കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിൽ മലയാള സമൂഹത്തിൽ ഏറ്റവുമധികം ഉയർന്നു കേട്ട ചര്‍ച്ചകളിലിടം നേടിയ പേരുകളിലൊന്നാണിത്. സന്തോഷ് പണ്ഡിറ്റ്. നെഗറ്റീവ് പബ്ലിസിറ്റി, കോമാളിത്തരം, അങ്ങനെ പലതുമുണ്ടാകും എതിരു പറയാൻ. നമ്മളീ മനുഷ്യനെ ഒരുപാട് ട്രോളിയിട്ടുണ്ട്. കളിയാക്കിയിട്ടുണ്ട്.
അതിനോടെല്ലാം ശക്തമായ രീതിയിൽ കുറിക്കു കൊള്ളുന്ന മറുപടിയുമായി അദ്ദേഹം തിരിച്ചടിച്ചു നിന്നിട്ടുണ്ട്. നമ്മൾ വിചാരിക്കുന്ന പോലെ അത്രയ്ക്കു നിസാരക്കാരനല്ല ഈ പണ്ഡിറ്റ്.
ഞാൻ പണ്ടേയിങ്ങനെയാണ്
എനിക്ക് അറിയില്ല എന്നെ സംബന്ധിച്ചിടത്തോളം ഒാർമവെച്ച നാളുമുതൽ ഞാൻ സംസാരിക്കുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്. ഞാൻ മലയാളത്തിൽ ബിഗ് ബോസ് പോലുള്ള ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. എല്ലാവരും പറഞ്ഞു, നിങ്ങളുടെ പെർഫോമൻസ് നല്ലതായിരുന്നുവെന്ന്. ഞാൻ ഒരിക്കലും ആ പരിപാടിയിൽ പ്രകടനം നടത്തുകയായിരുന്നില്ല. 100 ദിവസം കുറേ മത്സരാർഥികൾ ഒരു വീട്ടിൽ ജീവിക്കുന്നതായിരുന്നു പരിപാടി. ഞാൻ ശരിക്കും ജീവിക്കുക തന്നെയായിരുന്നു. പറഞ്ഞു വരുന്നത് ഞാൻ എന്നും ഒരേ രീതിയായിരുന്നു. എന്റെ ചുറ്റുമുള്ളവർക്ക് എന്നെ മനസിലാക്കുന്നതിൽ ചെറിയ കൺഫ്യൂഷൻ വന്നിരിക്കും അത് സന്തോഷ് പണ്ഡിറ്റിന്റെ കുറ്റമല്ല കാര്യങ്ങൾ കൃത്യമായി പഠിക്കാതെ ഒരു കാര്യത്തിൽ അഭിപ്രായം പറഞ്ഞ അളുകൾക്കാണ് മിസ്റ്റേക്ക് വന്നത്. എനിക്ക് എപ്പോഴും ഒരു കാരക്ടറേയുള്ളൂ.
എന്നെ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് വേറെ കാര്യം
എനിക്ക് എന്നും ഒരു ലക്ഷ്യമേയുള്ളൂ. നമ്മുടെ കഴിവിന് അനുസരിച്ച് എന്ത് ചെയ്യാം എന്നുള്ളതാണ് അത്. 2011 ലാണ് എന്റെ ആദ്യ സിനിമ റിലീസ് ആകുന്നത്. 2010ല്‍ അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കുക എന്നത് ഒരു പുതിയ അറിവല്ല. പക്ഷേ 5 ലക്ഷത്തിന് ഒരു സിനിമ ചെയ്യാം എന്നത് അന്ന് ഒരു പുതിയ അറിവ് അല്ലായിരുന്നോ? എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും നിങ്ങൾ അടക്കം ഉളളവർ ഒരാളും ഞാൻ വരുന്നതിന് മുമ്പ് ഇത്രയും തുകയ്ക്ക് സിനിമ ചെയ്യാമെന്ന് കരുതിയിരിക്കില്ല എന്ന്. ഒറ്റയ്ക്ക് സിനിമയുടെ പിന്നണിയിലും മുന്നണിയിലുമായി ഇത്രയേറെ കാര്യങ്ങൾ ചെയ്യാനാകും എന്ന്. നിങ്ങൾ സന്തോഷ് പണ്ഡിറ്റിനെ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് മാറ്റിനിർത്തൂ. എന്നാൽ നിങ്ങൾ അങ്ങനെ ചിന്തിച്ചിരുന്നോ എന്നതിലാണ് കാര്യം. അഞ്ചു ലക്ഷത്തിന് സിനിമ ചെയ്യാം എന്നു ഞാൻ പറഞ്ഞു നടന്നിരുന്നെങ്കില്‍ ആളുകൾ പറഞ്ഞേനെ ഇയാൾ എന്താണ് പറയുന്നതെന്ന്. അതേസമയം നമ്മളത് പ്രാവർത്തികമാക്കിയാലോ അവർക്ക് പറയാൻ മറ്റൊന്നുണ്ടാകില്ല. അപ്പോൾ സന്തോഷ് പണ്ഡിറ്റിനെ ഇഷ്ടമാണോ ഇല്ലയോ എന്നത് പിന്നീടുള്ള കാര്യമാണ്. അത് അപ്രസക്തമാണ്. നമ്മൾ കുറേ നാൾ ജീവിച്ചു എന്നതിലല്ല, എങ്ങനെ ജീവിക്കുന്നു എന്നതിലാണു കാര്യം.
ജോലി ജോലിയുടെ വഴിക്ക് പോയി!
