരിക്കുന്നത്.
ജീവനമുള്ള മൃഗങ്ങളെ ഉപയോഗിക്കുന്നതിന് വിലക്കുള്ളതിനാൽ ആനയെയും കുതിരയെയും പന്നിയേയും പോത്തിനെയുമെല്ലാം ഉണ്ടാക്കുകയായിരുന്നു. കൃത്രിമ ആനയിൽ 10 ആളുകൾ കയറി ഇരുന്നിട്ട് പുറകിൽ നിന്ന് കുറച്ച് ആളുകൾ കയറി നിന്ന് വലിച്ചാണ് ആന ചിന്നം വിളിക്കുന്ന രംഗം ആദ്യ സിനിമയിൽ ചിത്രീകരിച്ചത്. സിനിമയിലെ മനോഹരമായൊരു രംഗമായിരുന്നു അത്.
സിനിമയിൽ റാണദഗുബതി (ബൽവാൽദേവൻ) ഉപയോഗിക്കുന്ന വാഹനവും തരംഗമാണ്?
റാണയുടെ രഥത്തിനായി ഉപയോഗിച്ചിരിക്കുന്നത് ബുള്ളറ്റിന്റെ എൻജിനാണ്. ബുളറ്റിന്റെ എൻജിനിൽ രഥം ഉണ്ടാക്കിയെടുക്കുയായിരുന്നു വേഗത കിട്ടാൻ വേണ്ടി. അതിന്റെയുള്ളിൽ സ്റ്റിയറിങ്ങുണ്ട്, അകത്തിരുന്ന് ഒരാൾ രഥം ഓടിക്കുന്നുണ്ട്.
Bahubali 2 offical vfx graphic making offical
എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് പുറത്ത് ചിത്രീകരിക്കാതിരുന്നത്?
കമ്പ്യൂട്ടർ ഗ്രാഫിക്സ് ഇന്നത്തെകാലത്ത് നന്നായി വികസിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ തന്നെ ഇതുപോലൊരു സിനിമ എടുക്കാനുള്ള പ്രകൃതിയും സാങ്കേതിക വിദ്യയുമെല്ലാം ഉണ്ട്. ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത് ആന്ധ്രയിലെ കരിങ്കൽ ക്വാറിയിലാണ്. ആദ്യം ചമ്പലിൽ ചിത്രീകരിക്കാനായിരുന്നു ഇരുന്നത്, എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം അവിടെ സാധിച്ചില്ല. കരിങ്കൽക്വാറി പെയിന്റടിച്ച് മണ്ണിന്റെ നിറം ആക്കുകയായിരുന്നു. സെറ്റിടാൻ ഇവിടെ തന്നെ അവസരമുണ്ടായിരുന്നു. 100 അടി മുകളിലുള്ള രംഗങ്ങൾക്കുമാത്രമാണ് ഗ്രാഫിക്സ് ഉപയോഗിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ പോയാൽ സമയവും ബജറ്റുമെല്ലാം ഇനിയും കൂടും. ഹൈദരബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ തൊണ്ണൂറ് ശതമാനവും ചത്രീകരിച്ചിരിക്കുന്നത്.
വളർന്ന പശ്ചാത്തലം താങ്കളുടെ ഭാവനയെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?
ഞാൻ വളർന്നത് വാൽപ്പാറ എസ്റ്റേറ്റിലാണ്. മാൽഗുഡി ഡെയ്സിലൊക്കെ വായിച്ചതു പോലെയുള്ള ഒരു സ്ഥലമാണത്. ആ പ്രകൃതി എന്നെ സ്വാധീനിച്ചിട്ടുണ്ട്. കുട്ടികാലത്ത് എനിക്ക് കഥകൾ പറഞ്ഞുതരുന്ന ഒരു അങ്കിളുണ്ടായിരുന്നു സേവ്യർ. അദ്ദേഹം ജോലിസ്ഥലത്തു നിന്നും നാട്ടിൽ അവധിക്ക് എത്തുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് ഒരുപാട് കഥകൾ പറഞ്ഞുതരുമായിരുന്നു. കഥ പറ, കഥ പറ എന്നു പറഞ്ഞ് ഞങ്ങൾ കുട്ടികൾ പുറകിന് നടക്കുമായിരുന്നു. അന്നുകേട്ട കഥകൾ ഭാവനവളരാൻ സഹായിച്ചിട്ടുണ്ട്. കുട്ടികാലത്ത് ഞാൻ ഒരുപാട് കഥാപുസ്തകങ്ങളും വായിച്ചിട്ടുണ്ട്. അവയൊക്കെ പിൽകാലത്ത് ഉപകാരപ്പെട്ടിട്ടുണ്ട്.