Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഴപ്പം പിടിച്ച സെറ്റ് ആയിരുന്നോ ഹണീ ബീ; ബാബുരാജിന് പറയാനുണ്ട്

baburaj-honey-bee-2

തുടക്കം മുതൽക്കേ വിവാദങ്ങളായിരുന്നു ഹണീ ബീ എന്ന ചിത്രത്തിനൊപ്പമുണ്ടായിരുന്നത്. ചിത്രത്തില്‍ അഭിനയിച്ച ഒരു നടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി. അതിന്റെ പേരിൽ മറ്റൊരു നടൻ ജയിലിലായി. ഇതാ ഇപ്പോൾ ചിത്രത്തിന്റെ സംവിധായകനെതിരെ കേസ് വന്നിരിക്കുന്നു. ചിത്രത്തിൽ അഭിനയിക്കാനെത്തിയ ഒരു നടിയോട് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നാണ് വിഷയം. ഈ സാഹചര്യത്തിൽ ഈ സിനിമയുടെ ഇരു ഭാഗങ്ങളിലും ശക്തമായ വേഷം അവതരിപ്പിച്ച ബാബുരാജ് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു. ഈ പറഞ്ഞു കേട്ടതു പോലെ കുഴപ്പം പിടിച്ച സെറ്റ് ആയിരുന്നോ ഹണീ ബീയുേടത്? ബാബുരാജ് ഉത്തരം പറയുന്നു. 

തെറ്റായ ഒരു സംഭവമാകാനേ സാധ്യതയുള്ളൂ. ജീനിനെ എനിക്ക് അടുത്തറിയാവുന്നതാണ്. ഞാൻ ജീനിനെ വിളിച്ച് ഇക്കാര്യം ചോദിച്ചിരുന്നു. ആ കുട്ടിയെ സിനിമയിലെ ഒരു വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. പിന്നീട് നൽകിയില്ല. അതിന്റെ ദേഷ്യമാണെന്നാണ് അറിയാൻ കഴിഞ്ഞത്. ബാബുരാജ് പറഞ്ഞു. 

ഇത്തരം ചെറിയ കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന വലിയ വിഷയങ്ങളിലുള്ള ശ്രദ്ധ നഷ്ടപ്പെടുത്തും. ഏതൊരു സ്ത്രീയ്ക്കും അപകടങ്ങള്‍ സംഭവിക്കുന്നതിനോട് എതിരു തന്നെയാണ്. എങ്കിലും മാന്തി എന്നു പറയുന്നതും വെട്ടി എന്നു പറയുന്നതും തമ്മിൽ വ്യത്യാസമില്ലേ? കുറേ കഴിയുമ്പോൾ ആളുകൾ ഇതൊക്കെ മടുക്കും. പരാതിക്കാർ കള്ളം പറയുന്നു എന്നേ അവർ കരുതൂ. യഥാർഥ ഇരയ്ക്കു പോലും നീതി ലഭിയ്ക്കാത്ത അവസ്ഥ വരും. ദിലീപ് വിഷയവും എംഎല്‍എയുടെ കേസും സജീവമായി നിൽക്കുന്നതു കൊണ്ടാണ് ഇതിന് ഇത്രയും പ്രാധാന്യം ലഭിച്ചത്.