എനിക്ക് 20 വയസ്സിൽ ജോലി കിട്ടിയതാണ്. ഞാൻ P W D യിൽ സീനിയർ വിഭാഗത്തിൽ ജോലിചെയ്തിരുന്ന വ്യക്തിയായിരുന്നു. ഇപ്പോൾ ജോലി രാജിവെച്ചു. മൂന്നര വര്‍ഷമായി. ഞാൻ ഒരു ഇലക്ഷന്‍ സമയത്ത് പോളിങ് ഓഫിസറായി പോയതൊക്കെ വലിയ വാർത്തയായിരുന്നു. പണ്ട് ഞാൻ ഞായർ ദിവസങ്ങളിലും ജോലിക്കുപോകുമായിരുന്നു. എനിക്ക് വളരെ ഇഷ്ടമാണ് ജോലിചെയ്യാൻ. സിനിമയുടെ ആവശ്യത്തിനായി കുറേ ലീവ് എടുക്കേണ്ടി വന്നു. അപ്പോൾ നമ്മുടെ ജോലിയെല്ലാം പെൻഡിങ് ആയി. ചിലപ്പോൾ സഹപ്രവർത്തകർ എന്റെ ജോലി കൂടി ചെയ്യേണ്ടി വരും. അത് അവർക്കും എനിക്കും ബുദ്ധിമുട്ടായി. അങ്ങനെ വന്നപ്പോൾ എന്നോട് എല്ലാവരും ഉപദേശിച്ചു 5 വർഷം ലീവ് എടുക്കെന്ന്. പക്ഷേ ഞാൻ ലീവ് എടുത്താലും പകരം ഒരാൾക്ക് അഡീഷ്ണൽ ചാർജ് ആണ് വരുന്നത്. പിന്നെ അവർ ദൂരസ്ഥലങ്ങളിൽ നിന്നായിരിക്കും ചിലപ്പോൾ വരുന്നത്. അത് അവർക്ക് ഒരു ബുദ്ധിമുട്ട് ആയിരിക്കും. വീടിന്റെ നമ്പർ കൊടുക്കുന്നതൊക്കെ എന്റെ ഡ്യൂട്ടി ആയിരുന്നു. അപ്പോൾ ആളുകൾ ഞാൻ വരുന്നതും നോക്കിയിരിക്കണം. വീടിന്റെ നമ്പർ കിട്ടിയാലേ അവർക്ക് മറ്റു പല കാര്യങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനാകൂ.
സന്തോഷ് പണ്ഡിറ്റ് സിനിമാക്കാരൻ ആയത് നിങ്ങളുടെ കുറ്റമല്ലല്ലോ. അങ്ങനെ ഞാൻ ആലോചിച്ചു രാജിവച്ചാലോ എന്ന്. എന്റെ സീറ്റ് ഒഴിയുമ്പോൾ മറ്റൊരാൾക്ക് ജോലി കിട്ടുമല്ലോ. കേരള സംസ്ഥാനത്ത് എത്രയോ ലക്ഷം ആളുകളാണ് സർക്കാർ ജോലിക്കായി അലയുന്നത്. അവർക്ക് കിട്ടിക്കോട്ടെയന്ന് കരുതി. നമ്മൾ ജോലി കയ്യിൽ വച്ച് ലീവ് എടുത്ത് നടക്കുന്നത് ശരിയല്ലല്ലോ. അവനവന്റെ കഴിവിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നല്ല രീതിയിൽ ചെയ്ത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ പരമാവധി എല്ലാവർക്കും എനർജി കെടുക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ അമ്മയോട് പറയുമായിരുന്നു, എവിടെയെങ്കിലുമൊരു പ്രശ്നമുണ്ടെങ്കിൽ നമ്മൾ പറയും അവർ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന്...എവിടെയെങ്കിലും ഇരുട്ടാണെങ്കിൽ ആ വഴി പോകരുതെന്ന്...അതിന്റെയൊന്നും ആവശ്യമില്ല. ആരെയും പഴിക്കാൻ നിൽക്കരുത്. ആ വഴിയിൽ ആരോടും പറയാതെ പോയൊരു മെഴുകുതിരി കത്തിച്ചു വച്ചാൽ മതിയെന്ന്. ഞാൻ എന്റെ ജീവിതത്തിൽ എപ്പോഴും അതുതന്നെയാണ് ചെയ്യുന്നത്.
കുന്നിൻ മുകളിലെ എന്റെ വീട്
മൂന്ന് വീടുകളുണ്ട്. ഞാനിപ്പോൾ മലയുടെ മുകളിലുള്ള ഒരു വീട്ടിലാണ് താമസം. ഒരുപാടിഷ്ടപ്പെട്ടാണ് ഇവിടേയ്ക്കു വന്നത്. കോഴിക്കോട് നരിക്കുനി എന്ന സ്ഥത്താണിത്. ഈ വീട് ഞാൻ സിനിമയിൽ വരുന്നതിന് മുൻപ് എടുത്തതാണ്. എനിക്ക് ടൗണിൽ വീട് ഉണ്ടായിരുന്നു അത് ഞാൻ വിറ്റു. അതിനുശേഷം എനിക്ക് മലയുടെ ഏറ്റവും മുകളിൽ ഒരു സ്ഥലം വേണം എന്ന് ബ്രോക്കറോട് പറഞ്ഞു. അങ്ങനെ തേടിപ്പിടിച്ച് കണ്ടുപിടിച്ചതാണിവിടം.
ഇങ്ങനെയൊരു സ്ഥലം തേടിപ്പിടിച്ചപ്പോൾ ബ്രോക്കർ എന്നോട് പറഞ്ഞു, സന്തോഷ് സർ എന്തിനാണ് ടൗണിലെ ഈ വീട് വിൽക്കുന്നത്. ഇത്രയും അടുത്താകുന്നതല്ലേ നല്ലത്. മലയുടെ മുകളിലെ വീട്ടിലേക്കാണെങ്കിൽ ഒത്തിരി നടക്കണം എന്നൊക്കെ. ഇവിടെ താമസിക്കുന്നതിന്റെ സുഖം ടൗണിലെ വീടിനു തരാനാകില്ല. അതിന് അതിന്റേതായ ഉപയോഗങ്ങളുണ്ടെങ്കിൽ കൂടി. ഇടയ്ക്കിടെ മാത്രമേ എന്റെയീ മലമുകളിലെ വീടിനരികെ കൂടി വണ്ടി പോകൂ.
എനിക്ക് ഈ അനാവശ്യശബ്ദം കേൾക്കുന്നത് തന്നെ ഇഷ്ടമല്ല. ഇപ്പോൾ നിങ്ങളോട് സംസാരിക്കുമ്പോൾ എന്റെ ഈ റോഡ് കവർചെയ്ത് ഒരു വണ്ടിയും പോകില്ല. പോകുന്നുവെങ്കിൽ അത് എന്റെ വണ്ടിയാണ്. അതുകൊണ്ട് ഞാൻ കഷ്ടപ്പെട്ട് ഇങ്ങനെ ഒരു സ്ഥലം എടുത്തതാണ്. നമുക്ക് ക്രിയേറ്റിവ് ആയ ഒരു കാര്യത്തെ കുറിച്ച് വിശകലനം ചെയ്യുവാൻ അതിൽ ഫുൾ കോൺസണ്‍ട്രേഷൻ വേണം. ഞാൻ വാങ്ങിയ സമയത്ത് ഇവിടെ ആരും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇവിടെ കുറച്ച് ആളുകൾ ഉണ്ട്. എന്നാലും താരതമ്യേന ശാന്തിയും സമാധാനവും ഉണ്ട്.
