Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയിരമില്ല 200 കോടി മുടക്കാം; ബാഹുബലി പോലൊരു സിനിമ ചെയ്യാം: ടോമിച്ചൻ മുളകുപാടം

baahubali-tomichan

സകല കളക്ഷൻ റെക്കാർഡുകളും തിരുത്തി ബാഹുബലി മുന്നോട്ടു കുതിക്കുകയാണ്. ഇന്ത്യൻ സിനിമയെ തന്നെ ബാഹുബലിക്ക് മുമ്പും അതിനു ശേഷവും എന്ന് തരം തിരിക്കാം. സിനിമാ വ്യവസായത്തിൽ ഈ മാറ്റം എത്രമാത്രം നല്ലതാണ്? മലയാളസിനിമ ഇതുപോലെ വളരാൻ എന്തൊക്കെചെയ്യണം? പുലിമുരുകന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടം ഉത്തരം പറയുന്നു. 

ബാഹുബലി സിനിമാവ്യവസായത്തിന് ഉയർത്തുന്ന വെല്ലുവിളികളും പ്രതീക്ഷയും?

ഇനി ഏത് ഭാഷയിൽ സിനിമ ഇറങ്ങിയാലും ബാഹുബലിയുമായി താരതമ്യം ഉറപ്പാണ്. ഇന്ത്യൻ സിനിമയുടെ മാർക്കറ്റ് മാറികഴിഞ്ഞു. പക്ഷെ വല്ലപ്പോഴും മാത്രമേ ഇതു പോലെയൊരു സിനിമ വരുകയുള്ളൂ. എല്ലാകാലത്തും സംഭവിക്കുന്ന ഒന്ന് അല്ല ബാഹുബലി പോലെയൊരു സിനിമ. എല്ലാ സിനിമയും പുലിമുരുകനോ ബാഹുബലിയോ ആകാൻ സാധിക്കില്ല. ഓരോ കഥയും അനുശാസിക്കുന്ന ഘടകങ്ങളുണ്ട്. വെറുതെ കുറേ സംഘട്ടനങ്ങള്‍ മാത്രമായാൽ ആരും സിനിമ കാണില്ല. പുതുമ വേണം. ബജറ്റിനൊപ്പം കഥയിലെ വൈവിധ്യമാണ് ബാഹുബലിയേയും പുലിമുരുകനെയുമൊക്കെ സ്വീകാര്യമാക്കിയത്. മലയാളത്തിനും ഇത്തരമൊരു വിജയം സ്വപ്നം കാണാവുന്നതേയുള്ളൂ. മലയാളസിനിമയും ഉയരത്തിലെത്തുന്ന കാലം വിദൂരമല്ല.

മലയാളം പോലെയൊരു ഇൻഡസ്ട്രിയിൽ രണ്ടാമൂഴത്തിന് വേണ്ടി 1000 കോടി മുടക്കിയാൽ ലാഭം നേടാനാകുമോ?

മലയാളത്തിൽ മാത്രമല്ലല്ലോ രണ്ടാമൂഴം ഒരുങ്ങുന്നത്. കഥ മാത്രമാണ് മലയാളത്തിന്റേത്. ലോകനിലാവരത്തിലുള്ള ഒരു സിനിമയായിട്ടാണ് രണ്ടാമൂഴം വരുന്നതെന്നാണ് എന്റെ അറിവ്. ബി.ആർ ഷെട്ടി ലാഭമല്ല നോക്കുന്നത്. മഹാഭാരതം പശ്ചാത്തലമാക്കിയ ഒരു സിനിമ ലോകം മുഴുവൻ എത്തിക്കുക എന്നുമാത്രമാണ് ലക്ഷ്യം. അദ്ദേഹം ലാഭമല്ല ഉദ്ദേശിക്കുന്നത്. ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ് മഹാഭാരതം. അത് ലോകം മുഴുവൻ എത്തിക്കുന്നത് വലിയ കാര്യമല്ലേ. 