ജീനും കൂട്ടുകാരും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് ശിക്ഷ ലഭിക്കണം. പക്ഷേ ഹണീ ബീയുടെ ഷൂട്ടിങ് കഴിഞ്ഞിട്ടു തന്നെ ആറു മാസമായി. ഇത്രയും കാലം ഈ കുട്ടി എവിടെയായിരുന്നു എന്നത് ചേർത്തു വായിക്കണം. ഇത്രയും കാലം വേണ്ടി വന്നോ ഒരു പരാതി നൽകാൻ. ഞാൻ നിയമം പഠിച്ചിട്ടുള്ളൊരാളാണ്. എന്തിന് ഇത്രയും കാലം വേണ്ടി വന്നു. അശ്ലീല ചുവയോടെ സംസാരിച്ചുവെങ്കിൽ അത് അപ്പോൾ തന്നെ പറയണ്ടേ? എന്താ അത് ചെയ്യാതിരുന്നത്? സിനിമയുടെ സ്വാധീനം കണ്ട് ഭയന്നാണ് പറയാതിരുന്നതെന്ന് പറഞ്ഞാൽ ശരിയാകില്ല. അങ്ങനെ പേടിച്ചിരുന്നാൽ എങ്ങനെ ശരിയാകും. അന്ന് ഇല്ലാതിരുന്ന ധൈര്യം ഇപ്പോൾ എവിടെ നിന്നാണു വന്നത്. 

സിനിമയിലെ പ്രശ്നങ്ങൾ അറിയാൻ എപ്പോഴും ജനങ്ങൾക്ക് കൗതുകം കാണും. അപ്പുറത്തെ വീട്ടിലെ ഭാസ്കരൻ ചേട്ടന്റെ കാര്യമാണെങ്കിൽ അറിയാൻ ജനങ്ങൾക്കോ മാധ്യമങ്ങള്‍ക്കോ ഇത്ര താൽപര്യം കാണുമോ? തീർച്ചയായും ഇല്ല. പരദൂഷണം കേൾക്കാൻ അവർക്കൊരുപാടിഷ്ടമാണ്. സിനിമയുടെ കാര്യത്തിൽ പ്രത്യേകിച്ച്. ദിലീപ് വിഷയം വന്നതിനു ശേഷം ടിവിയിലെ സീരിയൽ റേറ്റിങ് പോലും താഴെപ്പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്. തെറ്റുപറ്റാത്തവർ ആരാണുള്ളത്. സിനിമയിലുള്ളവരും മനുഷ്യരല്ലേ?

ഓരോ സിനിമയുടെ സെറ്റും സംവിധായകർക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. കുറട്ട് മുതിർന്ന സംവിധായകരാണെങ്കിൽ ഇത്തിരി സ്ട്രിക്ട് ആയിരിക്കും. പിള്ളേരാണ് സംവിധായകരെങ്കിൽ ഫ്രീ ആയിരിക്കും കുറച്ചു കൂടി. ഹണീ ബീയുടെ കാര്യത്തിലും അങ്ങനെയാണു സംഭവിച്ചത്. ഹണീ ബീയുടെ സെറ്റിൽ മദ്യവും കഞ്ചാവും ഉപയോഗിച്ചു അതിന്റെ ഒഴുക്കായിരുന്നു എന്നൊക്കെയുള്ള ആരോപണങ്ങളെ കുറിച്ച് എനിക്കറിയില്ല. ഞാൻ അത്തരം പാർട്ടികളിൽ പോകാത്തൊരാളാണ്. പിന്നെ എവിടെയാണ് ഇതൊന്നും ഉപയോഗിക്കാത്തത്? ബിസിനസ് കേന്ദ്രങ്ങളിലില്ലേ? ഐടി സ്ഥാപനങ്ങളിൽ ഇല്ലേ? എവിടെയാണ് ഇല്ലാത്തത്. എന്തിനാണ് എല്ലാത്തിനും ആളുകൾ ഇങ്ങനെ സിനിമയുടെ മെക്കിട്ട് കേറുന്നതെന്ന് എനിക്കറിയില്ല. 

മദ്യവും കഞ്ചാവുമൊക്കെ ഉപയോഗിച്ചിട്ട് പിള്ളേർ അടക്കമുള്ളവർക്ക് എവിടെയും പോകാം എന്നൊരു അവസ്ഥയുണ്ടെങ്കിൽ അത്  സർക്കാരിന്റെ പോളിസികളുടെ പ്രശ്നമാണ്. അത് നിയന്ത്രിക്കേണ്ടത് സർക്കാരാണ്. ബാബുരാജ് വ്യക്തമാക്കി.