അംബേദ്കർ കോളനിയും കാഴ്ചകളും
മമ്മൂക്കയുടെ പടത്തിന് രണ്ട് ആഴ്ച്ച ബ്രേക്ക് വന്നു. അവിടുന്ന് ഞാൻ ഇവിടെ വന്നു. എന്റെ ഉരുക്ക് സതീഷ് എന്ന ചിത്രം പാതിവഴിയിൽ ആക്കിയിട്ടാണ് അങ്ങോട്ടേക്കു പോയത്. അതിന്റെ കാര്യങ്ങളുമായി ഇരിയ്ക്കുമ്പോഴാണ് മനോരമയിൽ അംബേദ്കർ കോളനിയിലെ ജനകീയപ്രശ്നങ്ങളെ കുറിച്ചുള്ള ന്യൂസ് വരുന്നത്. ഞാൻ മനോരമയിൽ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു.
കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. കാരണം ഇന്നത്തെ കാലത്ത് ഇങ്ങനെ നടക്കുന്നുണ്ടോ എന്ന് തോന്നി. എന്തു കാര്യവും നേരിൽ കണ്ട് മാത്രമേ ഞാന്‍ വിശ്വസിക്കൂ. എനിക്ക് ഒത്തിരി മാനസിക പ്രയാസം തോന്നിയിട്ടാണ് തിങ്കളാഴ്ച്ച കോളനി സന്ദർശിക്കാൻ വിചാരിച്ചത്. ഈ വാര്‍ത്ത ഞാൻ എന്റെ ഫെയ്സ്ബുക്ക് പേജിലും ഷെയര്‍ ചെയ്തിരുന്നു. ഇത് കണ്ടിട്ട് ഗോവിന്ദപുരം മേഖലയിൽ ഉളള എന്റെ ഫാൻസ് യൂണിറ്റ് കമന്റിട്ടു, സന്തോഷ് സാർ പറ്റുവെങ്കിൽ ഒന്നുവരണം ഇവിടെ കുറച്ചു സീരയസാണ് കാര്യങ്ങൾ എന്നും പറഞ്ഞു. എന്റെ ഫെയ്സ്ബുക്ക് നോക്കിയാൽ അറിയാം ഞാൻ ആളുകളുമായി ഇന്ററാക്ട് ചെയ്യുന്ന വ്യക്തിയാണെന്ന്.
അവിടുത്തെ വീടുകൾ മുഴുവനും ഒരു ചെറിയ മഴ പെയ്താൽ പോലും ചോരുന്ന പോലെയാണ്. ഇവർ എങ്ങനെ ഇവിടെ താമസിക്കുന്നു എന്ന് നമുക്കു തോന്നിപോക്കും. വളരെ ദാരിദ്ര്യത്തിലാണ് അവർ കഴിഞ്ഞു പോകുന്നത്. അവിടെ എദോശം 700 ആളുകൾ ഉണ്ട് അവർക്ക് വേണ്ടി അരി, പച്ചക്കറികളും , പഴങ്ങളും കുറച്ച് വാങ്ങി കൊണ്ടുപോകാം എന്ന് തിരുമാനിച്ചു. അപ്പോൾ 700പേർക്കുള്ള സാധനം ഒരുമിച്ച് ഒരു സ്ഥലത്തു നിന്ന് കിട്ടുന്നില്ല. കഴിയാവുന്നിടത്തോളം വാങ്ങി. ഒരു തമിഴ് സിനിമയുടെ അഡ്വാൻസും പിന്നെ മമ്മുക്കയുടെ സിനിമയിൽ നിന്ന് കിട്ടിയ ചെറിയ തുകയും കയ്യിലുണ്ടായിരുന്നു. അതു വെച്ചാണ് ഇവരെ സഹായിച്ചത്.
ഞാൻ ഒരു നേരത്തെ പറഞ്ഞല്ലോ ഞാനൊരു പരാതിപ്പെട്ടിയല്ല. ഞാൻ ആരോടും പരാതി പറയുന്ന ആളല്ല. എന്നെ കൊണ്ടു കഴിയുന്നത് ചെയ്യാനാണ് എനിക്ക് എപ്പോഴും താൽപര്യം. ഞാൻ അത്രയും പേർക്കുള്ള സാധനങ്ങൾ വാങ്ങാൻ ഒരുപാട് സ്ഥലങ്ങളിൽ പോയി. അവിടെ ചെന്ന് അവരോട് ചോദിച്ചു, അവരുടെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന്. അവിടെയുളളവരിൽ അധികം പേർക്കും പ്ലസ് വൺ- പ്ലസ് ടു വിദ്യാഭ്യാസമേ ഉള്ളു. അതിൽ പഠിക്കുന്ന കുട്ടികളുടെ 85 പേരുടെ ലിസ്റ്റ് തന്നു പക്ഷേ എനിക്ക് ഇത്രയും കുട്ടികളുടെ പഠിപ്പിക്കാനുള്ള സമ്പത്തികം ഇല്ല . അതുകൊണ്ട് 8 പേർക്കുള്ള സഹായം ചെയ്യാം ബാക്കി സ്‌പോൺസർമാരോ സങ്കടിപ്പിച്ചു തരാം എന്ന് പറഞ്ഞു ഞാൻ അവരോട് .
വീട് ചോർന്നൊലിക്കാതിരിക്കാൻ ഷീറ്റ് ഇടാൻ കുറച്ച് രൂപ ആകും. ഒന്നും നടന്നില്ലെങ്കിൽ ഫ്ലക്സ് എങ്കിലും ഒാടിന്റെ മുകളിൽ ഇടാം എന്ന് പറഞ്ഞു . ഒന്നുമിെല്ലങ്കിൽ കുട്ടികൾ ഉള്ളതല്ലേ. കുറച്ച് വീട്ടുകാരെ ഇങ്ങനെ സഹായിച്ചു. കുറച്ച് രോഗികൾക്ക് രൂപ കൊടുത്തു. കെണ്ടുപോയ രൂപ മുഴുവനും കൊടുത്തു. പഞ്ചായത്തിൽ നിന്ന് ഇവർക്ക് വീട് കൊടുക്കുന്നില്ല എന്നതാണ് ഇവരുടെ പരാതി. എന്തുകൊണ്ട് ആണ് ഇവർക്ക് വീട് വെക്കാനുള്ള രൂപ കൊടുക്കാത്തത് എന്ന് എനിക്ക് മനസിലായില്ല. ഞാൻ പഞ്ചായത്തിലേക്ക് വിളിച്ചു പഞ്ചായത്തുകാർ പറയുന്നത് ഫയൽ നോക്കിയാലേ പറയാൻ പറ്റൂ എന്നൊക്കെയാണ്. 2009 മുതൽ അവർ വീടിനുവണ്ടി അപേക്ഷിച്ചിട്ടുണ്ടായിരുന്നു എന്നാണ് പറയുന്നത്.