ബാഹുബലി പോലെയോ രണ്ടാമൂഴം പോലെയൊ ഒരു സിനിമ നിർമിക്കാൻ താങ്കൾ തയാറാകുമോ?

ബാഹുബലി പോലെ വൈവിധ്യമുള്ള കഥയുമായി സമീപിച്ചാൽ എനിക്ക് ചെയ്യാൻ പ്രശ്നമില്ല. അതിനുവേണ്ടി റിസ്ക്ക് എടുക്കാൻ തയാറാണ്. 200 കോടിവരെയൊക്കെ മുടക്കാം. 1000 കോടി ഇപ്പോഴത്തെ സാഹചര്യത്തിൽ ആലോചിക്കാനാവില്ല. ഒരു സിനിമയുമായി ആരെങ്കിലും സമീപിച്ചാൽ അതിന്റെ പിന്നിലുള്ളവരെ കൂടി നോക്കണം. 1000 കോടി പ്രോജക്ടിനുവേണ്ടി സഹകരിച്ചിരിക്കുന്നത് എംടി വാസുദേവൻ നായരും മോഹൻലാലുമാണ്, അപ്പോൾ പിന്നെ ഷെട്ടിയെപ്പോലെയുള്ള ഒരാൾക്ക് പിന്തിരിയേണ്ട ആവശ്യമില്ല. അദ്ദേഹത്തിന് സാമ്പത്തികം വിഷയമല്ല. ഞാൻ 200 കോടി മുടക്കിയാൽ അത് തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ളവരുമായിട്ടേ സഹകരിക്കൂ. 

പുലിമുരുകനും ബാഹുബലിയും മാർക്കറ്റിങ്ങിൽ ഒരേ പാതയാണല്ലോ പിന്തുടർന്നത്?

നമ്മൾ ഒരു പടം കാശ് മുടക്കി ചെയ്താൽ അത് ജനങ്ങളിലേക്ക് എത്താൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യണം. പ്രമോഷൻസ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഇപ്പോൾ തന്നെ നോക്കൂ എവിടെ നോക്കിയാലും ബാഹുബലിയാണ്. ആൾകാർക്ക് ഇത് എന്താണെന്ന് അറിയാനൊരു കൗതുകം  ജനിക്കും. ജനങ്ങൾ അറിഞ്ഞ് സിനിമ കാണാൻ വന്നില്ലെങ്കിൽ നമ്മൾ ഒരു സിനിമ ഉണ്ടാക്കിയതിന് പ്രയോജനമില്ലാതെയാകും. സിനിമ നിർമാണം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് മാർക്കറ്റിങ്. സിനിമയുടെ പേര് ഇടുമ്പോൾ മുതൽ ഈ മാർക്കറ്റിങ് തുടങ്ങണം. പണ്ടൊക്കെ തിയറ്റർ റിലീസിങ് ഡേറ്റ് നിശ്ചയിച്ചിട്ടാണ് സിനിമ പിടിക്കുന്നത്, പുലുമുരുകനും ബാഹുബലിയും ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് റിലീസിങ് തീയതി പ്രഖ്യാപിച്ചത്. എത്ര സമയം എടുക്കുന്നു എന്നതിനേക്കാൾ എത്ര സമയമെടുത്ത് മികച്ച് സിനിമ റിലീസ് ചെയ്യുന്നു എന്നതിലാണ് കാര്യം. 

ബാഹുബലിയെക്കുറിച്ച്

ഗംഭീരസിനിമയല്ലേ. രാജമൗലി സിനിമാ പശ്ചാത്തലമുള്ളയാളാണ്. അദ്ദേഹം കണ്ട സ്വപ്നം യാഥാർഥ്യമായതാണ് ബാഹുബലി. അതിനെക്കുറിച്ച് ഒരാളുപോലും മോശം പറയുന്നില്ല എന്നുള്ളത് തന്നെയാണ് ആ സിനിമയുടെ വിജയം.