ഇവർക്ക് മെയിന്റനന്‍സ് ചെയ്യാനുള്ള തുക നൽക്കാം എന്ന് പറഞ്ഞപ്പോൾ അത് വേണ്ട അവർക്ക് വീട് തന്നെ വേണമെന്ന് വാശിയിലാണ് അവർ എന്നാണ് പഞ്ചായത്ത് പറയുന്നത്. വീട് തന്നെ കൊടുക്കണമെങ്കിൽ പത്ത് വർഷം എടുക്കും എന്നതാണ് ഞാൻ അറിഞ്ഞത്. ജാതി അവിടെ ഒരു വിഷയമാണ്. വിദ്യാഭ്യാസമില്ലായ്മയും കാര്യങ്ങളെ പ്രായോഗികമായി മനസിലാക്കുന്നതിനു തടസമാണ്. അവരെ കൂടുതലും ബുദ്ധിമുട്ടിക്കുന്നത് തമിഴ്നാട്ടിലെ ആളുകളാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അവരുടെ വെള്ളം എടുക്കാൻ അവർ സമ്മതിക്കുന്നില്ല. ഈ കോളനിയിലെ ആളുകളെ അവര്‍ ഒതുക്കുന്നതാണോ എന്നും സംശയമുണ്ട്. എന്നെങ്കിലും കുറേ പൈസയുള്ള നിലയിലാകുമ്പോൾ അവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ട കാര്യങ്ങൾ കുറച്ചു കൂടി ചെയ്യണം എന്നാണ്.
സന്തോഷ് പണ്ഡിറ്റിനോടുള്ള ആളുകളുടെ മനോഭാവം മാറിയോ?
ഞാൻ അന്നും ഇന്നും ജനങ്ങളുമായി നല്ല ഒരു ബന്ധം നിലനിർത്തുന്നുണ്ട്. തുടക്കത്തിൽ എങ്ങനെയാണോ അത്രതന്നെയോ അതിൽ കൂടുതലോ ആളുകൾ എന്നെ കേൾക്കുന്നുണ്ട്. എത്രയോ ടോക് ഷോകളിലും ടിവി പരിപാടികളിലും പങ്കെടുക്കാറുണ്ട് ഞാൻ. പണ്ടുമുതൽക്കേ ഞാൻ അങ്ങനെ തന്നെയാണ്. ഒരു വിഭാഗം ആളുകൾക്ക് എന്നെ ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അവരുടെ മനോഭാവം മാറിയിട്ടുണ്ടാകും. പക്ഷേ ആളുകൾ അന്നും ഇന്നും എന്നോട് ഒരുപോലെയാണ്.
അതുപോലെ എന്നെ ഇന്റർവ്യൂന് വിളിക്കുമ്പോൾ ഞാൻ പറയാറുണ്ട്, എനിക്ക് കുടുതലും ഇഷ്ടം ടോക്ക് ഷോയാണ് എന്നാണ്. എനിക്ക് അളുകളുമായി സംസാരിക്കാൻ വളരെ ഇഷ്ടമാണ്. അതുകൊണ്ടാണത്.
കോട്ടിട്ട ചർച്ചകൾ
എല്ലാ ഷോകളിലും കോട്ടിട്ടാണ് പോകാറുള്ളത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. അതൊരു മാർക്കറ്റിങ് തന്ത്രം കൂടിയാണ്. ഓരോന്നിനും ഓരോ മർമം ഉണ്ട്. നമ്മൾ പെട്ടെന്ന് ശ്രദ്ധിക്കണമെങ്കിൽ, നമുക്ക് ഒരു മാനറിസം വേണം. അതിന്റെ ഭാഗമായിട്ടാണ് ഞാൻ അന്ന് കോട്ട് ഇട്ടത്. എനിക്ക് ഏറ്റവും ഇഷ്ടം ജീൻസും ഷർട്ടുമാണ്. കോട്ടിനോടു വലിയ ഇഷ്ടമൊന്നുമില്ല. ടോക് ഷോകളിലെ കോലാഹലങ്ങളൊന്നും എന്നെ ബാധിക്കാറില്ല.
കൂടുതൽ അറിയപ്പെടുന്ന ഒരു വ്യക്തിയാകണം എന്നുണ്ടായിരുന്നു ,അതിന് സിനിമ തിരഞ്ഞെടുത്തു എന്നേയുളളൂ. അതിര് കവിഞ്ഞ സ്നേഹമൊന്നുമില്ല സിനിമയോട്. മെഡിറ്റേഷനോടാണ് എനിക്കെന്നും പ്രിയം. ലൈഫിനെ കൂടുതൽ റീച്ച് ആക്കണം എന്നുണ്ട്. വെറുതെ ജീവിച്ച് മരിക്കാൻ ഇഷ്ടമല്ല. എനിക്ക് ഒന്നിനോടും പരിധിവിട്ട് ഇഷ്ടവുമില്ല ദേഷ്യവുമില്ല. ഞാൻ എല്ലാത്തിനോടും സമദൂരം പാലിച്ച് പോകുന്ന വ്യക്തിയാണ്. പക്ഷേ ഒരുകാര്യം ചെയ്യുവാണെങ്കിൽ അത് ഡീറ്റെയ്ൽഡ് ആയിട്ട് ചെയ്യണം എന്നു മാത്രേയുള്ളൂ. ഇപ്പോൾ എന്താണോ ചെയ്യുന്നത് അത് നന്നായി പഠിച്ച് ശ്രദ്ധിച്ച് ചെയ്യും. എനിക്ക് വിവരമില്ലാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാറില്ല.
അതുകൊണ്ട് പറഞ്ഞു വരുന്നത് കോട്ടിടുന്നത് മാർക്കറ്റിങിന്റെ കാര്യമാണ്. കോട്ടിടുന്നത് അതുകൊണ്ടാണ്. ഇപ്പോള്‍ ചിലപ്പോൾ ഞാൻ കോട്ടിടാതെയാണ് പോകാറുള്ളത്. കേരളം പോലെ ഉഷ്ണമുള്ള സ്ഥലത്ത് കോട്ടിടുന്നത് ബുദ്ധിമുട്ടാണ്. അതുപോലെ അത് ബോർ ആയ കാര്യവുമാണ്. കോട്ടിനെ ഒരിഷ്ടവുമില്ല.
ചാൻസ് ചോദിച്ച് നടന്നിട്ടില്ല, എല്ലാം വരുമെന്ന് അറിയാമായിരുന്നു
എനിക്ക് മമ്മൂട്ടിയെയൊക്കെ വച്ച് സിനിമ ചെയ്യാൻ വലിയ ആഗ്രഹമായിരുന്നു. പക്ഷെ ഞാൻ ഇതും ചോദിച്ചു ചെന്നാൽ ഒന്നുകിൽ അവര്‍ എന്നോട് എക്സ്പീരിയൻസ് ചോദിക്കും രണ്ടാമത്തേത് എനിക്ക് അതിനുള്ള സാമ്പത്തികം വേണം. ഇത് രണ്ടുമില്ലാത്തവര്‍ അതിന് മെനക്കെടേണ്ട കാര്യമില്ലല്ലൊ? അതുപോലെ എനിക്ക് ഒരു സംവിധായകന്റെ അടുത്ത് ചാൻസ് ചോദിച്ച് ചെല്ലാനുള്ള മാനസികാവസ്ഥയും ഉണ്ടായിരുന്നില്ല. നമ്മള്‍ നമ്മുടെ തൊഴിലനുസരിച്ച് പ്രൂവ് ചെയ്യുക എന്ന് ചിന്തിച്ചത് അങ്ങനെയാണ്. അവനവന്റെ കഴിവനുസരിച്ച് ചാൻസ് ഉണ്ടാക്കുക. അല്ലാതെ നമുക്ക് എങ്ങനെയെങ്കിലുമൊക്കെ സിനിമയിൽ ചാൻസ് ഉണ്ടാക്കാം, നമുക്ക് പരിചയമുള്ള ആരെവച്ചെങ്കിലും സിനിമയുണ്ടാക്കാം, അല്ലെങ്കിൽ മറ്റെതെങ്കിലും സോഴ്സിൽ അല്ലെങ്കില്‍ ആർക്കെങ്കിലും പൈസ കൊടുത്ത് ചാൻസ് ഉണ്ടാക്കാം എന്നൊന്നും ചിന്തിക്കുന്നതിൽ അർഥമില്ല. എല്ലാം സ്വാഭാവികം ആയിട്ട് വരണം.
അതായത് നിങ്ങൾ ഇപ്പോള്‍ നല്ലൊരു ഡാൻസർ ആയിട്ട് തൊന്നുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു ഡാൻസ് യൂടൂബിൽ ഇടുന്നു. അപ്പോള്‍ നിങ്ങൾക്കൊരു ഫോൺ കോൾ വരുന്നു, ഒരു അവസരവുമായിട്ട്. അതൊക്കെ സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്. ആ ചിന്തയാണ് എനിക്ക് സ്വന്തമായി സിനിമയെടുക്കാനുള്ള ധൈര്യം തന്നത്. ഞാൻ എന്നെ തെളിയിക്കുകയാണ് അതുവഴി. അപ്പോള്‍ ഒരു സംവിധായകൻ പറയുകയാണ് സന്തോഷ്ജി ഞങ്ങൾ ഒരു സിനിമ ചെയ്യുന്നുണ്ട് അഭിനയിക്കാൻ താൽപ്പര്യമുണ്ടൊ? ഇങ്ങനെ ഒരു കോൾ എനിക്ക് വരണം. ഇപ്പോൾ എനിക്ക് മമ്മൂട്ടി ചിത്രത്തിൽ വന്ന അവസരം അങ്ങനെയുള്ളതാണ്. ഞാൻ വീട്ടിലിരുന്ന് കാഴ്ചകളൊക്കെ കണ്ടിരുന്നാൽ ലോകത്ത് ഒരാളും വന്ന് എന്നോട് പറയാൻ പൊകുന്നില്ല ഇങ്ങനെയൊരു അവസരം. അതിനു വേണ്ടി ഞാന്‍ ചെയ്തതാണ് ഫിലിം.
പബ്ലിസിറ്റിയെ പ്രണയിക്കുന്നത് ഇതിനാണ്!
നിങ്ങള്‍ നേരത്തെ പറഞ്ഞല്ലോ ആളുകളുടെ കളിയാക്കലിനേയും പുച്ഛത്തേയും കുറിച്ച്...അതിന്റെ ഉത്തരം കൂടിയാണ് ഇപ്പോൾ പറഞ്ഞത്. വിജയിക്കാൻ സുഹൃത്തുക്കൾ വേണം. വൻ വിജയങ്ങൾക്ക് ശത്രുക്കൾ വേണം. ഞാൻ പഠിച്ച മനശാസ്ത്രമാണത്. അതുകൊണ്ട് ചിലർ നമ്മളെ എതിർക്കണം. ഉദാഹരണത്തിന്, ഒരു നൂറു കൊടി രൂപ കിട്ടി എന്നിരിക്കട്ടെ. അതു മുഴുവൻ ഞാൻ ജനസേവനത്തിനു ഉപയോഗിച്ചെന്ന് കരുതൂ. ആളുകള്‍ പറയും ഇവൻ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്ന്. ഇങ്ങനെ പറയുമ്പൊഴേ എനിക്ക് അടുത്ത മറുപടി കൊടുക്കാൻ പറ്റുകയുള്ളു. അപ്പോഴെ എന്റെ ചോര തിളക്കുകയുള്ളൂ. അതിലും മികച്ചത് യുക്തിപൂർവ്വം ചെയ്യാനാകൂ. ജീവിതത്തിൽ വലിയ കാര്യങ്ങൾ ചെയ്യാനാകൂ. അല്ലെങ്കിൽ നമ്മളെന്നും ചെറുതായി തന്നെയെ നിൽക്കുകയുള്ളൂ. സന്തോഷ് പണ്ഡിറ്റിനെ ഒരാൾ ചൊറിയുകയാണെങ്കിൽ ഒരാൾ എന്ന വെല്ലുവിളിക്കുകയാണെങ്കിൽ അതിനു ഞാൻ കൃത്യമായി മറുപടി കോടുത്തിരിക്കും . അത് എനിക്കു പകരുന്നത് ഊർജമാണ്. വിമർശനങ്ങൾ വലിയ ആവേശമാണ് തരാറുള്ളത്. മിമിക്രിക്കാർ എന്നെ ഒരു ചർച്ചയിൽ വളഞ്ഞിട്ട് ആക്രമിച്ചിരുന്നല്ലോ. അതിനെ ഞാൻ എങ്ങനെയാണ് നേരിട്ടതെന്ന് കണ്ടുനോക്കിയാൽ നിങ്ങൾക്കറിയാം. ഞാൻ പറയുന്ന ഒരു വെല്ലുവിളിയും അവർക്ക് ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല.
മമ്മൂക്കയോടൊത്ത്
കൊല്ലം ഫാത്തിമ കോളേജിൽ വെച്ചാണ് ഞാൻ മമ്മൂടിയെ ആദ്യമായി കണ്ടുമുട്ടുന്നത്. എന്നെ അനുഗ്രഹിക്കണം മെന്ന് പറഞ്ഞു അദ്ദേഹം ഒാൾ ദി ബെസ്റ്റ് പറഞ്ഞു. അങ്ങനെ ഞങ്ങളുടെ കോംബിനേഷൻ സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. കൂടുതൽ അടുത്തുവരുന്നതേയുള്ളു അദ്ദേഹം എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്നുണ്ട്. പൊതുവെ എല്ലാവരുടെ അടുത്തുനിന്നും നല്ല സഹകരണമാണ്. എല്ലാവർക്കും നല്ല അഭിപ്രായമാണ് എന്നു തോന്നുന്നു.
അച്ഛൻ അന്നേ പറഞ്ഞതാ ഞാൻ ചെയ്യുന്നതെല്ലാം ഹിറ്റ് ആകുമെന്ന്!
ചെറുപ്പത്തിൽ സിനിമയൊന്നും മനസിലില്ലായിരുന്നു. കുറച്ച് സംഭവങ്ങളാണ് എന്നെ സിനിമയിലെത്തിച്ചത്. സിനിമയിലെത്തും മുൻപേ എനിക്ക് ഫെയ്സ്ബുക്ക് ഉണ്ട്. അന്നേ ഫെയ്സ്ബുക്കിൽ ഫോട്ടോയിട്ട് കളിക്കുന്ന പതിവുണ്ട്. പൗഡറൊക്കെ മുഖത്തിട്ട് നല്ല കാമറയിൽ ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കിലിടും. അതിന് പക്ഷേ പത്ത് ലൈക് പോലും ലഭിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് എന്റെ ഒരു കൂട്ടുകാരൻ അപ്പോൾ ജനിച്ച അവന്റെ ഒരു കുഞ്ഞിന്റെ ഫോട്ടോ ഫെയ്സ്ബുക്കിലിടുന്നത്. അത് എഡിറ്റ് ചെയ്തതോ നല്ല കാമറയിൽ എടുത്തതോ ആയ ഫോട്ടോ അല്ലായിരുന്നു. ഇതൊരു ഉദാഹരണത്തിന് പറഞ്ഞതാണ്. അപ്പോഴാണ് എനിക്കൊരു കാര്യം മനസിലായത് നമ്മൾ കൂടുതൽ ശ്രദ്ധ കിട്ടണമെങ്കിൽ നമ്മൾ നമ്മളുടെ ഇപ്പോഴത്തെ ഈ സാധാരണ സർക്കിളിൽ നിന്ന് മാറണം. ഞാനെന്റെ കൂട്ടുകാരുടെ അവസ്ഥ എന്താണെന്ന് നോക്കി, ഇവർ മരിച്ചാൽ എത്ര പേർ കാണാനെത്തും അറിയും എന്ന് ഞാനൊന്നു നോക്കി. ഒരു 5000ന് അപ്പുറം ആരും പോകുന്നുണ്ടായിരുന്നില്ല. നമ്മൾ മരിച്ചു പോയാല്‍ 62 കിലോ തൂക്കമുള്ളൊരാൾ ഭൂമി വിട്ടുപോയി എന്നതിനപ്പുറം എന്തെങ്കിലും ഒരു അടയാളപ്പെടുത്തൽ വേണ്ടേ? സാധാരണ പോലെ ജീവിച്ചു മരിക്കാൻ താൽപര്യമില്ലായിരുന്നു. എങ്ങനെ പ്രശസ്തനാകാം, രക്ഷപ്പെടാം എന്ന ചിന്ത അങ്ങനെയാണു വന്നത്. ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയക്കാർ, സിനിമാക്കാർ എന്നിവർക്കാണ് ഇവിടെ കൂടുതലും ഡിമാന്റ്. സിനിമാക്കാരനു പകരം അവൻ മാത്രമേയുള്ളൂ. അങ്ങനെയാണു ഞാനും സിനിമയിലേക്കെത്തിയത്.
രണ്ടാമത്തേത് അച്ഛനാണ്. പണ്ട് അച്ഛൻ പറഞ്ഞത് ഞാൻ ഒാർക്കുന്നു. അച്ഛൻ ഒരു ജോത്സ്യനും കൂടിയാണ്, നീ എന്ത് ചെയ്താലും ഹിറ്റാകും എന്ന്. അച്ഛൻ പറഞ്ഞത് എന്റെ മനസിലുണ്ട്. സർക്കാർ ജോലി ചെയ്തിരുന്ന സമയത്ത് എന്തുമാത്രം ലീവ് ആണ് കിട്ടിയിരുന്നത്. സർക്കാർ അവധിക്കു പുറമേ ഹർത്താലുകളും. ഈ അവധി ദിവസങ്ങൾ പലപ്പോഴും ബോർ ആയിരുന്നു. നമ്മളുടെ സമയം വെറുതെ പോകും. എനിക്കാണെങ്കിൽ പാതിരാത്രി പോലും ഫോൺ കോളുകൾ വരുന്ന തിരക്കാണ് ഇഷ്ടം.
പുലിമുരുകനു ശേഷം ബാഹുബലി 2 ഒക്കെയാണു കണ്ടത്. വര്‍ഷത്തിൽ മൂന്നോ നാലോ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മാത്രമേ കാണൂ. സിനിമ പഠിക്കാൻ വേണ്ടി ഞാൻ സിനിമ കാണാറില്ല.
യുട്യൂബിലെ കളി!
ഞാൻ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്ന സമയത്ത് എന്റെ കയ്യിൽ പൈസയൊന്നുമില്ലായിരുന്നു. സിനിമയിൽ നിന്ന് എങ്ങനെ പൈസയുണ്ടാക്കണം എന്നും അറിയില്ലായിരുന്നു. അപ്പോഴാണ് ഒരാൾ പറഞ്ഞത് യുട്യൂബിൽ നിന്ന് വരുമാനമുണ്ടാക്കാം. അതൊരു മാർക്കറ്റിങുമാണെന്ന്. ആ വ്യക്തിയ്ക്കും അതിനെപ്പറ്റി കാര്യമായി അറിവില്ല. എന്നാൽ ഞാൻ അതിനെ കുറിച്ച് പഠിച്ചു. അങ്ങനെയാണ് രാത്രി ശിവരാത്രി എന്ന പാട്ട് ഞാൻ യുട്യൂബിലിടുന്നത്. ഞാൻ തന്നെയാണ് ആ പാട്ട് എഡിറ്റ് ചെയ്തതും. എഡിറ്റിങൊന്നും പഠിച്ചിട്ടില്ല. സ്വന്തമായി ചെയ്ത് പഠിച്ചതാണ്. ഞാന്‍ അങ്ങനെ ഒരാളെ കണ്ടു. അദ്ദേഹത്തിന്റെ പരസ്യം പാട്ടിനൊപ്പം കൊടുക്കാം പൈസ തന്നാൽ മതിയെന്നു പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് അതിനെ കുറിച്ച് അറിയില്ലായിരുന്നു. പക്ഷേ പറഞ്ഞു, സന്തോഷ് സാറേ പൈസ തരാം. പക്ഷേ പാട്ടൊക്കെ ആര് കാണാനാണ് ഇവിടെ സൂപ്പർ സ്റ്റാറുകളുടെ പാട്ടുകൾ ഉള്ളപ്പോൾ എന്ന്. ഞാൻ പറഞ്ഞു, ഒരു വ്യൂവറിന് ഒരു രൂപ വച്ച് തന്നാൽ മതിയെന്ന്. ആ പാട്ടിന് 25 ലക്ഷത്തോളം വ്യൂവേഴ്സ് കിട്ടി.
ഇത് പക്കാ മാർക്കറ്റിങ് ആണ്. എനിക്ക് മലയാളികളെ അറിയാം. പക്ഷേ അവർക്ക് എന്നെ അറിയില്ല. എന്റെ സിനിമയെ കുറ്റം പറയുന്നവരെല്ലാം എന്റെ സിനിമ കണ്ടവരും കൂടിയാണ്.
എനിക്കറിയാം മനസിലിരുപ്പ്!
ഞാൻ msc psychology പഠിച്ചതാണ്. അതുകൊണ്ട് നിങ്ങൾ പറയുന്നത് എന്താണ് എന്ന് എനിക്ക് മനസിലാക്കാൻ പറ്റും. ശരീരശാസ്ത്രം, ജ്യോതിഷം ഇവ ഞാൻ പഠിച്ചുണ്ട്. ഒരാളെ ഒന്നു കണ്ടാൻ അദ്ദേഹത്തിന് സന്തോഷമാണോ ദുംഖം മാണോ എന്ന് മനസിലാക്കാൻ കഴിയും. സ്ക്രിപ്റ്റ് നല്ലതാണെങ്കിൽ ആളുകൾ വന്നോളും. ഞാൻ എന്റെ സിനിമയുടെ ഫ്ലക്സ് വയ്ച്ചിട്ടില്ല ഇതുവരെ. അഥവാ എവിടെയെങ്കിലും കണ്ടാൽ അത് എന്റെ ഫാന്‍സുകാർ വയ്ക്കുന്നത്. ഫ്ലക്സ് ഇല്ലെങ്കിലും സിനിമ ഇറങ്ങിയാൽ ആളുകൾ വരുന്നുണ്ട്. എന്റെ ഡയലോഗുകൾ എന്നെ അതികഠിനമായി വിമർശിക്കുന്നവര്‍ പോലും പറയുന്നുണ്ട്. വാട്സ് ആപ്പും ഫെയ്സ്ബുക്കും വഴി പ്രചരിപ്പിക്കുന്നുണ്ട്.
അഞ്ച് പൈസ ചെലവില്ലാതെ മാർക്കറ്റിങ്
ഞാൻ എന്റെ സിനിമയുടെ ഡയലോഗുകളൊക്കെ വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും മറ്റും ഇടാറുണ്ട്. നല്ല ഡയലോഗുകളാണെങ്കിൽ ആളുകൾ അത് ഏറ്റെടുക്കും. എവിടുന്നാണെന്ന് തിരക്കും. അപ്പോൾ ആരെങ്കിലും ചിത്രത്തിന്റെ പേര് പറയും. അങ്ങനെയാണ് എന്റെ സിനിമകൾക്ക് അഞ്ചു പൈസ ചെലവില്ലാതെ മാർക്കറ്റിങ് കിട്ടുന്നത്. തുടക്കം മുതൽ കാണുപാട്ടുകളും മറ്റും ഞാൻ അപ്‍ലോഡ് ചെയ്യും അപ്പോൾ ആളുകൾക്ക് ഒരു താൽപര്യം വരും. കുറച്ച്പേരൊക്കെ ഇതിനെ എതിർത്തു. പലർക്കും അസൂയയാണ്. അല്ലെങ്കില്‍ ഞാൻ ചോദിക്കട്ടെ ഇഷ്ടമില്ലാത്ത ഒരു പാട്ട് നിങ്ങൾ എന്തിനാണ് കാണുന്നത്, ഇഷ്ടമില്ലാത്ത ഡയലോഗ് നിങ്ങൾ എന്തിനാണ് മെസേജ് ചെയ്യുന്നത്. എന്നെ ഏറ്റവുമധികം വെറുക്കുന്നവന്റെ കയ്യിൽ പോലും എന്റെ ഒരു പാട്ട് കാണും. അവൻ ഏറ്റവും പുതിയതു പോലും ഡൗണ്‍ലോഡ് ചെയ്ത് വച്ചിട്ടുണ്ടാകും. അബദ്ധം പറ്റി ഷെയർ ചെയ്തതാണെങ്കിൽ ഒരു മനുഷ്യന് ഒരു വട്ടമല്ലേ അബദ്ധം പറ്റൂ. ഇപ്പോൾ 64 സോങ്ങുകൾ ഇറങ്ങി. ഈ 64 സോങ്ങിന്റെ കാര്യത്തിലും നിങ്ങൾക്ക് അബദ്ധം പറ്റുന്നുണ്ടോ. അങ്ങനെ സംഭവിക്കുവാണെങ്കിൽ നിങ്ങൾക്ക് അഞ്ച് പൈസേടെ കുറവുണ്ട്. അതിന്റെ അർഥം കുഴപ്പം സന്തോഷ് പണ്ഡിറ്റിനല്ല. എതിർക്കുന്നവർക്കാണ് എന്നാണ്.
ഞാൻ വിചാരിച്ചതു പോലെ നടന്നു
കളിയാക്കലുകളും വിമര്‍ശനങ്ങളും ഞാൻ എൻജോയ് ചെയ്യുകയാണുണ്ടായത്. ഞാൻ വിചാരിച്ചതു പോലെ കാര്യങ്ങൾ നടന്നു. ഇപ്പോൾ എനിക്ക് പ്രശസ്തിയുണ്ട്. ക്രിയേറ്റിവ് ആയ ഒരു സ്പെയ്സുണ്ട്. വെറുതെയിരിക്കേണ്ടി വരുന്നില്ല. ഒരു ഫോട്ടോ ഫെയ്സ്ബുക്കിലിട്ടാൽ ലക്ഷക്കണക്കിന് ലൈക്കുകള്‍. ഫോട്ടോ എഡിറ്റ് ചെയ്യേണ്ടി വരുന്നില്ല. എഡിറ്റ് ചെയ്യാൻ പോലും സമയമില്ല. ഇതൊക്കെയാണ് കാര്യങ്ങൾ. ഞാൻ വിചാരിച്ചതു പോല എല്ലാം സ്വാഭാവികമായി വന്നുചേർന്നു.
കരഞ്ഞിട്ടുണ്ടോ ജീവിതത്തിൽ
കരയാൻ മാത്രം എനിക്ക് ഒന്നും ഉണ്ടായിട്ടില്ല. ചെറുപ്പത്തിൽ എനിക്ക് വേദ പഠനമുണ്ടായിരുന്നു. അങ്ങനെ പഠിച്ചതിൽ ഒരു ശ്ലോകമുണ്ട്. അതിന്റെ അർഥം ഇതാണ്. ആരാണ് ഈശ്വര വിശ്വാസി എന്നു അർജുനൻ ചോദിക്കുമ്പോള്‍ കൃഷ്ണൻ പറയുന്ന മറുപടിയാണിത്, അവനവനിൽ സന്തോഷത്തെ കണ്ടെത്തുന്നവനാണ് ഈശ്വര വിശ്വാസി എന്ന്. മനുഷ്യൻമാരുടെ ജീവിതം റിമോട്ട് കൺട്രോൾഡ് ആണെന്ന്. രാവിലെ വീട്ടിലൊരു ചെറിയ വഴക്ക് നടന്നാൽ ബസിലെ കണ്ടക്ടർ ബാക്കി തരാതിരുന്നാൽ ആ ദിവസം പോയെന്ന് പറ്റിച്ചെന്നും കരുതി നിരാശപ്പെടുന്നവരാണ് അധികവും. നമ്മൾടെ ദിവസം പോകും. കേബിള്‍ കട്ടായതിനും മേലുദ്യോഗസ്ഥൻ വഴക്കു പറഞ്ഞതിനുമൊക്കെ ദുംഖിക്കുന്നവരാണ് നമ്മൾ. അതിന്റെ അര്‍ഥം നമ്മളുടെ ജീവിതം നിയന്ത്രിക്കുന്നത് മറ്റാരൊക്കെയോ ആണ് എന്നല്ലേ. എന്നോട് എന്നോട് ആരോടെങ്കിലും മോശമായി വാക്ക് പറഞ്ഞാലും അതിനു ഞാൻ ഒരു ചെറുചിരിചിരിക്കും. അവർക്ക് സന്തോഷ് പണ്ഡിറ്റിനെ മനസിലാക്കാൻ വിവരമില്ല എന്നേ ഞാൻ കരുതൂ. ആ വഴക്ക് എന്റെ മനസിൽ കയറില്ല. അതെന്റെ സന്തോഷത്തെ ഇല്ലാതാക്കും. എന്റെ സന്തോഷം ഞാൻ തന്നെയാണ് എന്റെ ജീവിതത്തിൽ കണ്ടെത്തേണ്ടത്. ആ വ്യക്തി വിചാരിക്കുന്ന പോലെയല്ല സന്തോഷ് പണ്ഡിറ്റ് എന്നെനിക്ക് അറിയാം.
അടുത്ത ചിത്രങ്ങള്‍
അടുത്ത സിനിമ ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലവിലാസങ്ങൾ ആണ്. ഉരുക്കു സതീശൻ ആണ് ഉടൻ പുറത്തിറങ്ങുന്നത്. ഉരുക്കു സതീശന്റെ സ്ക്രിപ്റ്റ് എഴുതാനിടയായതിനു പിന്നിൽ ഒരു കഥയുണ്ട്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനിടയില്‍ എന്റെ മുടി ശരിയ്ക്കുള്ളതാണോയെന്ന് അറിയാന്‍ റിയാലിറ്റി ഷോയിലെ സ്ത്രീകളിൽ ചിലർ അർധരാത്രി മുറിയിലെത്തി എന്റെ മുടി വലിച്ചു നോക്കുകയും വിഗ് തിരയുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ ഉണർന്ന എനിക്ക് ആ രാത്രി പിന്നെ ഉറങ്ങാനായില്ല. എനിക്കാണെങ്കിൽ ഈ മുടിയോട് ഒട്ടുമേ ബഹുമാനമേയില്ല. ഈ മുടിയങ്ങ് പോയാൽ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചിരുന്നു. അന്ന് രാത്രി ഞാന്‍ എഴുതിയ സ്ക്രിപ്റ്റ് ആണ് ഉരുക്കു സതീശനിലേത്. മൊട്ടയടിച്ചിട്ട് ആള് ആകെ മാറിയെന്നാണ് എല്ലാവരും പറയുന്നത്. നമ്മൾ നമ്മളിൽ നിന്ന് തീര്‍ത്തും വ്യത്യസ്തമായി പെരുമാറുമ്പോഴാണ് നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി മാറാൻ കഴിയുന്നത്. ഉരുക്കു സതീശൻ അങ്ങനെയുള്ളൊരു ചിത്രമാണ്.
എന്റേതല്ലാത്ത ചിത്രങ്ങളിലും സജീവമാകാൻ താൽപര്യമുണ്ട്. തമിഴിലും ഹിന്ദിയിലും ഓരോ ചിത്രങ്ങൾ ചെയ്യുന്നുണ്ട്. സോണിയ അഗർവാളും ബീന കപൂറുമാണ് ഈ ചിത്രങ്ങളിലെയൊക്കെ നായികമാർ.
ഫാമിലി
അച്ഛൻ മരിച്ചുപോയി. അമ്മയും ഒരു സഹോദരിയുമുണ്ട്. ഞാന്‍ ഡിവോഴ്സ്ഡ് ആണ്. എനിക്ക് ഒരു മകനുണ്ട്.